Current Date

Search
Close this search box.
Search
Close this search box.

മുഹര്‍റം മാസത്തിന്റെ വിധികള്‍

pattern.jpg

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമാണ് മുഹര്‍റം. പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ആദ്യത്തെതും മുഹര്‍റം തന്നെ. ഈ പരിശുദ്ധ മാസവുമായി ബന്ധപ്പെട്ട വിധികള്‍ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട്.
1. മുഹര്‍റമിന്റെ ശ്രേഷഠത:
അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ആദരിച്ച പുണ്യമാസങ്ങളില്‍ ഒന്നാണ് ഇത്. അല്ലാഹു പറയുന്നു. ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക ‘(അത്തൗബ 36). ഈ മാസത്തിന്റെ പേര് തന്നെ അതിന്റെ പവിത്രത വിളിച്ചോതുന്നതാണ്. പ്രവാചകന്‍ (സ) വിവരിക്കുന്നു. ‘ അല്ലാഹു സൃഷ്ടിച്ച ദിനം മുതല്‍ കാലഘട്ടം അതിന്റെ ചാക്രികതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. പന്ത്രണ്ട് മാസങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. അതില്‍ നാല് മാസം പവിത്രമാണ്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ അടുത്തടുത്ത മാസങ്ങളും ജമാദുല്‍ ആഖിറിനും ശഅ്ബാന്‍ മാസത്തിനുമിടയിലുള്ള റജബ് മാസവുമാണത്. (ബുഖാരി, മുസ്‌ലിം)
മുഹര്‍റം മാസത്തിന് മറ്റു ആദരണീയ മാസങ്ങളേക്കാള്‍ ചില പണ്ഡിതന്മാര്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇബ്‌നു റജബ് പറയുന്നു. പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ ഏറ്റവും സവിശേഷമായ മാസമേതാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. അത് മുഹര്‍റമാണെന്നാണ് ഹുസൈന്‍ (റ) വിന്റെയും പില്‍ക്കാല പണ്ഡിതന്മാരുടെയും അഭിപ്രായം. നസാഈ അബൂദര്‍റില്‍ നിന്ന് നിവേദനം ചെയ്ത റിപ്പോര്‍ട്ടാണ് അതിന് ആധാരമായി അവലംബിച്ചിട്ടുള്ളത്. അബൂദര്‍റ് പറയുന്നു. രാത്രിയില്‍ ഏറ്റവും ശ്രേഷ്ടമായത് ഏതാണ്? ശ്രേഷടമായ മാസമേതാണ് എന്ന് തിരുമേനിയോട് ഞാന്‍ ചോദിച്ചു. പ്രവാചകന്‍ പ്രതികരിച്ചു. രാത്രിയില്‍ ഉത്തമമായത് അതിന്റെ മധ്യഭാഗമാണ്. മാസങ്ങളില്‍ ശ്രേഷടമായത് നിങ്ങള്‍ മുഹര്‍റം എന്ന് വിളിക്കുന്ന മാസവും.’ റമദാന് ശേഷമുള്ള മാസമെന്നാണ് വിവക്ഷയെന്ന് ഇബ്‌നു റജബ് രേഖപ്പെടുത്തുന്നു.

മുഹര്‍റമിലെ പ്രധാന നിയമങ്ങള്‍
1. യുദ്ധം വിലക്കപ്പെട്ട മാസം;
യുദ്ധം വിലക്കപ്പെട്ട മാസമാണ് മുഹര്‍റം. ഇബ്‌നു കസീര്‍(റ)പറയുന്നു. യുദ്ധത്തിന് തുടക്കം കുറിക്കുന്നത് നിഷിദ്ധമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ട്. അവ ദുര്‍ബലമാക്കപ്പെട്ട സൂക്തത്തില്‍ പെട്ടതാണോ അല്ലയോ എന്നതാണ് ഇതിന്നാധാരം.
ദുര്‍ബലമാക്കപ്പെട്ടതാണെന്ന അഭിപ്രായമുള്ളവര്‍ ഈ സൂക്തത്തില്‍ ‘ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം കാണിക്കാതിരിക്കുക’ എന്നപ്രസ്താവനയാണ് തെളിവായി ഉദ്ദരിക്കുന്നത്. ബഹുദൈവാരാധാകരോട് യുദ്ധം ചെയ്യാനാണ്  ഈ സൂക്തത്തിന്റെ വിവക്ഷ എന്നാണ് അവരുടെ അഭിപ്രായം.
യുദ്ധം ആരംഭിക്കുന്നത് നിഷിദ്ധമാണ് എന്ന അഭിപ്രായമുള്ളവര്‍ ഇത് ദുര്‍ബലപ്പെട്ടതാണെന്ന് വാദം നിരാകരിക്കുന്നു. ‘ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള്‍ കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും അക്രമമഴിച്ചുവിട്ടാല്‍ അതേവിധം നിങ്ങളവരെയും നേരിടുക. ‘( അല്‍ബഖറ 94) ,’അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക'(അത്തൗബ 5) എന്നീ സൂക്തങ്ങളാണ് ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നത്.
ജാഹിലിയ്യ കാലത്ത് ഈ മാസത്തെ അറബികള്‍ ആദരിച്ചിരുന്നു. ഈ മാസത്തില്‍ ഐഛിക വ്രതമനുഷ്ഠിക്കല്‍ വളരെ ശ്രേഷ്ഠതയുളളതാണ്. ഇമാം മുസ്‌ലിം അബൂഹുറൈറ (റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. ‘റമദാന് ശേഷം ഏറ്റവും ശ്രേഷ്ഠമായ മാസം മുഹര്‍റമാണ്. നിര്‍ബന്ധ നമസ്‌കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് പാതിരാ നമസ്‌കാരമാണ്’.

2. മുഹര്‍റം നോമ്പിന്റെ പ്രാധാന്യം:
മുഹര്‍റം നോമ്പിന്റെ ശ്രേഷ്ഠതയെ കുറിച്ച് പ്രവാചകന്‍ വിവരിക്കുന്നു.’ റമദാന് ശേഷം ഏറ്റവും സവിശേഷമായ മാസം മുഹര്‍റം ആണ്’. ഈ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കണമെന്നാണോ അതോ നോമ്പ് അധികരിപ്പിക്കണം എന്നാണോ ഈ ഹദീസിന്റെ ഉദ്ദേശമെന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹദീസിന്റെ ബാഹ്യാര്‍ഥം പരിഗണിക്കുമ്പോള്‍ മുഹര്‍റം മുഴുവന്‍ നോമ്പനുഷ്ഠിക്കണമെന്നാണ് . എന്നാല്‍ ഇത് ആധിക്യത്തെ കുറിക്കാന്‍ ഉപയോഗിച്ച സംജ്ഞയാണെന്നാണ് മറ്റൊരു പ്രബലമായ വീക്ഷണം. കാരണം പൂര്‍ണമായി ഒരു മാസം പ്രവാചകന്‍ നോമ്പനുഷ്ഠിച്ചത് റമദാനില്‍ മാത്രമാണെന്ന ആഇശയുടെ റിപ്പോര്‍ട്ട് അതിന് ബലം നല്‍കുന്നു.

3. മുഹര്‍റം മാസവും ആശൂറ ദിനവും
മുഹര്‍റം മാസത്തിലെ പത്താമത്തെ ദിനമാണ് ആശൂറ. പ്രസ്തുത ദിനം നോമ്പനുഷഠിക്കല്‍ ഇസ്‌ലാമില്‍ വളരെ പ്രാധാന്യമുള്ളതാണ്.
1. ആശൂറ ദിനത്തിന്റെ പ്രാധാന്യം
ഫറോവയെയും കൂട്ടാളികളെയും  നശിപ്പിക്കുകയും മൂസാ നബിയെയും അനുയായികളെയും അല്ലാഹു രക്ഷപ്പെടുത്തിയ ദിനമാണത്. ഇതിന് നന്ദി സൂചകമായിട്ട് മൂസാ നബി പ്രസ്തുത ദിനം നോമ്പനുഷ്ഠിക്കുകയുണ്ടായി. പ്രവാചകനും അതു അനുധാവനം ചെയ്തു. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ) മദീനയിലെത്തിയപ്പോള്‍ ആശൂറ ദിനത്തില്‍ ജൂതന്മാര്‍ നോമ്പനുഷഠിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അതിന്റെ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫറോവയില്‍ നിന്ന് മൂസാ നബിയെയും കൂട്ടരെയും അല്ലാഹു രക്ഷിച്ചതിന്റെ മഹത്വസൂചകമായിട്ടാണെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചു. നിങ്ങളേക്കാള്‍ മൂസയോട് കടപ്പെട്ടവര്‍ ഞങ്ങളാണ്. അപ്രാകാരം അന്ന് നോമ്പനുഷഠിക്കാന്‍ പ്രവാചകന്‍ കല്‍പിക്കുകയും ചെയ്തു’. മുസ്‌ലിമിന്റെ നിവേദനം അനുസരിച്ച്  മൂസാ അതിന്റെ നന്ദി സൂചകമായിട്ട് നോമ്പനുഷ്ടിച്ചു, നാം അദ്ദേഹത്തിന് വേണ്ടി നോമ്പനുഷ്ടിക്കുന്നു എന്നാണ് ഉള്ളത്. ആശൂറ നോമ്പിനെ സംബന്ധിച്ച് നാല് അഭിപ്രായമാണുള്ളത്.

1. അദ്ദേഹം മക്കയില്‍ വെച്ച് നോമ്പനുഷ്ഠിച്ചിരുന്നു. പക്ഷെ ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ചിരുന്നില്ല. ആഇശ(റ)യില്‍ നിന്ന് നിവേദനം. ‘  ജാഹിലിയ്യ കാലത്ത് ആശൂറ ദിനത്തില്‍ ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. പ്രവാചകനും ആ ദിനം നോമ്പനുഷ്ഠിച്ചിരുന്നു. മദീനയിലെത്തിയപ്പോള്‍ ജനങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. എന്നാല്‍ റമദാന്‍ മാസം വ്രതം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ റമദാനില്‍ അവര്‍ നോമ്പനുഷ്ഠിക്കുകയും ആശൂറ നോമ്പ് ഒഴിവാക്കപ്പെടുകയും ചെയ്തു. ഇഷ്ടമുള്ളവര്‍ നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യട്ടെ എന്നാകുകയും ചെയ്തു’ (ബുഖാരി)

2.പ്രവാചകന്‍(സ) മദീനയിലെത്തിയപ്പോള്‍ വേദക്കാര്‍ നോമ്പനുഷ്ഠിക്കുകയും ആ ദിനത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടു. പ്രവാചകന്‍ നോമ്പനുഷഠിക്കുകയും ജനങ്ങളോട് നോമ്പനുഷഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ നോമ്പനുഷഠിച്ചു എന്നത് സ്ഥിരപ്പെട്ടതാണ്, ജനങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ദിവസം ചെറിയ കുട്ടികള്‍ പോലും നോമ്പനുഷഠിച്ചിരുന്നു.

3. റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ ആശൂറ നോമ്പ് ഉപേക്ഷിക്കുകയും സഹാബികളോട് അതനുഷഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു. ‘ അല്ലാഹുവിന്റെ ദിനങ്ങളില്‍ പെട്ട ഒരു സുദിനമാണ് ആശൂറ. താല്‍പര്യമുള്ളവന്‍ നോമ്പനുഷ്ടിക്കുകയും ഉപേക്ഷിക്കുകയും ചെയ്യട്ടെ’ (മുസ്‌ലിം). ‘ നിങ്ങളില്‍ നോമ്പനുഷ്ഠിക്കാന്‍ താല്‍പര്യമുള്ളവര്‍ അതനുഷ്ഠിക്കട്ടെ, താല്‍പര്യമില്ലാത്തവര്‍ അതുപേക്ഷിക്കട്ടെ(മുസ്‌ലിം)

4. പ്രവാചകന്‍(സ) അവസാന കാലയളവില്‍ വേദക്കാരോട് ഭിന്നത പ്രകടിപ്പിക്കാന്‍ വേണ്ടി ആശൂറ ദിനത്തോടൊപ്പം താസൂആഅ്(ഒമ്പത്) ദിവസവും നോമ്പനുഷ്ഠിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. ‘ ആശൂറ ദിനത്തില്‍ പ്രവാചകന്‍ വ്രതമനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അവര്‍ ചോദിച്ചു. ജൂതരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിനമല്ലേ ഇത്? അപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിച്ചു. അടുത്ത വര്‍ഷം ഒമ്പതിനും നാം നോമ്പനുഷ്ഠിക്കും ‘. അടുത്ത വര്‍ഷമെത്തുന്നതിന് മുമ്പ് പ്രവാചകന്‍(സ) മരണപ്പെടുകയുണ്ടായി.(മുസ്‌ലിം).

2. ആശൂറ നോമ്പിന്റെ പ്രാധാന്യം
‘ പ്രവാചകന്‍(സ)യോട് ആശൂറ ദിനത്തിലെ നോമ്പിനെപ്പറ്റി ചോദിച്ചു. പ്രവാചകന്‍(സ) പറഞ്ഞു. മുന്‍കഴിഞ്ഞ പാപങ്ങള്‍ ഇതുമൂലം പൊറുക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ഒമ്പതിനു കൂടി നോമ്പനുഷ്ഠിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതാണ്. കാരണം തിരുമേനി പറഞ്ഞു. ‘ അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നാം നോമ്പനുഷ്ഠിക്കുക തന്നെ ചെയ്യും’ .

3. ആശൂറ ദിനത്തിലെ അനാചാരങ്ങള്‍
ശൈഖ് അബ്ദുല്ല അല്‍ ഫൗസാന്‍ വിവരിക്കുന്നു. ഈ ദിനത്തിന്റെ കാര്യത്തില്‍ രണ്ടു വിഭാഗം പിഴച്ചിരിക്കുന്നു. ഒരു വിഭാഗം ജൂതരോട് താദാത്മ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രസ്തുത ദിനത്തെ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ദിനമായി  സ്വീകരിക്കുന്നു. മൈലാഞ്ചിയിട്ടും സുറുമയിട്ടും കൂടുതല്‍ സുഭിക്ഷമായ ഭക്ഷണങ്ങള്‍ തയ്യാറാക്കിയും  അവിവേകപരവും അനാചാരവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും അവര്‍ അന്നു കഴിഞ്ഞുകൂടുന്നു.

രണ്ടാമത്തെ വിഭാഗം പ്രസ്തുത ദിനത്തെ ഹുസൈ(റ)ന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തി ദുഖപ്രകടനങ്ങളുടെയും വിലാപത്തിന്റെയും ദിനമായി കൊണ്ടാടുന്നു. ജാഹിലിയ്യ രീതിയിലുള്ള മുഖത്തടിക്കല്‍, മാറത്തടിക്കല്‍, വിലാപ ഗാനാലാപനം, വ്യാജമായ സംഭവകഥകള്‍ ഉദ്ധരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സുകൃതങ്ങളെന്ന് കരുതി അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ജൂതരോട് താദാത്മ്യം പ്രകടിപ്പിക്കാതെ നോമ്പനുഷ്ഠിക്കാനും പൈശാചികമായ ദുര്‍ബോധനങ്ങളിലകപ്പെട്ട് അനാചാരങ്ങളില്‍ അകപ്പെടാതെ സല്‍പാന്ഥാവിലൂടെ സഞ്ചരിക്കാന്‍ അഹലുസ്സുന്നത്തിന്റെ പക്ഷക്കാരായ നമുക്ക് അല്ലാഹു മാര്‍ഗദര്‍ശനം ചെയ്തിരിക്കുന്നു. നോമ്പനുഷ്ഠിക്കലല്ലാതെ മറ്റൊരു ആരാധനകളും പ്രസ്തുത ദിനം പ്രത്യേകമായി ചെയ്യാന്‍ നമ്മോട് കല്‍പിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles