Current Date

Search
Close this search box.
Search
Close this search box.

ബാങ്കിനും ഇഖാമത്തിനും മുമ്പായി സ്വലാത്ത് സുന്നത്തുണ്ടോ?

azan-iqama.jpg

ബാങ്കിനും ഇഖാമത്തിനും മുമ്പായി പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലുന്ന രീതി നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. പില്‍ക്കാല ശാഫിഈ പണ്ഡിതരില്‍ ചിലര്‍ അത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പറയുന്നു: ഇമാം നവവി ശര്‍ഹുല്‍ വജീസില്‍ പറഞ്ഞതനുസരിച്ച് ഇഖാമത്തിന്റെ മുമ്പ് നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. ശൈഖുനാ ഇബ്‌നു സിയാദ് ഇതിനെ പ്രബലമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാങ്കിന്റെ മുമ്പുള്ള സ്വലാത്തിന്റെ വിഷയത്തില്‍ ഞാന്‍ യാതൊരു തെളിവും കണ്ടിട്ടില്ലെന്നാണ് ഇബ്‌നു സിയാദ് പറഞ്ഞത്. പക്ഷേ രണ്ടിന്റെയും മുമ്പ് സ്വലാത്ത് സുന്നത്തുണ്ടെന്ന് ശൈഖുല്‍ ബകരീ പറയുന്നു (ഫത്ഹുല്‍ മുഈന്‍).

എന്നാല്‍ ഇമാം നവവി ഇപ്രകാരം പറഞ്ഞു എന്നതിനെ നിരാകരിക്കുന്ന ചില പണ്ഡിതരുടെ പ്രസ്താവനകള്‍ നിഹായതുല്‍ മുഹ്താജ് എന്ന കൃതിയുടെ ഹാശിയയില്‍ ശൈഖ് അലിയ്യുശ്ശിബ്‌റാമുല്ലസി ഉദ്ധരിക്കുന്നുണ്ട്. ത്വബ്‌റാനി രേഖപ്പെടുത്തിയ ഒരു രിവായത്താണ് ഇഖാമത്തിന് മുമ്പ് സ്വലാത്ത് സുന്നത്തുണ്ടെന്ന വാദത്തിന് തെളിവായി സമര്‍പ്പിക്കാറുള്ളത്. അതിങ്ങനെയാണ്:

عن أبي هريرة رضي الله عنه قال : كان بلال إذا أراد أن يقيم الصلاة قال : السلام عليك أيها النبي ورحمة الله وبركاته ، الصلاة رحمك الله (المعجم الوسيط)

ഇതിന്റെ സനദിലുള്ള അബ്ദുല്ലാഹിബ്‌നു മുഹമ്മദുബ്‌നുല്‍ മുഗീറ അങ്ങേയറ്റം ദുര്‍ബലനാണ്. വ്യാജരിവായത്തുകള്‍ ഉദ്ധരിക്കുന്ന ആളാണ് അദ്ദേഹം. ലിസാനുല്‍ മീസാനില്‍ ഹദീസ് പണ്ഡിതര്‍ ഇക്കാര്യം സ്പഷ്ടമാക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്തവ ഉദ്ധരിക്കുന്ന ആള്‍ എന്നാണ് അദ്ദുഅഫാഇല്‍ ഉഖൈലി അദ്ദേഹത്തെ കുറിച്ച് പറയുന്നത്.

ഈ രിവായത്ത് പ്രബലമാണെന്ന് സങ്കല്‍പിക്കുകയാണെങ്കില്‍ തന്നെ, വീട്ടിലുള്ള പ്രവാചകനെ നമസ്‌കാര സമയമായി, ഞാന്‍ ഇഖാമത്ത് കൊടുക്കാന്‍ പോവുകയാണ് എന്ന് അറിയിക്കുകയാണ് ബിലാല്‍ ചെയതത് എന്നാണ് മനസിലാവുന്നത്. ഹദീസിലെ വാചകങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. ഇഖാമത്തിന് മുമ്പ് പ്രവാചകന്റെ മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തില്ല എന്നര്‍ഥം.

ശാഫിഈ പണ്ഡിതനായ ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയോട് ഒരാള്‍ ചോദിച്ചു: ഇഖാമത്തിന്റെ മുമ്പ് പ്രവാചകന്റെ പേരില്‍ സ്വലാത്തും സലാമും ചൊല്ലല്‍ അഭികാമ്യമാണെന്ന് ആരെങ്കിലും പ്രസ്താവിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഇഖാമത്തിന്റെ മുമ്പ് അങ്ങനെയൊരു സുന്നത്തുള്ളതായി ആരെങ്കിലും പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല. ബാങ്കിനും ഇഖാമത്തിനും ശേഷം അങ്ങനെയൊരു സുന്നത്തുണ്ടെന്നാണ് നമ്മുടെ ഇമാമുമാര്‍ പറഞ്ഞിട്ടുള്ളത്….. ബാങ്കിന് മുമ്പ് അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകളും ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ ഇമാമുമാരില്‍ ആരെങ്കിലും അങ്ങനെ പറഞ്ഞതായും കണ്ടിട്ടില്ല. അതിനാല്‍ ബാങ്കിനും ഇഖാമത്തിനും മുമ്പ് സ്വലാത്തും സലാമും ചൊല്ലല്‍ സുന്നത്തില്ല. അങ്ങനെയൊരു സുന്നത്തുണ്ടെന്ന് വിചാരിച്ചുകൊണ്ട് ആരെങ്കിലും അത് ചെയ്താല്‍ അവനെ അതില്‍ നിന്ന് വിലക്കണം. കാരണം തെളിവില്ലാതെ നിയമം ആവിഷ്‌കരിക്കലാണത്. (അല്‍ഫതാവാ അല്‍ഫിഖ്ഹിയ്യ അല്‍ കുബ്‌റാ).

ഇഖാമത്ത് കൊടുക്കുന്നവനും അത് കേള്‍ക്കുന്നവരും ഇഖാമത്തിന് ശേഷം സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ടോ? ഭൂരിപക്ഷം ആളുകളും അത് അഭികാമ്യമാണെന്ന പക്ഷക്കാരാണ്. താഴെ പറയുന്ന ഹദീസാണ് അവരുടെ തെളിവ്:

عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ ) رواه مسلم (384)

അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം).

ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നു റജബ് പറയുന്നു: إِذَا سَمِعْتُمْ الْمُؤَذِّنَ എന്നതില്‍ ബാങ്കും ഇഖാമത്തും ഉള്‍പ്പെടും. കാരണം അവ രണ്ടും മുഅദ്ദിനില്‍ നിന്ന് പുറപ്പെടുന്ന, നമസ്‌കാരത്തിലേക്കുള്ള വിളിയാണ്. ചില സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളില്‍ നിന്ന് ഇത് വ്യക്തമാണെന്ന് പണ്ഡിതര്‍ പറയുന്നു. ഇബ്‌നുസ്സുന്നി ‘അമലുല്‍ യൗമി വല്ലൈല’ എന്ന കൃതിയില്‍ ഉദ്ധരിക്കുന്നു:

عن أبي هريرة ، رضي الله عنه : أنه كان يقول إذا سمع المؤذن يقيم : اللهم رب هذه الدعوة التامة ، وهذه الصلاة القائمة ، صل على محمد ، وآته سؤله يوم القيامة  (حديث رقم/105)

അബ്ദുര്‍റസ്സാഖ് തന്റെ അല്‍മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു:

عن أيوب وجابر الجعفي قالا : ” من قال عند الاقامة : اللهم ! رب هذه الدعوة التامة ، والصلاة القائمة ، أعط سيدنا محمدا الوسيلة ، وارفع له الدرجات ، حقت له الشفاعة على النبي صلى الله عليه وسلم “

ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ ജലാഉല്‍ അഫ്ഹാം എന്ന കൃതിയില്‍ الموطن السادس من مواطن الصلاة عليه : الصلاة عليه بعد إجابة المؤذن  وعند الاقامة എന്ന ഒരു അധ്യായം തന്നെ കാണാം. അബ്ദുല്ലാഹിബ്‌നു അംറിന്റെ ഹദീസും ചില അഥറുകളുമെല്ലാം അദ്ദേഹം അതില്‍ ചേര്‍ത്തിരിക്കുന്നു. ഹസനുല്‍ ബസ്വ്‌രി പറഞ്ഞതായി ഹസനുബ്‌നു അറഫയുടെ ഒരു നിവേദനവും അദ്ദേഹം ഉദ്ധരിക്കുന്നു. അതിങ്ങനെ:

إذا قال المؤذن : قد قامت الصلاة ، قال : اللهم رب هذه الدعوة الصادقة والصلاة القائمة ، صل على محمد عبدك ورسولك , وأبلغه درجة الوسيلة في الجنة , دخل في شفاعة محمد صلى الله عليه وسلم “

ഇബ്‌നു അബീശൈബ അല്‍മുസ്വന്നഫില്‍ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇഖാമത്ത് അതേപ്രകാരം ഏറ്റുപറയല്‍ മുസ്തഹബ്ബല്ല എന്നാണ് ഹനഫീ, മാലികീ മദ്ഹബുകളിലെ ചിലരുടെ പക്ഷം. ആധുനി പണ്ഡിതരില്‍ ഇബ്‌നു ബാസ് ഇഖാമത്ത് ഏറ്റു പറയല്‍ അഭികാമ്യമാണെന്ന് പറയുമ്പോള്‍ ഇബ്‌നു ഉഥൈമീന്‍ മറുപക്ഷത്താണ് നിലകൊള്ളുന്നത്. ഇഖാമത്ത് ഏറ്റുപറയണമെന്ന് പഠിപ്പിക്കുന്ന സ്വഹീഹായ ഒരു ഹദീസുപോലും ഇല്ലെന്നും ഇവ്വിഷയകമായി അബൂദാവൂദ് ഉദ്ധരിച്ച ഹദീസ് ദുര്‍ബലമാണെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം.

ചുരുക്കത്തില്‍ ബാങ്കിനോ ഇഖാമത്തിനോ മുമ്പ് പ്രവാചകന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന് അടിസ്ഥാനമൊന്നുമില്ല. ബാങ്കിന് ശേഷം സ്വലാത്ത് ചൊല്ലുന്നതിനേ തെളിവുള്ളൂ. അതു തന്നെ ശബ്ദമുയര്‍ത്താതെ നിര്‍വഹിക്കുന്നതാണ് ഉത്തമം.

Related Articles