Current Date

Search
Close this search box.
Search
Close this search box.

പ്രബോധന പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണനാക്രമങ്ങള്‍

priority.jpg

പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്, പ്രധാനപ്പെട്ടത്, അത്ര പ്രധാനമല്ലാത്തവ എന്നിവ തിരിച്ചറിയേണ്ടത് വളരെ അനിവാര്യമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യുടെ വാക്കുകള്‍ ഇതിന് അടിവരയിടുന്നതാണ്. ‘ ഇസ്‌ലാമിലേക്ക് ആളുകള്‍ കൂടുതലായി വരുന്നതു വരെ സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച് സവിസ്തരം വിവരിക്കുന്ന സൂക്തങ്ങളാണ് അവതീര്‍ണമായത്. പിന്നീട് ഹലാലുകളെയും ഹറാമുകളെയും വിവരിക്കുന്ന സൂക്തങ്ങള്‍ അവതീര്‍ണമായി. തുടക്കത്തില്‍ തന്നെ നിങ്ങള്‍ കള്ളുകുടിക്കരുത് എന്ന സൂക്തം ഇറങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും കള്ള് ഉപേക്ഷിക്കുകയില്ല എന്ന് അവര്‍ പറയുമായിരുന്നു. വ്യഭിചരിക്കരുത് എന്ന് ആഹ്വാനം ചെയ്തിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല എന്നവര്‍ പറയുമായിരുന്നു.'(ബുഖാരി)

ഖുര്‍ആന്‍ അവതരണക്രമത്തിലെ യുക്തിയെ കുറിച്ചാണ് ഇവിടെ ആഇശ(റ) വിവരിക്കുന്നത്. ഖുര്‍ആനില്‍ പ്രഥമമായി ഇറങ്ങിയ സൂക്തങ്ങളില്‍ അടങ്ങിയിരുന്നത് ഏകദൈവത്വത്തിലേക്കുള്ള പ്രബോധനം, സത്യവിശ്വാസികള്‍ക്ക് ലഭ്യമാകുന്ന സ്വര്‍ഗത്തെ കുറിച്ച സുവിശേഷം, സത്യനിഷേധികള്‍ക്ക് നരകത്തെ കുറിച്ച മുന്നറിയിപ്പ് എന്നിവയായിരുന്നു. എന്നാല്‍ ജനങ്ങള്‍ അതിന് ഇണങ്ങിയപ്പോള്‍ പിന്നീട് വിധിവിലക്കുകള്‍ അവതീര്‍ണമായി.(ഫതഹുല്‍ ബാരി). അടിസ്ഥാനപരമായ കാര്യങ്ങളാണ് പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കേണ്ടത്. അത് സ്വീകരിക്കുകയും ഇണങ്ങുകയും ചെയ്യുമ്പോഴാണ് ശാഖാപരമായതും സങ്കീര്‍ണമായ കാര്യങ്ങള്‍ വിവരിക്കേണ്ടത്. പ്രവാചകന്‍ (സ) മക്കയില്‍ 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ആദര്‍ശവും ചില പ്രധാനപ്പെട്ട ആരാധനകളുമാണ് സമര്‍പ്പിച്ചത്. പിന്നീട് ശാഖാപരമായ വിഷയങ്ങളും സ്വഭാവസംസ്‌കരണ നിയമങ്ങളുമെല്ലാം പ്രബോധനം ചെയ്യുകയാണ് ചെയ്തത്. മുആദ് ബിന്‍ ജബലിനെ യമനിലേക്കയച്ചപ്പോള്‍ പ്രവാചകന്‍ വസിയ്യത്ത് ചെയ്തു. ‘വേദക്കാരില്‍ പെട്ട ഒരു വിഭാഗം നിന്റെയടുത്ത് വരും. അവരെ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലില്ലാഹ് എന്ന ആദര്‍ശത്തിലേക്ക് ക്ഷണിക്കുക. അതവര്‍ അനുസരിച്ചാല്‍ ദിനേന അഞ്ചു നമസ്‌കാരങ്ങള്‍ അല്ലാഹു നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയ വിവരം അറിയിക്കുക. അതിന് അവര്‍ വഴങ്ങിയാല്‍ സകാത്തിനെ കുറിച്ച് വിവരിച്ചുകൊടുക്കുക, അത് അവര്‍ നിര്‍വഹിക്കുന്ന പക്ഷം ഉല്‍കൃഷ്ട ധനത്തിന്റെ കാര്യത്തില്‍ നീ സൂക്ഷിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ഥനയെ നീ കരുതിയിരിക്കുക, തീര്‍ച്ചയായും അതിനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയുമില്ല.(മുസ്‌ലിം)

അബൂഹുറൈറ(റ)നിവേദനം ചെയ്യുന്ന ഹദീസില്‍ ഈ മുന്‍ഗണനാക്രമം വിവരിക്കുന്നതായി കാണാം. പ്രവാചകന്‍ പറഞ്ഞു: ഈമാന്‍ എഴുപതില്‍ പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവചനമാണ്. അതിന്റെ താഴ്ന്ന പടിയാണ് വഴിയില്‍ നിന്നും ഉപദ്രവങ്ങള്‍ നീക്കല്‍. ലജ്ജ ഈമാനിന്റെ ശാഖയാണ് (മുസ്‌ലിം) പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനക്രമം പാലിക്കുന്നതോടൊപ്പം ജനങ്ങളെ മടുപ്പിക്കാതിരിക്കാനും വെറുപ്പിക്കാതിരിക്കാനും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ശഖീഖില്‍ നിന്ന് നിവേദനം: ഞങ്ങള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ വീടിനു മുമ്പില്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഞങ്ങളുടെ അരികിലൂടെ യസീദ് ബിന്‍ മുആവിയ കടന്നുപോയി. ഞങ്ങള്‍ ഇവിടെയുള്ള കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ പറഞ്ഞു: അല്‍പം കഴിഞ്ഞു അബ്ദുല്ലാഹ് ബിന്‍ മസ്ഊദ് തിരിച്ചുവന്നു പറഞ്ഞു. നിങ്ങള്‍ ഇവിടെ ഇരിക്കുന്ന കാര്യം എന്നെ അറിയിച്ചിട്ടുണ്ട്. പക്ഷെ, നിങ്ങള്‍ക്ക് മടുപ്പുളവാകുന്നത് ഞാന്‍ വെറുക്കുന്നതിനാലാണ് നിങ്ങളുടെ അടുത്ത് വരാതെ നില്‍ക്കാന്‍ കാരണം. ഞങ്ങള്‍ക്ക് മടുപ്പുളവാകുന്നതിനെ വെറുക്കുന്നതിനാല്‍ പ്രവാചകന്‍(സ) ഊഴമിട്ട് ചില ദിവസങ്ങളില്‍ മാത്രമേ ഉപദേശങ്ങള്‍ നല്‍കിയിരുന്നുള്ളൂ’ (ബുഖാരി, മുസ്‌ലിം)

പുതുതായി ഇസ്‌ലാമിനെ പറ്റി മനസ്സിലാക്കാന്‍ വരുന്ന ആളുകള്‍ക്ക് പ്രവാചകന്‍(സ) പ്രത്യേക പരിഗണന നല്‍കിയിരുന്നു: അനസ് ബിന്‍ മാലിക്(റ) വിവരിക്കുന്നു. പ്രവാചകന്‍(സ) ചിലരുമായി സംസാരിച്ചുകൊണ്ടിരിക്കെ കാര്യങ്ങള്‍ ചോദിക്കുന്നത് ഞങ്ങള്‍ക്ക് വിലക്കിയിരുന്നു. ഗ്രാമീണരില്‍ പെട്ട ബുദ്ധിമാനായ ഒരാള്‍ നബിയുടെ അടുത്തുവന്നു സംസാരിക്കുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു: അദ്ദേഹം ചോദിക്കുന്നത് ഞങ്ങള്‍ ശ്രദ്ദാപൂര്‍വം കേട്ടിരുന്നു. മുഹമ്മദ്, നിന്റെ ഒരു ദൂതന്‍ ഞങ്ങളുടെ അടുത്ത് വന്നുകൊണ്ട് നീ അല്ലാഹുവിന്റെ ദൂതനാണെന്ന് പറയുന്നു. പ്രവാചകന്‍ അതെ സത്യമാണെന്ന് പ്രതികരിച്ചു. ആരാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. അല്ലാഹു എന്നുമറുപടി പറഞ്ഞു. ഈ പര്‍വതങ്ങളെ നാട്ടിനിര്‍ത്തുകയും അതിനിടയിലുള്ളതെല്ലാം സൃഷ്ടിച്ചതും ആരാണ്? അല്ലാഹു എന്നുപറഞ്ഞു. ഈ ആകാശവും ഭൂമിയും പര്‍വതവുമെല്ലാം സൃഷ്ടിച്ച അല്ലാഹുവാണോ താങ്കളെ അയച്ചിട്ടുള്ളത്? അതെ, എന്നു പ്രത്യുത്തരം ചെയ്തു. ദിനേന അഞ്ചു നമസ്‌കാരമുണ്ടെന്നും സകാത്തുണ്ടെന്നും റമദാന്‍ മാസം നോമ്പനുഷ്ടിക്കണമെന്നും നിന്റെ ദൂതന്‍ വാദിക്കുന്നു. പ്രവാചകന്‍ അതെ, എന്നു പറഞ്ഞു. നിന്നെ അയച്ച അല്ലാഹുവാണോ ഇതെല്ലാം കല്‍പിച്ചത് എന്ന ചോദ്യത്തിന് അതെ എന്നു പറഞ്ഞു. നിന്റെ ദൂതന്‍ ശേഷിയുള്ളവര്‍ ആയുസ്സിലൊരിക്കല്‍ ഹജ്ജ് ചെയ്യണമെന്ന് പറഞ്ഞല്ലോ. അത് സത്യമാണെന്ന് പ്രവാചകന്‍ പ്രതികരിച്ചു. താങ്കളെ സത്യസന്ദേശവുമായി നിയോഗിച്ചവനാണെ സത്യം, ഇതില്‍ കൂടുതലൊന്നും ഞാന്‍ ചെയ്യുകയില്ല, ഇതില്‍ കുറവ് വരുത്തുകയുമില്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അവിടെ നിന്നും പോയി. താങ്കള്‍ പറഞ്ഞത് സത്യമാണെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും എന്ന് പ്രവാചകന്‍ പറഞ്ഞു.(മുസ്‌ലിം)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles