Current Date

Search
Close this search box.
Search
Close this search box.

മഴകാരണം നമസ്‌കാരം ജംഅ് ആക്കല്‍

namaz2.jpg

മഴയുള്ള സന്ദര്‍ഭത്തില്‍ മഗ്‌രിബിനൊപ്പം ഇശാഅ് മുന്തിച്ച് ജംആക്കല്‍ ഹമ്പലി, മാലികി മദ്ഹബുകളുടെ വീക്ഷണത്തില്‍ അനുവദനീയമാണ്. ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ ളുഹ്‌റും അസറും മുന്തിച്ച് ജംആക്കല്‍ (ളുഹ്‌റിന്റെ സമയത്ത് ളുഹ്‌റ് നാല് റക്അത്തും അസ്വര്‍ നാല് റക്അത്തും ഒരുമിച്ച് നമസ്‌കരിക്കുക) അനുവദനീയമാണ്. ഹനഫി മദ്ഹബിന്റെ വീക്ഷണത്തില്‍ മഴ കാരണം നമസ്‌കാരം ജംഅ് ആക്കാന്‍ അനുവാദമില്ല.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഹമ്പലി, മാലികി മദ്ഹബുകള്‍ തെളിവായി സ്വീകരിച്ചത്. ‘ഇബ്‌നു ഉമര്‍(റ) മഗരിബിന്റെയും ഇശാഇന്റെയും ഇടയില്‍ മഴയുള്ള സന്ദര്‍ഭത്തില്‍ ഭരണാധികാരികള്‍ ഒരുമിച്ചു കൂടിയാല്‍ അവരോടൊപ്പം ജംഅ് ആക്കാറുണ്ടായിരുന്നു. ശക്തമായ മഴയുള്ള രാത്രിയില്‍ ഇബ്‌നു ഉമര്‍(റ)വും അബ്ബാനു ബ്‌നു ഉസ്മാനും മഗ്‌രിബും ഇശാഉും ജംഅ് ആക്കി നമസകരിച്ചു. അവരോടൊപ്പം സഈദ് ബിന്‍ മുസയ്യബ്, ഉര്‍വതു ബിന്‍ സുബൈര്‍, അബൂ സലമ ബിന്‍ അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍ അ്ബ്ദുര്‍റഹ്മാന്‍, എന്നിവരും അന്നത്തെ പണ്ഡിതന്മാരും നമസ്‌കരിക്കുകയുണ്ടായി. ഒരാളും അതിനെ നിഷേധിക്കുകയുണ്ടായില്ല. (ബൈഹഖി)

മഴ കാരണമുള്ള ജംഅ് നമസ്‌കാരത്തെ ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഹമ്പലി, മാലികി മദ്ഹബുകള്‍ മഗരിബിലും ഇശാഇലും മാത്രം പരിമിതമാക്കി. ളുഹ്‌റ്, അസര്‍ എന്നീ നമസ്‌കാരങ്ങളെ അവരതിനോട് താരതമ്യപ്പെടുത്തിയില്ല. കാരണം മഴയുടെ പ്രയാസം പ്രധാനമായും നേരിടുക രാത്രി നമസ്‌കാരത്തിലാണ് എന്ന വീക്ഷണത്തിലാണ് പ്രസ്തുത നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ളുഹ്‌റ്, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നമസ്‌കരിക്കാം എന്നതിന് ‘നബി(സ) മദീനയില്‍ നിന്ന് ളുഹ്‌റും അസറും മഴയെ തുടര്‍ന്ന് ജംഅ് ആക്കി നമസ്‌കരിച്ചു’ എന്ന് അബ്ദുര്‍റാസിഖില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് ശാഫി മദ്ഹബുകാര്‍ തെളിവായി സ്വീകരിച്ചത്. എന്നാല്‍ ഈ ഹദീസിന് അടിസ്ഥാനമില്ല എന്നാണ് ജുബൈര്‍ തന്റെ തല്‍ഖീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം നമസ്‌കാരം ജംഅ് ആക്കാന്‍ ശരീഅത്ത് അനുമതി നല്‍കിയത് ജനങ്ങള്‍ക്ക് പ്രയാസം ലഘൂകരിക്കുക, എളുപ്പമാക്കുക എന്ന അടിസ്ഥാനത്തിലാണ്, അത് രാത്രി നമസ്‌കാരത്തിലും പകല്‍ നമസ്‌കാരത്തിലും കാണപ്പെടുമെന്നാണ് ശാഫിഇകള്‍ക്കുള്ള ന്യായം.

മുസദലിഫയിലും അറഫയിലുമല്ലാതെ യാത്രക്കാരനോ സ്ഥിരതാമസക്കാരനോ ഒരു നമസ്‌കാരവും ജംആക്കാന്‍ അനുവാദമില്ല എന്നാണ് ഹനഫി മദ്ഹബിന്റെ അഭിപ്രായം. ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഈ അഭിപ്രായത്തിന്നാധാരം. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘ജംഅില്‍ (മുസ്ദലിഫ)വച്ചല്ലാതെ പ്രവാചകന്‍(സ) ഒരു നമസ്‌കാരം അതിന്റേതല്ലാത്ത സമയത്ത് വെച്ച് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ജംഇല്‍ അഥവാ മുസ്ദലിഫയില്‍ വെച്ച് നബി(സ) മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിച്ചു’.

മഴകാരണം നമസ്‌കാരം ജംആക്കുന്നതിനുള്ള നിബന്ധനകള്‍
1. ശക്തമായ മഴയായിരിക്കുക: വസ്ത്രം നനയുകയും സഞ്ചാരം ദുഷ്‌കരമാവുകയും ചെയ്യുന്ന തരത്തിലുള്ള മഴയായിരിക്കണം. മഞ്ഞ്, കടുത്ത തണുപ്പ്, മലിനമായ മണ്ണ്, ശക്തമായ കാറ്റ് തുടങ്ങിയ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോഴാണ് ഇത് അനുവദനീയമെന്ന് ഹമ്പലി, മാലികി പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്.

2. തുടര്‍ച്ചയായ മഴ: രണ്ട് ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കിടയിലും ഒന്നാമത്തെ നമസ്‌കാരത്തില്‍ സലാം വീട്ടുന്ന സന്ദര്‍ഭത്തിലും മഴ നിലച്ചാല്‍ നമസ്‌കാരം ജംഅ് ആക്കല്‍ ഹമ്പലി, മാലികി, ശാഫിഈ മദ്ഹബ് പ്രകാരം അനുവദനീയമല്ല. ഒന്നാം നമസ്‌കാരത്തിനിടയില്‍ മഴ നിലക്കുകയും അല്‍പം കഴിഞ്ഞ് വീണ്ടും പെയ്യുകയുമാണെങ്കില്‍ ജംഅ് ആക്കി നമസ്‌കരിക്കാവുന്നതാണ്.

3. നമസ്‌കാരം പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വഹിക്കണം : ഈ ഇളവ് പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നവര്‍ക്കാണെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ വീക്ഷണം. ഒറ്റക്ക് നമസ്‌കരിക്കുകയാണെങ്കിലും കാരണമുള്ളവര്‍ക്ക് ജംആക്കല്‍ അനുവദനീയമാണെന്നാണ് മറ്റു ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. യാത്രക്കാരന് ഒറ്റക്ക് നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും ജംആക്കാവുന്നതാണ്.

4. മുന്തിച്ച് മാത്രം ജംആക്കുക : മഴകാരണമുള്ള ജംആക്കല്‍ മുന്തിച്ച് (ജംഅ് തഖ്ദീം) കൊണ്ട് മാത്രമേ നമസ്‌കരിക്കാന്‍ അനുവാദമുള്ളൂ എന്നാണ് ഹമ്പലികളുടെ അഭിപ്രായം. എന്നാല്‍ മഴ നിലച്ചാല്‍ ജമാഅത്തായി നമസ്‌കരിക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍ പിന്തിച്ചു നമസ്‌കരിക്കാമെന്നാണ് മാലികി ശാഫിഈ മദ്ഹബുകളുടെ അഭിപ്രായം. ജമാഅത്തിന്റെ കൂലി ലഭിക്കുക എന്നതാണ് ജംആക്കി നമസ്‌കരിക്കുന്നതിന്റെ പ്രയോജനം എന്നാണ് അവരുടെ അഭിപ്രായം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles