Current Date

Search
Close this search box.
Search
Close this search box.

ബാര്‍ട്ടര്‍ കച്ചവടത്തിന്‍റെ കര്‍മ്മശാസ്ത്രം

ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന ഭാഗമാണ് നിക്ഷേപം. വ്യാപാരം, വാടക, കൂറ് കച്ചവടം, ലാഭം എന്നിവയെല്ലാം നിക്ഷേപത്തിന്റെ ഘടകങ്ങളാണ്. ബാങ്കുകളുമായോ മറ്റു ഇസ്‌ലാമിക ധനസ്ഥാപനങ്ങളുമായോ സ്വാകര്യ കമ്പനികളുമായോ ബന്ധപ്പെട്ട് സാമ്പത്തിക ജീവിതത്തെയും സമകാലിക സാമ്പത്തിക വിപണിയെയും പുഷ്ടിപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളായി ഇവ ഉപയോഗിക്കപ്പെടുന്നു.
കച്ചവടത്തെക്കുറിച്ച് കര്‍മ്മശാസ്ത്ര വിശാരദന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ശരീഅത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി വ്യക്തികള്‍ക്കിടയില്‍ ചരക്കുകളും പരസ്പരം കൈമാറ്റം ചെയ്യുന്നതാണ് കച്ചവടം. പരസ്പര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക താല്‍പര്യങ്ങള്‍ പാലിക്കുന്നതിനുമാണ് ശരീഅത്ത് അത് നടപ്പില്‍ വരുത്തിയത്.

കച്ചവടത്തിന്റെ രീതികള്‍

കച്ചവടത്തെ നമുക്ക് നാലായി തരം തിരിക്കാം:
1- ഒരു വസ്തു മറ്റൊരു വസ്തു കൊണ്ട് വില്‍ക്കുക. അതാണ് മാറ്റക്കച്ചവടം. ഒരു ചരക്ക് കൊടുത്ത് മറ്റൊരു ചരക്ക് വാങ്ങുന്ന രീതി.
2- ഒരു വില വാങ്ങി മറ്റൊരു വില നല്‍ക്കുക. നാണയങ്ങളുടെ പരസ്പര കൈമാറ്റമാണിത്. അതാണ് കൈമാറ്റക്കച്ചവടം.
3- വില കൊടുത്ത് ഒരു വസ്തു വാങ്ങുക. ഇതാണ് സാധാരണ രീതിയില്‍ നടപ്പുള്ള കച്ചവടം. അത് രണ്ട് ഇനമാണ്:
എ) നിലവില്‍ ഉടസ്ഥതയിലുള്ള വസ്തുവിനെ വില്‍ക്കുക.
ബി) പിന്നീട് ലഭിക്കാനുള്ള വസ്തുവിനെ ഇപ്പോള്‍ വില്‍ക്കുക.
4- ഒരു വസ്തു കൊടുത്ത് വില വാങ്ങുക. വില നിശ്ചിത സമയത്ത് തന്നെ നല്‍കിയുള്ള ചരക്ക് കൈമാറ്റമാണിത്. ഇടപാട് നടക്കുമ്പോള്‍ തന്നെ വില നല്‍കുകയും ചരക്ക് പിന്നീട് ഉടമസ്ഥപ്പെടുത്തുകയും ചെയ്യുന്ന രീതി. ഇത് രണ്ട് ഇനമാണ്:
എ) പരസ്പര ഇടപാട് സമയത്ത് തന്നെ വില പൂര്‍ണ്ണമായി നല്‍കുന്നത്. അതാണ് സലമ് കച്ചവടം.
ബി) ഒന്നുകില്‍ വില പൂര്‍ണ്ണമായി നല്‍കുകയോ ഘട്ടം ഘട്ടമായി നല്‍കുകയോ അതുമല്ലെങ്കില്‍ നിശ്ചിത തിയ്യതി വെച്ച് ആ ദിവസം വില പൂര്‍ണ്ണമായും നല്‍കുക. അതാണ് ഇസ്തിസ്‌നാഅ് കച്ചവടം.

മാറ്റക്കച്ചവടം(ബാര്‍ട്ടര്‍ സംവിധാനം)

ധനത്തിന്റെ മധ്യസ്ഥതയില്ലാതെ ഒരു ചരക്ക് മറ്റൊരു ചരക്കുമായി കൈമാറ്റം നടത്തുക. അതാണ് പഴയകാല ബാര്‍ട്ടര്‍ സംവിധാനം. മുന്‍കാല ചരിത്രങ്ങളിലുടെനീളം ഇത്തരം രീതിയായിരുന്നു മനുഷ്യര്‍ ഉപയോഗിച്ചിരുന്നത്. ജനങ്ങളുടെ ജീവിതരീതിയായി മാറിയിരുന്ന ബാര്‍ട്ടര്‍ സംവിധാനത്തിന് ചില പോരായ്മകളുമുണ്ടായിരുന്നു.

ന്യൂനതകള്‍

1- കൈമാറ്റ വില്‍പ്പനക്കാര്‍ തമ്മില്‍ സമ്മതിക്കുന്ന രീതിയില്‍ രണ്ട് പേരുടേയും വസ്തുകക്കള്‍ക്കിടയില്‍ കൃത്യമായ ഒരു അളവ് കണ്ടെത്താന്‍ പരിമിതികളുണ്ട്.
2- ഒരേ സമയത്ത് തന്നെ രണ്ട് പേരുടേയും ആവശ്യങ്ങള്‍ ഒന്നാകാതെ വരുന്നു. വാങ്ങുന്നവന്റെ കയ്യിലെ ചരക്ക് ചിലപ്പോള്‍ വില്‍ക്കുന്നവന് ആവശ്യമില്ലാതെ വരുന്നു.
3- മൂല്യം കൃത്യമായും സംരക്ഷിക്കാനും സൂക്ഷിക്കാനുമുള്ള രീതിശാസ്ത്രത്തിന്റെ അഭാവം. ഓരോ ചരക്കിന്റെയും മൂല്യം എപ്പോഴും മാറിക്കൊണ്ടിരിക്കാം.
4- പോസ്റ്റ് പെയ്ഡിന് അനുയോജ്യമായ നാണയ ഏകോപനത്തിന്റെ അഭാവം.
5- ജനങ്ങള്‍ക്ക് ആവശ്യമുള്ള ചില ചരക്കുകള്‍ ഭാഗം വക്കുന്നതിലുള്ള ബുദ്ധിമുട്ട്. ചില ചരക്കുകള്‍ ഭാഗിക്കാനാകാത്തതായിരിക്കാം. മാറ്റക്കച്ചവടത്തില്‍ ചിലപ്പോള്‍ ആ ചരക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയാതെ പോകുന്നു.

Also read: പാപമോചനത്തിലേക്ക് മത്സരിച്ച് മുന്നേറുക

സമകാലിക സാഹചര്യത്തിലെ മാറ്റക്കച്ചവടം

പഴയകാലത്ത് സാര്‍വ്വത്രികമായി നടന്ന് പോന്നിരുന്ന ബാര്‍ട്ടര്‍ സംവിധാനം നിലച്ചു പോയിട്ടുണ്ടെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍, ആധുനിക കാലത്തും അതിന് നല്ല സ്വാധീനമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മുപ്പതുകളില്‍, ആഗോള സമ്പത് വ്യവസ്ഥക്ക് തകര്‍ച്ച നേരിട്ടപ്പോള്‍ ജനങ്ങള്‍ വീണ്ടും ദൈനംദിന അടിസ്ഥാന ആവശ്യങ്ങള്‍ നേടുന്നതിനായി പഴയകാല മാറ്റക്കച്ചവടത്തിലേക്ക് തന്നെ മടങ്ങുകയുണ്ടായി.

ഇന്റര്‍നെറ്റ് മാറ്റക്കച്ചവടത്തെ തിരികെ കൊണ്ടുവരുന്നു
ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെയും ആവിര്‍ഭാവത്തോടെ മാറ്റക്കച്ചവടം
വളരെ നൂതനവും ശക്തവുമായ രീതിയില്‍ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു പട്ടണം അല്ലെങ്കില്‍ ഒരു രാജ്യം എന്ന പരിധിയില്‍ നിന്നും മാറി പല രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് കൈമാറ്റത്തിനും സര്‍വ്വീസുകള്‍ക്കും ചില സ്വകാര്യ സൈറ്റുകളും നെറ്റ്‌വര്‍ക്കുകളും നിലവിലുണ്ട്. ഇന്റര്‍നെറ്റ് വഴി വലിയ നേട്ടം സമ്പാദിക്കാവുന്ന രീതിയില്‍ ഈ കൈമാറ്റ സമ്പ്രദായം വളരെ സുധാര്യമാണെങ്കില്‍ പോലും അതിന് ഒരുപാട് നെഗറ്റീവ് വശങ്ങളുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

വാസ്തവത്തില്‍, ബാര്‍ട്ടര്‍ സംവിധാനത്തിന് നിരവധി വിജയകരമായ അനുഭവങ്ങളുണ്ട്. അതിന്റെ പ്രചാരത്തിനുള്ള ഒരു മാര്‍ഗം മാത്രമാണ് ഇന്റര്‍നെറ്റ്. ചില അയല്‍രാജ്യങ്ങളില്‍, ഓരോ വ്യക്തിക്കും വിതരണം ചെയ്യുന്ന അവരുടെ ആവശ്യങ്ങള്‍ക്കപ്പുറത്തുള്ള ചരക്കുകള്‍ക്ക് പകരം മറ്റു ചില ചരക്കുകള്‍ നല്‍കപ്പെടുന്നു. പുതിയകാല ബാര്‍ട്ടര്‍ കച്ചവടത്തിലെ ഒരു രൂപം പുസ്തക കൈമാറ്റമാണ്. വായനയെ ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള എക്‌സ്‌ചേഞ്ചാണിത്. അതിനാല്‍ തന്നെ, ഒരു പുസ്തകം വാങ്ങി വായിച്ചു തീര്‍ത്ത വ്യക്തിക്ക് അത് നല്‍കി വായിക്കാത്ത മറ്റൊരു പുസ്തകം വാങ്ങാനാകും.

മാറ്റക്കച്ചവടത്തിന്റെ കര്‍മ്മശാസ്ത്രം

കര്‍മ്മശാസ്ത്രത്തിന്റെ വീക്ഷണ പ്രകാരം ഒരു വസ്തു മറ്റൊരു വസ്തുവുമായി നേരിട്ട് കൈമാറ്റം ചെയ്യുന്നതിനാണ് മാറ്റക്കച്ചവടം എന്ന് പറയുന്നത്. അഥവാ, നാണയ രൂപത്തിലല്ലാതെയുള്ള സമ്പത്തിന്റെ പരസ്പര കൈമാറ്റം.

Also read: കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന വിധം

നിബന്ധനകള്‍

സാധാരണ രീതിയില്‍ ഒരു കച്ചവടത്തിന് നിര്‍ബന്ധമാകുന്ന നിബന്ധനകള്‍ ഇതിലും നിര്‍ബന്ധമാകും. സാധുതക്കുള്ള വ്യവസ്തകള്‍, പ്രാബല്യത്തില്‍ വരുന്നതിനുള്ള വ്യവസ്തകള്‍ തുടങ്ങിയവ അതില്‍പ്പെടും.

വ്യവസ്ഥകള്‍

1- നാണയമല്ലാതിരിക്കുക. കൈമാറ്റം ചെയ്യുന്ന സമ്പത്ത് നാണയമല്ലാതിരിക്കണം. അല്ലായെങ്കില്‍ അത് നാണയ കൈമാറ്റമാണ്. ഇനി ഒരാളുടെ അടുത്ത് നാണയവും മറ്റൊരാളുടെ അടുക്കല്‍ ചരക്കുമാണെങ്കില്‍ അത് സാധാരണ കച്ചവട രീതിയായി മാറുകയും ചെയ്യും.
2- കൈമാറ്റം ചെയ്യപ്പെടുന്ന സമ്പത്ത് ഒരേ വസ്തുവായിരിക്കണം. കുതിരയെ കുതിരകൊണ്ട് തന്നെ കൈമാറ്റം ചെയ്യുന്നത് പോലെ. അഞ്ഞൂറ് കിലോ ധാന്യം കടമായി പറഞ്ഞ് ഒരു കുതിരയെ വാങ്ങുന്നത് മാറ്റക്കച്ചവടത്തിന്റെ രീതിയല്ല.
3- ഇടപാട് നടത്തുന്ന സ്ഥലത്ത് വെച്ച് തന്നെ വസ്തുവിനെ രണ്ടുപേരും പരസ്പരം ഉടമപ്പെടുത്തണം.
4- പലിശ വരാത്ത വസ്തുവിലാകണം മാറ്റക്കച്ചവടം നടത്തേണ്ടത്. ഉബാദത്ത ബ്‌നു സ്വാമിത്ത് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) അരുള്‍ ചെയ്തു: സ്വര്‍ണം സ്വര്‍ണം കൊണ്ട്, വെള്ളി വെള്ളി കൊണ്ട്, ധാന്യം ധാന്യം കൊണ്ട്, ബാര്‍ലി ബാര്‍ലി കൊണ്ട്, കാരക്ക കാരക്ക കൊണ്ട്, ഉപ്പ് ഉപ്പ് കൊണ്ട് കൈമാറ്റം നടത്തുന്നിടത്ത് ഒരേ വസ്തുവും ഒരേ അളവും ആകുകയും ഇടപാട് നടക്കുന്നിടത്ത് വെച്ച് തന്നെ ഉടമപ്പെടുത്തുകയും ചെയ്യണം. ഇനി ഇനങ്ങള്‍ പരസ്പരം വ്യത്യസ്തമാണെങ്കില്‍ പിന്നെ എങ്ങനെയും വിറ്റ് കൊള്‍ക. അതും പരസ്പരം ഉടമപ്പെടുത്തിയിട്ടായിരിക്കണം.

മനുഷ്യന്‍ അറിഞ്ഞിടത്തോളം കാലം മാറ്റക്കച്ചവടം തുടര്‍ന്ന് കൊണ്ടേയിരിക്കും. അത് അന്ത്യനാള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. കച്ചവടമെന്ന് പറയാതെത്തന്നെ നാം അതിനെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.

വിവ.മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

Related Articles