Current Date

Search
Close this search box.
Search
Close this search box.

ത്വാഹിര്‍ ബിന്‍ ആശൂര്‍… പ്രഗല്‍ഭനായ കര്‍മ്മശാസ്ത്ര വിശാരദന്‍

thahir.jpg

മുന്‍ തുനീഷ്യന്‍ പ്രസിഡണ്ട് ഹബീബ് ബൂര്‍ഖീബ ഉല്‍പാദനം വര്‍ദ്ദിപ്പിക്കാന്‍ വേണ്ടി തൊഴിലാളികളോട് നോമ്പ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അതിനനുയോജ്യമായ ഫത്‌വ റേഡിയോവിലൂടെ പ്രക്ഷേപണം ചെയ്യാന്‍ ശൈഖ് ത്വാഹിര്‍ ബിന്‍ ആശൂറിനോട് ആവശ്യപ്പെട്ടു. പക്ഷെ ശൈഖ് നോമ്പുമായി ബന്ധപ്പെട്ട സൂക്തം പാരായണം ചെയ്ത് അല്ലാഹുവിന്റെ കല്‍പന യഥാവിധം റേഡിയോവിലൂടെ വിശദീകരിച്ചു. അതിനു ശേഷം പറഞ്ഞു. ‘അല്ലാഹു പറഞ്ഞതാണ് സത്യം! ബോര്‍ഖീബ പറഞ്ഞതോ കളവും.’. ഈ സംഭവം 1961-ലായിരുന്നു.

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി പണ്ഡിതന്മാരുടെയും വിജ്ഞാനത്തിന്റെയും ഗോപുരമായി ഉയര്‍ന്നു നിന്നപ്പോള്‍ തുനീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി വിജ്ഞാനത്തിന്റെ ദീപസ്തംഭവും കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് ദിശാബോധമുള്ള പണ്ഡിതനേതൃത്വത്തെ വാര്‍ത്തെടുക്കുന്ന കേന്ദ്രവുമായി മാറി. ഒരു പുരഷായുസ്സ് മുഴുവന്‍ വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കരണ സംരംഭങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുകയും അരനൂറ്റാണ്ടിലേറെ തുനീഷ്യയിലെ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ധീരനായ പണ്ഡിതന്‍ മുഹമ്മദ് ത്വാഹിര്‍ ബിന്‍ ആശൂര്‍ അവരില്‍ പ്രമുഖനാണ്.

ത്വാഹിര്‍ ബിന്‍ ആശൂര്‍: വളര്‍ച്ചയും ജീവിതവും
ഹിജ്‌റ 1296-ല്‍ തുനീഷ്യയിലെ പുരാതന വൈജ്ഞാനിക കുടുംബത്തിലാണ് ജനിച്ചത്. സ്‌പെയിനിലെ മുസ്‌ലിങ്ങള്‍ ക്രൈസ്തവവല്‍ക്കരണത്തിനും കുറ്റവിചാരണക്കും വിധേയമായ സന്ദര്‍ഭത്തില്‍ തുനീഷ്യയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ് ഈ കുടുംബം.
വിശുദ്ധ ഖുര്‍ആനും ഫ്രഞ്ച് ഭാഷയും പഠിച്ചതിന് ശേഷം പതിനാലാം വയസ്സില്‍ സൈതുനിയ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. വൈകാതെ തന്നെ അദ്ദേഹത്തിന്റെ അസാധാരാണമായ ധിഷണാ വൈഭവം പ്രകടമായി. നാല് വര്‍ഷത്തെ പഠനത്തിന് ശേഷം ഈ പുരാതന യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി നിയമിതനായി. വൈകാതെ തന്നെ ഒന്നാം കിട അധ്യാപകരുടെ നിരയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മദ്‌റസതു സ്വാദിഖയില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. സൈതൂന യൂണിവേഴ്‌സിറ്റിയിലെ പാരമ്പര്യ പാഠ്യരീതിയും സ്വാദിഖയിലെ പുരോഗമനവും കാലികവുമായ പാഠ്യപദ്ധതിയും അദ്ധേഹത്തിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. രണ്ട് ചിന്താഗതികള്‍ക്കിടയിലുള്ള വിടവ് നികത്തുന്നതിന്റെ അനിവാര്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തുനീഷ്യന്‍ സമൂഹത്തിന്റെ സാംസ്‌കാരികവും ധൈഷണികവുമായ രണ്ട് മേഖലകളെയാണ് അത് പ്രതിനിധീകരിച്ചത്. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ‘അലൈസ സ്സുബ്ഹു ബി ഖരീബ്’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ആഗോള തലത്തിലും ഇസ്‌ലാമിക സമൂഹത്തിലും നടന്നു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെ വിലയിരുത്തുന്ന സമഗ്രവും ചരിത്രപരവും നാഗരികവുമായ കാഴ്ചപ്പാടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സയ്യിദ് റശീദ് രിദായുമായി സുദൃഢമായ ഹൃദയ ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. മജല്ലതുല്‍ മനാറില്‍ ഇബ്‌നു ആശൂര്‍ എന്ന പേരില്‍ അദ്ദേഹം സ്ഥിരമായി എഴുതിയിരുന്നു.

ത്വാഹിര്‍ ബിന്‍ ആശൂറിന്റെ പരിഷ്‌കാരങ്ങള്‍
1907-ല്‍ സൈതൂന യൂണിവേഴ്‌സിറ്റിയുടെ വൈജ്ഞാനിക വിഭാഗം മേധാവിയായി ത്വാഹിര്‍ ബിന്‍ ആശൂര്‍ നിയമിക്കപ്പെട്ടു. തന്റെ വൈജ്ഞാനികമായ പുരോഗമന കാഴ്ചപ്പാടുകള്‍ പ്രായോഗികവല്‍ക്കരിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസപരമായ പരിഷ്‌കാരങ്ങളുടെ രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയും അവയില്‍ ചിലത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. അറബി ഭാഷാപരമായ ചില വിജ്ഞാനീയങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. പ്രാഥമിക ഘട്ടത്തില്‍ വ്യാകരണശാസ്ത്രവും ഭാഷാ സാഹിത്യവും കൂടുതലായി പഠിപ്പിച്ചു. അബൂതമാമിന്റെ ദീവാനുല്‍ ഹമാസയുടെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ പഠിപ്പിച്ചു. ലോകത്തെവിടെയാണെങ്കിലും ജീവിത വ്യവസ്ഥയുടെ പരിവര്‍ത്തനം സാധ്യമാകുന്നത് ധൈഷണിക മൂല്യങ്ങളുടെയും ചിന്തകളുടെയും കൈമാറ്റത്തിലൂടെയാണ്. അത് വിദ്യാഭ്യാസ ശൈലികളുടെ പരിവര്‍ത്തനവും ആവശ്യപ്പെടുന്നു. ഈജിപ്തിലെ അല്‍അസ്ഹര്‍ ചെയ്യുന്നതു പോലെ തുനീഷ്യയിലെ വലിയ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പ്രാഥമിക വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വലിയ ചില പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഇസ്‌ലാമിക വിദ്യാഭ്യാസത്തെ ബാധിച്ച വിടവുകളുടെയും കുഴപ്പങ്ങളുടെയും പ്രധാന കാരണം അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ അധ്യാപകരുടെയും കരിക്കുലം രൂപപ്പെടുത്തുന്നവരുടെയും നിലവിലെ വ്യവസ്ഥയുടെയും തകരാറാണ്. അതിനാല്‍ തന്നെ വിജ്ഞാനങ്ങളുടെയും സിലബസിന്റെയും പരിഷ്‌കരണത്തിന് അദ്ദേഹം പ്രഥമ പരിഗണന നല്‍കുകയുണ്ടായി.
1910-ല്‍ സൈതുന യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ രണ്ടു വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയില്‍ അംഗമായി ഇബ്‌നു ആശൂറ തെരഞ്ഞെടുക്കപ്പെട്ടു. 1932-ല്‍ സൈതൂനയിലെ മുഫ്തിയും മാലികി മദ്ഹബിന്റെ ഔദ്യോഗിക മുഫ്തിയായും തെരഞ്ഞടുക്കപ്പെട്ടു. ഈ രണ്ടു സ്ഥാനങ്ങള്‍ ഒരേ സമയം ചുമതലയേല്‍പിക്കപ്പെട്ട സൈതൂനയിലെ പ്രഥമ മുഫ്തിയായിരുന്നു അദ്ദേഹം. സൈതൂനയിലെ പരിഷ്‌കരണ സംരംഭങ്ങള്‍ക്കു മുമ്പിലുണ്ടായ പ്രതിബന്ധങ്ങള്‍ കാരണം ഒന്നര വര്‍ഷത്തിന് ശേഷം അദ്ദേഹം ആ സ്ഥാനം രാജിവെച്ചു. 1945-ല്‍ വീണ്ടും അവിടത്തന്നെ മുഫ്തിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ അവസരത്തില്‍ അദ്ദേഹം സൈതൂനയിലെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വലിയ പരിഷ്‌കരണങ്ങള്‍ വരുത്തുകയുണ്ടായി. ഈ കാലയളവില്‍ സൈതൂനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. സൈതൂനയിലെ വിദ്യാഭ്യാസത്തില്‍ അറബി ഭാഷയുടെയും ഇസ്‌ലാമിക ശരീഅത്തിന്റെയും വര്‍ണ്ണം നല്‍കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. അപ്രകാരം വൈജ്ഞാനിക കഴിവുകള്‍ പരിപോഷിപ്പിക്കാനുതകുന്ന പുസ്തകങ്ങള്‍ അവിടത്തെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയുണ്ടായി. ആശയങ്ങള്‍ ഗ്രഹാക്കാനുതകുന്ന രീതിയില്‍ പ്രായോഗികമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ മുന്‍ഗണന നല്‍കുകയും ഉരുവിട്ടു പഠിക്കുന്നതും പ്രസംഗ രൂപത്തിലുള്ളതുമായ ക്ലാസുകള്‍ പരമാവധി കുറക്കുകയും ചെയ്തു. തുനീഷ്യയുടെ സ്വാതന്ത്ര്യത്തെ തുടര്‍ന്നു 1956-ല്‍ സൈതൂന യൂണിവേഴ്‌സിറ്റിയുടെ നേതൃത്വം അദ്ദേഹത്തെ ഏല്‍പിക്കപ്പെടുകയുണ്ടായി.

അത്തഹ്‌രീറു വത്തന്‍വീര്‍:
ത്വാഹിര്‍ ബിന്‍ ആശൂര്‍ നവോത്ഥാന നായകനും പരിഷ്‌കരണ പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും അന്വേഷിക്കുന്നയാള്‍ക്ക് ഏതെങ്കിലുമൊരു വിശേഷണം മാത്രം നല്‍കാന്‍ കഴിയുകയില്ല. യൂണിവേഴ്‌സിറ്റിയുടെ വിഷയത്തിലും ജീവിതത്തിലും വിജ്ഞാനത്തിലും രചനകളിലും ഈ പുതുമയും പരിഷ്‌കരണവും ദര്‍ശിക്കാം. ജഢത്വത്തിനും പാരമ്പര്യത്തിനും, അശ്രദ്ധതക്കും നാഗരികവും ധൈഷണികവുമായ അപചയത്തിനുമെതിരെയുള്ള കലാപമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളും രചനകളും.
വിശുദ്ധ ഖുര്‍ആനുമായുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ധിഷണാ ചക്രവാളം വിശാലമാക്കി. വിശുദ്ധ ഖുര്‍ആന്റെ താല്‍പര്യങ്ങള്‍ ഗ്രഹിച്ചതോടൊപ്പം തന്നെ അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നല്ല അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ തെളിവാണ് തഹ്‌രീറു വത്തന്‍വീര്‍ എന്ന പേരില്‍ അദ്ദേഹം രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനം. ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച അവഗാഹം കാരണം മഖാസിദുശ്ശരീഅ എന്ന വിഖ്യാത ഗ്രന്ഥം അദ്ദേഹം രചിക്കുകയുണ്ടായി.

മഖാസിദുശ്ശരീഅ:
ത്വാഹിര്‍ ബിന്‍ ആശൂര്‍ പരിഷ്‌കര്‍ത്താവായ കര്‍മശാസ്ത്ര വിശാരദനായിരുന്നു. അഞ്ചാം നൂറ്റാണ്ടോടെ ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടുവെന്ന ചില കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ വീക്ഷണത്തെ അദ്ദേഹം നിരാകരിച്ചു. ഈ വരണ്ട സാമ്പ്രദായിക ചിന്താഗതി മുസ്‌ലിങ്ങളെ പണയപ്പെടുത്തിയാല്‍ അവരഭിമുഖീകരിക്കുന്ന നൂതനമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ അവരുടെ ബുദ്ധി മരവിച്ചു പോവുകയും അലസത പിടികൂടുകയും ചെയ്യും.

വിശുദ്ധ ഖുര്‍ആന്റെ പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും അതില്‍ നിന്നും വിധികള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്നതിലും ഇജ്തിഹാദിന്റെ മാനദണ്ഡം ഉസൂലുല്‍ ഫിഖ്ഹിന്റെ നിദാനശാസ്ത്രമനുസരിച്ചായിരിക്കണം. ഈ നിദാനശാസ്ത്രത്തിലുള്ള അപര്യാപ്തതയാണ് പണ്ഡിതന്മാരെ ഇജ്തിഹാദില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണം. ഫിഖ്ഹ് രൂപപ്പെടുത്തിയതിന് ശേഷമാണ് അതിന്റെ തത്വങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ ഫിഖ്ഹിന്റെ തത്വങ്ങളും ശാഖകളും തമ്മില്‍ ചില വൈരുധ്യങ്ങളുണ്ട്. അപ്രകാരം തന്നെയാണ് മഖാസിദുശ്ശരീഅയെക്കുറിച്ചുള്ള അശ്രദ്ധയും. ഇതില്‍ നിന്ന് വളരെ കുറച്ച് മാത്രമാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാ തത്വങ്ങളുടെയും ഒന്നാമത്തെ അടിസ്ഥാനം മഖാസിദുശ്ശരീഅ ആയിരുന്നു. അത് കൊണ്ടാണ് വലിയ അഭിപ്രായാന്തരങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മഖാസിദുശ്ശരീഅ എന്ന ഗ്രന്ഥമാണ് ഈ മേഖലയില്‍ ചിന്താ വ്യക്തതയോടും പ്രതിപാദന സൂക്ഷ്മതയോടും സുരക്ഷിത ശൈലിയോടും കൂടി രചിക്കപ്പെട്ട മുഖ്യ കൃതി. ഇസ്‌ലാമിക ലോകത്തും തുനീഷ്യയിലും പരിഷ്‌കരണ നവോത്ഥാന വൈജ്ഞാനിക സംരംഭങ്ങള്‍ കൊണ്ട് നിറഞ്ഞു നി്ന്ന ശൈഖ് ത്വാഹിര്‍ ബിന്‍ത് ആശൂര്‍ 1973 ആഗസ്ത് 12ന് അല്ലാഹുവിലേക്ക് യാത്രയായി.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles