Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണപാനീയങ്ങളിൽ ഊതാൻ പാടുണ്ടോ ?

ഭക്ഷണത്തിലോ പാനീയത്തിലോ ഊതാൻ പോയിട്ട് പാത്രത്തിൽ ശ്വാസോഛ്വാസം ചെയ്യാൻ പോലും പാടില്ല എന്നാണു പ്രവാചകന്‍റെ നിർദ്ദേശം, അങ്ങനെ ചെയ്യുന്നത് ശക്തമായി വിലക്കിയിട്ടുണ്ട്. ഒരാൾ സ്വയം കഴിക്കുന്ന ഭക്ഷണത്തിന്‍റെയും പാനീയത്തിന്റെയും കാര്യമാണ് ഇപ്പറഞ്ഞത് അപ്പോൾ പിന്നെ മറ്റുള്ളവരുടെതിൽ പറയാനുണ്ടോ!

ഇബ്നു അബ്ബാസ് പറയുന്നു: ” ഭക്ഷണത്തിലോ വെള്ളത്തിലോ ഊതുന്ന പതിവ് റസൂൽ (സ) ന് ഉണ്ടായിരുന്നില്ല. ഭക്ഷണപാത്രത്തിലേക്ക് ശ്വാസം വിടുകയും ചെയ്തിരുന്നില്ല “.-(ഇബ്നുമാജ: 3288).
عَنِ ابْنِ عَبَّاسٍ، قَالَ: « لَمْ يَكُنْ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ، يَنْفُخُ فِي طَعَامٍ، وَلاَ شَرَابٍ، وَلاَ يَتَنَفَّسُ فِي الإِنَاءِ ».-رَوَاهُ ابْنُ مَاجَةْ: 3288.

ഇതിന്റെ വിശദീകരണത്തിൽ ഇമാം മുനാവി പറയുന്നു:
ചൂടു കൊണ്ടാണ് ഊതേണ്ടി വരുന്നതെങ്കിൽ ചൂടാറും വരെ ക്ഷമിക്കുകയാണു വേണ്ടത്. ഇനി വല്ല കരടും കണ്ടിട്ടാണെങ്കിൽ അത് വിരൽതുമ്പു കൊണ്ടോ കോലു കൊണ്ടോ എടുത്തുകളയുകയാണ് വേണ്ടത്. അല്ലാതെ ഊതേണ്ട കാര്യമില്ല. പാത്രത്തിനകത്ത് നിശ്വസിക്കരുത് എന്നാണുദ്ദേശ്യം. കാരണം അത് പാനീയത്തിന്റെ ശുദ്ധ സ്വഭാവം മാറ്റും, അത് ഭക്ഷണം കഴിച്ചതു കൊണ്ടുണ്ടായ വായയുടെ മാറ്റം കാരണമാകാം, ദന്ത ശുദ്ധി വരുത്താത്തതു കൊണ്ടാകാം, അതല്ലെങ്കിൽ ആമാശയത്തിൽ നിന്നുള്ള ഗ്യാസ് മേൽപ്പോട്ട് ഉയരുന്നതു കാരണമാകാം.-( ഫൈളുൽ ഖദീർ: 6924).
فَإِنْ كَانَ النَّفْخُ لِحَرَارَةٍ صَبَرَ حَتَّى يَبْرُدَ، أَوْ لِأَجْلِ قَذَاةٍ أَبْصَرَهَا فَلْيُمِطْهَا بِنَحْوِ أُصْبُعٍ أَوْ عُودٍ فَلَا حَاجَةَ لِلنَّفْخ، وَكَانَ لَا يَتَنَفَّسُ فِي الْإِنَاءِ أَيْ: لَا يَتَنَفَّسُ فِي جَوْفِ الْإِنَاءِ لِأَنَّهُ يُغَيِّرُ الْمَاءَ، إِمَّا لِتَغَيُّرِ الْفَمِ بِالْمَأْكُولِ وَإِمَّا لِتَرْكِ السِّوَاكِ، وَإِمَّا لِأَنَّ النَّفَسَ يَصْعَدُ بِبُخَارِ الْمَعِدَةِ.-فَيْض الْقَدِيرِ: 6924.

അതുകൊണ്ടാണ് ഭക്ഷണ പാനീയ മര്യാദകളുടെ കൂട്ടത്തിൽ കുടിക്കുന്ന സമയം വെള്ളത്തിൽ ഊതാതിരിക്കുക. പാത്രത്തിന് വെളിയിൽ മൂന്ന് പ്രാവശ്യം ശ്വസിക്കുക. എന്നൊക്കെ നബി തിരുമേനി (സ) പഠിപ്പിച്ചത്.

عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « إِذَا شَرِبَ أَحَدُكُمْ فَلَا يَتَنَفَّسْ فِي الْإِنَاءِ، وَإِذَا بَالَ أَحَدُكُمْ فَلَا يَمْسَحْ ذَكَرَهُ بِيَمِينِهِ، وَإِذَا تَمَسَّحَ أَحَدُكُمْ فَلَا يَتَمَسَّحْ بِيَمِينِهِ ».-رَوَاهُ الْبُخَارِيُّ: 5630.

അബ്ദുല്ലാഹിബ്നു അബീ ഖതാദ(റ) തന്റെ പിതാവില്‍നിന്ന്‍ നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും വെള്ളം കുടിക്കുകയാണെങ്കില്‍ പാനപാത്രത്തില്‍ ഊതരുത്. മൂത്രമൊഴിക്കുകയാണെങ്കില്‍ വലത് കൈകൊണ്ട് തന്റെ ലിംഗം സ്പര്‍ശിക്കരുത്. ശൗച്യം ചെയ്യുകയാണെങ്കിൽ വലത് കൈകൊണ്ട് വൃത്തിയാക്കരുത്.–(ബുഖാരി: 5630).

عَنْ أَنَسٍ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَنَفَّسُ فِى الشَّرَابِ ثَلاَثًا، وَيَقُولُ: « إِنَّهُ أَرْوَى وَأَبْرَأُ وَأَمْرَأُ ». قَالَ أَنَسٌ: فَأَنَا أَتَنَفَّسُ فِى الشَّرَابِ ثَلاَثًا.- رَوَاهُ مُسْلِمٌ: 5406.

അനസ്(റ) പറയുന്നു: നബി(സ) വെള്ളം കുടിക്കുമ്പോള്‍ മൂന്ന് പ്രാവശ്യം ശ്വാസ്വാഛ്വോസം ചെയ്യുമായിരുന്നു. എന്നിട്ടിങ്ങനെ പറയും. ഈ രീതിയാണ് ദാഹത്തിന് ശമനവും മുക്തിയും നല്‍കുക, ഇതാണ് മാന്യന്മാരുടെ രീതി. അനസ്(റ) പറയുന്നു: ഞാന്‍ പാനം ചെയ്യുമ്പോള്‍ മൂന്ന്‍ പ്രാവശ്യം ശ്വാസം വിടാറുണ്ട്.–(മുസ്ലിം 5406).

عَنْ أَبِى سَعِيدٍ الْخُدْرِىِّ، أَنَّ النَّبِىَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ النَّفْخِ فِى الشُّرْبِ -رَوَاهُ التِّرْمِذِيُّ: 2008، وَقَالَ: حَسَنٌ صَحِيحٌ، وَحَسَّنَهُ الأَلْبَانِيُّ.
(അബൂസഊദിൽഖുദ്രി(റ) പറയുന്നു: തീർച്ചയായും നബി(സ) കുടിക്കുന്ന വെള്ളത്തിൽ ഊതുന്നത് നിരോധിച്ചിരിക്കുന്നു.-(തിര്‍മിദി 2008).

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، نَهَى أَنْ يُتَنَفَّسَ فِى الإِنَاءِ أَوْ يُنْفَخَ فِيهِ.-رَوَاهُ التِّرْمِذِيُّ: 2009، وَقَالَ: حَسَنٌ صَحِيحٌ، وَصَحَّحَهُ الأَلْبَانِيُّ.
ഇബ്നു അബ്ബാസ്(റ) പറയുന്നു: പാത്രത്തിൽ ശ്വസിക്കുന്നതും ഊതുന്നതും നബി (സ) വിലക്കിയിട്ടുണ്ട്.-(തിര്‍മിദി 2009).

عَنْ أَبِى سَعِيدٍ الْخُدْرِىِّ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى عَنِ النَّفْخِ فِى الشُّرْبِ. فَقَالَ رَجُلٌ الْقَذَاةُ أَرَاهَا فِى الإِنَاءِ قَالَ: « أَهْرِقْهَا ». قَالَ: فَإِنِّى لاَ أَرْوَى مِنْ نَفَسٍ وَاحِدٍ قَالَ: « فَأَبِنِ الْقَدَحَ إِذًا عَنْ فِيكَ ».-رَوَاهُ التِّرْمِذِيُّ: 2008، وَحَسَّنَهُ الأَلْبَانِيُّ.
അബൂസഈദിൽ ഖുദ്രിയ്യിൽ നിന്ന് നിവേദനം. പാനീയത്തിൽ ഊതുന്നത് നബി (സ) നിരോധിച്ചിരിക്കുന്നു. ഒരാൾ ചോദിച്ചു: “പാത്രത്തിൽ കരട് കണ്ടാ ലോ? അപ്പോൾ നബി (സ) പറഞ്ഞു: ” അത് ഒഴിച്ചു കളയുക “. ചോദ്യകർത്താവ് പറഞ്ഞു: എനിക്ക് ഒറ്റ ശ്വാസത്തിൽ കുടിച്ചാൽ ദാഹം തീരുകയില്ല. നബി പറഞ്ഞു: “എങ്കിൽ വായയിൽനിന്ന് പാത്രം അകറ്റിപ്പിടിക്കുക ”.-(തിർമിദി: 2008).

അമാനുഷിക സിദ്ധിയുടെ ഭാഗമായി അപൂർവ്വം ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രവാചകൻ തന്റെ ഉമിനീര് ആക്കിയപ്പോൾ ഭക്ഷണം സമൃദ്ധമായി/ മുറിവുകൾ ഭേദമായി … തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതു പക്ഷെ സാധാരണ സംഭവങ്ങളോ, മറ്റുള്ളവർ അനുകരിക്കേണ്ടതോ ആയ കാര്യങ്ങളല്ല. അമാനുഷ സിദ്ധികളുടെ കാര്യം അങ്ങനെയാണ്. അതുകൊണ്ടാണ് പ്രവാചകന്റെ സന്തത സഹചാരികൾ അതനുകരിക്കാതിരുന്നത്. പ്രവാചകാധ്യാപനങ്ങളും മുഅജിസത്തിന്റെ ഭാഗമായി സംഭവിച്ച കാര്യങ്ങളും വേർതിരിച്ചു തന്നെ മനസ്സിലാക്കാൻ കഴിയേണ്ടതുണ്ട്.

Related Articles