Current Date

Search
Close this search box.
Search
Close this search box.

സാങ്കല്‍പിക കര്‍മ്മശാസ്ത്രം: ഒരു വിശകലന പഠനം

book.jpg

നിലവില്‍ സംഭവിച്ചിട്ടില്ലാത്ത ഒരു വിഷയത്തിന്റെ വിധി കണ്ടെത്തുന്നതിന് വേണ്ടി ഇജ്തിഹാദ് നടത്തുന്നതിനാണ് സാങ്കല്‍പിക ഫിഖ്ഹ് എന്ന് പറയുന്നത്. ഉദാഹരണമായി കൂഫയിലെത്തിയ ഖതാദ(റ)യോട് ഇമാം അബൂ ഹനീഫ ചോദിച്ചു. ‘അല്ലയോ അബുല്‍ ഖത്താബ്, ഒരു മനുഷ്യന്‍ തന്റെ വീടുപേക്ഷിച്ച് വര്‍ഷങ്ങളോളം അന്യദേശത്ത് ജീവിച്ചു. അയാള്‍ മരണപ്പെട്ടുവെന്നാണ് ഭാര്യ വിചാരിച്ചത്. അതിനാല്‍ അവള്‍ മറ്റൊരു വിവാഹം കഴിച്ചു. ശേഷം അവളുടെ ആദ്യ ഭര്‍ത്താവ് മടങ്ങി വന്നു. അവളുടെ മഹ്‌റിനെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? ഖതാദ(റ) ചോദിച്ചു ‘ഈ സംഭവം യഥാര്‍ത്ഥത്തില്‍ നടന്ന് കഴിഞ്ഞോ? അദ്ദേഹം പറഞ്ഞു ‘ഇല്ല’ സംഭവിക്കാത്ത കാര്യത്തെക്കുറിച്ച് എന്തിനാണ് ചോദിക്കുന്നത്. ഇമാം അബൂ ഹനീഫ(റ) നല്‍കിയ മറുപടി ഇപ്രകാരമാണ് ‘പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അവയെ നേരിടാന്‍ തയ്യാറാവുകയാണ് ഞങ്ങള്‍, സംഭവിക്കുമ്പോള്‍ എങ്ങനെ അവ കൈകാര്യം ചെയ്യണമെന്ന വിവരം അത് മുഖേന നമുക്ക് ലഭിക്കുന്നു’.

അഹ്‌ലുല്‍ ഹദീസിന്റെ നിലപാട്
അമവീ കാലഘട്ടത്തിന്റെ അന്ത്യത്തില്‍ ഹിജാസിലാണ് മദ്‌റസതുല്‍ ഹദീസിന്റെ പ്രാരംഭം. ഇമാം മാലിക്(റ)ന്റെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്. ശേഷം ഇമാം ശാഫിഈ, അഹ്മദ്(റ) തുടങ്ങിയവര്‍ അത് ഏറ്റെടുത്തു. പ്രമാണങ്ങളുടെ കാരണം അന്വേഷിക്കാതെ, ബാഹ്യാശയം മുറുകെപ്പിടിക്കുകയെന്നതായിരുന്നു അവരുടെ നയം. പ്രമാണമോ, മറ്റ് റിപ്പോര്‍ട്ടുകളോ ഉണ്ടെങ്കില്‍ അഭിപ്രായം നടത്തുകയില്ല എന്നതായിരുന്നു അവരുടെ തത്വം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമെ അഭിപ്രായത്തെ അവലംബിക്കാവൂ എന്നതായിരുന്നു തീരുമാനം.
എന്നാല്‍ ഇതിന് നേര്‍വിപരീതമായ നയമായിരുന്നു അഹ്‌ലുര്‍റഅ്‌യ് അഥവാ അഭിപ്രായത്തിന്റെ ആളുകള്‍ക്ക് ഉണ്ടായിരുന്നത്. ഇറാഖില്‍ രൂപപ്പെട്ട ഈ മദ്‌റസയുടെ നേതാവ് ഇമാം അബൂ ഹനീഫയായിരുന്നു. ശര്‍ഈ നിയമങ്ങള്‍ ബുദ്ധിക്ക് ഗ്രഹിക്കാവുന്നതാണെന്നും ജനങ്ങളുടെ താല്‍പര്യത്തിനാണവ നിയമമാക്കപ്പെട്ടതെന്നും അവര്‍ സിദ്ധാന്തിക്കുന്നു.
ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ ഇലാസ്തിക സ്വഭാം കാത്ത് സൂക്ഷിച്ചവരായിരുന്നു ഇക്കൂട്ടര്‍. വിവിധങ്ങളായ ദേശത്തിനും കാലത്തിനും അനുയോജ്യമായി ഇസ്‌ലാമിക പ്രമാണങ്ങളെ സമര്‍പ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.
സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച ചോദ്യങ്ങളെ അഭിശംസിക്കുന്ന വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. ‘ അല്ലയോ വിശ്വാസികളെ, നിങ്ങള്‍ക്ക് വെളിപ്പെടുത്തപ്പെട്ടാല്‍ ദുഖകരമാവുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കരുത്.’ മാഇദ: 101 നിലവില്‍ ആഗതമായിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതിനെ പ്രവാചകന്‍ തിരുമേനി(സ)യും ധാരാളം ഹദീസുകളിലൂടെ നിരുത്സാഹപ്പെടുത്തിയതായും കാണാവുന്നതാണ്.

ഇമാം അബൂ ഹനീഫ :സാങ്കല്‍പിക ഫിഖ്ഹിന്റെ പിതാവ്
ഇമാം അബൂ ഹനീഫ രംഗത്ത് വന്നതോടെ കര്‍മ്മ ശാസ്ത്ര വിഷയങ്ങള്‍ അടിസ്ഥാനത്തില്‍ നിന്നും ശാഖാപരമായ തലത്തിലേക്ക് വഴിമാറി. സംഭവിക്കാത്ത പ്രശ്‌നങ്ങള്‍ ആസൂത്രണം ചെയ്യുകയും അതിന് വിധി കണ്ടെത്തുകയും ചെയ്യുകയെന്ന പുതിയ പ്രവണത കൂടി വെളിപ്പെട്ടു. കാരണം ഫിഖ്ഹിനെ ജനങ്ങള്‍ക്ക് മുമ്പില്‍ ഒരുക്കിക്കൊടുക്കുകയെന്ന ഉത്തരവാദിത്തം കൂടി മുജ്തഹിദിനുണ്ട് എന്നതായിരുന്നു ന്യായം. മുജ്തഹിദിന്റെ കാലത്തവ സംഭവിച്ചിട്ടില്ലെങ്കില്‍ വരും കാലത്ത് സംഭവിക്കുക തന്നെ ചെയ്യും. ഇങ്ങനെ പ്രശ്‌നങ്ങള്‍ സങ്കല്‍പിക്കുന്നതിലും ആവിഷ്‌കരിക്കുന്നതിലും അത്യസാധാരണമായ തന്റേടം അദ്ദേഹത്തിനുണ്ടായിരുന്നു. അവയുടെ വിധി ഇജ്തിഹാദ് ചെയ്ത് കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന് യാതൊരുവിധ സങ്കോവുമുണ്ടായിരുന്നില്ല. ഇപ്രകാരം സാങ്കല്‍പിക കര്‍മ്മശാസ്ത്രം വിശാലമാവുകയും അത് പുരോഗതിയുടെ ഉച്ചിയിലെത്തുകയും ചെയ്തു. വളരെ വിദൂരമായതും പുതിയതുമായ സംഭവങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി അവക്കുണ്ടായി. അതിനാലാണ് അബൂ ഹനീഫയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ റഖ്ബത്ത് ബിന്‍ മുസഖല ഇപ്രകാരം പറഞ്ഞത് ‘വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഏറ്റവും വിവരമുള്ളവനും, കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്തവനുമാണ് അദ്ദേഹം’. ഇമാം അബൂ ഹനീഫയുടെ പ്രസ്തുത നയം അദ്ദേഹത്തിന്റെ മദ്‌റസ ഏറ്റെടുത്തു. ഫിഖ്ഹിന്റെ നൂലാമാലകളില്‍ കുടുങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അവര്‍ കൈകാര്യം ചെയ്തു. അവക്കെല്ലാം കൃത്യമായ മറുപടി നല്‍കി. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പാഠശാല മദ്‌റസതുല്‍ അറഅയ്തിയ്യീന്‍ എന്ന് അറിയപ്പെട്ടത്.

എന്നാല്‍ അഹ്‌ലുല്‍ ഹദീസ് ഈ പുതിയ പ്രവണതയെ ചെറുത്തുനില്‍ക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള കാര്യങ്ങളില്‍ ഇടപെടുന്നത് മോശമാണെന്ന് അവര്‍ വിലയിരുത്തി. ഇസ്‌ലാമിക ശരീഅത്തിനെ സംന്ധിച്ച അജ്ഞതയെയാണത് കുറിക്കുന്നതെന്ന് അവര്‍ വിശദമാക്കി.

സാങ്കല്‍പിക കര്‍മ്മശാസ്ത്രത്തിന്റെ നവരീതികള്‍
ആശയതലത്തിലുള്ള മേല്‍പറഞ്ഞ ഭിന്നതകളുള്ളതോടൊപ്പം തന്നെ ഈ രണ്ട് വിഭാഗങ്ങളും വിജ്ഞാനത്തില്‍ പരസ്പരം സഹകരിച്ചായിരുന്നു വര്‍ത്തിച്ചിരുന്നത്. അവര്‍ക്കിടയില്‍ ക്രിയാത്മകമായ സംവാദങ്ങളും മറ്റും അരങ്ങേറിയിരുന്നു. മാത്രമല്ല അവര്‍ പരസ്പരം വിജ്ഞാനം നുകരുകയും പകരുകയും ചെയ്തിരുന്നു. ഉദാഹരണമായി ഇമാം ശാഫിഈ മുഹമ്മദ് ബിന്‍ ഹസനില്‍ നിന്നും, അദ്ദേഹം മാലികില്‍ നിന്നും, അഹ്മദ് ബിന്‍ ഹമ്പല്‍ മുഹമ്മദ് ബിന്‍ ഹസനില്‍ നിന്നും വിജ്ഞാനമെടുത്തിരുന്നു. അബൂ യൂസുഫിന്റെ ശിഷ്യന്‍മാരയാ മുഹമ്മദിനെയും അബൂ യൂസുഫിനെയും കണ്ട് അവരില്‍ നിന്നും വിജ്ഞാനമെടുക്കുകയെന്നത് അസദു ബിന്‍ ഫുറാതിന്റെ പതിവായിരുന്നു. ഇങ്ങനെ പരസ്പരം കൂടിക്കലരാന്‍ തുടങ്ങിയതോടെ ശാഫിഇകളും മാലികികളും സാങ്കല്‍പിക ഫിഖ്ഹില്‍ ഇടപെടാന്‍ തുടങ്ങി. അവരും സംഭവിക്കാത്ത പ്രശ്‌നങ്ങളുടെ പരിഹാരം തേടുന്നതില്‍ മുഴുകി. ചുരുക്കത്തില്‍ രണ്ട് വിരുദ്ധ ചേരികള്‍ക്കിടയിലെ ഭാഗികമായ യോജിപ്പിനെങ്കിലും പ്രസ്തുത പ്രവണത വഴിയൊരുക്കുകയുണ്ടായി.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles