Current Date

Search
Close this search box.
Search
Close this search box.

ബലിപെരുന്നാള്‍ : ശ്രേഷ്ഠതയും ശ്രദ്ധിക്കേണ്ടതും

ബലിപെരുന്നാള്‍ വളരെ മഹത്വമേറിയ സുദിനമാണ്. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അറഫ ദിനത്തേക്കാള്‍ ശ്രേഷ്ടതയുണ്ടതിന്. പ്രവാചകന്‍ (സ) വിവരിച്ചു: അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്വമേറിയ ദിനങ്ങളാണ് പെരുന്നാള്‍ദിനവും മിനയില്‍ രാപ്പാര്‍ക്കുന്ന (യൗമുല്‍ ഖര്‍റ്) ദിനവും( അബൂദാവൂദ്). അല്ലാഹു ഈ ദിനങ്ങളെ കൊണ്ട് സത്യംചെയ്തത് കാണാം. ‘ഇരട്ടയും ഒറ്റയും സാക്ഷി'(അല്‍ഫജര്‍ 3). അല്ലാഹു സത്യം ചെയ്തതിലെ ഇരട്ടകൊണ്ട് ബലിപെരുന്നാള്‍ ദിനവും ഒറ്റകൊണ്ട് അറഫ ദിനവുമാണെന്ന് ഇബ്‌നു അബ്ബാസ് (റ)വിശദീകരിച്ചതായി കാണാം.
അറഫ ദിനം അല്‍ ഹജ്ജുല്‍ അക്ബര്‍ എന്നാണ് അറിയപ്പെടുന്നത്. കാരണം ഹജ്ജിലെ സുപ്രധാന കര്‍മങ്ങളെല്ലാം നടക്കുന്നത് പ്രസ്തുത ദിവസമാണ്. ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്ന് മിനയിലേക്ക് പുറപ്പെടുന്നതും തലമുണ്ഡനം ചെയ്യുന്നതും ബലി അറുക്കുന്നതും ത്വവാഫുല്‍ ഇഫാദയും നിര്‍വഹിച്ച് മിനയില്‍ രാപാര്‍ക്കാന്‍ വേണ്ടി പോകുന്നതും പ്രസ്തുത ദിനത്തിലാണ്.

ബലിപെരുന്നാളിനോടൊപ്പം പ്രാധാന്യമുള്ള ദിനങ്ങളാണ് പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്ന് ദിനങ്ങളായ അയ്യാമുത്തശരീഖും. പ്രസ്തുത ദിനങ്ങളില്‍ അല്ലാഹുവിനെ കൂടുതലായി സ്മരിക്കുവാനായി ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. ഇബ്‌നു അബ്ബാസ് (റ)വിവരിക്കുന്നു : അറിയപ്പെട്ട ദിനങ്ങള്‍(അയ്യാമുന്‍ മഅ്‌ലൂമാത്ത്) എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ദുല്‍ഹജ്ജിലെ ആദ്യ പത്തുദിനങ്ങളും എണ്ണപ്പെട്ട ദിനങ്ങള്‍ (അയ്യാമുന്‍ മഅ്ദൂദാത്ത്) എന്നുപറഞ്ഞത് അയ്യാമുത്തശരീഖുമാണ്.

പെരുന്നാള്‍ കഴിഞ്ഞിട്ടുള്ള മൂന്ന് ദിനങ്ങളാണ് അയ്യാമുത്തശരീഖ് എന്നറിയപ്പെടുന്നത്. അയ്യാമുത്തശരീഖ് അന്നപാനീയങ്ങള്‍ കഴിക്കുന്നതിന്റെയും ദൈവസ്മരണയുടെയും ദിനങ്ങളാണെന്ന് പ്രവാചകന്‍(സ) വിശദീകരിക്കുകയുണ്ടായി. ഹിജ്‌റ ഒമ്പതാം വര്‍ഷം ഹജ്ജ് സീസണില്‍ ഹജ്ജ് അമീറായ അബൂബക്കറിന്റെയടുത്ത് അലി(റ) അയച്ചുകൊണ്ട് തൗബ അധ്യായത്തിലെ 3-ാം സൂക്തം പാരായണം ചെയ്യാന്‍ വേണ്ടി ആവശ്യപ്പെട്ടു. ‘
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹുവും അവന്റെ ദൂതനും നല്‍കുന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല’. അലി(റ)യും അബൂഹുറൈറ(റ)യും മിനയില്‍ വെച്ച് ഇത് പാരായണം ചെയ്തു. പ്രവാചകന്‍ പറഞ്ഞു ‘ഈ വര്‍ഷത്തിന് ശേഷം ബഹുദൈവാരാധകര്‍ ഹജ്ജ് ചെയ്യാന്‍ വരരുത്. നഗ്നരായി കഅ്ബ ത്വവാഫ് ചെയ്യുകയും അരുത്’ (ബുഖാരി മുസ്‌ലിം)

പെരുന്നാള്‍ ദിവസത്തില്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍  
– സഹാബികള്‍ പരസ്പരം ആശിര്‍വദിച്ചതുപോലെ സഹോദരങ്ങളെ കാണുമ്പോള്‍ ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും സല്‍കര്‍മങ്ങള്‍ സ്വീകരിക്കട്ടെ എന്ന് ആശംസിക്കുക.

– വീടും ഇടവഴികളും അങ്ങാടികളുമെല്ലാം തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാക്കുക. പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്നാമത്തെ ദിനത്തിലെ അസര്‍ നമസ്‌കാരം വരെ എല്ലാ നമസ്‌കാരശേഷവും ഈ തക്ബീര്‍ തുടര്‍ത്തുക.
ഇമാം അഹ്മദ് വിവരിക്കുന്നു :  സത്രീകള്‍ക്ക് വീട്ടില്‍വെച്ച് ഒറ്റക്കോ ജമാഅത്തായോ നമസ്‌കരിച്ചതിനു ശേഷവും ഈ തക്ബീര്‍ ചൊല്ലാവുന്നതാണ്.

– അല്ലാഹുവിനോടുള്ള നന്ദിസൂചകമായി ഉദ്ഹിയ്യത്തില്‍ ഭാഗവാക്കാകുക. ഈ സുദിനത്തില്‍ വളരെയേറെ പുണ്യമുള്ള കര്‍മമാണ് ബലിയും കുടുംബ ബന്ധം ചേര്‍ക്കലും. അയ്യാമുത്തശരീഖിന്റെ മൂന്ന് ദിവസങ്ങളിലും അറുക്കാവുന്നതാണ്.
പെരുന്നാള്‍ ദിനത്തില്‍ ഇത്തരം ഇബാദത്തുകളെ കുറിച്ച് മിക്കവരും അശ്രദ്ധരാണ്. ജനങ്ങള്‍ അശ്രദ്ധയിലാണ്ട സമയത്ത് ഇബാദത്തനുഷ്ടിക്കുന്നവര്‍ക്ക് ദൈവമാര്‍ഗത്തില്‍ ഹിജ്‌റ പോകുന്നതുപോലെയാണെന്ന് പ്രവാചകന്‍ വ്യക്തമാക്കിയതായി കാണാം.

– നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിച്ചാല്‍ ഏറ്റവും പ്രതിഫലാര്‍ഹമായ നമസ്‌കാരമാണ് അന്തിയാമങ്ങളിലുള്ള നമസ്‌കാരം. അപ്രകാരം തന്നെ നിഷ്‌കളങ്കമായ പശ്ചാത്താപം. നന്മയില്‍ മുന്നേറാനുള്ള പ്രതിജ്ഞയും വളരെ മഹത്തരമായ കര്‍മമാണ്. ഇതെല്ലാം അധികരിപ്പിക്കുക.

– പെരുന്നാള്‍ ദിനവും അയ്യാമുത്തശരീഖിന്റെ ദിനങ്ങളിലും നോമ്പനുഷ്ടിക്കല്‍ നിഷിദ്ധമാണ്. പ്രവാചകന്‍ പഠിപ്പിച്ചു : അയ്യാമുത്തശരീഖ് അന്നപാനീയങ്ങള്‍ കഴിക്കുന്നതിന്റെയും ദൈവസ്മരണയുടെയും ദിനങ്ങളാണ്.

– കുടുംബ ബന്ധം ചേര്‍ക്കുക, ദരിദ്രര്‍ക്കും അഗതികള്‍ക്കും ആഹാരമൂട്ടുക, കുടുംബക്കാര്‍ക്കിടയില്‍ ആനന്ദമുണ്ടാക്കുക തുടങ്ങിയ സല്‍കര്‍മങ്ങള്‍ക്കായി താല്‍പര്യമെടുക്കുക വളരെ അനിവാര്യമായ ദിനമാണ്.

– ഖബര്‍ സിയാറത്തിന് പ്രസതുത ദിനത്തില്‍ പ്രത്യേകതയൊന്നുമില്ല. പ്രവാചകനില്‍ നിന്നും അതിനുള്ള മാതൃക കാണുന്നില്ല. ഇത് സന്തോഷത്തിന്റെ ദിനമാണ് എന്ന സവിശേഷതയും കൂടി ഇതിനുണ്ട്.

– പാപങ്ങളിലും കുറ്റങ്ങളിലുമകപ്പെടുന്നതിനെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹുവിനെ അനുസരിക്കുകയും കരാര്‍ പുതുക്കുകയും ചെയ്യേണ്ട ദിനങ്ങളാണത്. ഞങ്ങളുടെ പെരുന്നാള്‍ ആരംഭിക്കുന്നത് ദൃഷ്ടികള്‍ താഴ്ത്തിക്കൊണ്ടാണെന്ന് സുഫയാനുസ്സൗരി പറഞ്ഞത് അതിനാലാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിനെ കുറിച്ചോര്‍ത്തു സന്തോഷിക്കും. എന്നാല്‍ അവിവേകി തന്റെ ആനന്ദത്തിലും ഇഛകളിലും അഭിരമിച്ചുകൊണ്ടാണ് സന്തോഷിക്കുക എന്ന് പൂര്‍വീക പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം.

– പെരുന്നാള്‍ ദിനത്തിലെ സുപ്രധാന കര്‍മമാണ് പെരുന്നാള്‍ നമസ്‌കാരം. നിന്റെ നാഥന് വേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക എന്ന് അല്ലാഹു പ്രത്യേകമായി അരുളിയതായി കാണാം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles