Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയുടെ ഇമാമത്ത്

imama.jpg

പതിനാല് നൂറ്റാണ്ട് കാലത്തെ മുസ്‌ലിംകളുടെ ചരിത്രത്തിലെവിടെയും സ്ത്രീ ജുമുഅ ഖുതുബ നിര്‍വഹിച്ചതായോ പുരുഷന്മാര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതായോ കാണാന്‍ കഴിയില്ല. അടിമവംശത്തില്‍ പെട്ട ശജറതുദ്ദുര്‍റിനെ പോലെയുള്ള സ്ത്രീകള്‍ ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവര്‍ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കിയിട്ടില്ല.
നമസ്‌കാരത്തിന് നേതൃത്വം നല്‍കാനുള്ള ബാധ്യത അടിസ്ഥാനപരമായി പുരുഷനാണ്. തീര്‍ച്ചയായും ഇമാം അനുധാവനം ചെയ്യപ്പെടാന്‍ വേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇമാം റുകൂഇല്‍ പോയാല്‍ പിന്നിലുള്ളവരും അപ്രകാരം ചെയ്യണം, സുജൂദിലാണെങ്കിലും തഥൈവ. ഉറക്കെ പാരായണം ചെയ്യുകയാണെങ്കില്‍ പിന്നിലുള്ളവര്‍ ശ്രദ്ധിച്ച് കേള്‍ക്കണം. നമസ്‌കാരത്തിന് ഇസ്‌ലാമില്‍ ചില മാനദണ്ഡങ്ങളും സവിശേഷതകളുണ്ട്. ക്രൈസ്തവരെ പോലെ കേവലം ചില പ്രാര്‍ഥനകളും കേണപേക്ഷിക്കലും മാത്രമല്ല, മറിച്ച് ചലനങ്ങള്‍, നിര്‍ത്തം, ഇരുത്തം, റുകൂഅ്, സുജൂദ് തുടങ്ങിയവയെല്ലാമടങ്ങിയതാണ്. അതിനാല്‍ തന്നെ സ്ത്രീ പുരുഷന്റെ മുമ്പില്‍ ഇമാം നിന്ന് അവ നിര്‍വഹിക്കുന്നത് ആരാധനകളില്‍ ഉണ്ടാകേണ്ട ഹൃദയ സാന്നിദ്ധ്യം, മനശ്ശാന്തി, അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണം എന്നിവയെയെല്ലാം അവ സാരമായി ബാധിക്കും.

അല്ലാഹുവിന്റെ യുക്തിദീക്ഷയനുസരിച്ച് പുരുഷാകൃതിക്ക് നേര്‍ വിപരീതമായാണ് സ്ത്രീയെ സൃഷ്ടിച്ചത്. പുരുഷനെ വശീകരിക്കുന്ന ഒരു ഘടകം സ്ത്രീയില്‍ നിക്ഷേപിക്കുകയും ചെയ്തു. അത് വിവാഹത്തിനും സന്താനോല്‍പാദനത്തിനും ഭൂമി പരിപാലനത്തിനുമെല്ലാം നിദാനമാകുകയും ചെയ്തു.
തിന്മകള്‍ക്കുള്ള മാര്‍ഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ശരീഅത്ത് ബാങ്ക്, ഇഖാമത്ത്, ഇമാമത്ത് എന്നിവ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം പുരുഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളുടെ അണി പുരുഷന്മാര്‍ക്ക് പിന്നിലാകണമെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തിയതിന് കാരണവും അതുതന്നെ. പ്രവാചകന്‍ പഠിപ്പിച്ചു: ‘ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ഉത്തമമായത് പിന്നിലും ഏറ്റവും മോശമായത് ആദ്യത്തേതുമാണ്. പുരുഷന്മാരുടെ സ്വഫ്ഫുകളില്‍ റ്റവും ഉത്തമമായത് ആദ്യത്തെതും മോശമായത് അവസാനത്തെതുമാണ്’ – തിന്മകളുടെ സാധ്യതകള്‍ അടച്ചുകളയുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് എളുപ്പത്തില്‍ മനസ്സിലാകും.
നമസ്‌കാരത്തില്‍ പുരുഷന്റെ ചിന്തയും മനസ്സാന്നിദ്ധ്യവും അല്ലാഹുവെ കേന്ദ്രീകരിച്ച് മാത്രമായിരിക്കുകയും മനുഷ്യസഹജമായ വികാരങ്ങളില്‍ നിന്ന് അവനെ നിയന്ത്രിക്കാനും ഇതുമൂലം സാധിക്കും. ഇതിന് പ്രബലമായ ഹദീസിന്റെ പിന്‍ബലവും മുസ്‌ലിംകളുടെ എല്ലാ മദഹബുകളുടെയും പ്രവര്‍ത്തനങ്ങളിലൂടെ ഏകോപിച്ച അഭിപ്രായവും ഉണ്ട്. ചില അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഇസ്‌ലാം എന്നത് പ്രായോഗിക മതമാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങളുമായി ബന്ധമില്ലാതെ വായുമണ്ഡലത്തില്‍ കറങ്ങിത്തിരിയുന്ന ഒരു ആദര്‍ശമല്ല ഇസ്‌ലാം. ഇത് വികാരവും വിചാരശീലവുമുള്ള മനുഷ്യരെ കേന്ദ്രീകരിച്ചുള്ള ദര്‍ശനവുമാണ്. അതിനാല്‍ തന്നെ ഇത്തരം തിന്മകള്‍ക്കുള്ള വഴികള്‍ തടയുക എന്നത് നിയമദാതാവിന്റെ യുക്തിയില്‍ പെട്ടതാണ്. പ്രത്യേകിച്ച് നമസ്‌കാരത്തിന്റെയും ഇബാദത്തുകളുടെയും സന്ദര്‍ഭത്തില്‍.

സ്ത്രീ നിര്‍ബന്ധ നമസ്‌കാരത്തില്‍ ഇമാമത്ത് നിര്‍വഹിക്കരുത് എന്നത് എല്ലാ മദ്ഹബുകളുടെയും ഏകോപിച്ച അഭിപ്രായമാണ്. ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്ന സ്ത്രീക്ക് തന്റെ രക്ത ബന്ധത്തിലെ മഹ്‌റമിലുള്ളവര്‍ക്ക് ഇമാം നില്‍ക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീ ഖുതുബ നിര്‍വഹിക്കുക, ഇമാമത്ത് നില്‍ക്കുക എന്നിവ അനുവദനീയമാണെന്ന് മദ്ഹബുകളിലെയും മറ്റുമുള്ള ഒരു കര്‍മശാസ്ത്ര വിശാരദനും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
ഖുര്‍ആനും ഹദീസും നാം പരിശോധിക്കുകയാണെങ്കില്‍ സ്ത്രീയുടെ ഖുതുബയും ഇമാമത്തും നേരിട്ട് നിരോധിക്കുന്ന വാചകങ്ങളൊന്നും നമുക്ക് കാണാന്‍ കഴിയുകയില്ല. പ്രസ്തുത വിഷയത്തില്‍ സ്വീകാര്യയോഗ്യമല്ലാത്ത ചില ഉദ്ദരണികള്‍ വന്നതായി കാണാം.
ഇബ്‌നു മാജ ജാബിര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്: ‘ ഒരു സ്ത്രീയും പുരുഷന് ഇമാമത്ത് നില്‍ക്കാവതല്ല; ഗ്രാമീണ അറബി മുഹാജിറിനും അധര്‍മി വിശ്വാസിക്കും ഇമാം നില്‍ക്കരുത്’ .

ഹദീസ് പണ്ഡിതന്മാര്‍ ഇതിന്റെ നിവേദക പരമ്പര ദുര്‍ബലമാണെന്നും ഇത്തരം വിഷയങ്ങളില്‍ തെളിവിന് ആധാരമാക്കാന്‍ പറ്റുകയില്ല എന്നും വിവരിച്ചിട്ടുണ്ട്.
ഇതിന് വിപരീതമായ മറ്റൊരു ഹദീസ് ഇമാം അഹ്മദും അബൂദാവൂദും ഉമ്മു വറഖ ബിന്‍ത് അബ്ദുല്ലയില്‍ നിന്ന് ഉദ്ദരിക്കുന്നുണ്ട്. ‘ നബി(സ) ഉമ്മു വറഖക്ക് ബാങ്ക് വിളിക്കുന്ന ഒരാളെ നിശ്ചയിച്ചുകൊടുത്തു. അവളുടെ വീട്ടുകാര്‍ക്ക് (അവരില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു) ഇമാമത്ത് നില്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു’ .
പണ്ഡിതന്മാര്‍ ഇതിന്റെ പരമ്പരയും ദുര്‍ബലമാണെന്ന് വിവരിച്ചിട്ടുണ്ട്. അതോടൊപ്പം ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്ന സ്ത്രീക്ക് തന്റെ രക്ത ബന്ധുക്കളില്‍ പെട്ട മഹ്‌റമായവര്‍ക്ക് നേതൃത്വം നല്‍കാനുളള അനുമതിയാണ് ഇതില്‍ നല്‍കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ദാറ ഖുത്‌നി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വീട്ടിലെ സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കി എന്നാണുള്ളത്.

ഇബ്‌നു ഖുദാമ രേഖപ്പെടുത്തുന്നു: ‘ഇത് സ്വീകരിക്കേണ്ടതായിട്ടുള്ള പ്രസ്താവനയാണ്, ബാങ്ക് വിളിക്കുന്ന ഒരുവനെ നിശ്ചയിച്ചുകൊടുത്തു എന്നത് നിര്‍ബന്ധ നമസ്‌കാരത്തിനാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ നിര്‍ബന്ധ നമസ്‌കാരത്തിന് ഒരു പുരുഷന്നും അവര്‍ നേതൃത്വം നല്‍കിയിട്ടില്ല എന്നതില്‍ അഭിപ്രായ വ്യത്യാസവുമില്ല. ഉമ്മു വറഖയുടെ കാര്യത്തില്‍ ഇത് സ്ഥിരപ്പെട്ടു വന്നെങ്കില്‍ അത് അവള്‍ക്ക് മാത്രം നിയമമാക്കപ്പെട്ടതാണ്, ഇതര സ്ത്രീകളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല. അവള്‍ പുരുഷന്മാര്‍ക്ക് ബാങ്ക് വിളിച്ചിട്ടില്ല; അവര്‍ക്ക് ഇമാമത്ത് നില്‍ക്കാന്‍ അനുവദിക്കപ്പെട്ടിട്ടുമില്ല എന്ന ആശയത്തേയാണ് ബലപ്പെടുത്തുന്നത്.’
ഈ വിധി ഉമ്മു വറഖയുടെ വിഷയത്തില്‍ മാത്രമാണെന്ന ഇബ്‌നു ഖുദാമയുടെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു, അവരുടെ അതേ അവസ്ഥയുള്ളതും അവരെ പോലെ നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന  മഹതികള്‍ക്ക് മഹ്‌റമായതും മക്കളില്‍ പെട്ടവരുമായവര്‍ക്ക്് നമസ്‌കാരങ്ങളില്‍ ഇമാമത്ത് നില്‍ക്കല്‍ അനുവദനീയമാണ്. പ്രത്യേകിച്ച് തറാവീഹ് നമസ്‌കാരങ്ങളില്‍! തറാവീഹ് നമസ്‌കാരത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഇമാമത്ത് നില്‍ക്കാം എന്നത് ഹന്‍ബലികളുടെ അടുത്ത് സ്വീകാര്യമാണ്. ഇമാം സര്‍ഖശി വിവരിക്കുന്നു: ‘അഹ്മദിന്റെയും അദ്ദേഹത്തിന്റെ മദ്ഹബിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് തറാവീഹില്‍ ഇമാമത്ത് നില്‍ക്കല്‍ അനുവദനീയമാണ്. വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഇമാമത്ത് നില്‍ക്കുന്ന സ്ത്രീ വൃദ്ധയായിരിക്കണമെന്ന് ചിലര്‍ നിബന്ധന വെച്ചിട്ടുണ്ട്.’

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles