Current Date

Search
Close this search box.
Search
Close this search box.

ഖുതുബക്കിടയിലെ സുന്നത്ത് നമസ്‌കാരം

namaz1.jpg

വെള്ളിയാഴ്ച പള്ളിയില്‍ പ്രവേശിക്കുന്ന സമയത്ത് മുഅദ്ദിന്‍ ബാങ്ക് കൊടുത്തു കൊണ്ടിരിക്കുകയാണെങ്കില്‍ അപ്പോള്‍ സുന്നത്ത് നമസ്‌കരിക്കണമോ? അല്ലെങ്കില്‍ ഒരാള്‍ ജുമുഅ ഖുതുബ നടന്നുകൊണ്ടിരിക്കെയാണ് പള്ളിയിലേക്ക് വരുന്നതെങ്കില്‍ അദ്ദേഹത്തിന് ജുമുഅ കേള്‍ക്കലാണോ, സുന്നത്ത് നമസ്‌കരിക്കലാണോ ഉത്തമം? തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കിടയില്‍ പലപ്പോഴും ഉയര്‍ന്നു വരാരുള്ളതാണ്.

പള്ളിയില്‍ പ്രവേശിക്കുന്ന സമയത്ത് മുഅദ്ദിന്‍ ബാങ്ക് വിളിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ രണ്ട് റകഅത്ത് തഹിയ്യത്ത് വളരെ ചുരുക്കി നമസ്‌കരിക്കേണ്ടതാണ്. എന്നിട്ട് പെട്ടെന്ന് തന്നെ ഖുതുബ കേള്‍ക്കാന്‍ പളളിയില്‍ ഇരിക്കണം. കാരണം ഇവിടെ ഏറ്റവും പ്രധാനം ജുമുഅ ഖുതുബയാണ്. ജുമുഅ ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കള്‍ നിര്‍ബന്ധമാണ്. ബാങ്കിന് ഉത്തരം നല്‍കല്‍ സുന്നത്ത് മാത്രവും. സുന്നത്ത് ഒരിക്കലും വാജിബിനെ(നിര്‍ബന്ധമായത്) മറികടക്കുകയില്ല.

ഇനി ഒരാള്‍ ജുമുഅ ഖുതുബ നടന്നു കൊണ്ടിരിക്കെയാണ് പള്ളിയിലേക്ക് കടന്നു വരുന്നതെങ്കില്‍ അദ്ദേഹം തഹിയ്യത്ത് നമസ്‌കരിക്കലാണോ ഖുതുബ കേള്‍ക്കാന്‍ ഇരിക്കലാണോ ഉത്തമം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വൈവിധ്യങ്ങളുണ്ട്. ഒരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത് തഹിയ്യത്ത് നമസ്‌കാരം സുന്നത്താണെന്നാണ്. അവരുടെ വാദത്തിന് തെളിവായി ഈ ഹദീസാണ് ഉദ്ധരിക്കുന്നത്. [‘ഒരു വെള്ളിയാഴ്ച  നബി(സ) ജുമുഅ ഖുതുബ നടത്തിക്കൊണ്ടിരിക്കെ സുലൈഖ് എന്നയാള്‍ പള്ളിയിലേക്ക് വരികയും പെട്ടന്ന് തന്നെ ഇരിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു : ‘അല്ലയോ സുലൈഖ്, എഴുന്നേറ്റ് രണ്ട് റകഅത്ത് ചുരുക്കി നമസ്‌കരിക്കുക.’ എന്നിട്ട് നബി(സ) പറഞ്ഞു: ‘വെള്ളിയാഴ്ച ഇമാം ഖുതുബ നടത്തിക്കൊണ്ടിരിക്കെ നിങ്ങളിലാരെങ്കിലും കടന്നു വരികയാണെങ്കില്‍  അവന്‍ രണ്ട് റകഅത്ത് ചുരുക്കി നമസ്‌കരിക്കട്ടെ.’ (മുസ്‌ലിം).] ഇമാം ശാഫിഈയും അഹ്മദുമെല്ലാം ഈ അഭിപ്രായക്കാരാണ്.  എന്നാല്‍ ഇമാം മാലിക്, അബൂഹനീഫ തുടങ്ങിയവര്‍ ഇമാം ഖുതുബ നടത്തിക്കൊണ്ടിരിക്കെ തഹിയ്യത്ത് നമസ്‌കരിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. ഇമാമിന്റെ ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കാനുള്ള കല്‍പനയാണ് അവര്‍ ഇതിന് തെളിവായി ഉദ്ധരിച്ചത്. ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കല്‍ വാജിബും തഹിയ്യത്ത് നമസ്‌കാരം സുന്നത്തുമാണ്. സുന്നത്ത് വാജിബിനെ മറികടക്കില്ല.  

അവലംബം: islamweb.net, ahlalhdeeth.com, aliftaa.jo

Related Articles