Current Date

Search
Close this search box.
Search
Close this search box.

മൂന്നാം ലിംഗം; കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍

third-gender.jpg

പടച്ചതമ്പുരാന്റെ അപാരമായ ഒരനുഗ്രഹമാണ് മനുഷ്യ സൃഷ്ടിപ്പിലെ സ്ത്രീപുരുഷ വേര്‍തിരിവ്. ആ അനുഗ്രഹത്തിന്റെ വില മനസ്സിലാവണമെങ്കില്‍ സ്ത്രീയോ പുരുഷനോ എന്ന് കണിശമായി പറയാന്‍ കഴിയാത്ത നപുംസകങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന വിഭാഗത്തെപ്പറ്റി അവര്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും ചിന്തിച്ചാല്‍ മതി. വൈദ്യശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നതനുസരിച്ച് നപുംസകങ്ങളില്‍ നല്ലൊരു വിഭാഗത്തെയും ചില ചികിത്സകളിലൂടെ പുരുഷനോ സ്ത്രീയോ എന്ന് നിര്‍ണയിക്കാനാവും. അങ്ങനെ നിര്‍ണയിക്കുന്നതോടെ ഓരോ വിഭാഗത്തിനും ബാധകമാവുന്ന എല്ലാ വിധികളും ഇവര്‍ക്കും ബാധകമായിത്തീരുന്നു.

ഈ വിഭാഗത്തിലെ അപൂര്‍വം ചിലര്‍ ലക്ഷത്തില്‍ നാലു പേരോ മറ്റോഒട്ടും തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലുള്ളവരാണ്.  അത്യന്തം വിരളമായ ഈ പ്രശ്‌നത്തില്‍, സ്ത്രീയെയും പുരുഷനെയും അഭിസംബോധന ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ പരാമര്‍ശം നടത്തിയിട്ടില്ലെങ്കിലും ചില സൂചനകള്‍ നല്‍കിയിട്ടുള്ളതായി കാണാം. ഉദാഹരണത്തിന്: ”അല്ലാഹു ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു. അവനിഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു. അവനിഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു കൊടുക്കുന്നു. ഇഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവനൊക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ.” (അശ്ശൂറാ 49,50)

ഇസ്‌ലാമിക ഫിഖ്ഹ് ഈ വിഷയം വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശാസ്ത്ര വൈജ്ഞാനിക രംഗങ്ങളില്‍ ഇന്നുണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാതിരുന്ന ഒരു കാലത്ത് അന്നത്തെ പണ്ഡിതന്മാര്‍ പറഞ്ഞ പലതും ഇന്ന് പ്രസക്തമല്ലെങ്കിലും, ആ കാലത്ത് അവര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നു എന്ന് മനസ്സിലാക്കാം.

ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഈ വിഭാഗത്തെപ്പറ്റിയുള്ള വിധികള്‍ കാണാന്‍ കഴിയും. ഇമാം ബൈഹഖി മുതലുള്ള പണ്ഡിതന്മാര്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ഇമാം സുയൂത്വി തന്റെ അല്‍ അശ്ബാഹു വന്നളാഇര്‍ എന്ന ഗ്രന്ഥത്തില്‍ സാമാന്യം വിശദമായി വിഷയം പരാമര്‍ശിക്കുന്നു. ആധുനിക വൈദ്യചികിത്സാ രംഗങ്ങളില്‍ ഉണ്ടായ വമ്പിച്ച പുരോഗതി ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ വലിയൊരളവില്‍ പരിഹരിക്കാന്‍ സഹായകമായിട്ടുണ്ട്. സുഊദി പോലുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിക തത്ത്വങ്ങളെ ആസ്പദിച്ച് ഡോക്ടര്‍മാര്‍ നടത്തിയ മുന്നേറ്റം എടുത്തുപറയത്തക്കതാണ്. നപുംസകങ്ങളായിരുന്ന വളരെയധികം ആളുകള്‍ ചികിത്സക്ക് ശേഷം സ്ത്രീയോ പുരുഷനോ ആയി മാറിയെന്നും, പലരും വിവാഹം കഴിച്ച് സാധാരണ കുടുംബജീവിതം നയിച്ചുവരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.

ഫുഖഹാക്കളുടെ നിലപാട്
ഖുര്‍ആനിലോ സ്വീകാര്യയോഗ്യമായ ഹദീസുകളിലോ നപുംസകങ്ങളെക്കുറിച്ച് പരാമര്‍ശമില്ല.  എന്നാല്‍, പ്രാമാണികം എന്ന് പറയാന്‍ മാത്രം പ്രബലമല്ലാത്ത ചില ഹദീസുകളും സ്വഹാബിമാരുടെ അഭിപ്രായങ്ങളും കാണാന്‍ സാധിക്കും.

നിലവിലുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നപുംസകത്തെക്കുറിച്ച് സമഗ്രമായ വിശകലനങ്ങളുന്നുണ്ട്. നപുംസകങ്ങള്‍ രണ്ടിനമുണ്ട്. പുരുഷലിംഗവും സ്ത്രീ യോനിയും രണ്ടുമുള്ളവരാണ് ഒരിനം. ഇത്തരക്കാര്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആയിരിക്കും. മൂന്നാമത്തെ ഒരിനമില്ല. മൂത്രം, ശുക്ലം എന്നിവ പുറപ്പെടുന്ന സ്ഥാനം, ഋതുരക്തം, പ്രസവം, താടി, ശക്തി എന്നിവ ആധാരമാക്കിയാണ് ആണോ പെണ്ണോ എന്ന് ലിംഗ നിര്‍ണയം നടത്തുന്നത് (നേരത്തെ പറഞ്ഞ പുരുഷ നപുംസകവും സ്ത്രീ നപുംസകവും ഈയിനത്തില്‍പെടുന്നു).

രണ്ടാമത്തെ ഇനം, യോനിയോ ലിംഗമോ ഇല്ലാതെ കേവലം ഒരു ദ്വാരത്തില്‍ കൂടി വിസര്‍ജ്ജനം നടത്തുന്നവരാണ്. ഈ ദ്വാരമാകട്ടെ, സ്ത്രീയുടെയോ പുരുഷന്റെയോ ലൈംഗികാവയവത്തോടു സാദൃശ്യം പുലര്‍ത്തുന്നില്ല. വ്യക്തമായ ലക്ഷണങ്ങള്‍ ലിംഗ നിര്‍ണയത്തിനു സഹായകമാകാതിരിക്കുമ്പോള്‍ ഇവരെ ‘അവ്യക്ത നപുംസകങ്ങള്‍’ എന്നു പറയുന്നു. ലക്ഷണങ്ങളുടെ അഭാവത്തില്‍ ഒന്നാം ഇനവും അവ്യക്ത നപുംസക ഗണത്തില്‍ പെട്ടതായി ഗണിക്കപ്പെടും (ശറഹുല്‍ മുഹദ്ദബ് 2:4650).

ഇത്തരം നപുംസകങ്ങള്‍ക്കു ചിലയിടങ്ങളില്‍ പുരുഷ വിധികളും മറ്റു ചിലയിടങ്ങളില്‍ സ്ത്രീവിധികളും ഇനിയും വേറെ സ്ഥലങ്ങളില്‍ പ്രത്യേക നിയമങ്ങളുമാണ് ഇസ്‌ലാം നല്‍കുന്നത്. ഒരു നിയമ പുസ്തകത്തിലും പ്രതിവിധി കാണാതെ ജഡ്ജിമാര്‍ ഇതികര്‍ത്തവ്യതാമൂഢരാകുന്നതിനു കാരണമായ ഈയിനത്തില്‍ പെട്ട  പ്രശ്‌നങ്ങള്‍ ഫിഖ്ഹ് കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ട്.

‘പുരുഷന്മാരും സ്ത്രീകളും നപുംസകത്തെ നോക്കുന്നതു നിഷിദ്ധമാണ്. നോട്ടം ഹറാമാകുന്ന പ്രായപരിധിയെത്തിയാല്‍ നഗ്‌നമായ ശരീരഭാഗം നോക്കാവതല്ല (ശറഹുല്‍ മുഹദ്ദബ് 2:53). പുരുഷന്മാരുടെ ലോക്കപ്പിലടച്ചാല്‍ പുരുഷന്മാര്‍ നോക്കാനിടവരും. സ്ത്രീകളുടെ ലോക്കപ്പിലടച്ചാല്‍ അവരും നോക്കാനിടവരും. അപ്പോള്‍ മൂന്നാമതൊരു പ്രത്യേക ലോക്കപ്പാണ് നപുംസകങ്ങള്‍ക്കു വേണ്ടത്. ‘പലവിധ മയ്യിത്തുകള്‍ക്ക് ഒന്നിച്ച് ഒരു നിസ്‌കാരം നടത്തുമ്പോള്‍ ഇമാമിന്റെ നേരെ മുമ്പില്‍ പുരുഷന്‍, അതിനപ്പുറം ആണ്‍കുട്ടി; പിന്നീട് നപുംസകം; അതില്‍ പിന്നെ സ്ത്രീ എന്ന ക്രമത്തിലാണു ജനാസകള്‍ വെക്കേണ്ടത് (ശറഹുല്‍ മുഹദ്ദബ് 2:52).

പ്രത്യേക പ്രായപരിധിയെത്തുമ്പോള്‍ ചില നപുംസകങ്ങള്‍ സ്ത്രീയോ പുരുഷനോ മാത്രമായി വെളിപ്പെടാറുണ്ട്. ശസ്ത്രക്രിയ മുഖേന സ്ത്രീയോ പുരുഷനോ ആക്കി മാറ്റാറുമുണ്ട്. ശസ്ത്രക്രിയ മുഖേന സ്‌െ്രെതണാവയവം നീക്കി പുരുഷ നപുംസകത്തെ സാധാരണ പുരുഷനും, പുരുഷാവയവം നീക്കി സ്ത്രീനപുംസകത്തെ സാധാരണ സ്ത്രീയുമാക്കുകയാണു രണ്ടാമത്തെ രൂപം. ശസ്ത്രക്രിയ കൊണ്ട് അപകടം സംഭവിക്കുമെന്ന് ആശങ്കയില്ലെങ്കില്‍ അത് അനുവദനീയമാണെന്ന്, ശസ്ത്രക്രിയാ സംബന്ധമായി തുഹ്ഫഃ, മുഗ്‌നി (തുഹ്ഫഃ: 9:193194, മുഗ്‌നി 4:200201) തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ നടത്തിയ വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം.

എന്നാല്‍, കൃത്രിമമായി ഒരു സ്ത്രീയെ പുരുഷനായോ പുരുഷനെ സ്ത്രീയായോ മാറ്റാന്‍ പാടില്ല; അതു നിഷിദ്ധമാണ്. അതു ഭ്രൂണത്തെ ലിംഗമാറ്റം വരുത്തുന്ന അത്യാധുനിക രീതിയിലാണെങ്കിലും ശരി. ക്രോമസോമിലെ ആണ്‍ ലിംഗനിര്‍ണയത്തിനു കാരണമായ ജീനിനെ ജനിതക എഞ്ചിനീയറിംഗ് വഴി പെണ്‍ഭ്രൂണത്തിലേക്കു കടത്തിവിട്ടു അതിനെ ആണാക്കി മാറ്റുന്ന ശ്രമകരമായ രീതിയാണിത്. എവ്വിധമായാലും, കൃത്രിമ മാര്‍ഗത്തിലൂടെയുള്ള ലിംഗ മാറ്റം നിഷിദ്ധമാണ്. കാരണം, അതു സൃഷ്ടിയെ അലങ്കോലപ്പെടുത്തലും പ്രകൃതി വിരുദ്ധവുമാണ്. ‘അല്ലാഹുവിന്റെ സൃഷ്ടിക്കു മാറ്റം വരുത്താന്‍ പാടില്ല’ (30:30) എന്നു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

മൂന്നാം ലിംഗം; ഇസ്‌ലാമും വൈദ്യശാസ്ത്ര സമീപനവും

Related Articles