Current Date

Search
Close this search box.
Search
Close this search box.

ഫര്‍ദുകളിലേക്ക് മടങ്ങി വരൂ

ഫര്‍ദുകള്‍ സുന്നത്തുകള്‍ എന്നത് ഇസ്ലാമിലെ രണ്ടു അംഗീകൃത രീതികളാണ്. ഒന്ന് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍. ഫര്‍ദ് എന്നത് കൊണ്ട് വിവക്ഷ നിര്‍ബന്ധമായ ആരാധന കാര്യങ്ങള്‍ എന്നതിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. ‘ഫര്‍ദുകള്‍ വീട്ടുക’ എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട ബാധ്യതകള്‍ നിറവേറ്റുക എന്നതാണ്. അതില്‍ അല്ലാഹുവുമായും മനുഷ്യനുമായും ബന്ധപ്പെട്ട കാര്യങ്ങളുണ്ട്. അതെല്ലാം അതിന്റെ യഥാവിധി നടപ്പാക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ ‘ഫര്‍ദുകള്‍’ വീട്ടി എന്ന് പറയാന്‍ കഴിയുന്നത്.

ഫര്‍ദ് എന്ന പദം വിവിധ രൂപത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. ആരാധന എന്നതിനേക്കാള്‍ ഇടപാടുകളുടെ കാര്യത്തിലാണ് കൂടുതല്‍ പ്രാവശ്യം വന്നിട്ടുള്ളത്. ബാധ്യത, നിര്‍ബന്ധം എന്നീ അര്‍ത്ഥങ്ങളില്‍ അത് കൂടുതല്‍ കാണാം. കടമകള്‍ കഴിവിന്റെ പരമാവധി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഒരാള്‍ ഇസ്ലാമാകുന്നതിന്റെ അടിസ്ഥാനം. അല്ലാഹുവുമായുള്ള കടമകള്‍ എണ്ണിപ്പറയുമ്പോള്‍ ആദ്യമായി വരുന്നത് അല്ലാഹുവിനെ മാത്രം ഇലാഹായി സ്വീകരിക്കുക എന്നതാണ്. ഇലാഹ് എന്ന നിലയില്‍ നല്‍കേണ്ട കാര്യങ്ങള്‍ അവനു മാത്രം നല്‍കുക എന്നതും അതിന്റെ ഭാഗമാണ്. വിശ്വാസ കാര്യങ്ങളില്‍ തുടര്‍ന്ന് വരുന്ന കാര്യങ്ങള്‍ ഇതിന്റെ പൂര്‍ത്തീകരണമാണ്.

വിശ്വാസത്തില്‍ ‘ഫര്‍ദ്’ പൂര്‍ത്തിയായാല്‍ പിന്നെ കര്‍മ്മമാണ്. അല്ലാഹുവിനോടുള്ള ഫര്‍ദുകള്‍ പൂര്‍ത്തീകരിക്കുക എന്നതിന്റെ ഭാഗം കൂടിയാണ് അല്ലാഹു പൂര്‍ത്തീകരിക്കണമെന്നു പറഞ്ഞ കടമകള്‍ പൂര്‍ത്തിയാക്കുക എന്നതും. ഒരാള്‍ ഫര്‍ദുകള്‍ പൂര്‍ത്തീകരിച്ചു വേണം ഐച്ഛിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍. ബാധ്യത ബാക്കിവെച്ചു ഐച്ഛിക കാര്യങ്ങളില്‍ മുഴുകുക എന്നത് തീര്‍ത്തും തെറ്റായ സമീപനമാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാത്തവര്‍ ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കുന്നത് വെറുതെയാണ്. നിര്‍ബന്ധ നോമ്പിന്റെ കാര്യത്തില്‍ കണിശത ഇല്ലാത്തവര്‍ സുന്നത്ത് നോമ്പ് എടുക്കുന്നത് വെറുതെയാകും. നിര്‍ബന്ധ സകാത്ത് കൃത്യമായി നല്കാത്തവര്‍ നല്‍കുന്ന ‘ സ്വദഖകള്‍’ എത്ര മാത്രം സ്വീകരിക്കപ്പെടും എന്നത് മറ്റൊരു കാര്യം.

മനുഷ്യ ജീവിതത്തിലെ ബന്ധങ്ങളും കടപ്പാടുകളും പൂര്‍ത്തീകരിക്കുക എന്നത് കൂടി ഫര്‍ദുകളുടെ ഭാഗമാണ്. മാതാപിതാക്കള്‍, കുടുംബങ്ങള്‍, അയല്‍പക്കങ്ങള്‍, ബന്ധുക്കള്‍ എന്നിവരോടുള്ള കടമയും കടപ്പാടും പൂര്‍ത്തിയാക്കണം എന്ന് ഖുര്‍ആന്‍ പല സ്ഥലത്തും ആവര്‍ത്തിച്ചു പറയുന്നു. പുണ്യത്തെ കുറിച്ച് പറഞ്ഞപ്പോഴും അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യണം എന്ന് പറഞ്ഞപ്പോഴും ബാക്കിയുള്ളതൊക്കെ ഖുര്‍ആന്‍ ആവര്‍ത്തിച്ചു.

മതത്തിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍ സമൂഹം അത്ര കണിശത കാണിക്കുന്നില്ല എന്നുറപ്പാണ്. അക്കാര്യത്തില്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ചകള്‍ കാണുക അസാധ്യം. കൊറോണ കാലം കടമകളില്‍ നിന്നും പുറകോട്ടു പോകാനുള്ള കാരണമായി പലരും കാണുന്നു. ഫര്‍ദു നമസ്‌കാരത്തിനു പള്ളികളിലെ വിശ്വാസികളുടെ ഏണ്ണം പരിമിതപ്പെട്ടു പോകുന്നു. ഇല്ലായ്മ പറഞ്ഞു ഉള്ളവര്‍ തന്നെ ചിലവഴിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്നു.

ഫര്‍ദുകള്‍ ഇനിയും ബാക്കി കിടക്കുമ്പോള്‍ സമുദായം സുന്നത്തിന്റെ പേരില്‍ ചര്‍ച്ചയിലും സംവാദത്തിലുമാണ്. സുന്നത്ത് നോമ്പുകളും നമസ്‌കാരങ്ങളും ഇസ്ലാമില്‍ കൃത്യമാണ്. സുന്നത്ത് നോമ്പുകള്‍ എന്നതിനെ കുറിച്ച് പ്രവാചകന്‍ പരിചയപ്പെടുത്തിയ നോമ്പ് ദാവൂദ് നബിയുടെതാണ്. അദ്ദേഹം ഒരു ദിവസം നോമ്പ് എടുത്താല്‍ അടുത്ത ദിവസം നോമ്പെടുക്കില്ല. പിന്നീട് പറഞ്ഞത് അറഫ, മുഹറത്തിലെ നോമ്പുകള്‍,ശവ്വാലിലെ ആറു നോമ്പുകള്‍, തിങ്കളാഴ്ച, വ്യാഴാഴ്ച ദിനങ്ങളിലെ നോമ്പുകളെ കുറിച്ചാണ്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക എന്നതാണ് സുന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതെ സമയം മതത്തില്‍ ആരാധനയുടെ കാര്യത്തില്‍ ഒരു സുന്നത്തും ഫര്‍ദും കൂട്ടിചേര്‍ക്കാനോ ഇല്ലാതാക്കാനോ നമുക്ക് അവകാശമില്ല.

മിഅ്‌റാജ് പ്രവാചക ജീവിതത്തിലെ മക്കാ കാലത്ത് നടന്ന സംഭവമാണ്. അതിനു ശേഷം കുറച്ചു കൊല്ലങ്ങള്‍ കൂടി പ്രവാചകന്‍ മക്കയില്‍ ജീവിച്ചിട്ടുണ്ട്. അതെ സമയം പ്രവാചക കാലത്തിന്റെ ഒരു ഘട്ടത്തിലും ഇത്തരം ഒരു നോമ്പിനെ കുറിച്ച് നാം കേട്ടിട്ടില്ല. അങ്ങിനെ സഹാബികള്‍ നോമ്പെടുത്ത കാര്യവും നാം വായിച്ചിട്ടില്ല. ഇസ്‌റാഅ്- മിഅറാജ് കൂടുതല്‍ ആചരിക്കപ്പെടുന്നത് ഷിയ വൃത്തത്തിലാണ്. അലി ( റ ) യെ കുറിച്ച് പ്രസ്തുത സംഭവം മുന്‍ നിര്‍ത്തി പല കഥകളും അവരുടെ ഭാഗത്ത് നിന്നും പ്രചരിപ്പിക്കപ്പെടുന്നു. സുന്നികള്‍ പലപ്പോഴും കര്‍മ്മത്തില്‍ ശിയാക്കളെ പിന്തുടരുക എന്നത് സാധാരണയാണ്.

ഒരാള്‍ക്ക് അല്ലാഹുമായി അടുക്കാന്‍ നിര്‍ബന്ധമായ കാര്യങ്ങളും ഐചികമായ കാര്യങ്ങളും ഇസ്ലാമില്‍ കൃത്യമാണ്. ഇസ്ലാം പ്രമാണ പൂര്‍ണമായ മതമാണ്. ഇസ്ലാമില്‍ മുന്‍ഗണന ക്രമങ്ങളും കൃത്യമാണ്. ഫര്‍ദുകളിലേക്ക് മടങ്ങി വരാന്‍ നാം ജനതയെ പ്രേരിപ്പിക്കണം. കേരളത്തിലെ മത സംഘടനകള്‍ അതിനു ശ്രമിക്കണം. സുന്നത്തുകള്‍ ആചരിക്കുക എന്നതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമാണ് പുതിയ പ്രവണതകള്‍ വര്‍ജ്ജിക്കുക എന്നത് എന്നതു കൂടി ചേര്‍ത്ത് വായിക്കണം.

Related Articles