Current Date

Search
Close this search box.
Search
Close this search box.

പ്രസവ ശുശ്രൂഷക്ക് അമുസ്‌ലിം സ്ത്രീകളെ നിശ്ചയിക്കല്‍

homenurse.jpg

വീട്ടിലെ ജോലികള്‍ക്കും പ്രസവ ശുശ്രൂഷ പോലുള്ള കാര്യങ്ങള്‍ക്കും അമുസ്‌ലിം സ്ത്രീകളെ നിശ്ചയിക്കാന്‍ പറ്റുമോയെന്നുള്ളത് പലര്‍ക്കും സംശയമുള്ള ഒരു വിഷയമാണ്. മുസ്‌ലിം സ്ത്രീകളുടെ മുടി, മാറിടം പോലുള്ള നഗ്നതകള്‍ അമുസ്‌ലിം സ്ത്രീകള്‍ കാണാന്‍ പാടില്ലെന്നുള്ള തെറ്റിധാരണയില്‍ നിന്നാണ് അതുണ്ടാകുന്നത്.

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُوْلِي الإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

(നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌െ്രെതണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം- (24:31)) ഇതിലെ ‘നിസാഇഹിന്ന’ എന്നതു കൊണ്ടുദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്കിടയിലെ സ്ത്രീകള്‍ക്ക് എന്നാണെന്ന് ചില പണ്ഡിതന്‍മാര്‍ തെറ്റിധരിച്ചതാണ് ഇതിന് കാരണം. അതുകൊണ്ടുദ്ദേശിക്കുന്നത് സ്ത്രീ വര്‍ഗം എന്നാണെന്ന് ഇമാം റാസി അദ്ദേഹത്തിന്റെ തഫ്‌സീറുല്‍ കബീറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ എന്ന് പറഞ്ഞതിന് ശേഷം ലൈംഗികാസക്തിയില്ലാത്ത പുരുഷന്‍മാരെ കുറിച്ചാണ് ഈ ആയത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ക്ക് മുന്നില്‍ വരെ മുടി പോലുള്ള സ്ത്രീകളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താമെങ്കില്‍ അത്ര പോലും വികാരമില്ലാത്തവരായിരിക്കുമല്ലോ അമുസ്‌ലിം സ്ത്രീകള്‍.

ഇതിനെ എതിര്‍ക്കുന്നവര്‍ കാര്യമായി ഉന്നയിക്കുന്ന മറ്റൊരു ന്യായം അമുസ്‌ലിംകളായ സ്ത്രീകള്‍ മുസ്‌ലിം സ്ത്രീയുടെ ശരീര സൗന്ദര്യം അവരുടെ ഭര്‍ത്താക്കന്‍മാരുമായി പങ്കുവെക്കുമെന്നുള്ളതാണ്. ഇതാണ് ന്യായമെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ക്കും ബാധകമാണിത്. ഏഷണി, പരദൂഷണം പോലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലുമുണ്ട്. ജോലിക്കു നിര്‍ത്തുന്നവര്‍ വിശ്വസ്തരും സത്യസന്ധരുമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നബി(സ) ഹിജ്‌റ പോയ സന്ദര്‍ഭത്തില്‍ യാത്രചെയ്യാനുള്ള ഒട്ടകത്തെ തയ്യാറാക്കി കൊണ്ടുവരാനും വഴികാട്ടിയായും തെരെഞ്ഞെടുത്തത് അബ്ദുല്ലാഹ് ബിന്‍ ഉറൈഖിദ് എന്ന മുശ്‌രികിനെയായിരുന്നു. അയാള്‍ വിശ്വസ്തനും മദീനയിലേക്കുള്ള വഴി അറിയുന്നവനുമായിരുന്നു എന്നതാണ് അയാളെ തെരെഞ്ഞെടുത്തതിന് പിന്നിലെ കാരണം. വളരെ രഹസ്യമായി നടത്തിയ ഹിജ്‌റയിലെ പ്രധാനമായ ഒരു ഉത്തരവാദിത്വമാണ് അമുസ്‌ലിമിനെ ഏല്‍പിച്ചതെന്ന് ശ്രദ്ധേയമാണ്.

തയ്യാറാക്കിയത് : നസീഫ്‌

Related Articles