Current Date

Search
Close this search box.
Search
Close this search box.

സകാത്തുല്‍ ഫിത്വ് ‍‌ർ പണമായി നല്‍കാമോ?

പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ് റിന്റേതായി ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒന്ന്, നോമ്പുകാരുമായി ബന്ധപ്പെട്ടതാണ്. എത്ര സൂക്ഷ്മത പുലര്‍ത്തിയാലും എന്തെങ്കിലും അല്ലറ ചില്ലറ വീഴ്ചകള്‍ പറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഒരു മാസം പൈദാഹങ്ങള്‍ സഹിച്ച്, കാമവികാരങ്ങള്‍ നിയന്ത്രിച്ച് എടുത്ത ഒരു ഇബാദത്തിന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ വിശ്വാസികള്‍ക്ക് ലഭിക്കണമെന്ന കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാണ് അത്. അതുകൊണ്ടു തന്നെ നമസ്‌കാരത്തില്‍ മറവി പറ്റിയാല്‍ ചെയ്യുന്ന സുജൂദിനോട് ചില പണ്ഡിതന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നു (മുഗ്നി അല്‍ മുഹ്താജ്). പെരുന്നാള്‍ ദിവസം യാചകരോ പട്ടിണി കിടക്കുന്നവരോ ഉണ്ടാവരുതെന്ന് മാത്രമല്ല, അവരവരുടെ വീടുകളില്‍ സദ്യയൊരുക്കി സന്തോഷത്തോടെ ഭക്ഷണം കഴിക്കാനും ഊട്ടാനും അവസരം ഉണ്ടാവട്ടെ എന്ന സാമൂഹിക ലക്ഷ്യമാണ് രണ്ടാമത്തേത്.

അതിനാല്‍ ആഹാരത്തിന് ഉപയുക്തമായ ഭക്ഷ്യധാന്യങ്ങള്‍ തന്നെ നല്‍കണമെന്നതാണ് മൗലികമായ വിധി. എങ്കിലും ഭക്ഷ്യധാന്യങ്ങള്‍ കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നു മാത്രമല്ല, അതൊരു പ്രയാസം കൂടി ആയിത്തീരുന്ന ചില സാഹചര്യങ്ങള്‍ വന്നു പെട്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്, ഇമാം ബുഖാരി തുടങ്ങിയ മഹാന്മാരുടെയും, ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ പിന്തുടരുന്ന മദ്ഹബായ ഹനഫീ മദ്ഹബിന്റെയും, സലഫീ ആശയക്കാര്‍ക്ക് അഭിമതനായ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യയുടെയും വീക്ഷണമനുസരിച്ച് പണമായി നല്‍കുന്നതായിരിക്കും ഉത്തമം.

സുല്‍ത്വാനുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇമാം കാസാനി പറയുന്നു: ”പെരുന്നാള്‍ പോലുള്ള ദിവസത്തില്‍ യാചിക്കാന്‍ ഇടവരാത്ത വിധം അവരെ സുഭിക്ഷതയുളളവരാക്കുക എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രര്‍ക്ക് സുഭിക്ഷത നല്‍കി സ്വയംപര്യാപ്തരാക്കുക എന്നതാണ് യഥാര്‍ഥ വാജിബ്. ഈ സ്വയംപര്യാപ്തത വില / പണം കൊടുത്താലും സംഭവിക്കും. എന്നല്ല അതാണ് ഏറ്റവും അന്യൂനവും ഏറ്റവും സമൃദ്ധവും. കാരണം ആവശ്യപൂര്‍ത്തീകരണത്തിന് അതാണ് ഏറ്റവും സൗകര്യം. ഇതിലൂടെ സുഭിക്ഷതയുണ്ടാക്കലാണ് നബിവചനത്തിന്റെ യുക്തി എന്നും, അല്ലാതെ പണമായി നല്‍കുക എന്നതിലല്ലെന്നും വ്യക്തമായി” (ബദാഇഉസ്സ്വനാഇഅ്: 4/129).

ഇമാം നവവി പറയുന്നു: പണമായി നല്‍കാം എന്ന് വാദിക്കുന്നവര്‍ തെളിവാക്കുന്നത്, നബി (സ) മുആദി(റ)നെ സകാത്ത് പിരിക്കാനും മറ്റുമായി യമനിലേക്ക് നിയോഗിച്ചയച്ചപ്പോള്‍, അദ്ദേഹം യമന്‍ നിവാസികളോട് പറഞ്ഞതാണ്. അദ്ദേഹം അവരോട് പറഞ്ഞു: ബാര്‍ലിക്കും ചോളത്തിനും പകരം ഉടയാടകളും വസ്ത്രങ്ങളും കൊണ്ടുവരിക. അതാണ് നിങ്ങള്‍ക്ക് ഏറ്റവും സൗകര്യം. മദീനയിലുള്ള നബി(സ)യുടെ സ്വഹാബിമാര്‍ക്ക് ഏറ്റവും ഗുണകരവും അതാണ് (ബുഖാരി).

മുആദ് (റ) ഭക്ഷ്യ ധാന്യങ്ങള്‍ക്കു പകരമായി വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടതും മറ്റും എടുത്തുപറഞ്ഞു കൊണ്ട് മറ്റു ചരക്കുകളും സകാത്തായി നല്‍കാമെന്ന തലക്കെട്ടില്‍ പ്രത്യേകമായ ഒരു അധ്യായം തന്നെ ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കൊടുത്തിട്ടുണ്ട്. അതിനെ വിശദീകരിച്ചുകൊണ്ട് ബുഖാരിയുടെ വ്യാഖ്യാതാവായ അല്ലാമാ ബദ്‌റുദ്ദീനില്‍ ഐനി പറയുന്നു:
സകാത്തില്‍ മൂല്യം നോക്കി സമാനമായ മറ്റു ഇനങ്ങളും നല്‍കാമെന്നതിന് നമ്മുടെയാളുകള്‍ ഇത് തെളിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇബ്‌നു റശീദ് പറഞ്ഞത്; ഈ വിഷയത്തില്‍ ഇമാം ബുഖാരി ഹനഫികളോട് യോജിച്ചിരിക്കുന്നു. പല കാര്യങ്ങളിലും അദ്ദേഹം അവര്‍ക്ക് എതിരാണെങ്കില്‍ കൂടി. കാരണം, പ്രമാണമാണ് അദ്ദേഹത്തെ ആ നിലപാടിലേക്ക് എത്തിച്ചത് (ഉംദത്തുല്‍ ഖാരി: ചരക്കുകളുടെ സകാത്ത് എന്ന അധ്യായം).

ആധുനിക പണ്ഡിതനും സകാത്ത് വിഷയത്തില്‍ ബൃഹത്തായ ഗവേഷണ ഗ്രന്ഥം രചിക്കുകയും ചെയ്ത ശൈഖ് യൂസുഫുല്‍ ഖറദാവിയും ഇതേ വീക്ഷണക്കാരനാണ്. അദ്ദേഹം ഇതു സംബന്ധമായി പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം:

പണമായി നല്‍കാം എന്നു പറയുന്നവര്‍ക്ക് അവലംബിക്കാന്‍ തെളിവുകളും ന്യായങ്ങളുമുണ്ട്. അപ്രകാരംതന്നെ, പണമായി നല്‍കാന്‍ പാടില്ല എന്ന് പറയുന്നവര്‍ക്കും ഇതിന് എതിരായ തെളിവുകളും ന്യായങ്ങളുമുണ്ട്.
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ ഭിന്നാഭിപ്രായക്കാരായ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ മിതമായ ഒരു സരണി സ്വീകരിച്ച് പറയുന്നത് ഇങ്ങനെയാണ്; ഇതില്‍ ഏറ്റവും പ്രകടമായ അഭിപ്രായം, ആവശ്യത്തിന് വേണ്ടിയല്ലാതെയും പൊതുനന്മക്ക് വേണ്ടിയല്ലാതെയും സകാത്ത് പണമായി നല്‍കാന്‍ പാടില്ല. കാരണം, നിരുപാധികം വില നല്‍കാന്‍ അനുവാദം നല്‍കിയാല്‍ ഉടമസ്ഥന്‍ സാധനത്തിന് വില നിശ്ചയിക്കുമ്പോള്‍ അതില്‍ അപാകതയുണ്ടാകും. എന്നാല്‍, ഒരു ആവശ്യത്തിനു വേണ്ടിയോ അല്ലെങ്കില്‍ പൊതുനന്മക്കു വേണ്ടിയോ വില നല്‍കുന്നതിന് വിരോധമില്ല.

തിരുമേനി (സ) തന്റെ കാലത്തും സാഹചര്യത്തിലും നിലവിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളില്‍നിന്ന് ഫിത്വ് ർ സകാത്ത് കൊടുക്കാന്‍ കല്‍പിച്ചപ്പോള്‍ ജനങ്ങളുടെ സൗകര്യവും എളുപ്പവുമാണ് ഉദ്ദേശിച്ചത്. സ്വര്‍ണം-വെളളി നാണയങ്ങള്‍ അറബികള്‍ക്കിടയില്‍ ഏറെ വിരളമായിരുന്നു. വളരെക്കുറച്ചു മാത്രമേ അത് ലഭ്യമായിരുന്നുള്ളൂ. പാവങ്ങള്‍ക്കാണെങ്കില്‍ ഗോതമ്പ്, കാരക്ക, മുന്തിരി, പാല്‍ക്കട്ടി എന്നീ ഭക്ഷണസാധനങ്ങളാണ് ആവശ്യമുണ്ടായിരുന്നത്.

അതുകൊണ്ട് ദായകന് ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത് സൗകര്യപ്രദവും, വാങ്ങുന്നവന് ഉപകാരപ്രദവുമായിരുന്നു. ഇങ്ങനെ സൗകര്യം പരിഗണിച്ചതിന്റെ പേരില്‍ ഒട്ടകത്തിന്റെയും ആടിന്റെയും ഉടമകള്‍ക്ക് പാല്‍ക്കട്ടി കൊടുക്കാന്‍ അനുവാദം നല്‍കി. അപ്പോള്‍ എല്ലാവര്‍ക്കും തനിക്ക് സൗകര്യപ്രദമായത് നല്‍കാം.

നാണയത്തിന്റെ ക്രയവിക്രയ ശേഷി ഓരോ നാട്ടിലും ഓരോ സാഹചര്യത്തിലും മാറിക്കൊണ്ടിരിക്കും, അപ്പോള്‍ ഫിത്വ് ർ സകാത്തില്‍ നിര്‍ബന്ധമായ തോത് തീരുമാനിക്കപ്പെട്ടാല്‍ അതായിരിക്കും ഗുണകരം. ഒരു സ്വാഅ് ഭക്ഷണം ഒരാളുടെ മിതമായ ആവശ്യത്തിന് മതിയാകുമെങ്കില്‍ ഒരു സ്വാഇന്റെ വില കണക്കാക്കിയാല്‍ അത് നീതിപൂര്‍വകവും മാറ്റത്തിന് സാധ്യത കുറഞ്ഞതുമായിരിക്കും.

വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles