Current Date

Search
Close this search box.
Search
Close this search box.

സ്ഖലിതങ്ങളെ പിന്തുടരുന്നവര്‍

follow.jpg

ഇസ്‌ലാമിക നിയമപ്രമാണങ്ങളുടെ കാര്യത്തില്‍ വിവരമില്ലാതെ ഇടപെടുന്ന ചിലരുണ്ട്. അവരുടെ സംസാരങ്ങളിലും രചനകളിലും ഇത്തരം ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. യഥാര്‍ഥ പ്രമാണങ്ങളെ കുറിച്ച് തെറ്റായ ധാരണ പുലര്‍ത്തുകയും പണ്ഡിതന്മാരെ കുറിച്ച് വിവരിക്കുമ്പോള്‍ ബഹുമാനാദരവുകളൊന്നുമില്ലാതെയായിരിക്കും അവര്‍ ഉദ്ധരിക്കുക. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരാചകത്വവും സൃഷ്ടിക്കുക എന്നതായിരിക്കും അവരുടെ ജോലി. സാധാരണക്കാരും ദുര്‍ബല വിശ്വാസികളുമായവരെ ഇവര്‍ തങ്ങളുടെ വാക്ചാതുരിയിലൂടെ അത്ഭുതപ്പെടുത്തുമിവര്‍. വിജ്ഞന്മാരുടെ ചോദ്യങ്ങളില്‍ നിന്ന് ഇവര്‍ ഒഴിഞ്ഞുമാറും. തെളിവുകളും പ്രമാണങ്ങളുമില്ലാത്ത ഒറ്റപ്പെട്ട അഭിപ്രായങ്ങളുമായി അവര്‍ സംശയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇത് യഥാര്‍ഥത്തില്‍ വലിയ പ്രശ്‌നമാണ്. ദേഹേഛക്കനുസൃതമായുള്ള ദുര്‍ബല തെളിവുകളെ അവര്‍ തേടിപ്പിടിക്കും. ശരീഅത്തിനെ കുറിച്ച് വേണ്ടത്ര വിവരമില്ലാതെ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവരെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. മറ്റു ചിലര്‍ ഇത്തരം ചര്‍ച്ചകളില്‍ ഇടപെടുന്നത് കൂടുതല്‍ വ്യക്തതക്കും വികാസത്തിനും വേണ്ടിയാണ് എന്ന് വാദിക്കുന്നവരാണ്. എന്നാല്‍ അതിനുള്ള മാര്‍ഗം ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ സൃഷ്ടിക്കലല്ല, മറിച്ച് പണ്ഡിതന്മാരുമായി എഴുത്തിലൂടെയോ സംസാരത്തിലൂടെയോ ബന്ധപ്പെടുകയാണ് വേണ്ടത്. അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ വിവരമില്ലാത്ത കാര്യങ്ങള്‍ വിവരമുള്ളവരോട് ചോദിക്കുക.’  പണ്ഡിതന്മാരെ ഖണ്ഡിക്കാന്‍ ഉദ്ദേശിക്കുന്നത് രണ്ട് അവസ്ഥയിലാണ്.
1.ദീനിനെ കുറിച്ച് ശരിയായ ധാരണയും വീക്ഷണവുമുള്ളവനും പണ്ഡിതരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവന്‍ അവര്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് അല്ലാഹുവിനോടും റസൂലിനോടുമുള്ള ഗുണകാംക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അവരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും തിരുത്തുന്നതുമെല്ലാം ഗുണകാംക്ഷയോടും ആദരവോടും കൂടിയായിരിക്കും. ഇത്തരം നിരൂപണങ്ങള്‍ പ്രതിഫലാര്‍ഹമാണ്.
2. യഥാര്‍ഥ വിജ്ഞാനമില്ലാത്തവന്‍ പണ്ഡിതന്മാരെ അതിക്ഷേപിക്കുകയും അവരുടെ തെറ്റുകള്‍ പരസ്യമാക്കുകയും പാണ്ഡിത്യത്തെ ഇകഴ്ത്തുകയും ചെയ്യും. ഇത് ഹറാമായ കാര്യമാണ്. അത് അവരുടെ സാന്നിദ്ധ്യത്തിലാണെങ്കിലും അസാന്നിദ്ധ്യത്തിലാണെങ്കിലും ജീവിത കാലത്താണെങ്കിലും മരണശേഷമാണെങ്കിലും ശിക്ഷനേരിടുന്നതാണ്.

ശരീഅത്തില്‍ ഇജ്തിഹാദ് എല്ലാവര്‍ക്കും നടത്താന്‍ പറ്റുന്ന ഒന്നല്ല. വിജ്ഞാനത്തില്‍ അവഗാഹവും ഗവേഷണ ചാരുതയുമുള്ള പണ്ഡിതന്മാര്‍ക്ക് മാത്രം സാധ്യമാകുന്നതാണ്. അല്ലാഹു വിവരിക്കുന്നു: ‘അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു'(അന്നിസാഅ് 83). മുജ്തഹിദ് അടിസ്ഥാന പ്രമാണങ്ങളെ കുറിച്ചും തെളിവുകള്‍ സ്വീകരിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ചും അവതരണ പശ്താലത്തെ കുറിച്ചും ശരീഅത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും ഹദീസുകളിലെ ദുര്‍ബലതയെയും സഹീഹിനെയും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു വിഷയത്തിലെ കേവലമഭിപ്രായം മാനദണ്ഡമാക്കി ഏത് അഭിപ്രായങ്ങളെയും അനുവദനീയമാക്കുന്ന ചിലരുണ്ട്. ധാരാളം ആളുകള്‍ അകപ്പെട്ടിട്ടുള്ള തെറ്റായ മാനദണ്ഡമാണിത്. ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്വീകരിക്കാന്‍ ശേഷിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കാണ് സാധൂകരണമുള്ളത്. പ്രമാണങ്ങളെ മനസ്സിലാക്കാനുള്ള മാനദണ്ഡമായി ബുദ്ധിയെ സ്വീകരിക്കുന്ന ചിലരുണ്ട്. എന്നാല്‍ പ്രമാണങ്ങളേക്കാള്‍ ബുദ്ധിക്ക് മുന്‍ഗണന നല്‍കല്‍ അനുവദനീയമല്ല.
തങ്ങളുടെ ചിന്തകളും സംശയങ്ങളും പ്രകടിപ്പിക്കാനായി തര്‍ക്കത്തെയും സംവാദത്തെയും മാധ്യമമാക്കുന്ന ചിലരുണ്ട്. യാഥാര്‍ഥ്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരിക്കലും ന്യായങ്ങള്‍ സമര്‍പ്പിക്കാന്‍ തര്‍ക്കത്തിന്റെയും എതിര്‍പ്പിന്റെയും മാര്‍ഗമവലംഭിക്കുകയില്ല. മറിച്ച് തങ്ങള്‍ മനസ്സിലാക്കിയ സത്യത്തെ തെളിവുകള്‍ നിരത്തി മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുക.
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അതിനാല്‍ തന്നെ അവരുടെ മഹത്വവും ശ്രേഷ്ടതയും അവര്‍ തിരിച്ചറിയണം. ഹറാമില്‍ നിന്ന് ഹലാലിനെയും അസത്യത്തില്‍ നിന്ന് സത്യത്തെയും തിരിച്ചറിയാന്‍ സാധിക്കുന്നത് അവരെ കൊണ്ടാണ്. അശ്രദ്ധയില്‍ നടക്കുന്നവരെ ഉദ്ബുദ്ധരാക്കേണ്ടതും അവിവേകികളെ വിജ്ഞാനം പഠിപ്പിക്കേണ്ടതും അവര്‍ തന്നെയാണ്. നേരായ ചിന്തകളെ ജീവിപ്പിക്കുന്നതും പിഴച്ച ചിന്താധാരകളെ കടപുഴക്കിയെറിയുന്നതും അവരെ കൊണ്ട് തന്നെ. മാനത്തെ നക്ഷത്രങ്ങളെ പോലെയാണവര്‍. ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള പാന്ഥാവ് അവര്‍ കാണിച്ചുകൊടുക്കുന്നു. അവര്‍ പിന്‍വാങ്ങിയാലും അസ്തമിച്ചാലും ജനം ഇരുട്ടില്‍ തപ്പുകയും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles