Current Date

Search
Close this search box.
Search
Close this search box.

പരസ്പര സഹവര്‍ത്തിത്വം: വിശാലത എത്രവരെ ആവാം?

shakehand.jpg

വിവിധ മതവിഭാഗങ്ങളോടും ആശയക്കാരോടും വിട്ടുവീഴ്ച ചെയ്യുകയെന്നത് സാധാരണ ജീവിതത്തില്‍ അനിവാര്യമാണ്. എന്നാല്‍ എവിടെ, എപ്പോള്‍, എപ്രകാരമാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്ന് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതര വിഭാഗങ്ങളോടുള്ള വിട്ടുവീഴ്ചക്ക് ചില അടിസ്ഥാനങ്ങളുണ്ട്. അവയില്‍ ചിലതാണ് താഴെ ചേര്‍ക്കുന്നത്.

1) ജനങ്ങള്‍ വ്യത്യസ്ത മതക്കാരായത് അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമാണെന്നും അവന്റെ യുക്തിയുടെ ചില തേട്ടങ്ങള്‍ ജനങ്ങളില്‍ നടപ്പാക്കാനാണ് ഇതുണ്ടായതെന്നും ഒരു മുസ്‌ലിം വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും. നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ.’ (11:118,119) മനുഷ്യരുടെ ഭിന്നിപ്പ് എന്നത് സൃഷ്ടിപ്പില്‍ തന്നെ ഉള്ളതാണ്. കാരണം ഓരോരുത്തര്‍ക്കും ബുദ്ധിയും വിവേചനാധികാരവും അല്ലാഹു നല്‍കിയിട്ടുണ്ട്. അതിനര്‍ഥം ഓരോരുത്തര്‍ക്കും ചിന്തക്കും വിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ്. അല്ലാഹു ഇപ്രകാരമല്ല ഉദ്ദേശിച്ചിരുന്നതെങ്കില്‍ എല്ലാവരെയും ഒരേ പ്രകൃതിയോടെ സൃഷ്ടിക്കുമായിരുന്നു. മലക്കുകളെ പോലെ. അതായത് ജനങ്ങളെ വ്യത്യസ്ത മതക്കാരാക്കുകയെന്നത് അല്ലാഹുവിന്റെ ചര്യയാണെന്നാണ് ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്.

2) നിഷേധിയുടെ നിഷേധത്തിനും വഴിതെറ്റിയവന്റെ വഴികേടിനും വിചാരണ നേരിടേണ്ടത് ഈ ലോകത്തല്ല, പരലോകത്താണ്. അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇതാണ്. അല്ലാഹു പറയുന്നു: ‘അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.നിങ്ങള്‍ ഭിന്നിച്ചകന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും.
നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്.’ (അല്‍ഹജ്ജ്:68-70) അതുകൊണ്ടുതന്നെ ഈ ലോകത്ത് വിശ്വാസികള്‍ നിഷേധികളോടും വഴികേടിലായവരോടും വിട്ടുവീഴ്ച കാണിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കേണ്ടതില്ല. പരലോകത്ത് അല്ലാഹു ഇത്തരം കാര്യങ്ങളുടെ പേരില്‍ അവരെ വിചാരണചെയ്യും.

3) ഇസ്‌ലാം എല്ലാ മനുഷ്യരെയും ഒരുപോലെ ആദരിച്ചിട്ടുണ്ട്. അവര്‍ ഏത് മതക്കാരനാണെങ്കിലും ആദരണീയനാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ബുഖാരി ജാബിറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം: പ്രവാചകന്‍ ഒരു ജൂതന്റെ മൃതദേഹം കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നു. അതൊരു ജൂതന്റെ മൃതദേഹമാണെന്ന് പ്രവാചക ശിഷ്യന്‍മാര്‍ അറിയിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘അതൊരു മനുഷ്യാത്മാവല്ലേ!’ എല്ലാ മനുഷ്യര്‍ക്കും ആദരണീയതയുണ്ടെന്നാണ് പ്രവാചകന്‍ ഈ പെരുമാറ്റത്തിലൂടെ പഠിപ്പിക്കുന്നത്.

4) എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നീതി ലഭ്യമാക്കാനാണ് ഇസ്‌ലാം വന്നത്. മുസ്‌ലിങ്ങള്‍ക്ക് നീതി ലഭിക്കാനല്ല. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.’ ഈ അടിസ്ഥാനത്തിലായിരിക്കണം മുസ്‌ലിങ്ങള്‍ പൊതുജനങ്ങളോട് വര്‍ത്തിക്കേണ്ടത്. എതിരാളികളോടും സുഹൃത്തുകളോടും നീതിയുടെ അടിസ്ഥാനത്തില്‍ വര്‍ത്തിക്കണം. അതിനാലാണ് വേദക്കാരോട് നല്ലരീതിയില്‍ വര്‍ത്തിക്കണമെന്ന് അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ‘ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.’ (29:48)

വിട്ടുവീഴ്ചയുടെ നിബന്ധനകള്‍ :
വിവിധ മതങ്ങളോടുള്ള സംവാദത്തിലും അവരുടെ ആഘോഷങ്ങളിലെ പങ്കാളിത്തത്തിലും നാം വിട്ടുവീഴ്ചയും വിശാലതയും കാണിക്കേണ്ടതുണ്ട്. എന്നാല്‍ ഈ വിട്ടുവീഴ്ചയും വിശാലതയും ദീനിന്റെ എല്ലാ അടിത്തറകളും ചിഹ്നങ്ങളും തകര്‍ത്തുകളഞ്ഞല്ല ഉണ്ടാക്കേണ്ടത്. അതുകൊണ്ടുതന്നെ വിശാലമാകുന്നതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. സുപ്രധാനമായും രണ്ട് നിബന്ധനകളാണ് പരിഗണിക്കേണ്ടത്.
1) മതങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങള്‍ മറന്ന് അന്യമതങ്ങളുടെ സംസ്‌കാരത്തില്‍ ലയിച്ച് ചേരാന്‍ ഇടവരരുത്. ഇത് ഒരിക്കലും ഇസ്‌ലാം അനുവദിക്കുന്നില്ല.
2) മുസ്‌ലിങ്ങളുടെ മതചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലാകരുത് ഇത്തരം വിശാലത. കാരണം മുസ്‌ലിങ്ങള്‍ മാത്രമുള്ള നാട്ടില്‍ മറ്റുള്ളവരുടെ ആഘോഷങ്ങള്‍ കൊണ്ടാടേണ്ട അവസ്ഥ വരുന്നില്ല. അതുകൊണ്ടുതന്നെ ബഹുസ്വര സമൂഹത്തില്‍ മാത്രമാണ് ഇതിന് പ്രസക്തിയുള്ളത്. മാത്രമല്ല വിശാലതയുടെ പേരില്‍ മുസ്‌ലിങ്ങളുടെ നാട്ടില്‍ വന്ന് എന്ത് തോന്ന്യാസവും കാട്ടികൂട്ടാനുള്ള അവസരമായി ഇത് മാറരുത്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles