Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നയസമീപനങ്ങളുടെ രണ്ട് വശങ്ങള്‍

twoside.jpg

ശരീഅത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങള്‍ക്ക് പുറമെ പൊതുതത്വങ്ങളുടെ കൂട്ടത്തില്‍ പണ്ഡിതന്‍മാര്‍ എണ്ണിയ വേറെയും ചില കാര്യങ്ങളുണ്ട്. സഹിഷ്ണുത, അനായാസം, യുക്തി, പൊതുനന്മകള്‍, സഹകരണം, സഹവര്‍ത്തിത്വം, വിശ്വസ്തത, സേവനം, സംരക്ഷണം, തുടങ്ങിയ മാനുഷിക മൂല്യങ്ങളാണവ. അപ്രകാരം ആധുനിക കാലത്ത് നാഗരിക ഗുണങ്ങളായി കണക്കാക്കപ്പെടുന്ന ചില സാമൂഹ്യ മൂല്യങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നവയാണ്.

അതുകൊണ്ട് തന്നെ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് മടങ്ങുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് മേല്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ മൂല്യങ്ങളിലേക്കുമുള്ള മടക്കമാണ്. കാരണം ശരീഅത്ത് പരിരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മൂല്യങ്ങളാണ് അവയെല്ലാം. പ്രസ്തുത നന്മകള്‍ എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളാണ്. സ്ഥിരബുദ്ധിയുള്ള ഒരാളും അതിനെ നിരാകരിക്കുകയോ അതിനോട് വിയോജിക്കുകയോ ചെയ്യില്ല. മാത്രമല്ല, എല്ലാ മതദര്‍ശനങ്ങളിലും അംഗീകരിക്കപ്പെട്ട അടിസ്ഥാനങ്ങളാണവ. ഈ ആശയം ഇമാം ശാത്വിബി മറ്റൊരുതരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ‘പ്രാഥമിക വീക്ഷണത്തില്‍ തന്നെ ഇത്തരം കാര്യങ്ങളെ ശരിയായ ബുദ്ധി അംഗീകരിക്കുകയും എല്ലാ മതങ്ങളും തത്വശാസ്ത്രങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്യും. അതുപോലെ എല്ലാ രാഷ്ട്രീയ ശക്തികള്‍ക്കും ചിന്താസരണികള്‍ക്കും ഐക്യപ്പെടാന്‍ കഴിയുന്ന പൊതുഭൂമിക കൂടിയാണത്.’ ഇസ്‌ലാമിക ശരീഅത്തിലെ ഈ തലമാണ് ആധുനിക സാമൂഹിക – രാഷ്ട്രീയ മേഖലയില്‍ സഹകരണത്തിന്റെ മേച്ചില്‍പുറങ്ങള്‍ തേടുന്നത്. ശരീഅത്തിന്റെ ഈ മേഖലയില്‍ എല്ലാ അധികാര – രാഷ്ട്രീയ കക്ഷികള്‍ക്കും ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

പ്രവാചക ജീവിതത്തില്‍ നിന്ന് പിന്തുടരേണ്ടത് എന്തെല്ലാം?
ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്‌ലാമിക ശരീഅത്തിനെ പ്രയോഗവല്‍കരിക്കുമ്പോള്‍ ചില വസ്തുതകള്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. പ്രവാചകന്‍(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ നയപരമായ തീരുമാനങ്ങളും ക്രയവിക്രയങ്ങളും അതിന്റെയെല്ലാ വിശദാംശങ്ങളും നാം പിന്തുടരേണ്ടതുണ്ടോ? ഒരു നേതാവ് എന്ന നിലയില്‍ പ്രവാചകന്‍(സ) ചെയ്ത എല്ലാ കാര്യങ്ങളും പ്രയോഗവല്‍കരിക്കാന്‍ ഇന്ന് നാം ബാധ്യസ്ഥരാണോ?

നബി(സ)യുടെ പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും നയങ്ങളെയും രണ്ടായി വേര്‍തിരിക്കാവുന്നതാണ്. ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കാണിച്ചു തന്ന മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത അടിസ്ഥാനങ്ങളാണ് അവയില്‍ ഒന്നാമത്തേത്. ഈ കാര്യങ്ങള്‍ എല്ലാ കാലത്തും നിര്‍വഹിക്കാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇതിനാണ് ‘തശ്‌രീഈ’ (നിയമമാക്കിയിട്ടുള്ള) കാര്യങ്ങള്‍ എന്നു പറയുന്നത്. ഒരു നേതാവ് എന്ന നിലയില്‍ പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് രണ്ടാമത്തെ ഇനം. ഇതിനെ ‘ഗൈറ് തശ്‌രീഈ’ (നിയമമാക്കാത്ത) കാര്യങ്ങള്‍ എന്നു പറയുന്നു. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള നയങ്ങളാണത്. യുദ്ധം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ അന്നത്തെ സാഹചര്യമനുസരിച്ച് പ്രവാചകന്‍ സ്വീകരിച്ച നയ സമീപനങ്ങള്‍ എല്ലാ കാലത്തും അതേ രീതിയില്‍ പ്രയോഗവല്‍കരിക്കാന്‍ മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടിട്ടില്ല. പൊതുജീവിതവുമായി ബന്ധപ്പെട്ട ഇത്തരം മേഖലകളില്‍, മുകളില്‍ പറഞ്ഞ ശരീഅത്തിന്റെ ലക്ഷ്യങ്ങളുടെയും തത്വങ്ങളുടെയും പരിധിയില്‍ നിന്ന് കൊണ്ട് പുതിയ ഗവേഷണങ്ങള്‍ നടത്തി നിയമങ്ങള്‍ രൂപീകരിക്കാവുന്നതാണ്. അത് പോലെ പ്രവാചകന്‍ സ്വീകരിച്ച, വസ്ത്രധാരണം, അന്നപാനീയങ്ങള്‍, ചികിത്സാ രീതികള്‍, യാത്രാ മാധ്യമങ്ങള്‍, വീട്ടുപകരണങ്ങള്‍, കെട്ടിട നിര്‍മാണം, ഭംഗിയുടെ മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അപ്പടി പിന്തുടരേണ്ടവയല്ല. ഈ കാര്യങ്ങളിലെയും ശരീഅത്തിന് വിരുദ്ധമാവാത്ത പൂതിയ രീതികളും ആവിഷ്‌കാരങ്ങളും നിയമങ്ങളും രൂപീകരിക്കാവുന്നതാണ്. ഇതാണ് പ്രവാചക ജീവിതത്തിന്റെ രണ്ട് ഭാഗങ്ങള്‍. ഇത് പണ്ഡിതന്‍മാര്‍ നടത്തിയിട്ടുള്ള വിഭജനമാണ്.

ഈ വിഭജനത്തെ വിശദമായ രൂപത്തില്‍ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. നിയമമാക്കിയ ചില കാര്യങ്ങളെ കുറിച്ച് വളരെ വ്യക്തമായി തന്നെ നബി(സ) പറഞ്ഞിട്ടുണ്ട്. നമസ്‌കാരത്തിന്റെ രൂപം അതിന് ഉദാഹരണമാണ്. ‘ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതാണോ നിങ്ങള്‍ കണ്ടിട്ടുള്ളത് അതുപോലെ നിങ്ങളും നമസ്‌കരിക്കുക.’ ഹജ്ജിനെ കുറിച്ച് പറയുന്നു : ‘നിങ്ങളുടെ ഹജ്ജിന്റെ കര്‍മങ്ങള്‍ എന്നില്‍ നിന്ന് സ്വീകരിക്കുക.’ ആരാധനകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍(സ) സംസാരിച്ചത്. ഇത്തരം കാര്യങ്ങളെല്ലാം നിയമമാക്കിയ (തശ്‌രീഈ) കാര്യങ്ങളാണ്. നബി(സ) ചെയ്ത എല്ലാ കാര്യങ്ങളെ കുറിച്ചും ഇപ്രകാരം പറഞ്ഞിട്ടില്ല. ദൈനംദിന കാര്യങ്ങളില്‍ ചില പ്രത്യേകമായ ഇഷ്ടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ചില ഭക്ഷണ പദാര്‍ത്ഥങ്ങളോടും വസ്ത്രങ്ങളോടും പ്രവാചകന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കഴിക്കുന്നതേ നിങ്ങളും കഴിക്കാവൂ, ഞാന്‍ ധരിക്കുന്ന നിറമുള്ള വസ്ത്രം മാത്രമേ നിങ്ങള്‍ ധരിക്കാവൂ എന്നൊന്നും നബിതിരുമേനി(സ) കല്‍പിച്ചിട്ടില്ല. കാരണം അവയൊന്നും നിയമമാക്കിയ കാര്യങ്ങളുടെ കൂട്ടത്തില്‍ വരുന്നവയല്ല. മറിച്ച് അവയെല്ലാം മനുഷ്യപ്രകൃതിയുടെയും വ്യത്യസ്ത സാഹചര്യത്തിന്റെയും കാലത്തിന്റെയും മാറ്റത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. (തുടരും)

ശരീഅത്തിന്റെ പ്രാഥമിക താല്‍പര്യങ്ങള്‍
ഇസ്‌ലാമിക ശരീഅത്ത് ; അടിസ്ഥാനങ്ങളും മാധ്യമങ്ങളും

Related Articles