Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ച; വിശ്വാസികളുടെ പെരുന്നാള്‍

friday.jpg

‘വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! പിന്നെ നമസ്‌കാരത്തില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല്‍ നിന്നെ നിന്ന നില്പില്‍ വിട്ടു അവര്‍  അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും വ്യാപാരത്തെക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ.'( അല്‍ജുമുഅ: 9-11)

ജുമുഅ: മുസ്‌ലിംകളുടെ ആഘോഷദിനം
ആഴ്ചയിലൊരിക്കല്‍ വിശ്വാസികള്‍ക്ക് അല്ലാഹു നിയമമാക്കിത്തന്ന ആഘോഷവും മതസമ്മേളനവുമാണ് ജുമുഅ ദിനം.  ദൈവസ്മരണയിലും തഖവയിലും ദൈവികാനുസരണത്തിലുമായി ആ ദിനം ജനങ്ങള്‍ കഴിച്ചുകൂട്ടുന്നു. അതു തന്നെയാണ് മുസ്‌ലിംകളുടെ ആഘോഷദിനം എന്ന് പറയാനുള്ള കാരണവും. വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കല്‍ കറാഹത്താണ്. ആഘോഷ ദിനങ്ങളില്‍ നോമ്പ് അനൗചിത്യമാണ്.  വര്‍ഷത്തിലെ പെരുന്നാളിനോട് അതിന് വലിയ സാദൃശ്യമുണ്ട്. പെരുന്നാളിന് നോമ്പനുഷ്ഠിക്കല്‍ ഹറാമാണെങ്കില്‍ വെള്ളിയാഴ്ച കറാഹത്തുമാണ്. വെള്ളിയാഴ്ച ദിനം ഐഛിക നോമ്പനുഷ്ഠിക്കലാണ് കറാഹത്ത്. നിര്‍ബന്ധ നോമ്പോ പ്രാധാന്യമുള്ള ഐഛികനോമ്പോ നഷ്ടപ്പെട്ടവര്‍ പ്രസ്തുത ദിനം പകരമായി നോമ്പനുഷ്ടിക്കുന്നതില്‍ കുറ്റമൊന്നുമില്ല.

സവിശേഷമായ ജുമുഅ നമസ്‌കാരം
ആഴ്ചയിലെ പെരുന്നാളായതിനാല്‍ അന്നത്തെ നമസ്‌കാരത്തെ അല്ലാഹു കൂടുതല്‍ സവിശേഷമാക്കിയതായി കാണാം. ളുഹര്‍ നമസ്‌കാരത്തിന് പകരമാക്കി ജുമുഅയെ നിര്‍ബന്ധവുമാക്കി. ആ നമസ്‌കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍ പിന്തിനില്‍ക്കാന്‍ വിശ്വാസികള്‍ക്കവകാശമില്ല. നാട്ടില്‍ താമസിക്കുന്ന ആരോഗ്യവാന്മാരായ പുരുഷന്മാര്‍ക്കാണിത് നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍ യാത്രക്കാരനും സ്ത്രീയും ജുമുഅ നമസ്‌കരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രവാചക കാലത്ത് സ്ത്രീകള്‍ നിര്‍ബന്ധ നമസ്‌കാരത്തിനും ജുമുഅക്കും പങ്കെടുത്തിരുന്നു. ‘ വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക’ (ജുമുഅ 9). ജുമുഅ നമസ്‌കാരത്തിനുള്ള വിളികേട്ടാല്‍ കച്ചവടക്കാരും തൊഴിലാളികളും അധ്യാപകനുമെല്ലാം ജോലി ഉപേക്ഷിച്ച് നമസ്‌കാരത്തിന് ഉത്തരം നല്‍കണം.

ഇസ്‌ലാം സംഘടിത വ്യവസ്ഥയാണ്
ഇസ്‌ലാം വ്യക്തി അധിഷ്ഠിതമായ ഒരു മതമല്ല, മറിച്ച് സംഘടിത വ്യവസ്ഥയാണ്. ഏകാന്തനായി ജീവിക്കാന്‍ മുസ്‌ലിം ആഗ്രഹിക്കുകയുമില്ല; കാരണം ഒറ്റക്ക് കഴിയുന്നവനെ ചെന്നായകള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ കഴിയും. വിശ്വാസികള്‍ പരസ്പരം ബലപ്പെടുത്തുന്ന ഭദ്രമായ കോട്ടപോലെയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സഹായവും സംഘത്തോടൊപ്പമാണ്. അതിനാലാണ് ദിനേന അഞ്ച് നേരത്തെ നമസ്‌കാരം സംഘടിതമായി നിര്‍വഹിക്കാനാണ് ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നത്. അവ പ്രബലമായ സുന്നത്താണ്. ഹമ്പലി മദ്ഹബില്‍ വാജിബുമാണ്. വ്യക്തമായ കാരണങ്ങളില്ലാത്തവര്‍ സംഘടിതമായി തന്നെ നമസ്‌കരിക്കണം എന്നാണ് ഇമാം അഹ്മദിന്റെ അഭിപ്രായം. സംഘടിത നമസ്‌കാരത്തില്‍ നിന്ന് പിന്തിനിന്ന വിഭാഗത്തെ പ്രവാചകന്‍ അവരുടെ ഭവനങ്ങളോടൊപ്പം കരിച്ചുകളയാന്‍ ഉദ്ദേശിച്ചതില്‍ നിന്ന് തന്നെ അതിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കാം. ബാങ്ക് വിളിയുടെ ശബ്ദം കേള്‍ക്കുന്ന അന്ധനായ മനുഷ്യന് പോലും ഇതില്‍ ഇളവ് നല്‍കപ്പെട്ടിട്ടില്ല. ഈ നിസ്‌കാര വേളകളില്‍ വിശ്വാസികള്‍ ഒരുമിച്ച്കൂടുകയും അവരുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുകയും വേണം. വല്ലവനും വന്നില്ലെങ്കില്‍ അവനെകുറിച്ച് അന്വേഷിക്കണം, രോഗിയാണെങ്കില്‍ ശുശ്രൂഷിക്കണം, വല്ല പ്രയാസങ്ങളിലും തിരക്കുകളിലുമാണെങ്കില്‍ സഹായിക്കണം. അപ്രകാരമാണ് മുസ്‌ലിം ഉമ്മ മുന്നോട്ട് പോകേണ്ടത്.

ദൈവസ്മരണക്കായുള്ള ഖുതുബ
ദൈവസ്മരണയിലേക്ക് ദ്രുതഗതിയിലുള്ള  സഞ്ചാരമാണ് ഖുതുബ. ജുമുഅ നമസ്‌കാരം അല്ലാഹുവിനുള്ള ഇബാദത്താണ്. എന്നാല്‍ ജുമുഅ ഖുതുബ ദൈവസ്മരണയുണര്‍ത്തുന്ന പ്രഭാഷണമാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇസ്‌ലാമികമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക, ജനങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം നടത്തക, ഉദ്‌ബോധിപ്പിക്കുക…തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ നടക്കുന്നത്. അല്ലാഹുവിനെ കൊണ്ടും അവന്റെ നാമങ്ങള്‍കൊണ്ടും പരലോകം കൊണ്ടും, വിചാരണകൊണ്ടുമെല്ലാമുള്ള ഉദ്‌ബോധനമാണത്. അതിനാല്‍ തന്നെ അത് ആരംഭിക്കുന്നത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും അല്ലാഹുവിനെയും പ്രവാചകനെയും സാക്ഷിനിര്‍ത്തിക്കൊണ്ടും തഖവ കൊണ്ട് ഉദ്‌ബോധിപ്പിച്ചുമാണ്.

ജുമുഅയില്‍ നിന്ന് പിന്തിനില്‍ക്കരുത്
വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനായി ആഹ്വാനം ചെയ്താല്‍ ദൈവസ്മരണയിലേക്ക് വരാനും കച്ചവടവും മറ്റുജോലികളും അവസാനിപ്പിക്കാനുമാണ് വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം. ഈ സമയത്ത് മറ്റുകാര്യങ്ങളില്‍ വ്യാപൃതനാകുന്നത് വിശ്വാസിക്ക് യോജിച്ചതല്ല. ജുമുഅ ഉപേക്ഷിച്ച് കൊണ്ട് എല്ലാ ആഴ്ചയും യാത്രപോകുക, ഉല്ലസിക്കുക തുടങ്ങിയവയൊന്നും വിശ്വാസിക്ക് ഭൂഷണമല്ല. കാരണം കൂടാതെ മൂന്ന് പ്രാവശ്യം ജുമുഅ ഉപേക്ഷിക്കല്‍ അനുവദനീയമല്ല. ‘മതിയായ കാരണമില്ലാതെ മൂന്ന് ജുമുഅ ആരെങ്കിലും ഉപേക്ഷിക്കുകയാണെങ്കില്‍ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കും’ എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അത്തരം ഹൃദയങ്ങളില്‍ തൗഹീദിന്റെ വെളളിവെളിച്ചമോ വിശ്വാസത്തിന്റെ പ്രകാശമോ കടക്കുകയില്ല. അന്ധകാരനിബിഢവും അടഞ്ഞതുമായ ഹൃദയമായിത്തീരും. ‘ തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ? ‘ (അല്‍ജാസിയ 23).
ജുമുഅ നമസ്‌കാരം ആഴ്ചയിലെ നിര്‍ബന്ധ നമസ്‌കാരമാണ്. മുസ്‌ലിംകള്‍ അതില്‍ അതിയായ താല്‍പര്യം പ്രകടിപ്പിക്കണം. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ഒരാള്‍ക്കും അനുവാദമില്ല, ശനിയാഴ്ച ജോലി ചെയ്യുന്നത് നിഷിദ്ധമാക്കിയ ജൂതമതത്തെ പോലെയല്ല ഇസ്‌ലാം. ശനിയാഴ്ച ദിവസം ഐഹികമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടല്‍ അവര്‍ക്ക് അനുവദനീയമല്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുതന്ത്രം പ്രയോഗിച്ച ഒരു കൂട്ടരെ കുരങ്ങന്മാരാക്കിത്തീര്‍ത്ത കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഇസ്‌ലാം വെള്ളിയാഴ്ച ജോലി നിഷിദ്ധമാക്കിയിട്ടില്ല
വിശ്വാസികള്‍ക്ക് ആഴ്ചയില്‍ ഏത് ദിവസവും ജോലിക്ക് പോകാം. ഭൗതികമായ ജോലികള്‍ ഏത് സമയത്ത് നിര്‍വഹിക്കുന്നതും ഇസ്‌ലാം നിഷിദ്ധമാക്കുന്നില്ല. വെള്ളിയാഴ്ചയും റമദാന്‍ മാസത്തിലുമെല്ലാ്ം വിശ്വാസികള്‍ക്ക് ജോലി ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നുണ്ട്. വെള്ളിയാഴ്ച ദിവസം ബാങ്ക് വിളി കേട്ടാല്‍ അവ അവസാനിപ്പിച്ച് ജുമുഅ ഖുതുബക്കും നമസ്‌കാരത്തിനുമായി എത്തണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. കച്ചവടവും മറ്റു ഐഹിക കാര്യങ്ങളും ദിനേനയുള്ള നമസ്‌കാരങ്ങളില്‍ നിന്ന് വിശ്വാസികളെ തടയുകയില്ല എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ‘ ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്.  അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്‌കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍. അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.’ (അന്നൂര്‍ 36-38). ദിനേനയുള്ള നമസ്‌കാരങ്ങളെ തന്നെ ജോലികളും മറ്റും തടസ്സപ്പെടുത്തരുതെങ്കില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക ഖുതുബയുടെയും നമസ്‌കാരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ആ ദിനത്തെയും അതിലെ നമസ്‌കാരത്തെയും പ്രാര്‍ഥനയെയും വിശ്വാസികള്‍ കാത്തിരിക്കുകയും അതിനായി തയ്യാറാകുകയും ചെയ്യേണ്ടതുണ്ട്.

വെള്ളിയാഴ്ചയിലെ ഐഛിക കര്‍മങ്ങള്‍
അംഗശുദ്ധി വരുത്തുക, വൃത്തിയാക്കുക, സുഗന്ധം പുരട്ടുക, കുളിക്കുക തുടങ്ങിയവയെല്ലാം വെള്ളിയാഴ്ച പ്രത്യേകം സുന്നത്താണ്. മുന്‍കാല മതസമൂഹങ്ങളില്‍ ശുദ്ധിയില്ലാത്ത അവസ്ഥയില്‍ അല്ലാഹുവിന്റെ സാമീപ്യം കണ്ടെത്തുന്നതിലാണ് പുണ്യം കല്‍പിച്ചിരിക്കുന്നത്. വൃത്തിയും വെടിപ്പുമില്ലാതെ കഴിഞ്ഞവരെ ‘ വിശുദ്ധര്‍’ ആയി വാഴ്ത്തിയിരുന്നു.
എന്നാല്‍ ഇസ്‌ലാം ശുദ്ധിയെ ഇബാദത്തായാണ് പരിഗണിക്കുന്നത്, വൃത്തിയെ ആണ് നാം ദൈവസാമീപ്യത്തിനുള്ള മാര്‍ഗമായി കരുതുന്നത്. നമസ്‌കാരത്തിന്റെ സ്വീകാര്യതക്കായി അംഗശുദ്ധി നിബന്ധനയാണ്. നമസ്‌കാരം ശരിയാകണമെങ്കില്‍ നമസ്‌കരിക്കുന്ന സ്ഥലവും നമസ്‌കരിക്കുന്നവന്റെ ശരീരവും വസ്ത്രവും മാലിന്യമുക്തമാകണം.
വെള്ളിയാഴ്ച വിശ്വാസി കുളിച്ച് സുഗന്ധം പുരട്ടി പുറപ്പെടുന്നു. അവനില്‍ നിന്ന് സുഗന്ധമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ കഴിയരുത്. ഉള്ളി പോലെ ജനങ്ങള്‍ക്കരോചകമായ ഗന്ധമുള്ളവ തിന്നുകൊണ്ട് പള്ളിയിലേക്ക് വരുന്നതിനെ പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. പ്രവാചകന്‍ പഠിപ്പിച്ചു: ‘ ആരെങ്കിലും ഉള്ളിതിന്നാല്‍ അവന്‍ നമ്മുടെ നമസ്‌കാരത്തില്‍ നിന്നും പള്ളിയില്‍ നിന്നും അകന്നുനില്‍ക്കട്ടെ!’ . പുകവലിച്ച് ജനങ്ങള്‍ക്ക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പള്ളിയിലേക്ക് വരാതിരിക്കാനുമാണ് ഈ ആഹ്വാനം എന്ന് നാം മനസ്സിലാക്കണം.
ഏറ്റവും നല്ല വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം പള്ളിയിലേക്ക് പുറപ്പെടേണ്ടത്. പ്രവാചകന്‍(സ)ക്ക് പെരുന്നാള്‍ ദിനത്തിനും വെള്ളിയാഴ്ചക്കുമായി പ്രത്യേക വസ്ത്രമുണ്ടായിരുന്നു. ജനങ്ങളെ ഗാംഭീര്യത്തോടെ അഭിമുഖീകരിക്കുവാനായിരുന്നു അത്. അല്ലാഹു സുന്ദരനാണ്, സൗന്ദര്യത്തെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നാണല്ലോ പ്രവാചക വചനം. അതിനാല്‍ തന്നെ വെള്ളിയാഴ്ച ദിനം നേരത്തെ തന്നെ പളളിയിലേക്ക് ഒരുങ്ങിപ്പുറപ്പെടുക.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles