Current Date

Search
Close this search box.
Search
Close this search box.

വര്‍ധിച്ചുവരുന്ന കാര്‍ഷിക ചെലവും വിളകളുടെ സകാത്തും

agricukt.jpg

കാര്‍ഷികവൃത്തി മുമ്പത്തെ പോലെ അത്ര എളുപ്പമുള്ള ഒന്നല്ല ഇന്ന്. ഭാരിച്ച ചെലവുകള്‍ ആവശ്യമുള്ള ഒന്നായി അത് മാറിയിരിക്കുകയാണ്. വിത്ത്, വളം, തൊഴിലാളികളുടെ കൂലി, സാങ്കേതിക ചെലവുകള്‍, വിളവെടുപ്പിനുള്ള ചെലവ് തുടങ്ങിയ അനേകം ചെലവുകള്‍ കഴിച്ച് വേണം കര്‍ഷകന് അതില്‍ നിന്ന് ലാഭം നേടാന്‍. എന്നാല്‍ കൃഷിക്കാവശ്യമായ ഇത്തരം ചെലവുകള്‍ കിഴിച്ചാണോ അവയുടെ സകാത്ത് കണക്കാക്കേണ്ടത്? അത് സംബന്ധിച്ച കര്‍മശാസ്ത്ര മദ്ഹബുകളുടെ നിലപാടുകളാണ് ചുവടെ:

ഹനഫി മദ്ഹബില്‍
ചെലവുകള്‍ കിഴിക്കാതെ ഉല്‍പാദിപ്പിക്കപ്പെടുന്ന മൊത്തം വിളവിന്റെ സകാത്ത് കണക്കാക്കണമെന്നാണ് ഹനഫീ മദ്ഹബിന്റെ പക്ഷം. ഹനഫീ കര്‍മശാസ്ത്ര പണ്ഡിതന്‍മാരായ അല്‍ഹുസഫുകി, മുല്ലാ ഖുസ്രു, ബാബര്‍തി, ഇബ്‌നുല്‍ ആബിദീന്‍ പോലുള്ളവര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം അഭിപ്രായപ്പെടുന്നുണ്ട്.

മാലികി മദ്ഹബില്‍
ഇത് സംബന്ധിച്ച് മാലികി മദ്ഹബില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതില്‍ ചെലവ് കിഴിച്ച് നല്‍കിയാല്‍ മതിയെന്ന അഭിപ്രായത്തിനാണ് ഇബ്‌നു അറബി മുന്‍തൂക്കം നല്‍കുന്നത്. അദ്ദേഹം വിവരിക്കുന്നു: കൃഷിക്കാവശ്യമായി വരുന്ന ചെലവുകള്‍ സകാത്ത് നല്‍കുന്ന വ്യക്തിയില്‍ നിന്ന് ഈടാക്കണോ അതല്ല ആകെ ലഭിക്കുന്ന വിളവില്‍ നിന്ന് ഈടാക്കണോ എന്നതില്‍ ഞങ്ങളുടെ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ആകെ ലഭിക്കുന്നതില്‍ നിന്ന് ചെലവുകള്‍ കുറച്ചതിന് ശേഷം അതിന്റെ സകാത്ത് നിര്‍ണയിക്കണം എന്നതാണ് ശരി. ‘നിങ്ങള്‍ മതിപ്പു കണക്കാക്കിയാല്‍ തദനുസാരം സകാത്ത് വസൂല്‍ ചെയ്യുക. മൂന്നിലൊന്ന് ഒഴിവാക്കി കൊടുക്കുക. മൂന്നില്‍ ഒന്ന് ഒഴിവാക്കുന്നില്ലെങ്കില്‍ നാലില്‍ ഒന്നെങ്കിലും ഒഴിവാക്കുക” എന്ന പ്രവാചക വചനമാണ് അതിനാധാരം. മൂന്നിലൊന്ന് അല്ലെങ്കില്‍ നാലിലൊന്ന് എന്ന് പറയുന്നത് ഏകദേശം അതിനാവശ്യമായി വരുന്ന ചെലവുകളാണ്. ചെലവുകള്‍ മൂന്നിലൊന്നില്‍ കവിഞ്ഞാലും അത് കുറക്കണമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. എന്നാല്‍ ജലസേചനത്തിനായി നിര്‍മിക്കുന്ന കനാലുകളോ പാലങ്ങളോ ചെലവുകളില്‍ പരിഗണിക്കില്ലെന്നും അവ നിലം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അവ കണക്കാക്കപ്പെടുകയെന്നും മാലികി പണ്ഡിതനായ അല്‍ഖറാഫി പറയുന്നു.

ശാഫിഈ മദ്ഹബില്‍
ചെലവുകള്‍ കുറക്കാതെ ലഭിക്കുന്ന വിളവിന് പൂര്‍ണമായി സകാത്ത് കണക്കാക്കല്‍ നിര്‍ബന്ധമാണ്. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബില്‍ വ്യക്തമായ ഒരു പ്രസ്താവന ഇല്ലെങ്കിലും ഖനിജങ്ങളുടെയും നിധികളുടെയും സകാത്തില്‍ പറയുന്നു: ഖനിജങ്ങളുടെ സകാത്ത് അവ സംസ്‌കരിച്ച ശേഷമാണ് നല്‍കേണ്ടത്. അതിനാവശ്യമായ ചെലവ് ഉടമ വഹിക്കുകയും അതിന് മൊത്തത്തില്‍ സകാത്ത് നല്‍കുകയും വേണം.

ഹമ്പലി മദ്ഹബില്‍
കൃഷിക്കാവശ്യമായ ചെലവ് കടം വാങ്ങിയതാണെങ്കില്‍ സകാത്ത് കണക്കാക്കുന്നതിന് മുമ്പ് അത് കുറക്കണം എന്നാണ് ഹമ്പലി മദ്ഹബ് അഭിപ്രായപ്പെടുന്നത്. ഇബ്‌നു ഖുദാമ പറയുന്നു: അഹ്മദ് പറഞ്ഞു: ഒരാള്‍ കടം വാങ്ങി കൃഷിക്ക് വേണ്ടി ചെലവഴിച്ചു. അതുപോലെ കുടുംബത്തിന് വേണ്ടിയും ചെലവിനും കടം വാങ്ങിയാല്‍ കൃഷിക്ക് വേണ്ടി വാങ്ങിയ കടം പരിഗണിക്കും. അബ്ദുല്ലാഹ് ബിന്‍ ഉമര്‍ പറയുന്നു: രണ്ട് കടങ്ങളും പരിഗണിക്കപ്പെടും അവ രണ്ടും കഴിച്ചതിന് ശേഷമാണ് സകാത്ത് പരിഗണിക്കുക. കടം പ്രകടമായ സമ്പത്തിലുള്ള സകാത്തിനെ തടയുമെന്ന് അഹ്മദില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് കടം കഴിഞ്ഞതിന് ശേഷം അവശേഷിക്കുന്നത് നിസാബ് പൂര്‍ത്തിയാവുന്നുണ്ടെങ്കില്‍ അതിന് സകാത്ത് നല്‍കണം.

മറ്റ് ഇമാമുമാരുടെ അഭിപ്രായങ്ങള്‍
ചെലവ് കഴിച്ചതിന് ശേഷമാണ് കാര്‍ഷിക വിളകളുടെ സകാത്ത് നല്‍കേണ്ടത് എന്നാണ് ഇബ്‌നു അബ്ബാസ്(റ) അഭിപ്രായം. കൃഷിക്കാവശ്യമായ വിത്തിന്റെയും പണിക്കാരുടെ കൂലിയും കഴിഞ്ഞ് അവശേഷിക്കുന്നതിനാണ് സകാത്ത് നല്‍കേണ്ടതെന്ന് അത്വാഉം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചെലവുകള്‍ കഴിച്ചല്ല ലഭിച്ച വിളവ് പൂര്‍ണമായി കണക്കാക്കിയാണ് സകാത്ത് നിര്‍ണയിക്കേണ്ടതെന്നാണ് ഇബ്‌നു ഹസം അഭിപ്രായപ്പെടുന്നത്.

ഫത്‌വകള്‍
ജിദ്ദയില്‍ നടന്ന അല്‍ബറകയുടെ ആറാമത് സെമിനാറിലെ 15ാം നമ്പര്‍ ഫത്‌വയില്‍ വിഷയത്തില്‍ മൂന്ന് അഭിപ്രായങ്ങളാണുള്ളതെന്ന് പറയുന്നു. മുഴുവന്‍ ചെലവുകളും കിഴിച്ചതിന് ശേഷം സകാത്ത് നല്‍കണം, ചെലവുകള്‍ ഒന്നും കുറക്കാന്‍ പാടില്ല, ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവിനായി കുറവു വരുത്താം എന്നിവയാണവ. മൂന്നിലൊന്ന് കുറച്ചതിന് ശേഷമുള്ളതിന് സകാത്ത് നല്‍കണമെന്ന് പറയുന്ന മധ്യമ നിലപാടാണ് അവിടെ പങ്കെടുത്തവര്‍ തെരെഞ്ഞെടുത്തത്. അത് കുറച്ചതിന് ശേഷമുള്ളതില്‍ കൃഷിക്കാവശ്യമായ വെള്ളം മഴയിലൂടെയാണ് ലഭിച്ചതെങ്കില്‍ പത്തും, മറ്റ് സംവിധാനങ്ങള്‍ ഒരുക്കി വെള്ളം എത്തിച്ച് നനച്ചതാണെങ്കില്‍ അതിന്റെ പകുതിയും സകാത്ത് നല്‍കണം.

ഭാരിച്ച ചെലവുകളുള്ള ഒന്നായി കൃഷി മാറിയിരിക്കുന്ന നിലവിലെ അവസ്ഥയില്‍ ജലസേചനത്തിനൊഴികെയുള്ള (ജലസേചനം ആവശ്യമായ വിളകള്‍ക്ക് അല്ലാത്ത കൃഷിയുടെ പകുതി സകാത്താണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്) മുഴുവന്‍ ചെലവുകളും കുറച്ച ശേഷമാണ് കാര്‍ഷിക വിളകളുടെ സകാത്ത് നിര്‍ണയിക്കേണ്ടതെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

കാര്‍ഷിക വിളകളുടെ സകാത്തില്‍ അതിന്റെ ചെലവുകള്‍ കഴിച്ച് അവശേഷിക്കുന്നതിന്റെ പത്തിലൊന്ന് സകാത്ത് നല്‍കിയാല്‍ മതിയെന്നതില്‍ പൂര്‍വികരും ആധുനികരുമായ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കൃഷിക്ക് മുമ്പുള്ള ചെലവുകളെയും അതിന് ശേഷം വരുന്ന ചെലവുകളെയും രണ്ടായി തന്നെ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ഭൂമി കൃഷിയോഗ്യമാക്കുന്നത് പോലുള്ള ചെലവുകള്‍ കുറച്ചിട്ടല്ല സകാത്ത് കണക്കാക്കേണ്ടത്. എന്നാല്‍ കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട വിത്ത്, വളം പോലുള്ള ചെലവുകള്‍ കുറച്ചിട്ടാണ് സകാത്ത് കണക്കാക്കേണ്ടത്.

(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ഖുര്‍ആന്‍ ഫാക്കല്‍റ്റി ഡീനാണ് ലേഖകന്‍)

Related Articles