Current Date

Search
Close this search box.
Search
Close this search box.

മോഷ്ടാവിന്റെ കൈ ശിക്ഷാനന്തരം തുന്നിചേര്‍ക്കല്‍

wrist-sugery.jpg

ശുദ്ധവും നിര്‍ഭയത്വമുള്ളതുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ് ഇസ്‌ലാമിക ശരീഅത്ത് ലക്ഷ്യം വെക്കുന്നത്. അത് വിവിധതരം അരാജകത്വത്തില്‍ നിന്നും ദൂഷ്യങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയും വ്യതിചലിച്ച മനസ്സുകളെ അവയുടെ പാപക്കറയില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു. ശരീഅത്തില്‍ ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തിയതിന്റെ യുക്തി തന്നെ കുറ്റവാളിയെ സംസ്‌കരിക്കലും വീണ്ടും അതാവര്‍ത്തിക്കുന്നതില്‍ നിന്ന് അവനെ തടയലുമാണ്. സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന അത്തരം തെറ്റുകളില്‍ നിന്ന് മറ്റുള്ള ആളുകളെയും ശിക്ഷാഭീതി അകറ്റി നിര്‍ത്തുന്നു.

അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായ ഇക്കാലത്ത് സാധ്യമാകുന്ന ഒന്നാണ് മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍ വീണ്ടും ശരീരത്തോട് ചേര്‍ത്തു വെക്കല്‍. ശിക്ഷനടപ്പാക്കുന്നതിന്റെ ഭാഗമായി മുറിച്ചു മാറ്റപ്പെട്ട അവയവം വീണ്ടും അയാളുടെ ശരീരത്തോട് ചേര്‍ത്ത് വെക്കുന്നത് അനുവദനീയമാണോ?

ഏറെ ശ്രമവും സമയവും ആവശ്യമായിട്ടുള്ള ശസ്ത്രക്രിയകളിലൂടെയാണ് വിദഗ്ദരായ ഡോക്ടര്‍മാര്‍ മുറിഞ്ഞുപോയ അവയവങ്ങള്‍ ചേര്‍ത്തുവെക്കാറുള്ളത്. ഇത്തരം ശസ്ത്രക്രിയകളുടെ വിജയ സാധ്യത മുറിക്കപ്പെട്ട അവയവത്തെയും മുറിക്കാനുപയോഗിച്ച ആയുധത്തെയും മുറിക്കപ്പെട്ട ഭാഗത്തിന്റെ പിന്നീടുള്ള അവസ്ഥയെയുമെല്ലാം ആശ്രയിച്ചാണ്. അബദ്ധവശാല്‍ മുറിക്കപ്പെട്ട ഒരാളുടെ അവയവം ശസ്ത്രക്രിയയിലൂടെ ചേര്‍ത്ത് വെക്കുന്നതിന് ഇസ്‌ലാമിക ശരീഅത്ത് അനുമതി നല്‍കുന്നു. കാരണം പ്രയാസവും ബുദ്ധിമുട്ടും നീക്കുന്നതിന്റെ ഭാഗമാണത്.

ശിക്ഷാനടപടിയുടെയോ കുറ്റകൃത്യത്തിനുള്ള പ്രതിക്രിയയുടെ ഭാഗമായോ മുറിച്ചു മാറ്റപ്പെട്ട അവയവം വീണ്ടും ചേര്‍ത്ത് വെക്കാമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ വാദത്തെ ബലപ്പെടുത്തുന്നതിന് അവര്‍ ഉദ്ധരിക്കുന്ന തെളിവുകളാണ്:
1) പ്രയാസവും ബുദ്ധിമുട്ടും ഇല്ലാതാക്കുന്നതിന്റെ ഭാഗമാണത്. അല്ലാഹു പറഞ്ഞിരിക്കുന്നു: ‘അല്ലാഹു എളുപ്പമാണ് നിങ്ങള്‍ക്കുദ്ദേശിക്കുന്നത്, അവന്‍ നിങ്ങള്‍ക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല.’ (2:185)
പ്രവാചകന്‍(സ) പറഞ്ഞു: ‘സ്വന്തം നിലക്കോ മറ്റുള്ളവര്‍ക്കോ ഉപദ്രവം പാടില്ല. ദ്രോഹം ചെയ്തവരെ അല്ലാഹു ദ്രോഹിക്കും. പ്രയാസപ്പെടുത്തിയവരെ അല്ലാഹുവും പ്രയാസപ്പെടുത്തും.’ (ഹാകിം) അതായത് ഒരാള്‍ തന്റെ സഹോദരനെ പ്രതികാരമായിട്ടോ അല്ലാതെയോ ഉപദ്രവിക്കാന്‍ പാടില്ല.
2) ആവശ്യം വരുമ്പോള്‍ ശരീരത്തില്‍ നിന്ന് അവയവം മുറിച്ച് വേര്‍പെടുത്തുന്നത് അനുവദനീയമാണെങ്കില്‍, അതിനേക്കാള്‍ വലിയ ആവശ്യം വരുമ്പോള്‍ അത് വീണ്ടും ചേര്‍ത്ത് വെക്കല്‍ അതിലേറെ അനുവദനീയമാണ്. മുറിച്ചു മാറ്റപ്പെട്ട അവയവം വീണ്ടും കുറ്റവാളിയുടെ ശരീരത്തില്‍ ചേര്‍ത്തുവെക്കുന്നത് ശിക്ഷാ നടപടിയെ ഇല്ലാതാക്കുന്നില്ലെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. അവയവം മുറിച്ച് മാറ്റിയതിലൂടെ ആ ശിക്ഷ നടപ്പാക്കപ്പെട്ടിരിക്കുന്നു എന്നതാണ് അവരുടെ ന്യായം.

കുറ്റവാളില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട അവയവം വീണ്ടും ചേര്‍ത്തു വെക്കുന്നതിന്റെ വിധി മുന്‍കാല പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍:
1- ഇമാം ശാഫിഈ തന്റെ കിതാബുല്‍ ഉമ്മില്‍ പറയുന്നു: ഒരിക്കല്‍ കൂടി അവന്റെ മേല്‍ ശിക്ഷ നടപ്പാക്കേണ്ടതില്ല. അദ്ദേഹം റൗദത്തുത്വാലിബീനില്‍ പറയുന്നു: മുറിച്ചു മാറ്റലിലൂടെ ശിക്ഷാ നടപടി പൂര്‍ത്തിയായിരിക്കുന്നു.
2- അവയവം ചേര്‍ത്ത് വെച്ചാല്‍ രണ്ടാമതും കുറ്റവാളിയുടെ മേല്‍ ശിക്ഷ വീണ്ടും നടപ്പാക്കണം എന്നതാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഇബ്‌നു മുഫ്‌ലിഹ്, അല്‍ബഹൂതി, അല്‍മര്‍ദാവി തുടങ്ങിയവര്‍ തെരെഞ്ഞെടുത്തിരിക്കുന്നത് ഈ അഭിപ്രായമാണ്.

ആധുനിക പണ്ഡിതന്‍മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിട്ടുള്ളത് ശിക്ഷാനടപടിയിലൂടെയോ പ്രതിക്രിയയിലൂടെയോ മുറിക്കപ്പെട്ട അവയവം ചേര്‍ത്തുവെക്കുന്നത് അനുവദനീയമല്ലെന്നാണ്. കുറ്റവാളിയുടെ പശ്ചാത്താപമോ, പ്രതിക്രിയയില്‍ അവകാശിയുടെ ഇഷ്ടാനിഷ്ടങ്ങളോ അതില്‍ പരിഗണിക്കേണ്ടതുമില്ല. അതിനുള്ള തെളിവുകളാണ്:

1- അല്ലാഹു പറഞ്ഞിരിക്കുന്നു: ‘അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ അവരോടുള്ള ദാക്ഷിണ്യം നിങ്ങളെ ബാധിക്കാതിരിക്കട്ടെ.’ (24:2) മറ്റൊരിടത്ത് പറയുന്നു: ‘മോഷ്ടാവ് സ്ത്രീയാവട്ടെ പുരുഷനാവട്ടെ, ഇരുവരുടെയും കൈ കണ്ടിച്ചുകളയേണ്ടതാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലവും, അല്ലാഹുവിങ്കല്‍നിന്നുള്ള പാഠംപഠിപ്പിക്കുന്ന ശിക്ഷയുമാണിത്.’ (5:38) അവയവം മുറിച്ച് മാറ്റപ്പെട്ടതിന് ശേഷവും അവരോട് അതിന്റെ പേരില്‍ ദാക്ഷിണ്യം തോന്നേണ്ടതില്ല. മാത്രമല്ല, ശിക്ഷ കൈവെട്ടുന്നത് കൊണ്ട് മാത്രം അവസാനിക്കുന്നില്ല. മറിച്ച് മറ്റുള്ളവര്‍ക്ക് പാഠമാകേണ്ടത് കൂടിയാണത്. മുറിച്ച് മാറ്റപ്പെട്ട കൈ ചേര്‍ത്ത് വെച്ചാല്‍ അതുണ്ടാവുകയില്ല. മുറിച്ചു മാറ്റുക എന്ന ശിക്ഷാവിധി ശരീരത്തില്‍ നിന്ന് എന്നെന്നേക്കുമായി അത് വേര്‍പെടുത്തലാണ്. അത് വീണ്ടും ശരീരത്തിലേക്ക് തന്നെ ചേര്‍ത്ത് വെക്കുന്നത് ശരീഅത്തിന്റെ വിധിക്ക് വിരുദ്ധമാണ്.
2- അല്ലാഹു പറയുന്നു: ‘നിങ്ങള്‍ പ്രതിക്രിയ ചെയ്യുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊളളുക.’ (16:126) മറ്റൊരിടത്ത് പറയുന്നു: ‘എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ.’ (5:45) മുറിച്ചു മാറ്റിയ അവയവം വീണ്ടും ശരീരത്തിന്റെ ഭാഗമാക്കുന്നത് തത്തുല്യമായ പ്രതിക്രിയ എന്നതിന് നിരക്കുന്നില്ല.
3- മോഷ്ടാവിന്റെ കാര്യത്തില്‍ നബി(സ) കല്‍പിച്ചതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: ‘അവനെ കൊണ്ടു പോകുവിന്‍, എന്നിട്ട് മുറിക്കുകയും പിന്നെ ചൂടുവെക്കുകയും ചെയ്യുവിന്‍.’ (അദ്ദാറഖുത്‌നി, ഹാകിം, ബൈഹഖി) (ഈ ഹദീസിന്റെ സനദില്‍ കുഴപ്പമില്ലെന്ന് ഇബ്‌നുല്‍ ഖത്താന്‍ പറഞ്ഞിട്ടുണ്ട്.) ചൂടുവെക്കണമെന്ന് പറഞ്ഞത് വീണ്ടും ചേര്‍ത്ത് വെക്കുന്നത് തടയുന്നതിനാണ്. എന്നാല്‍ ചൂടുവെക്കണമെന്ന് പറഞ്ഞത് മുറിവ് വ്യാപിച്ച് മരണത്തിന് കാരണമാകാതിരിക്കാന്‍ വേണ്ടിയാണെന്ന് ചേര്‍ത്ത് വെക്കല്‍ അനുവദനീയമാണെന്ന് വാദിക്കുന്നവര്‍ വാദിക്കുന്നുണ്ട്.
4- അവയവം വീണ്ടും ചേര്‍ത്തു വെക്കുന്നതിലൂടെ പ്രതിക്രിയയുടെയും ശിക്ഷയുടെയും ഉദ്ദേശ്യം ഇല്ലാതാകുന്നു. കുറ്റം ആവര്‍ത്തിക്കുന്നതില്‍ നിന്നും കുറ്റവാളിയെ തടയലും അത്തരം തെറ്റ് ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ അകറ്റി നിര്‍ത്തലുമാണ് ശിക്ഷകളുടെ ഉദ്ദേശ്യം.
5- മുറിക്കപ്പെട്ട നിലയില്‍ അവശേഷിക്കുന്ന കൈ കുറ്റവാളിയെ എപ്പോഴും ശിക്ഷയെ കുറിച്ച് ഓര്‍മയുള്ളവനാക്കും. അതിലൂടെ അത് ആവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വന്തത്തെ തടയും.
6- ശരീഅത്ത് മുറിച്ചു മാറ്റാന്‍ കല്‍പിച്ചിട്ടുള്ള ഒന്ന് വീണ്ടും ചേര്‍ത്ത് വെക്കാന്‍ മുറിക്കപ്പെട്ടവന് അവകാശമില്ല.
7- മോഷ്ടിച്ചാല്‍ കൈ മുറിക്കണമെന്നും വീണ്ടും അതാവര്‍ത്തിച്ചാല്‍ കാല്‍ മുറിക്കണമെന്നുമാണ് ശരീഅത്ത് ആവശ്യപ്പെടുന്നത്. കൈ നിലവിലില്ല എന്നതിനെയാണത് കുറിക്കുന്നത്.

എന്നാല്‍ പ്രതിക്രിയയിലും ശിക്ഷയിലും മുറിച്ചു മാറ്റപ്പെടുന്ന അവയവം വീണ്ടും ശരീരത്തോട് പിടിപ്പിക്കാമെന്ന് അഭിപ്രായപ്പെട്ട ആധുനിക പണ്ഡിതന്‍മാരുണ്ട്. അവര്‍ ഉന്നയിക്കുന്ന തെളിവുകളാണ്:
1- പ്രതിക്രിയയുടെ ഭാഗമായി ഒരാളുടെ പല്ല് നീക്കം ചെയ്ത് പിന്നീട് അവിടെ പുതിയ പല്ല് ഉണ്ടായാല്‍ അത് പറിച്ചെടുക്കേണ്ടതില്ല. അപ്രകാരം തന്നെയാണ് മുറിച്ചു മാറ്റപ്പെടുന്ന അവയവത്തിന്റെ കാര്യവും.
2- ശിക്ഷ നടപ്പാക്കിയ ശേഷം ഒരാള്‍ കൃത്രിമക്കൈ വെക്കുന്നത് തടയാന്‍ ഭരണാധികാരിക്ക് അവകാശമില്ല. എന്നാല്‍ മുറിച്ച് മാറ്റപ്പെട്ട അവയവം വീണ്ടും ചേര്‍ത്തു വെക്കുന്നതിനെയും കൃത്രിമ കൈ വെക്കുന്നതിനെയും രണ്ടായി തന്നെയാണ് കാണേണ്ടത്. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്.
3- ശരീഅത്തിന്റെ പ്രമാണങ്ങളിലുള്ള കല്‍പന മുറിക്കണം എന്നു മാത്രമാണ്. അത് നടപ്പാക്കുന്നതോടെ ശിക്ഷ പൂര്‍ത്തിയായി. എന്നാല്‍ മുറിച്ചതിന് ശേഷം ചൂടുവെക്കാനും, കഴുത്തില്‍ കെട്ടിത്തൂക്കാനുമുള്ള കല്‍പന ഇതിന് മറുപടി നല്‍കുന്നു.
4- ശിക്ഷയുടെ ഉദ്ദേശ്യം ആക്ഷേപവും വേദനപ്പിക്കലും പ്രഖ്യാപനവുമാണ്. കൈവെട്ടുന്നത് കൊണ്ട് തന്നെ അത് സാക്ഷാല്‍കരിക്കപ്പെടുന്നു. എന്നാല്‍ വീണ്ടും ചേര്‍ക്കുമ്പോള്‍ മുറിക്കല്‍ മാത്രമേ സാക്ഷാല്‍കരിക്കപ്പെടുന്നുള്ളൂ, മറ്റുള്ളവര്‍ക്ക് ഗുണപാഠമാവുക എന്നത് അതിലുണ്ടാവുന്നില്ല.
5- മുറിക്കപ്പെട്ടവന്റെ അനിവാര്യത മുന്‍നിര്‍ത്തി വീണ്ടും ചേര്‍ത്ത് യോജിപ്പിക്കുന്നു. എന്നാല്‍ ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണത്.

വിവരിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് ശിക്ഷയിലൂടെയോ പ്രതിക്രിയയിലൂടെയോ മുറിച്ചു മാറ്റപ്പെട്ട അവയവം വീണ്ടും അതിന്റെ ഉടമയിലേക്ക് തുന്നിചേര്‍ക്കുന്നത് അനുവദനീയമല്ലെന്നുള്ളതാണ്. കാരണം ശിക്ഷയുടെ ഉദ്ദേശ്യം കേവലം വേദനിപ്പിക്കല്‍ അല്ല. മറിച്ച് പ്രസ്തുത അവയവം ഇല്ലാതാക്കലാണ്. ശിക്ഷയുടെ അടയാളം നിലനിന്നാലല്ലാതെ മറ്റുള്ളവര്‍ക്കത് പാഠമാകുന്നില്ല. അത് വീണ്ടും ചേര്‍ത്ത് വെക്കണമെന്ന വാദം കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കലും ശിക്ഷയെ നിസ്സാരവല്‍കരിക്കലുമാണ്.

Related Articles