Current Date

Search
Close this search box.
Search
Close this search box.

മരങ്ങള്‍ കൂലിക്ക് കൊടുക്കുന്നതിന്റെ വിധി

rubber-tree.jpg

മരങ്ങളുടെ ഫലങ്ങളോ അതില്‍ നിന്നുള്ള പാലോ (ഉദാ: റബര്‍) പശയോ ഉപയോഗിക്കുന്നതിനായി കൂലിക്ക് നല്‍കുന്നത് (ഇജാറഃ) അനുവദനീയമല്ലെന്നാണ് ഭൂരിപക്ഷം കര്‍ശാസ്ത്ര പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. കാരണം, പ്രയോജനങ്ങളുടെ വില്‍പനയാണ് കൂലിക്ക് നല്‍കല്‍. വില്‍ക്കുന്നത് മരത്തിന്റെ ഫലമോ പാലോ ആകുമ്പോള്‍ വസ്തുവാണ് വില്‍പന ചരക്ക്; അതിന്റെ പ്രയോജനമല്ല. ”കൂലിക്കെടുത്ത വ്യക്തിക്കായിരിക്കും ഫലങ്ങള്‍ എന്ന അടിസ്ഥാനത്തില്‍ മരങ്ങള്‍ കൂലിക്ക് നല്‍കല്‍ അനുവദനീയമല്ല. പശുവിനെയോ ആടിനെയോ അവയുടെ പാലോ അവക്കുണ്ടാകുന്ന കുട്ടിയെയോ കൂലിക്കെടുത്തവന് നിശ്ചയിച്ചു കൊണ്ടുള്ള ഇടപാടും അപ്രകാരമാണെന്നാണ് സര്‍ഗസിയുടെ മുഹീത്വില്‍ കാണുന്നത്.”(1)

മാലികി മദ്ഹബിലെ പണ്ഡിതനായ ഇബ്‌നു ശാസ് പറയുന്നു: ”മരങ്ങള്‍ അവയുടെ ഫലങ്ങള്‍ക്ക് വേണ്ടിയും ആടിനെ അതിന്റെ കുട്ടിക്കും പാലിനും കമ്പിളിക്കും വേണ്ടിയും കൂലിക്ക് നല്‍കല്‍ സാധുവാകുകയില്ല. കാരണം ഒരു വസ്തു ഉണ്ടാകുന്നതിന് മുമ്പേ അതിനെ കച്ചവടം ചെയ്യുകയാണതില്‍.”(2)

മാലികി മദ്ഹബിലെ പണ്ഡിതനായ അദ്ദസൂഖി പറയുന്നു: ”മരങ്ങള്‍ വാടകക്ക് നല്‍കുന്നത് അനുവദനീയമല്ല. വസ്തുവിനെ ബോധപൂര്‍വം ഉപയോഗിച്ചു തീര്‍ക്കുകയാണ് ചെയ്യുന്നത്. ഫലമെടുക്കുന്നതിന് മരവും പാല്‍ എടുക്കുന്നതിന് ആടിനെയും വാടകക്ക് നല്‍കുന്ന ഇടപാടില്‍ അവയുടെ പ്രയോജനത്തെയല്ല വില്‍ക്കുന്നത്. മറിച്ച് വസ്തുവിനെയാണ് വില്‍ക്കുന്നത്.”(3)

വാടകക്ക്/ കൂലിക്ക് നല്‍കുന്ന വസ്തുവിന്റെ പ്രയോജനം സംബന്ധിച്ച ഉപാധികള്‍ വിവരിക്കുന്നിടത്ത് ശാഫിഈ മദ്ഹബിലെ പണ്ഡിതനായ ഇമാം അബൂഹാമിദുല്‍ ഗസാലി  പറയുന്നു: ”വസ്തുവിനെ ബോധപൂര്‍വം ഉപയോഗിച്ച് തീര്‍ക്കാതിരിക്കലാണ് അതിന്റെ രണ്ടാമത്തെ ഉപാധി. അതില്‍ മൂന്ന് വിഷയങ്ങളുണ്ട്:
ഒന്ന്, മരങ്ങള്‍ അവയുടെ ഫലങ്ങള്‍ക്ക് വേണ്ടിയും കാലികളെ അവയുടെ പാലിനോ രോമത്തിനോ അവയുടെ കുട്ടികള്‍ക്കോ വേണ്ടി വാടകക്ക് നല്‍കുന്നത് സാധുവാകില്ല. കാരണം, ഒരു വസ്തു ഉണ്ടാകുന്നതിന് മുമ്പ് അതിനെ വില്‍പന നടത്തുകയാണതില്‍.”(4)

ശാഫിഈ മദ്ഹബിലെ പണ്ഡിതനായ സൈനുദ്ദീന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍മലൈബാരി പറയുന്നു: ”തോട്ടം അതിലെ ഫലത്തിന് വേണ്ടി വാടകക്കെടുക്കുന്നത് സാധുവാകുകയില്ല. കാരണം വാടകയിടപാട് വസ്തുവിന്റെ ഉടമാവകാശം നല്‍കുന്നില്ല. ഫലത്തിന് വേണ്ടി മരങ്ങള്‍ കൂലിക്ക് കൊടുക്കല്‍ സാധുവാകുമെന്ന് തഖിയ്യുസ്സുബ്കി അദ്ദേഹത്തിന്റെ അവസാന കാലത്ത് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മകന്‍ താജുദ്ദീന്‍ അസ്സുബ്കി തൗശീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. വെള്ളം ആവശ്യാര്‍ഥം തോടും കിണറും കൂലിക്ക് കൊടുക്കുന്നത് സാധുവാകുമെന്നും അവര്‍ പറഞ്ഞിരിക്കുന്നു.” (5)

ഹമ്പലീ മദ്ഹബിന്റെ പണ്ഡിതനായ ശംസുദ്ദീന്‍ ഇബ്‌നു ഖുദാമ പറയുന്നു: ”അഞ്ച് നിബന്ധനകളോടു കൂടിയല്ലാതെ കൂലിക്ക് കൊടുക്കല്‍ ശരിയാവില്ല. ഒന്ന്, വസ്തുവിന്റെ പ്രയോജനത്തിന്‍മേലായിരിക്കണം ഇടപാട്; വസ്തുവിന്റെ ഭാഗത്തിന്‍മേലല്ല. കാരണം, കൂലിക്ക്‌കൊടുക്കല്‍ പ്രയോജനം വില്‍ക്കലാണ്. എന്നാല്‍ അതിന്റെ ഭാഗങ്ങള്‍ കൂലിക്ക്‌കൊടുക്കലില്‍ ഉള്‍പ്പെടുകയില്ല. അതുകൊണ്ടു തന്നെ ആഹരിക്കാനായി ഭക്ഷണവും കത്തിക്കാനായി മെഴുകുതിരിയും കൂലിക്ക് കൊടുക്കുന്നത് സാധുവാകില്ല. ആ വസ്തുവിന് തേയ്മാനം വരുത്തികൊണ്ടല്ലാതെ അതിന്റെ പ്രയോജനം എടുക്കാനാവില്ലെന്നതാണ് കാരണം. അതുകൊണ്ട് അത് കൂലിക്ക് കൊടുക്കുന്നത് അനുവദനീയമല്ല….. പിന്നീട് അദ്ദേഹം പറഞ്ഞു: മൃഗത്തെ അതിന്റെ പാലെടുക്കുന്നതിന് വേണ്ടി വാടകക്ക് നല്‍കുന്നത് അനുവദനീയമല്ല. പാലെടുക്കുന്നതിന് വേണ്ടിയോ കാലികളുടെ കുട്ടികളെ മുലയൂട്ടുന്നതിന് വേണ്ടിയോ ഒട്ടകം, പശു, ആട് എന്നിവയെ വാടകക്കെടുക്കുന്നത് അതിനുദാഹരണമാണ്. അവയുടെ രോമമോ കമ്പിളിയോ എടുക്കുന്നതിന് വേണ്ടിയാണെങ്കിലും അനുവദനീയമല്ല. മരത്തില്‍ നിന്നുള്ള ഫലമോ അതിന്റെ ഭാഗമായ മറ്റെന്തെങ്കിലും വസ്തുക്കളോ എടുക്കുന്നതിനായി മരം കൂലിക്ക് കൊടുക്കുന്നതും അനുവദനീയമല്ല.” (6)

അതിന്റെ പ്രയോജനത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന അജ്ഞതയും വഞ്ചനക്കുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് ഈ ഇടപാട് തടഞ്ഞിരിക്കുന്നത്. ഇടപാടുകളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണത്. ഒരു മരത്തില്‍ നിന്ന് എത്ര പാല്‍ ലഭിക്കുമെന്നത് അറിയുകയില്ല. മാത്രമല്ല, അതില്‍ നിന്ന് പാല്‍ അല്ലെങ്കില്‍ പശ ലഭിക്കുമെന്നത് പോലും ഉറപ്പിച്ച് പറയാനാവില്ല.

ഇത് അനുവദനീയമാക്കിയ കര്‍മശാസ്ത്രജ്ഞര്‍
മുമ്പ് ഇബ്‌നു തൈമിയയും ഇബ്‌നുല്‍ ഖയ്യിമും തഖിയുസ്സുബ്കിയും ഇത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടത് പോലെ ചില ആധുനിക കര്‍മശാസ്ത്ര പണ്ഡിതന്‍മാരും ഇത് അനുവദനീയമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാട്ടുനടപ്പുകളുടെയും രീതികളുടെയും അടിസ്ഥാനത്തിലും മാനുഷിക ആവശ്യങ്ങള്‍ പരിഗണിച്ചും ഈ അഭിപ്രായത്തിനാണ് ഞാന്‍ മുന്‍ഗണന കല്‍പിക്കുന്നത്.

കാരണം, ഇത്തരം ഇടപാടുകളില്‍ നിര്‍ണിതമായ ഒരു വസ്തുവിന് മേലാണത് നടക്കുന്നത്. മരം നിലവില്‍ ഉള്ളതും അതില്‍ നിന്ന് എത്ര ഫലം ലഭിക്കും അല്ലെങ്കില്‍ എത്ര പാല്‍ ലഭിക്കുമെന്നുള്ളതും അതിന് നേരിട്ടേക്കാവുന്ന ബാഹ്യമായ വിപത്തുകളെ സംബന്ധിച്ചും പൊതുധാരണകളുമുണ്ട്. ഓരോ മരത്തില്‍ നിന്നും എത്ര പാല്‍ ലഭിക്കും അല്ലെങ്കില്‍ എത്ര ഫലം ലഭിക്കുമെന്നത് ആ രംഗത്ത് വിദഗ്ദരായിട്ടുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും. അതുകൊണ്ടു തന്നെ അനുവദനീയമാക്കപ്പെട്ട മറ്റ് ഇടപാടുകളില്‍ കടന്നു വരാന്‍ സാധ്യതയുള്ളതില്‍ കവിഞ്ഞ വഞ്ചനയൊന്നും ഇതിലും വരുന്നില്ല.

വിവ: നസീഫ്‌

………
1.الهندية 4 / 442 ، بيروت ، دار الفكر ، 1411هـ – 1991م
2.محمد عليش المالكي ، منح الجليل شرح على مختصر سيد خليل 7 / 494 ، بيروت ، دار الفكر ، 1409هـ – 1989م
3.الدسوقي المالكي  4 / 20 ، بيروت ، دار الفكر
4.الغزالي ، الوسيط 4 / 157 ، القاهرة ، دار السلام ، 1417 هـ
5.المليباري ، فتح المعين بشرح قرة العين 3 / 114 ، بيروت ، دار الفكر
6.ابن قدامة ، الشرح الكبير 6 / 34 – 35 ، مصر ، مطبعة المنار

Related Articles