Current Date

Search
Close this search box.
Search
Close this search box.

അസ് ലമിയുടെ കുതിരയും നമസ്കാരവും

അബൂ ബർസ: അസ് ലമി അൻസ്വാരീ സ്വഹാബികളിൽ ജൂനിയറായിരുന്നു. അദ്ദേഹത്തിന്റെ ബാല്യം മദീനയിൽ പ്രവാചകനോടൊപ്പമായിരുന്നു, കൗമാരപ്രായത്തിൽ തന്നെ ഹുനൈൻ, ഖൈബർ,മക്കാ വിജയം,തുടങ്ങിയ പിൽക്കാല സംഭവങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.വർഷങ്ങൾക്കുശേഷം, പതിറ്റാണ്ടുകളുടെ പ്രബോധന – സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം ബസ്വറയിൽ സ്ഥിരതാമസമാക്കി. അക്കാലത്ത് രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ ചൂടേറിയ ചർച്ചകളുടെ കേന്ദ്രമായിരുന്നു ബസ്വറ .

ഒരിക്കൽ അസ് ലമി ഒരു കൂട്ടം ആളുകളുമായി കുതിരപ്പുറത്ത് അഹ്വാസ് പ്രദേശത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്നു ; അസ്വർ നമസ്കാരത്തിന്റെ സമയമായി.ഒരു നദിയുടെ തീരത്ത് നിർത്തി അദ്ദേഹം തന്റെ നമസ്കാരം ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുതിര കെട്ടിയ കയറിൽ വെറുതെ നിലക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. അദ്ദേഹത്തിന്റെ നമസ്കാരത്തിനിടയിൽ കുതിര അലഞ്ഞുതിരിയാൻ തുടങ്ങി. വൃദ്ധനായ അസ് ലമി നമസ്കാരത്തിനിടയിൽ കുതിരയുടെ കെട്ടുകയർ മുറുകെ പിടിച്ചു. പക്ഷേ അതിശക്തനായ കുതിര അദ്ദേഹത്തെ ലേശം ദൂരത്തേക്ക് വലിച്ചിഴച്ചു. അദ്ദേഹം നമസ്കാരം നിർത്തുകയോ കയർ വിടുകയോ ചെയ്തില്ല. കർമശാസ്ത്രഭാഷയിൽ ഗണ്യമായ ചലനത്തിനു വഴിവെച്ച അപൂർവ്വ നമസ്കാരം. ഇതെല്ലാം കണ്ട് ഖവാരിജീ വിഭാഗത്തിൽ പെട്ട ഒരു യുവനേതാവ് അസ് ലമിയെ ശക്തമായ ഭാഷയിൽ ഭത്സിക്കുകയും അതിരു കടന്ന് രൂക്ഷമായ ഭാഷയിൽ പരിഹസിക്കുകയും ചെയ്തു.

നമസ്കാരം പൂർത്തിയാക്കിയപ്പോൾ അസ് ലമി പറഞ്ഞു: “പ്രവാചകൻ (സ) ഈ ഭൂമി വിട്ടുപോയതിനുശേഷം ആരും എന്നോട് ഇത്ര
മര്യാദയില്ലാതെ സംസാരിച്ചിട്ടില്ല. അല്ലാഹുവാണ, ഞാൻ പ്രവാചകനോടൊപ്പം വർഷങ്ങളോളം പല യുദ്ധങ്ങളിലും യാത്രകളിലും പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ലളിതമാക്കുന്ന നടപടികളല്ലാതെ അദ്ദേഹത്തിൽ നിന്നും മറ്റൊരനുഭവം എനിക്കുണ്ടായിട്ടില്ല. ഇന്ന് ഞാൻ ചെയ്തതും ആ ഒരു പ്രയാസ ലഘൂകരണമായിരുന്നു. വൃദ്ധനായ ഞാൻ എന്റെ കുതിരയെ അലഞ്ഞുതിരിയാൻ അനുവദിച്ചിരുന്നെങ്കിൽ വളരെ വൈകി മാത്രമേ വീട്ടിലേക്കെത്തുമായിരുന്നുള്ളൂ.

മത/ കർമശാസ്ത്ര തീവ്രത വിശ്വാസികൾക്ക് ഭൂഷണമല്ലെന്ന് ഈ മനോഹരമായ സംഭവം കാണിക്കുന്നു. അബൂ ബർസ : (റ) യിൽ നിന്ന് ഉദ്ധരിക്കാനുതകുന്ന മറ്റു പ്രധാന സംഭവങ്ങളൊന്നുമില്ല. സ്വഹീഹുൽ ബുഖാരിയുടെ വിശദീകരണമായ ഫത്ഹുൽ ബാരിയിൽ നമസ്കാത്തിനിടെ മൃഗം കയർ പൊട്ടിച്ചാൽ എന്ന തലവാചകത്തിന് താഴെ ഈ സംഭവം വായിക്കാൻ കഴിയും.നമസ്കാരത്തിൽ ഒരുത്തൻ വസ്ത്രം മോഷ്ടിച്ചാൽ കള്ളനെ പിന്തുടരാം എന്ന ഉപാധ്യായത്തിലാണ് ഈ സംഭവം പറയുന്നത് . (1153/98)

ശരീഅത്തിന്റെ ലാളിത്യത്തോടൊപ്പം പ്രവാചകന്റെ പ്രബോധന പ്രവർത്തന രീതിയിലെ മുൻഗണനാക്രമങ്ങളും പിൽക്കാലക്കാരായ അക്ഷര വാദികളുടെ ഉപരിപ്ലവമായ അറിവ് സൃഷ്ടിക്കുന്ന കാഠിന്യവും ധാർഷ്ട്യവും മറ്റുള്ളവരെ മതിയായ ഭക്തരല്ലെന്ന് ആരോപിക്കുന്നവരുടെ കുടുസ്സൻ മനോഭാവവും പ്രബോധകർക്ക് അഭിലഷണീയമല്ലെന്ന് ഈ സംഭവം അറിയിക്കുന്നു.

എപ്പോൾ കർശനമായിരിക്കണം, എപ്പോൾ അയവുള്ളവരാകണം എന്ന് വേർതിരിച്ചറിയാൻ പണ്ഡിതർക്കും പ്രബോധകർക്കുമാവണം. സുഫ്യാനുസ്സൗരി (മരണം 161 AH) ഇങ്ങനെ അഭിപ്രായപ്പെട്ടു: യഥാർത്ഥ അറിവെന്നാൽ എപ്പോഴാണ് നിയമങ്ങൾ അയവുള്ളതാണെന്ന് അറിയുകയെന്ന തിരിച്ചറിവാണ്.

അസ് ലമിയെ കുറിച്ച് :

അബൂ ബർസ: അൽ-അസ് ലമി നദ്‌ല: ബിൻ ഉബൈദ് ബിൻ ഹാരിസ് ബിൻ ഹിബാൽ ബിൻ റബീഅ: ബിൻ ദിഅ്ബൽ ബിൻ അനസ് ബിൻ ഖുസൈമ: ബിൻ മാലിക് ബിൻ സൽമാൻ ബിൻ അസ് ലം ബിൻ അഫ്സ്വാ അസ് ലമിയാണ്. നദ്‌ല ബിൻ അബ്ദുല്ല എന്ന് അറിയപ്പെടുന്ന സ്വഹാബിയാണിദ്ദേഹം. ഇസ്ലാമിക പ്രബോധനവുമായി അദ്ദേഹം ബസ്വറയിലെത്തി ,അവിടെ തന്നെ താമസിച്ചു, അദ്ദേഹത്തിന്റെ പുത്രന്മാരെല്ലാം അവിടെയാണ് ജനിച്ചത്. മുആവിയയുടെ കാലത്ത് നടന്ന ഖുറാസാൻ യുദ്ധത്തിൽ പങ്കാളിയായിരുന്നു. യസീദ് ബിൻ മുആവിയയുടെ അവസാന നാളുകളിൽ അഗതികൾക്കും ദരിദ്രർക്കും ഭക്ഷണം കൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് ബസ്വറയിൽ തന്നെ ജീവിച്ച അബൂ ബർസ : അസ് ലമി CE 685/65 AH, ന് തുർക്ക്മെനിസ്ഥാനിലെ മർവിൽ മരണപ്പെട്ടു.

അവലംബം :
1 – ഇമാം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാ [3/41]
2 – ശൈഖ് യാസിർ ഖാദിയുടെ FB പോസ്റ്റ്
3 – വിക്കിപ്പീഡിയ

Related Articles