Current Date

Search
Close this search box.
Search
Close this search box.

മുന്‍ഗണനാക്രമവും ക്രമാനുഗതിത്വവും പ്രവാചക ജീവിതത്തില്‍

step.jpg

ഘട്ടം ഘട്ടമായി സംവിധാനിക്കുക എന്നത് പ്രാപഞ്ചിക ഘടനയിലും സൃഷ്ടിപ്പിലുമുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ്. ‘നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍ ‘( അല്‍അഅ്‌റാഫ് 54). ദൈവിക ദീനിന്റെ സംസ്ഥാപനത്തിനും നവോഥാന സംരംഭങ്ങള്‍ക്കും സമുദായം പാലിക്കേണ്ട പൊതുതത്വവും ഇതുതന്നെ. പ്രവാച ജീവിതത്തിലും ശരീഅത്തിന്റെ പ്രായോഗികതയിലും ഈ ക്രമാനുഗതിത്വം കാണാം. അതിനാല്‍ തന്നെ ഖുര്‍ആന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് അവതരിപ്പിച്ചത്.’ ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു.’ (അല്‍ഇസ്രാഅ് 106) ഇമാം റാസി വിശദീകരിക്കുന്നു. ഖുര്‍ആനും ശരീഅത്തും ഒന്നിച്ചവതരിച്ചുവെങ്കില്‍ മനുഷ്യര്‍ക്ക് അവ അനുധാവനം ചെയ്യല്‍ പ്രയാസകരമാകുമായിരുന്നു. അതിനാല്‍ തന്നെ മനുഷ്യര്‍ക്ക് അനുധാവനം ചെയ്യുക എളുപ്പമായ രീതിയില്‍ ക്രമാനുഗതമായിട്ടാണ് ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളത്.

ഈ ക്രമാനുഗതിത്വത്തെ കുറിച്ച് ആദ്യമായി ചൂണ്ടിക്കാട്ടിയത് ആഇശ (റ)യാണ്. ഖുര്‍ആനില്‍ സ്വര്‍ഗ -നരകത്തെ കുറിച്ച വിശദാംശങ്ങളടങ്ങിയ ഭാഗമാണ് ആദ്യഘട്ടങ്ങളില്‍ അവതീര്‍ണമായത്. ജനങ്ങള്‍ ഇസ്‌ലാമില്‍ അഭയം തേടിയ സന്ദര്‍ഭത്തില്‍ ഹലാല്‍ -ഹറാം തുടങ്ങിയ വിധികളടങ്ങിയ ഭാഗങ്ങളവതീര്‍ണമായി. ആദ്യ ഘട്ടത്തില്‍ തന്നെ നിങ്ങള്‍ മദ്യപിക്കരുത് എന്ന സൂക്തമാണ് അവതരിച്ചതെങ്കില്‍ കള്ള് ഞങ്ങള്‍ ഉപേക്ഷിക്കില്ല എന്നാകുമായിരുന്നു അവരുടെ പ്രതികരണം. വ്യഭിചരിക്കരുത് എന്ന സൂക്തം പ്രാഥമിക ഘട്ടത്തില്‍ തന്നെ അവതീര്‍ണമായെങ്കില്‍ ഞങ്ങളൊരിക്കലും അതുപേക്ഷിക്കില്ല എന്ന് അവര്‍ പ്രതികരിക്കുമായിരുന്നു’ (ബുഖാരി). ഈ ഹദീസിന്റെ വിശദാംശത്തില്‍ ഇബ്‌നുഹജര്‍ ഇതിന്റെ ദൈവികമായ യുക്തി രേഖപ്പെടുത്തുന്നു; ഖുര്‍ആനില്‍ ആദ്യമായി അവതീര്‍ണമായത് ഏകദൈവത്തിലേക്കുള്ള പ്രബോധനമായിരുന്നു, സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തെ കുറിച്ച ശുഭവാര്‍ത്തയും നിഷേധികള്‍ക്ക് നരകത്തെ കുറിച്ച താക്കീതും ഉള്‍ക്കൊള്ളുന്ന സൂക്തങ്ങളായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ മനസ്സുകളില്‍ ഇസ്‌ലാമിനോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ വിധിവിലക്കുകളടങ്ങുന്ന ഭാഗങ്ങള്‍ അവതീര്‍ണമായിത്തുടങ്ങി. പ്രഥമ ഘട്ടത്തില്‍ തന്നെ നിങ്ങള്‍ മദ്യപാനം ഉപേക്ഷിക്കണമെന്ന് അവരോട് കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ അത് വിസമ്മതിക്കുമായിരുന്നു. എന്നാല്‍ അവരുടെ ഹൃദയങ്ങളില്‍ അതിനോട് നീരസമുണ്ടാക്കിയതിന് ശേഷമാണ് അതിനെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനുള്ള സൂക്തങ്ങള്‍ അവതീര്‍ണമായത് ‘.

ആരാധന കര്‍മങ്ങളുള്‍പ്പെടുന്ന വ്യത്യസ്ഥ വിധികള്‍ നടപ്പില്‍ വരുത്തുന്നതില്‍ പ്രവാചകന്‍ ഈ ക്രമാനുഗതിത്വം പാലിച്ചതായി കാണാം. നമസ്‌കാരം ഇന്ന് കാണുന്ന രീതിയില്‍ പൂര്‍ണമായി നിര്‍ബന്ധമായത് ഹിജ്‌റക്ക് രണ്ട് വര്‍ഷം മുമ്പ് ഇസ്രാഅ്-മിഅ്‌റാജ് സന്ദര്‍ഭത്തിലാണ്.  നോമ്പും സകാത്തും ഹജ്ജുമെല്ലാം മദീനയില്‍ വെച്ചാണ് നിര്‍ബന്ധമാകുന്നത്. പ്രവാചകത്വത്തിന്റെ പതിനാറാം വര്‍ഷമാണ് അനന്തരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നത്.  ഹിജ്‌റ ഏഴാം വര്‍ഷമാണ് വിവാഹം, ത്വലാഖ് തുടങ്ങിയ കുടുംബനിയമങ്ങള്‍ അവതീര്‍ണമാവുന്നത്.

മദ്യനിരോധനം അതിന്റെ പൂര്‍ണമായ രീതിയില്‍ നടപ്പില്‍ വരുത്തുന്നത് ഹിജ്‌റ എട്ടാം വര്‍ഷത്തിലാണ്. മൂന്ന് ഘട്ടങ്ങളായാണ് മദ്യം നിരോധിച്ചത്. ‘ നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ തിന്മയുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ തിന്മയാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്.’ (അല്‍ബഖറ 219), ‘വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നമസ്‌കാരത്തെ സമീപിക്കരുത്  12നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകുംവരെ’ (നിസാഅ് 43), ‘ വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം’ (അല്‍മാഇദ 90).

ഹിജ്‌റ ഒമ്പതാം വര്‍ഷമാണ് പലിശ നിരോധിച്ചത്. ഈ ക്രമാനുഗതിത്വം പാലിക്കുന്നതിന്റെ ഭാഗമായി മക്കയില്‍ പതിമൂന്ന് വര്‍ഷം ബിംബങ്ങളുണ്ടായിരിക്കെയാണ് മസ്ജിദുല്‍ ഹറാമില്‍ വെച്ച് പ്രവാചകന്‍ നമസ്‌കരിച്ചത്. ഹിജ്‌റ ഏഴാം വര്‍ഷം കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അതിനുചുറ്റും മുന്നൂറ്റി അറുപത് ബിംബങ്ങളുണ്ടായിരുന്നു. മക്കാ വിജയത്തിന്റെ ഘട്ടത്തിലാണ് ഇവയെല്ലാം അവിടെ നിന്നും നീക്കി അറേബ്യയെ ബിംബാരാധനയില്‍ നിന്ന് ശുദ്ധീകരിച്ചത്.

പ്രവാചകന്‍(സ) പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി സംഘങ്ങളെ അയച്ചപ്പോള്‍ ക്രമാനുഗതത്വം പാലിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. മുആദ് ബിന്‍ ജബലിനെ യമനിലേക്ക് അയച്ചപ്പോള്‍ ഉപദേശിക്കുകയുണ്ടായി. ‘ വേദക്കാരില്‍ പെട്ട ഒരു വിഭാഗത്തെ നീ കണ്ടുമുട്ടും, അവരുടെ അടുത്തെത്തിയാല്‍ നീ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക, അവര്‍ അതനുസരിച്ചാല്‍ അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരത്തെ പറ്റി അവരെ അറിയിക്കുക, അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സകാത്തിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുക, അവര്‍ അതനുസരിക്കുകയാണെങ്കില്‍ നിന്നെയും അവരുടെ ധനവും നീ സംരക്ഷിക്കുക, മര്‍ദ്ദിതന്റെ പ്രാര്‍ഥനയെ നീ കരുതിയിരിക്കുക! കാരണം അതിനും അല്ലാഹുവിനുമിടയില്‍ മറകളില്ല.(ബുഖാരി)

പ്രവാചകന്റെ പ്രബോധനപ്രവര്‍ത്തനങ്ങളിലും ഈ മുന്‍ഗണനാ ക്രമം പാലിച്ചതായി കാണാം. ആദ്യമായി തന്റെ പ്രിയ പത്‌നി ഖദീജയെയും പിന്നീട് ആത്മസുഹൃത്ത് അബൂബക്കറിനെയും പിന്നീട് പിതൃവ്യപുത്രന്‍ അലിയെയും അടിമ സൈദ് ബ്‌നു ഹാരിസയെയുമാണ് പ്രബോധനം ചെയ്തത്. പിന്നീട് അടുത്ത ബന്ധുക്കളെയും കുടുംബക്കാരെയും ക്ഷണിക്കുകയുണ്ടായി… ‘ നിന്റെ അടുത്ത ബന്ധുക്കളെ നീ മുന്നറിയിപ്പ് നല്‍കുക’ഖുര്‍ആന്റെ ആഹ്വാനമാണ് ഇതിന് പ്രേരകമായിട്ടുള്ളത്. ഈ നടപടിക്രമങ്ങള്‍ പരിഗണിച്ച് പ്രവാചകന്‍ (സ) ചില കാര്യങ്ങള്‍ തന്റെ ജീവിതകാലത്ത് നിര്‍വഹിക്കുകയും ചെയ്തില്ല. ആഇശ(റ) വിവരിക്കുന്നു. ആഇശാ , നിന്റെ സമൂഹം ശിര്‍ക്കില്‍ നിന്ന് അടുത്ത് മോചിതരായ വിഭാഗമായിരുന്നില്ലെങ്കില്‍ കഅ്ബയെ പൊളിച്ച് അതിന്റെ കിഴക്കും പടിഞ്ഞാറും ഓരോ വാതിലുകള്‍ ഞാന്‍ വെക്കുമായിരുന്നു, കഅ്ബ നിര്‍മാണ വേളയില്‍ ഖുറൈശികള്‍ വെക്കാതിരുന്ന ആറുമുഴമുള്ള കല്ല് ഞാനതില്‍ ചേര്‍ത്തുവെക്കുമായിരുന്നു’ (മുസ്‌ലിം). ഹാഫിള് ഇബ്‌നു ഹജറ് വിവരിക്കുന്നു. ഖുറൈശികള്‍ കഅ്ബയെ വളരെയധികം ആദരിച്ചിരുന്നു. ഖുറൈശികള്‍ ഇസ്ലാം സ്വീകരിച്ച ഉടനെ പ്രവാചകന്‍ അതിനെ മാറ്റിപ്പണിയുകയാണെങ്കില്‍ അവര്‍ക്കതിന്മേലുള്ള അഭിമാനബോധത്തെ അത് വൃണപ്പെടുത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാല്‍ തന്നെ കുഴപ്പമുണ്ടാകുന്നത് തടയുക എന്നതിന്റെ ഭാഗമായി പ്രവാചകന്‍ ആ നീക്കം ഉപേക്ഷിച്ചു, ഒരു തിന്മ ഇല്ലാതാക്കുന്നതുമൂലം അതിനേക്കാള്‍ വലിയ ഒരു ഭവിഷത്ത് ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ അതുപേക്ഷിക്കേണ്ടതിന്റെ സാധുതയെ ഇത് ബോധ്യപ്പെടുത്തുന്നു.

മക്കയിലും മദീനയിലും തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രവാചകന്‍ ഈ ക്രമാനുഗതിത്വവും മുന്‍ഗണനാക്രമവും പാലിച്ചതായി കാണാം. ആദ്യമായി അടിസ്ഥാനങ്ങള്‍ വിവരിക്കുക, പിന്നീട് മുന്‍ഗണനാ ക്രമമനുസരിച്ച് ഓരോന്നും വിശദീകരിക്കുക, ഒടുവില്‍ ജനം അതിന് പര്യാപ്തമാകുമ്പോള്‍ അവ പ്രായോഗവല്‍ക്കരിക്കുക എന്ന നയമായിരുന്നു പ്രവാചകന്‍ (സ) സ്വീകരിച്ചിരുന്നത്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles