Current Date

Search
Close this search box.
Search
Close this search box.

യാത്രയില്‍ അവഗണിക്കപ്പെടുന്ന നമസ്‌കാരം

journey.jpg

ഔദ്യോഗിക ജീവിതത്തിനിടയില്‍ പലപ്പോഴും നീണ്ട യാത്ര ചെയ്യാന്‍ അവസരം കിട്ടുമ്പോഴൊക്കെ ചിന്തയിലേക്ക് വരാറുള്ള ഒരു വിഷയമാണ് മുസ്‌ലിം യാത്രക്കാരുടെ നമസ്‌കാരത്തോടുള്ള സമീപനം. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ജീവിതത്തില്‍ അനിവാര്യമായും അനുഷ്ടിക്കേണ്ട ഒന്നാണല്ലോ നമസ്‌കാരം. ഏതു സന്ദര്‍ഭത്തിലും ഒഴിവാക്കാനോ അകാരണമായി മാറ്റിവെക്കാനോ പറ്റാത്ത ഒന്നാണ് നമസ്‌കാരമെന്ന് എല്ലാ മുസ്‌ലിംകള്‍ക്കും അറിയാം. എന്നാല്‍ കൃത്യമായി നമസ്‌കരിക്കുന്നവര്‍ പോലും യാത്രയില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്ന കാഴ്ച്ച പലപ്പോഴും അസ്വസ്ഥപ്പെടുത്തുന്നതാണ്. ദുഹര്‍ വേളയില്‍ യാത്ര പുറപ്പെടുന്ന ഒരാള്‍ അസര്‍ നമസ്‌കാരം കൂടി ചുരുക്കി ദുഹര്‍ നമസ്‌കാരത്തോടൊപ്പം കൂട്ടി നമസ്‌കരിച്ചു പുറപ്പെടാം. പിറ്റേ ദിവസം എത്തുന്ന യാത്രക്കാരാനാണെങ്കില്‍ ബാക്കി മൂന്നു നമസ്‌കാരങ്ങള്‍ യാത്രക്കിടയില്‍ തന്നെ നിര്‍വഹിക്കേണ്ടിവരും. 80 കിലോമീറ്ററിലധികം ദൂരമുള്ള അനുവദനീയമായ യാത്രയാണെങ്കില്‍ നാല് റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കി നമസ്‌കരിക്കാനുള്ള അനുവാദം നല്‍കുന്നതിലൂടെ ഇസ്‌ലാം യാത്രയിലെ പ്രയാസങ്ങള്‍ ലഘൂകരിക്കുക കൂടി ചെയ്തിട്ടുണ്ട്. എന്നിട്ടും നമ്മില്‍ പലരും യാത്ര പോകുമ്പോള്‍ കൃത്യമായി നമസ്‌കാരം ശീലമാക്കുന്ന ഒരു കാഴ്ച പലപ്പോഴും കാണുന്നില്ല. യാത്രക്കാരന് എയര്‍പോര്‍ട്ടുകളിലും റയില്‍വെ സ്‌റ്റെഷനുകളിലും ബസ് സ്റ്റാന്റുകളിലുമെല്ലാം മുമ്പത്തെക്കാള്‍ നമസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് ഏറെയാണ്. എന്നിട്ടും എന്ത് കൊണ്ട് പല മുസ്‌ലിം യാത്രക്കാരും ഇതൊക്കെ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് ഏറെ ഖേദകരം.
 
നമസ്‌കാര കാര്യത്തില്‍ യാത്രയിലും നല്ല ജാഗ്രത ഉള്ളവര്‍ തീരെ ഇല്ലെന്നു പറയുന്നില്ല. ഇത്തരക്കാര്‍ മറ്റു സുഹൃത്തുക്കളെ കൂടി നമസ്‌കാരത്തിന് വിളിക്കുമ്പോള്‍ ‘ഞാന്‍ പിന്നീട് നിര്‍വഹിക്കാം’, ‘ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടാകാം’ തുടങ്ങിയ ഒഴുക്കന്‍ വര്‍ത്തമാനം പറയുന്നവരേയും നമുക്ക് കാണാം. ഇവരില്‍ പലരും യാത്രയല്ലാത്ത അവസരങ്ങളില്‍ കൃത്യമായി നമസ്‌കാരം നിര്‍വഹിക്കുന്നവരാണെന്ന് കൂടി നാം അറിയുമ്പോഴാണ് ഈ വിഷയത്തിലെ ചിലരുടെ അലംഭാവം നമുക്ക് ബോധ്യമാകുന്നത്. ഒരു മുസ്‌ലിമിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു കര്‍മമാണല്ലൊ നമസ്‌കാരം. രോഗാവസ്ഥയിലും യാത്രയിലും യുദ്ധവേളകളിലും ചില ആനുകൂല്യങ്ങള്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്ത പരിതസ്ഥിതിയില്‍ ഇരുന്നോ കിടന്നോ ആംഗ്യം കൊണ്ടോ മനസ്സില്‍ രൂപപ്പെടുത്തിയോ നമസ്‌കരിക്കാവുന്നതാണ്. വാഹനങ്ങളില്‍ ഇരുന്ന് നമസ്‌കരിക്കേണ്ടി വന്നാല്‍ അതിനും ഖിബ്‌ലയെ അഭിമുഖീകരിക്കാന്‍ പ്രയാസമാണെങ്കില്‍ അതൊഴിവാക്കാനും അനുവാദമുണ്ട്. എന്നാല്‍ സമയ ക്ലിപ്തതയില്‍ ഇസ്‌ലാം ആര്‍ക്കും ഇളവ് അനുവദിച്ചിട്ടില്ല.

നമസ്‌കാരം ഇസ്‌ലാമിക ജീവിതത്തിന്റെ ജീവനാഡിയാണ്. നമസ്‌കാരം കൃത്യമായി അനുഷ്ടിക്കാത്തവരെ നബിതിരുമേനി മുസ്‌ലിംകളായി ഗണിച്ചിരുന്നില്ല. മുസ്‌ലിംകളെയും മറ്റുള്ളവരെയും വേര്‍തിരിച്ചറിയാനുള്ള ഒരടയാളമാണ് നമസ്‌കാരം എന്നുള്ളതാണ് ഇതിനടിസ്ഥാനം. സമയനിഷ്ടയോടെ നമസ്‌കാരം നിര്‍വഹിക്കുന്നയാള്‍ നിഷിദ്ധ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്നു. നമസ്‌കാരം ഉപേക്ഷിക്കുമ്പോള്‍ മനുഷ്യനിലുള്ള നല്ല മൂല്യങ്ങള്‍ നശിച്ചു പോകാന്‍ ഹേതുവാകുകയും മരണാനന്തരം നിന്ദ്യനും നികൃഷ്ടനുമായി നരകാഗ്‌നിയില്‍ പ്രവേശിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നു വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. ദൈനം ദിന ജീവിതത്തിന്റെ ഒരു ഭാഗമായി ഇസ്‌ലാം നമസ്‌കാരത്തെ ഗണിക്കുന്നു. ദിവസത്തില്‍ അഞ്ചു സമയങ്ങളിലെ നമസ്‌കാരം വിശ്വാസിക്ക് നിര്‍ബന്ധകര്‍മം തന്നെയാണ്. ഓരോ നേരത്തെ നമസ്‌കാരവും വിശ്വാസിയെ നല്ല ജീവിതത്തില്‍ അടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ വീട്ടുപടിക്കലൂടെ ഒഴുകുന്ന ഒരു പുഴയില്‍ നിത്യവും അഞ്ചുനേരം കുളിക്കുന്ന ഒരാളുടെ ശരീരത്തില്‍ യാതൊരു അഴുക്കും ഉണ്ടാകാത്തത് പോലെ നിത്യവും അഞ്ചു നേരം നമസ്‌കരിക്കുന്നവരില്‍ ഒരു പാപവും അവശേഷിക്കുകയില്ലെന്ന് നബി തിരുമേനി വ്യക്തമാക്കിയതും എപ്പോഴും നാം ഓര്‍ക്കേണ്ടത് തന്നെയാണ്. ദീനില്‍ സര്‍വ പ്രധാനമായ നിര്‍ബന്ധ കര്‍മമായ നമസ്‌കാരം ഒരു കാരണവശാലും ഉപേക്ഷിക്കരുതെന്നും നിഷ്ഠയോടെ പാലിക്കണമെന്നും പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: ‘ആര്‍ നമസ്‌കാരം കൃത്യമായി പരിപാലിക്കുന്നുവോ അവര്‍ക്കത് അന്ത്യനാളില്‍ പ്രകാശവും തെളിവും രക്ഷയുമായിരിക്കും. ആര്‍ അതിനെ സൂക്ഷിച്ചു പാലിച്ചില്ലെയോ അവര്‍ക്കത് പ്രകാശമോ തെളിവോ രക്ഷയോ ആവുകയില്ല’. നമസ്‌കാരം ഉപേക്ഷിക്കല്‍ ഗുരുതരമായ കുറ്റമാണ്. ഇഹലോകത്തും സര്‍വോപരി പരലോകത്തും അല്ലാഹുവിന്റെ ശിക്ഷക്കും കോപത്തിനും അത് നിമിത്തമാകും. യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചേടത്തോളം അവന്‍ യാത്രയിലോ മറ്റു അവസ്ഥയിലോ ആയിരുന്നാലും നമസ്‌കാര കാര്യത്തില്‍ നല്ല ജാഗ്രത ഉള്ളവരായിരിക്കും. യാത്രയിലും രോഗാവസ്ഥയിലും അവഗണിക്കാന്‍ പാടില്ലാത്ത നമസ്‌കാരത്തെ കുറിച്ച നല്ല ബോധവത്കരണം സമൂഹത്തില്‍ അനിവാര്യമായും നടക്കേണ്ടതുണ്ട്. സൗകര്യങ്ങള്‍ അനുകൂലമാകുമ്പോഴോ ജീവിത പ്രയാസങ്ങളോ മനോവിഷമങ്ങളോ ഉണ്ടാകുമ്പോഴോ മാത്രം നിര്‍വഹിക്കാനുള്ള ഒരു കര്‍മമായി നമസ്‌കാരം മാറുന്ന അവസ്ഥ ഉണ്ടായികൂടാ.

Related Articles