Current Date

Search
Close this search box.
Search
Close this search box.

വേനല്‍ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ നമുക്ക് മഴയെ തേടി നമസ്‌കരിക്കാം..

heat.jpg

പകല്‍ പൊള്ളുന്ന വെയില്‍. രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരളുന്നു. ചൂടിന്റെ ആധിക്യത്താല്‍ ജീവജാലങ്ങള്‍ തളരുകയാണ്. ദുസ്സഹമായ കാലാവസ്ഥ…. എല്ലാവര്‍ക്കും പരാതികള്‍ തന്നെ. അതിന്റെ സാങ്കേതികളെ പറ്റി ചൂടുള്ള ചര്‍ച്ചകളാണ് എവിടെയും. യഥാര്‍ഥത്തില്‍ വിശ്വാസികള്‍ തങ്ങളുടെ ആവലാതികള്‍ അല്ലാഹുവിനോടല്ലാതെ ആരോട് ബോധിപ്പിക്കാന്‍..ഇത്തരം വരള്‍ച്ചയുടെ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ പ്രത്യേകമായി നമസ്‌കരിച്ച സലാതുല്‍ ഇസ്തിസ്ഖാ അഥവാ മഴയെ തേടിയുള്ള നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട് നമുക്ക് പ്രവാചക ചര്യയെ പുനരുജ്ജീവിപ്പിക്കാം…

മഴയെ തേടിയുള്ള നമസ്‌കാരം
മഴയില്ലാതെ വിഷമിക്കുമ്പോള്‍ മഴ വര്‍ഷിപ്പിച്ചു തരാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പ്രത്യേകമായി നിര്‍വഹിക്കുന്ന നമസ്‌കാരത്തിനാണ്  സലാതുല്‍ ഇസ്തിസ്ഖാഅ് അഥവാ മഴയെ തേടുന്ന നമസ്‌കാരം എന്നു പറയുന്നത്. നമസ്‌കാരം അനുവദിക്കപ്പെട്ട ഏതു സമയത്തും അത് ആവാം. ജനങ്ങള്‍ അല്ലാഹുവോട് മാപ്പ് ചോദിച്ചുകൊണ്ടും പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ടും ഒരു മൈതാനത്തിലോ അല്ലെങ്കില്‍ പള്ളിയിലോ ഒരുമിച്ചു കൂടി ജമാഅത്തായി നമസ്‌കരിക്കുന്നത് ഏറ്റവും ഉത്തമമാകുന്നു. രണ്ട് റകഅത്ത് നമസ്‌കരിക്കുകയും ശേഷം ഖുതുബ നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് ഈ നമസ്‌കാരത്തിന്റെ രീതി. നബി(സ) ഖുത്വുബക്കു ശേഷം നമസ്‌കരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നമസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ ഫാതിഹക്ക് ശേഷം ‘ സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ’ എന്നു തുടങ്ങുന്ന സൂറത്തും രണ്ടാമത്തെ റക്അത്തില്‍ സൂറതുല്‍ ആശിയയും ഓതണം. ജുമുഅ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പോലെ ഉറക്കെയാണ് ഓതേണ്ടത്. ഖുതുബ കഴിഞ്ഞാല്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത എല്ലാവരും അവരുടെ മേല്‍തട്ടം, അടിഭാഗം മേലേയും വലതു ഭാഗം ഇടതുമായി തിരിച്ചിട്ട് ഖിബലയെ അഭിമുഖീകരിക്കണം. എന്നിട്ട് കൈ രണ്ടും പരമാവധി ഉയര്‍ത്തി വിനയപുരസ്സരം പ്രാര്‍ഥിക്കണം.

നമസ്‌കരിക്കാന്‍ ഒരു ദിവസം നിശ്ചയിച്ച് ഇമാം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ആയിശ(റ) പറയുന്നു:’ ജനങ്ങള്‍ നബി (സ)യോട് മഴയുടെ ദൗര്‍ബല്യതയെപ്പറ്റി ആവലാതിപ്പെട്ടു. അദ്ദേഹം കല്‍പിച്ചതനുസരിച്ച് നമസ്‌കാരസ്ഥലത്ത് (മൈതാനിയില്‍) ഒരു മിമ്പര്‍ സ്ഥാപിച്ചു. അവിടേക്കു പോവാന്‍ ജനങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചുകൊടുത്തു. നിശ്ചിത ദിവസം രാവിലെ സൂര്യപ്രകാശം പരന്നുതുടങ്ങിയപ്പോള്‍ നബി(സ) നമസ്‌കാരസ്ഥലത്തുവന്നു. മിമ്പറില്‍ കയറി ഇരുന്നു. പിന്നെ തക്ബീര്‍ ചൊല്ലി, അല്ലാഹുവിനെ സ്തുതിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങള്‍ നാട്ടിലെ ജലദാരിദ്ര്യത്തെപ്പറ്റി ആവലാതി പറഞ്ഞുവല്ലോ. അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ അവന്‍ കല്‍പിച്ചിരിക്കുന്നു. പ്രാര്‍ഥന സ്വീകരിക്കാമെന്ന് അവന്‍ ഏറ്റിട്ടുമുണ്ട്.

പിന്നീട് നബി(സ) ‘ അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ …വ ബലാഗന്‍ ഇലാ ഹീന്‍ എന്നു പറഞ്ഞു. പിന്നെയും നബി(സ) കക്ഷത്തുള്ള വെളുപ്പ് കാണുവോളം കൈ ഉയര്‍ത്തി ദീര്‍ഘനേരം പ്രാര്‍ഥിച്ചു. പിന്നെ പിന്‍ഭാഗം ജനങ്ങളിലേക്കാക്കി തിരിഞ്ഞു നിന്നു. മേല്‍ തട്ടം തിരിച്ചിട്ടു. അപ്പോഴും കൈ ഉയര്‍ത്തിയിരുന്നു. പിന്നെ ജനങ്ങളിലേക്ക് തന്നെ തിരിഞ്ഞുനിന്നു. അവിടെ നിന്നിറങ്ങി രണ്ട് റക്അത്ത് നമസ്‌കരിച്ചു. അപ്പോഴേക്കും അല്ലാഹു മേഘത്തെ ഉണ്ടാക്കി. മിന്നലും ഇടിയുമായി അല്ലാഹുവിന്റെ കല്‍പന പ്രകാരം മഴപെയ്തു. നബി(സ) പള്ളിയിലെത്തും മുമ്പേ വെള്ളം കുത്തിയൊലിച്ചുതുടങ്ങി. ജനങ്ങള്‍ വീടുകളിലേക്ക് ഓടുന്നത് കണ്ട് നബി(സ) പല്ലുകള്‍ പുറത്ത് കാണും വിധം ചിരിച്ചു. എന്നിട്ട് പറഞ്ഞു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'( അബൂദാവൂദ്, ഹാകിം)

മറ്റു സന്ദര്‍ഭങ്ങളില്‍ മഴയില്ലാതെ ജനങ്ങള്‍ വിഷമിച്ചപ്പോള്‍ പ്രത്യേകം നമസ്‌കാരവും ഖുത്വുബയുമില്ലാതെ ജുമുഅ ഖുതുബയില്‍ മഴക്കുവേണ്ടി പ്രാര്‍ഥിച്ചതിനെത്തുടര്‍ന്നു മഴലഭിച്ചതായി ബുഖാരിയും മുസ് ലിമും അനസ്(റ) വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. ജുമുഅയോടനുബന്ധിച്ചല്ലാതെയും നബി(സ) മഴക്കായി പ്രാര്‍ഥിച്ചുവെന്ന് കാണിക്കുന്ന ഹദീഥുകളുമുണ്ട്.

Related Articles