Current Date

Search
Close this search box.
Search
Close this search box.

ഖിസ്വാസ്വും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും; ഒരു പുനര്‍വിചിന്തനം

quran-qisas.jpg

സൂറതുല്‍ ബഖറയിലും (178,179) സൂറത്തുല്‍ മാഇദയിലും (45) പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഖിസ്വാസ്വ് എന്ന പദത്തെ പ്രതിക്രിയ എന്നാണ് മിക്ക ആളുകളും വിശദീകരിച്ചിട്ടുള്ളത്. അത് കൃത്രിമവും ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതും ദൗര്‍ബല്യങ്ങളില്‍ നിന്ന് മുക്തമല്ലാത്തതുമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള പുനര്‍വിചിന്തനം അനിവാര്യമാണ്. സൂറത്തുല്‍ ബഖറയിലെ പ്രസ്തുത സൂക്തങ്ങള്‍ക്ക് മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ വായിക്കാം:

►കൊലക്കുറ്റത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷ(ഹദ്ദ്) യാണ് ഖിസ്വാസ്വ് അഥവാ കൊലയാളിയെ കൊല്ലല്‍.
►’കുതിബ അലൈകും’ എന്ന വാചകം നിര്‍ബന്ധത്തെ കുറിക്കുന്നു.
►അതേസമയം, പ്രതിക്രിയ നിര്‍ബന്ധമല്ലെന്നും, പ്രതിക്രിയ ഉള്‍പ്പടെയുള്ള ഹദ്ദുകള്‍ നടപ്പിലാക്കുമ്പോള്‍ ഒരു കാരണവശാലും പരിധിലംഘിക്കാന്‍ പാടില്ല എന്നാണ് ഇവിടെ ഉദ്ദേശ്യമെന്നും പലരും അഭിപ്രായപ്പെടുന്നു.
►പ്രതിക്രിയ അനുവദനീയമാണ്. എന്നാണ് വിട്ടുവീഴ്ചയാണ് അഭികാമ്യം എന്ന് ചിലര്‍ നിരീക്ഷിക്കുന്നു.
►ഈ സൂക്തം ഇപ്പോള്‍ നിയമ പ്രാബല്യമുള്ളതാണോ അല്ലേ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.

ഈ വീക്ഷണങ്ങളെ പഠനവിധേയമാക്കുമ്പോള്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉല്‍ഭവിക്കുന്നു. മോഷണം, വ്യഭിചാരം, വ്യഭിചാരോപണം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കുള്ള ശിക്ഷാവിധികള്‍(ഹദ്ദുകള്‍) ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. (അല്‍മാഇദ: 38, അന്നൂര്‍: 2,3, അന്നൂര്‍: 4, അല്‍മാഇദ: 33). ഈ സൂക്തങ്ങളിലൊന്നും ‘യാ അയ്യുഹല്ലദീന ആമനൂ’ എന്ന വാചകം കാണാന്‍ സാധ്യമല്ല. കാരണം ശിക്ഷാ വിധികള്‍ (ഹദ്ദ്) ഭരണാധികാരികളുമായി ബന്ധപ്പെട്ട വിഷയമാണ്. മുസ്‌ലിം സമൂഹത്തെ പൊതുവായി അഭിസംബോധന ചെയ്യാന്‍ മാത്രമേ ഖുര്‍ആന്‍ ‘യാ അയ്യുഹല്ലദീന ആമനൂ’ പ്രയോഗിച്ചിട്ടുള്ളൂ.

പ്രതിക്രിയയാണ് ഖിസ്വാസ്വിന്റെ ഉദ്ദേശ്യമെങ്കില്‍ അത് നടപ്പിലാക്കല്‍ നിര്‍ബന്ധമാണ്. കുതിബ എന്ന പ്രയോഗത്തിന്റെ അര്‍ഥം അതാണ്. നിര്‍ബന്ധകാര്യങ്ങളില്‍ വീഴ്ച പാടില്ല. ‘നമസ്‌കാരവും നോമ്പും പോലെ ഉപേക്ഷ വരുത്താന്‍ പാടില്ലാത്ത വിധം നിര്‍ബന്ധമായ ഒന്നല്ല പ്രതിക്രിയ’ എന്ന ത്വബരിയുടെ വാദം ദൗര്‍ബല്യങ്ങളില്‍ നിന്ന് മുക്തമല്ല. അതിന് പ്രമാണങ്ങളുടെ പിന്‍ബലവുമില്ല. അതുപോലെ ഖിസ്വാസ്വിനെ പ്രതിക്രിയ എന്ന ആശയത്തിലെടുക്കുകയും ഖുര്‍ആനിക പ്രയോഗത്തില്‍ നിന്ന് വ്യക്തമാവുന്നതുപോലെ അത് നിര്‍ബന്ധമാണെന്ന് വരികയും ചെയ്യുന്നതോടെ ദിയ(നഷ്ടപരിഹാരം)യുടെ നിയമ സാധുത നിരര്‍ഥകമായിത്തീരുന്നു.

വളരെ ശക്തമായ ഭാഷയിലും ശൈലിയിലും നിര്‍ബന്ധമാണെന്ന് അല്ലാഹു പ്രസ്താവിച്ച ഒരു കാര്യത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട് എന്ന വാദം തീര്‍ത്തും വിചിത്രം തന്നെ.

ഒരു ഖുര്‍ആനിക സൂക്തത്തിന്റെ ഉദ്ദേശ്യവും ആശയവും നിര്‍ണയിക്കുന്നതില്‍ അതിന്റെ സ്വരത്തിനും പശ്ചാത്തലഭാവത്തിനും സവിശേഷമായ പങ്കുണ്ട്. ഉപരിസൂചിത ഹദ്ദുകള്‍ പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം കോപവും വെറുപ്പും പ്രതിഫലിക്കുന്നത് കാണാം. രൂക്ഷവും ദയാരഹിതവുമായ ശൈലിയാണ് അവയില്‍ ദൃശ്യമാവുന്നത്. എന്നാല്‍ ഖിസ്വാസുമായി ബന്ധപ്പെട്ട സൂക്തം ഇതില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നു. വിട്ടുവീഴ്ചയുടെയും ഇളവിന്റെയും ലഘൂകരണത്തിന്റെയും സല്‍പെരുമാറ്റത്തിന്റെയും സ്വരമാണ് അതില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഈ സ്വരഭേദം ഖിസ്വാസ്വിനെ കുറിച്ച അല്‍ബഖറയിലെ സൂക്തം ഹദ്ദുമായി ബന്ധപ്പെട്ട ഇതര സൂക്തങ്ങളുടെ ഗണത്തില്‍ പെടുകയില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

ഖിസ്വാസ്വിന് പ്രതിക്രിയ എന്ന അര്‍ഥം നല്‍കിക്കൊണ്ടുള്ള തഫ്‌സീറുകളിലെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അതിലെ കൃത്യതയുടെയും വ്യക്തതയുടെയും തെളിവിന്റെയും അഭാവം പ്രകടമായി കാണാം. പ്രതിക്രിയ എന്ന അര്‍ഥം ഏറെ കൃത്രിമത്വം നിറഞ്ഞതാണെന്ന് ഗ്രഹിക്കാന്‍ മുഫസ്സിറുകള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ തന്നെ ധാരാളമാണ്.

കുതിബ അലൈകുമുല്‍ ഖിസ്വാസ്വു ഫില്‍ ഖത്‌ലാ എന്ന വാക്യം വിശദീകരിച്ചുകൊണ്ട് അബൂബക്ര്‍ അല്‍ ജസ്സ്വാസ്വ് പറയുന്നു: അടിമയെ കൊന്നാല്‍ സ്വതന്ത്രനെയും ദിമ്മിയെ കൊന്നാല്‍ മുസ്‌ലിമിനെയും സ്ത്രീയെ കൊന്നാല്‍ പുരുഷനെയും വധിക്കാമെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. സൂക്തത്തിന്റെ ആദ്യഭാഗം എല്ലാ കൊലപാതകങ്ങളെയും കുറിച്ച് പൊതുവായാണ് സംസാരിക്കുന്നത്. തുടര്‍ന്ന് വരുന്ന സ്വതന്ത്രന്‍, അടിമ, സ്ത്രീ എന്നീ മൂന്ന് ഇനങ്ങളില്‍ പരിമിതമല്ല അത്.

ഇബ്‌നുല്‍ അറബി ഇതിന് വിരുദ്ധമായ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടിമയെ കൊന്നതിന്റെ പേരില്‍ സ്വതന്ത്രനെ വധിക്കാവതല്ല. സ്വതന്ത്രനു തുല്യന്‍ സ്വതന്ത്രനും അടിമക്കു തുല്യന്‍ അടിമയുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അതേസമയം, സ്ത്രീയെ കൊന്നതിന്റെ പേരില്‍ പുരുഷനെ കൊല്ലുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഇബ്‌നുല്‍ അറബി പറയുന്നത് അക്കാര്യത്തില്‍ ഇജ്മാഉണ്ട് എന്നാണ്.

അതുപോലെ ഇബ്‌നുല്‍ അറബി എഴുതുന്നു: ‘ഖിസ്വാസ്വുമായി ബന്ധപ്പെട്ട സൂക്തങ്ങളുടെ പൊതുആശയം വെച്ച് മകനെ കൊന്നതിന്റെ പേരില്‍ പിതാവിനെ കൊല്ലാമോ? മാലിക് പറഞ്ഞു: ‘അത് മനഃപൂര്‍വമുളള കൊലപാതകമാണെങ്കില്‍ പിതാവ് വധശിക്ഷക്കിരയാവും. എന്നാല്‍ മര്യാദ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും ആയുധം കൊണ്ട് എറിയുകയും അങ്ങനെ അബദ്ധത്തില്‍ കൊല്ലപ്പെടുകയുമാണെങ്കില്‍ പിതാവിനെ വധിക്കാവതല്ല’. ഇതര കര്‍മശാസ്ത്രകാരന്‍മാര്‍ ഇതിനോട് യോജിക്കുന്നില്ല. അവരുടെ വീക്ഷണത്തില്‍ മകനെ കൊന്നതിന്റെ പേരില്‍ ഒരു നിലക്കും പിതാവിനെ വധിക്കാവതല്ല. ഈ വീക്ഷണത്തെ സാധൂകരിക്കാന്‍ പ്രവാചകന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ഒരു അഥര്‍ ഉണ്ട്. മകന്റെ പേരില്‍ പിതാവിനോട് പ്രതിക്രിയ പാടില്ല എന്നാണ് അതിലുള്ളത്. അതാകട്ടെ വാസ്തവിരുദ്ധമാണ്’.

‘ഒരാളെ കൊന്നതിന്റെ പേരില്‍ ഒരു സംഘത്തെ കൊല്ലാന്‍ പാടില്ല എന്ന് അഹ്മദുബ്‌നു ഹമ്പലിന്റെ പക്ഷം. പ്രതിക്രിയയില്‍ തുല്യത വേണമെന്ന് അല്ലാഹു നിബന്ധനവെച്ചിട്ടുണ്ടെന്നും വ്യക്തിയും സംഘവും തമ്മില്‍ ആ തുല്യതയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍, പദത്തേക്കാള്‍ കൂടുതല്‍ നിയമത്തെയാണ് പരിഗണിക്കേണ്ടത്. ഒരു സംഘം ആളുകള്‍ ഒരാളെ കൊന്നാല്‍ അവര്‍ക്കെതിരെ വധശിക്ഷയുണ്ടാവില്ലെന്ന അവസ്ഥ വന്നാല്‍ ശത്രുക്കള്‍ പരസ്പരം സഹകരിക്കാന്‍ അത് പ്രേരണയാവും എന്നതാണ് ഇതിനുളള നമ്മുടെ മറുപടി’.

(ഫമന്‍ ഉഫിയ ലഹു…) എന്നതിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുല്‍ അറബി എഴുതുന്നു: ഖാദി പറഞ്ഞു: പണ്ഡിതന്മാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കിയ സങ്കീര്‍ണമായൊരു വാചകമാണിത്. അതിന്റെ ആശയത്തെ കുറിച്ച് അവര്‍ ഭിന്നാഭിപ്രായക്കാരാണ്.  മാലിക് പറഞ്ഞു: മനഃപൂര്‍വം കൊലപാതകം നടത്തിയവന് പ്രതിക്രിയ മാത്രമേയുള്ളൂ. കൊലയാളിയുടെ തൃപ്തിയില്ലാതെ ദിയ നിശ്ചയിക്കാന്‍ മാര്‍ഗമില്ല. അബൂഹനീഫയും ഇതിനോട് യോജിക്കുന്നു. കൊല്ലപ്പെട്ടവന്റെ വലിയ്യിന് ഉചിതമായ നിലപാട് (വധം അല്ലെങ്കില്‍ ദിയ) സ്വീകരിക്കാമെന്നാണ് ശാഫിഈയുടെ പക്ഷം.

മാലിക് പറഞ്ഞു: ഇവിടെ വലിയ്യാണ് അഭിസംബോധിതന്‍. വലിയ്യിനോട് പറയുന്നു: കൊലയാളിയായ നിന്റെ സഹോദരന്‍ നാട്ടുനടപ്പനുസരിച്ചുള്ള (മഅ്‌റൂഫ്) ദിയ തരികയാണെങ്കില്‍ നീ അത് സ്വീകരിക്കണം.

ശാഫിഈകളുടെ വീക്ഷണത്തില്‍, കൊല്ലപ്പെട്ടവന്റെ വലിയ്യ് പ്രതിക്രിയ ഒഴിവാക്കിത്തന്നാല്‍ അര്‍ഹമായ ദിയ ഉചിതമായ രീതിയില്‍ നല്‍കണമെന്ന് കൊലയാളിയോട് ആവശ്യപ്പെടുകയാണ് ഈ വാചകം (അഹ്കാമുല്‍ ഖുര്‍ആന്‍ ഇബ്‌നുല്‍ അറബി).

പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളുടെ ഒരു സാമ്പിള്‍ മാത്രമാണിത്. ഖിസ്വാസ്വിന് പ്രതിക്രിയ എന്ന് അര്‍ഥം നല്‍കിയതിന്റെ സ്വാഭാവിക ഫലം. അവഗണിച്ചുതള്ളാന്‍ കഴിയാത്ത വിധത്തിലുള്ള ചില ഹദീസുകളും രിവായത്തുകളും ഖുര്‍ആന്‍ സൂക്തവുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അവരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം. ഉദാഹരണമായി അവര്‍ പറയുന്നു: അടിമയെ കൊന്നതിന് പകരം സ്വതന്ത്രനെ കൊല്ലാന്‍ ഈ സൂക്തം അനുവദിക്കുന്നില്ല. എന്നാല്‍ പ്രവാചകന്‍ പറഞ്ഞു: സത്യവിശ്വാസികളുടെയെല്ലാം രക്തം സമമാണ് (സുനനുദ്ദാറഖുത്വ്‌നി). വിശ്വാസിയായാല്‍ സ്വതന്ത്രനും അടിമയുമെല്ലാം രക്തത്തിന്റെ (ജീവന്റെ) കാര്യത്തില്‍ തുല്യരാണെന്നര്‍ഥം. അലിയും അബ്ദുല്ലാഹിബ്‌നു മസ്ഊദും പറഞ്ഞു: സ്വതന്ത്രന്‍ അടിമയെ കൊന്നാല്‍ പ്രതിക്രിയ നടപ്പിലാക്കണം (ബൈഹഖി, മുസന്ന്വഫ് ഇബ്‌നി അബീശൈബ).

മകനെ കൊന്നാല്‍ പിതാവിനെ പ്രതിക്രിയക്ക് വിധേയമാക്കണമെന്ന് ഈ സൂക്തം ആവശ്യപ്പെടുന്നതായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രവാചകന്‍ പറഞ്ഞു: മകന്റെ പേരില്‍ പിതാവ് വധിക്കപ്പെടാവതല്ല (സുനനുദ്ദാറഖുത്വ്‌നി).

അബൂബക്ര്‍ ജസ്സ്വാസ്വ്  പറയുന്നു: ഇത് സുപ്രസിദ്ധമായൊരു വാചകമാണ്. സഹാബികളുടെ സാന്നിധ്യത്തില്‍ ഉമര്‍ ഇതനുസരിച്ച് വിധി പ്രസ്താവിച്ചിട്ടുണ്ട്. സഹാബികളിലാരും അതിനെ എതിര്‍ത്തില്ല. കാഫിറിനെ കൊന്നതിന്റെ പേരില്‍ മുസ്‌ലിമിനെ വധിക്കാന്‍ പാടില്ലായെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അതേസമയം ഒരു ദിമ്മിയെ കൊന്നതിന്റെ പേരില്‍ ഒരു മുസ്‌ലിമിനെ കൊല്ലാന്‍ പ്രവാചകന്‍ ഉത്തരവിട്ടതായി ഇബ്‌നു അബീശൈബയും ദാറഖുത്വ്‌നിയും ഉദ്ധരിക്കുന്നു. ഉമറും അപ്രകാരം ചെയ്തതായി ഇബ്‌നു അബീശൈബ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ചിലര്‍ പറഞ്ഞു: കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതിക്രിയ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നത് സത്യവിശ്വാസികളോടാണെങ്കിലും കൊല്ലപ്പെട്ടവര്‍ സത്യവിശ്വാസികളാവണമെന്ന് അതിനര്‍ഥമില്ല. ഈ വിധി ഏതെങ്കിലും വിഭാഗത്തില്‍ പരിമിതമാണെന്നതിന് തെളിവില്ലാത്തിടത്തോളം പദത്തിന്റെ പൊതു ആശയം പിന്‍പറ്റാന്‍ നാം ബാധ്യസ്ഥരാണ്. സൂക്തത്തിന്റെ ആദ്യഭാഗം എല്ലാവരെയും ഉള്‍ക്കൊള്ളുമ്പോള്‍ അതിലേക്ക് ചേര്‍ത്ത് പറയുന്ന ചില പ്രത്യേക കാര്യങ്ങള്‍ ആ പൊതു ആശയത്തെ പരിമിതമാക്കുകയില്ല. വാചകത്തിന്റെ ആരംഭം തന്നെ, തുടര്‍ന്നുള്ള വാചകങ്ങള്‍ ആവശ്യമില്ലാത്തവിധം പൂര്‍ണമായ ആശയം പ്രദാനം ചെയ്യുമ്പോള്‍ അതിനെ ശേഷം പറഞ്ഞവയില്‍ പരിമിതപ്പെടുത്താന്‍ പാടില്ല (അഹ്കാമുല്‍ ഖുര്‍ആന്‍/ജസ്സ്വാസ്വ്).

ഖുര്‍ആന്‍ സൂക്തവും രിവായത്തുകളും തമ്മില്‍ അവര്‍ കണ്ട വൈരുധ്യത്തെ ഇങ്ങനെയാണ് അവര്‍ പരിഹരിച്ചത്! വാസ്തവത്തില്‍ ഒരു സങ്കീര്‍ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊന്നില്‍ അവര്‍ പതിക്കുകയാണുണ്ടായത്. അവര്‍ പ്രസ്താവിച്ച പോലെ വാചകത്തിന്റെ ആദ്യഭാഗം തന്നെ സ്വയം പര്യാപ്തമാണെങ്കില്‍ ‘അല്‍ ഹുര്‍റു ബില്‍ ഹുര്‍രി…..’ എന്ന തുടര്‍വാചകത്തിന്റെ പ്രസക്തിയെന്താണ്? ഇതിന് വിശദീകരണം നല്‍കാന്‍ അവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല (അഹ്കാമുല്‍ ഖുര്‍ആന്‍/ജസ്സ്വാസ്വ് നോക്കുക).

ഒരു വിഭാഗം ആളുകള്‍ ഹദീസുകള്‍ക്കനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിച്ചപ്പോള്‍ രണ്ടാം വിഭാഗം സൂക്തത്തിന്റെ താല്‍പര്യത്തിന് അനുയോജ്യമെന്ന് മനസ്സിലാക്കിയ ആശയം മുറുകെ പിടിക്കുകയും, മറുപക്ഷത്തുള്ളവര്‍ ഏറെ പ്രബലമായി ഗണിച്ച രിവായത്തുകളെ വാസ്തവ വിരുദ്ധം എന്ന് പറഞ്ഞ് തള്ളുകയും ചെയ്തു (അഹ്കാമുല്‍ ഖുര്‍ആന്‍/ജസ്സ്വാസ്വ്).

സുപ്രസിദ്ധമായ ഹദീസ് തങ്ങളുടെ വ്യാഖ്യാനവുമായി വിയോജിക്കുമ്പോള്‍ ആ വ്യാഖ്യാനം പുനഃപരിശോധിക്കുകയായിരുന്നു അവര്‍ക്ക് ഏറ്റവും ഉചിതം. കാരണം സ്വഹീഹായ ഹദീസ് ഒരിക്കലും ഖുര്‍ആന് വിരുദ്ധമാവുകയില്ല.

ഈ രണ്ടാം വിഭാഗത്തിന്റെ വ്യാഖ്യാനമാണ് വ്യക്തിയെ കൊന്നതിന്റെ പേരില്‍ സംഘത്തെ പ്രതിക്രിയക്ക് വിധേയമാക്കാന്‍ പാടില്ല എന്നുപറയാന്‍ അഹ്മദുബ്‌നു ഹമ്പലിനെ പ്രേരിപ്പിച്ചത്.
 
എന്നാല്‍, യഹ്‌യബ്‌നു സഈദില്‍ നിന്ന് സഈദുബ്‌നുല്‍ മുസ്വയ്യിബ് റിപ്പോര്‍ട്ട് ചെയ്യുന്നു: സ്വന്‍ആയില്‍ വെച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഖലീഫ ഉമര്‍ അതിന്റെ പേരില്‍ ഏഴ് പേരെ കൊന്നു. ഉമര്‍ പറഞ്ഞു: സ്വന്‍ആ നിവാസികള്‍ മുഴുവന്‍ ഈ കൊലപാതകത്തില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവരെയെല്ലാം ഞാന്‍ കൊല്ലുക തന്നെ ചെയ്യും (സുനനുദ്ദാറഖുത്വ്‌നി).

ഒരു സംഘം ഒരു വ്യക്തിയെ കൊന്നാല്‍ ആ സംഘത്തെ കൊല്ലാന്‍ പാടില്ല എന്ന് ഈ സൂക്തം പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഉമര്‍ ഒരിക്കലും അങ്ങനെ ചെയ്യുകയോ പറയുകയോ ഇല്ല.

ഉപരിസൂചിത വ്യാഖ്യാനമാണ് (ഫമന്‍ ഉഫിയ..) എന്ന സൂക്തം പണ്ഡിതന്മാരെ ബുദ്ധിഭ്രമം ബാധിച്ചവരാക്കിയെന്ന് പറയാന്‍ ഖാളിക്ക് പ്രചോദനമായത്. അഫ്‌വുന്‍ എന്നതിന് നല്‍കുക എന്ന ഇല്ലാത്ത അര്‍ഥം പറയാന്‍ ഇമാം മാലികിനെയും, ശൈഉന്‍ എന്നതിന് ഖിസ്വാസ്വ് എന്ന ദുര്‍ബല വ്യാഖ്യാനം നല്‍കാന്‍ ശാഫിഈകളെയും സന്നദ്ധരാക്കിയതും ഇതുതന്നെ.

മാത്രമല്ല, പ്രസ്തുത വ്യാഖ്യാനപ്രകാരം സ്ത്രീയുടെ ഘാതകനായ പുരുഷനെ കൊല്ലാന്‍ പാടില്ല. പക്ഷേ അതിന് വിരുദ്ധമായി ഇജ്മാഉണ്ടായി. അതേസമയം, പ്രവാചകന്‍ യമനിലേക്കയച്ച ഒരു കത്തില്‍ സ്ത്രീയെ കൊന്ന പുരുഷനെ കൊല്ലാമെന്നുണ്ടായിരുന്നുവെന്ന് ദാറമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മേല്‍പറഞ്ഞ വ്യാഖ്യാനം ഖിസ്വാസ്വ് എന്ന വിഷയത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതും അതിവിദൂരമായ വ്യാഖ്യാനങ്ങളിലേക്ക് അത് നമ്മെ കൊണ്ടുപോകുന്നതെങ്ങനെയെന്നും ഇത്രയും വിവരിച്ചതില്‍ നിന്ന് ഗ്രഹിക്കാം.

അതോടൊപ്പം ഈ വ്യാഖ്യാനം വചനത്തിന്റെ ഘടനയുമായി (നള്മ്) പൊരുത്തപ്പെടുന്നതല്ല. ആയത്തുകളുടെ പരസ്പര ബന്ധത്തെ ഇത് തകര്‍ത്തുകളയുന്നു. അങ്ങനെയങ്കില്‍ ആശയക്കുഴപ്പങ്ങളില്‍ നിന്ന് മുക്തവും വാചകഘടനക്കും സൂക്തത്തിന്റെ സ്വരത്തിനും അനുയോജ്യവുമായ വ്യാഖ്യാനം എന്താണ് എന്ന ചോദ്യം പ്രസക്തമാണ്. അതിലേക്കെത്തണമെങ്കില്‍ ആദ്യം ഖിസ്വാസ്വ് എന്ന പദത്തിന്റെ ശരിയായ അര്‍ഥമെന്തെന്ന് ഗ്രഹിക്കണം. അത്തരത്തില്‍ അര്‍ഹമായ ഒരു പരിഗണന ഈ പദത്തിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ ഇമാം ഇബ്‌നു തൈമിയയുടെ വീക്ഷണം ശരിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതായി നമുക്ക് തോന്നുന്നു. അദ്ദേഹം പറഞ്ഞു: ‘നീതി, സമത്വം എന്നീ ആശയങ്ങളെ കുറിക്കുന്ന പദമാണ് ഖിസ്വാസ്വ്. കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ നീതി നടപ്പിലാക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയതായി ഇത് സൂചിപ്പിക്കുന്നു’.

അദ്ദേഹം തുടരുന്നു: ‘ഖിസ്വാസ്വില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്’. കാരണം, കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ ആളുകള്‍ പരസ്പരം ഫിദ്‌യ നല്‍കുകയും നീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണെങ്കില്‍ ഒരു വിഭാഗവും മറ്റൊരു വിഭാഗത്തോട് വേറെയൊന്നും ആവശ്യപ്പെടുകയില്ല. അപ്പോള്‍ ഇരുകൂട്ടര്‍ക്കും ജീവിക്കാനാവും. നേരെമറിച്ച് അവര്‍ക്കിടയില്‍ നീതി നടപ്പിലായില്ലെങ്കില്‍ അവര്‍ പരസ്പരം പോരടിക്കുകയും അത് അനേകംപേരുടെ ജീവഹാനിയിലേക്ക് നയിക്കുകയും ചെയ്യും. ജാഹിലിയ്യാ കാലത്തും ശേഷവും ഉണ്ടായ സംഭവങ്ങളില്‍ നിന്ന് അത് സുവിദിതമാണല്ലോ. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നീതി നടപ്പിലാവാതെ വരുമ്പോഴാണ് പ്രശ്‌നങ്ങളും കുഴപ്പങ്ങളും ഉടലെടുക്കുന്നത്. ബുദ്ധിയുള്ളവര്‍ തൃപ്തിപ്പെടുംവിധം നീതി നടപ്പിലാവുമ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാവും (ദഖാഇഖുത്തഫ്‌സീര്‍).

ഖിസ്വാസ്വ് എന്ന പദത്തിന്റെ ഈയൊരു ആശയതലം ഇമാം റാസിയും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം  ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിലും ഖിസ്വാസ്വിന്റെ ഈ ആശയം സ്പഷ്ടമാണ്.

عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ” إِذَا أَسْلَمَ الْعَبْدُ ، فَحَسُنَ إِسْلامُهُ كَفَّرَ اللَّهُ تَعَالَى عَنْهُ بَعْدَ ذَلِكَ كُلَّ سَيِّئَةٍ كَانَ زَلَفَهَا ، وَكَتَبَ لَهُ كُلَّ حَسَنَةٍ كَانَ زَلَفَهَا ، ثُمَّ كَانَ بَعْدَ ذَلِكَ الْقِصَاصُ الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِ مِائَةٍ ، وَالسَّيِّئَةُ بِمِثْلِهَا ، إِلا أَنْ يَتَجَاوَزَ اللَّهُ عَنْهَا “

നബി(സ) പറഞ്ഞു: ഒരു ദാസന്‍ ഇസ്‌ലാം സ്വീകരിക്കുകയും മികച്ച മുസ്‌ലിമായിത്തീരുകയും ചെയ്താല്‍ അവനില്‍ നിന്ന് മുമ്പ് സംഭവിച്ച മുഴുവന്‍ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും. അതിന് ശേഷം ഖിസ്വാസ്വ് ഉണ്ടാവും. ഒരു നന്മ പത്തു മുതല്‍ 700 ഇരട്ടിവരെയായി ഗണിക്കപ്പെടും. തിന്മക്ക് അതിനനുസൃതമായ ശിക്ഷയുണ്ടാവും. അല്ലാഹു പൊറുത്തുകൊടുത്താല്‍ ഒഴികെ.

മുഫ്‌ലിസ് ആരെന്ന് നിങ്ങള്‍ക്കറിയാമോ എന്ന് തുടങ്ങുന്ന തിര്‍മിദി ഉദ്ധരിച്ച ഹദീസിലും ഖിസ്വാസ്വ് എന്നതില്‍ നിന്ന് നിഷ്പന്നമായ പദം രണ്ട് തവണ പ്രയോഗിച്ചതായി കാണാം.

عن أبي هريرة أن رسول الله صلى الله عليه وسلم قال : أتدرون ما المفلس قالوا المفلس فينا يا رسول الله من لا درهم له ولا متاع قال رسول الله صلى الله عليه وسلم المفلس من أمتي من يأتى يوم القيامة بصلاته وصيامه وزكاته ويأتي قد شتم هذا وقذف هذا واكل مال هذا وسفك دم هذا وضرب هذا فيقعد فيقتص هذا من حسناته وهذا من حسناته فإن فنيت حسناته قبل أن يقتص ما عليه من الخطايا أخذ من خطاياهم فطرح عليه ثم طرح في النار

പ്രതിക്രിയ എന്നല്ല ദ്രോഹം ചെയ്തവന്റെ നന്മയില്‍ നിന്ന് അയാള്‍ ചെയ്ത ദ്രോഹത്തിന് തുല്യമായത് എടുത്ത് ദ്രോഹത്തിനിരയായവന് നല്‍കി അവനെ തൃപ്തിപ്പെടുത്തുകയും നീതി നടപ്പിലാക്കുകയും ചെയ്യുക എന്ന അര്‍ഥത്തിലാണ് ആ പദം ഉപയോഗിച്ചിട്ടുള്ളത്. ഈ ആശയം മുന്‍നിര്‍ത്തി അന്ത്യനാളിനെ കുറിച്ച് യൗമുല്‍ ഖിസ്വാസ്വ് എന്ന് പ്രയോഗിച്ചത് കിതാബുല്‍ അഗാനിയിലും ജംഹറതു ഖുത്വബില്‍ അറബിലും കാണാം.

അല്‍ബഖറ 194, അല്‍മാഇദ 45 എന്നീ സൂക്തങ്ങളിലും ഖിസ്വാസ്വ് എന്ന പദം വന്നിട്ടുണ്ട്. സമത്വം, തുല്യത, നീതി എന്നീ അര്‍ഥങ്ങള്‍ മാത്രമേ അവിടെയും ശരിയാവൂ. എന്നാല്‍ മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനം അങ്ങേയറ്റം കൃത്രിമത്വം നിറഞ്ഞതാണ്.

യഥാര്‍ഥത്തില്‍, കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ നീതി നടപ്പിലാക്കല്‍ വിശ്വാസികള്‍ക്ക് നിയമമാക്കുകയാണ് അല്‍ബഖറയിലെ 178ാം സൂക്തം. സ്വതന്ത്രനാണ് കൊല്ലപ്പെട്ടതെങ്കില്‍ അവന് തുല്യമായ ദിയ (നഷ്ടപരിഹാരം/ബ്ലഡ് മണി) നല്‍കണം. അടിമയാണ് കൊല്ലപ്പെട്ടതെങ്കില്‍ അവന് തുല്യമായ ദിയയും സ്ത്രീയാണ് കൊല്ലപ്പെട്ടതെങ്കില്‍ അവള്‍ക്ക് തുല്യമായ ദിയയും. അക്കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ല. സത്യവിശ്വാസികളുടെയെല്ലാം രക്തം തുല്യമാണ്. അതിനാല്‍ അവരുടെ ദിയയുടെ കാര്യത്തില്‍ നീതി പാലിക്കണമെന്ന് ഈ സൂക്തം വിശ്വാസികളോട് ആവശ്യപ്പെടുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഈ സൂക്തത്തിലില്ല.

ഏകദേശം ഇതിന് സമാനമായ വിശദീകരണം ഇമാം ത്വബരി ഉദ്ധരിക്കുന്നുണ്ട്. ഇരു വിഭാഗങ്ങള്‍ (ഒരു സംഘം മുസ്‌ലിംകളും മറുസംഘം മുസ്‌ലിംകളുമായി കരാറുളളവരുമായിരുന്നു) തമ്മില്‍ നടന്ന ഒരു സംഘട്ടനത്തില്‍ സ്വതന്ത്രന്മാരും അടിമകളും സ്ത്രീകളും കൊല്ലപ്പെട്ട കേസില്‍ മേല്‍പറഞ്ഞ രൂപത്തില്‍ ദിയ നിശ്ചയിച്ചുകൊണ്ട് പ്രവാചകന്‍ രഞ്ജിപ്പുണ്ടാക്കിയത് അതില്‍ കാണാം.

ഏതെങ്കിലും പ്രത്യേക കാലത്തേക്ക് മാത്രമുള്ളതോ ഏതെങ്കിലും സംഭവത്തില്‍ പരമിതമോ അല്ല ഈ നിയമം. അന്ത്യനാള്‍ നാള്‍ വരെ ഇതിന് പ്രാബല്യമുണ്ട്. എപ്പോള്‍ കൊലപാതകം നടന്നാലും, അത് വ്യക്തിപരമാവട്ടെ സംഘടിതമാവട്ടെ, സത്യവിശ്വാസികള്‍ ഈ സൂക്തം അവലംബമാക്കിക്കൊണ്ട് നീതി നടപ്പിലാക്കണം.

അതേസമയം കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധു (വലിയ്യ്) പ്രസ്തുത ദിയയില്‍ വല്ലതും വിട്ടുവീഴ്ച ചെയ്താല്‍ അവശേഷിക്കുന്നത് ന്യായപ്രകാരം മികച്ച രീതിയില്‍ കൊടുത്തുവീട്ടാന്‍ ഘാതകന്‍ ബാധ്യസ്ഥനാണ്. ഈ തത്വം സ്വയം തന്നെ അല്ലാഹുവില്‍ നിന്നുള്ള ഒരിളവും കാരുണ്യവുമാണ്. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന പ്രതികാരനടപടികള്‍ കണക്കിലെടുക്കുമ്പോഴാണ് ഇത് എങ്ങനെയാണ് ഇളവും കാരുണ്യവുമാണെന്ന് ശരിക്കും ബോധ്യപ്പെടുക. അതിന്റെ ഭാരം താങ്ങാനാവാതെ അറബ് ഗോത്രങ്ങള്‍ കഷ്ടപ്പെട്ടിരുന്നു.  അത് പരിധിയില്ലാത്ത നീണ്ടുനീണ്ടുപോയിരുന്നു. നാടു മുഴുവന്‍ കത്തിച്ചാമ്പലാവുംവരെ അതിന്റെ അഗ്നി അണഞ്ഞിരുന്നില്ല.

ഈ സൂക്തത്തിന്റെയും (അല്‍ബഖറ: 178) അല്‍മാഇദ നാല്‍പത്തി അഞ്ചാം സൂക്തത്തിന്റെയും ആശയങ്ങള്‍ തമ്മില്‍ ശ്രദ്ധേയമായ ഒരു വ്യത്യാസവുമില്ല. ദിയയുടെ കാര്യത്തില്‍ ബനൂഇസ്‌റാഈല്‍ സമൂഹത്തിന് അല്ലാഹു നിശ്ചയിച്ച നിയമമാണ് അല്‍മാഇദയിലെ സൂക്തത്തില്‍ പറയുന്നത്. ജീവന് ജീവന്റെയും അവയവങ്ങളുടെയും കാര്യത്തില്‍ നീതി നടപ്പിലാക്കണമെന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. മുറിവുകളുടെ കാര്യത്തിലും അപ്രകാരം ചെയ്യാന്‍ അവര്‍ ബാധ്യസ്ഥരായിരുന്നു. കാരണം മുറിവുകള്‍ തുല്യമാണ്. മുറിവ് ആരുടെ ശരീരത്തിലായാലും മുറിവ് തന്നെയാണല്ലോ. അതിനാല്‍ അതിന്റെ ദിയയില്‍ വിവേചനം പാടില്ല.

ഈ സൂക്തം (അല്‍മാഇദ: 45) തന്നെ ഖിസ്വാസ്വിന്റെ ഇനത്തെ കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. ഫമന്‍ തസ്വദ്ദഖ ബിഹി എന്ന വചനത്തില്‍ നിന്ന് അത് ഗ്രഹിക്കാം. പ്രത്യക്ഷത്തില്‍ തസ്വദ്ദുഖ്, സ്വദഖ എന്നിവക്ക് സമ്പത്തുമായിട്ടാണല്ലോ ബന്ധം. ദിയയെ കുറിച്ച് പറഞ്ഞിടത്ത് തസ്വദ്ദുഖ് എന്ന പദം വ്യക്തമായി പരാമര്‍ശിച്ചത് ഖുര്‍ആനില്‍ കാണാം (അന്നിസാഅ്: 96).

ഒരു സൂക്തം മറ്റൊരു സൂക്തത്തെ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. അഥവാ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പ്രഥമപ്രധാന അവലംബം ഖുര്‍ആന്‍ തന്നെയാണ്. ഫമന്‍ തസ്വദ്ദഖ ബിഹി ഫ ഹുവ കഫ്ഫാറതുന്‍ ലഹു എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിക്കപ്പെടുന്ന ചില നിവേദനങ്ങള്‍ നമ്മുടെ വീക്ഷണത്തിന് പിന്‍ബലമേകുന്നു. ഒരാള്‍ കാരണം മറ്റൊരാളുടെ ശരീരത്തില്‍ എന്തെങ്കിലും പൊട്ടലോ മുറിവോ ഉണ്ടായാല്‍ അതിന്റെ പേരില്‍ കിട്ടാന്‍ അര്‍ഹതപ്പെട്ട ദിയയില്‍ അയാള്‍ ചെയ്യുന്ന വിട്ടുവീഴ്ചയുടെ തോതനുസരിച്ച് അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ പ്രസ്താവിച്ചതായി ആ നിവേദനങ്ങളില്‍ കാണാം (അദ്ദുര്‍റുല്‍ മന്‍ഥൂര്‍, അല്‍ബഹ്‌റുല്‍ മുഹീത്വ് എന്നിവ നോക്കുക). അല്‍മാഇദ 45ലെ പ്രമേയം ദിയയും അതിലുള്ള വിട്ടുവീഴ്ചയുമാണെന്ന് ഈ നിവേദനങ്ങള്‍ വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍ ഈ സൂക്തത്തിനും അല്‍ബഖറയിലെ സൂക്തത്തിനും കൊലപാതകത്തിന്റെ ഹദ്ദ് അഥവാ കൊന്നവനെ കൊല്ലുക എന്ന വിഷയവുമായി യാതൊരു ബന്ധവുമില്ല. മറിച്ച് ദിയയാണ് അവയിലെ മുഖ്യവിഷയം. അത് നീതിപൂര്‍വം നടപ്പിലാക്കണമെന്ന് ഉല്‍ബോധിപ്പിക്കുകയാണ് പ്രസ്തുത സൂക്തങ്ങള്‍.

അല്‍ബഖറയിലെ 178,179 സൂക്തങ്ങള്‍ക്ക് അവയുടെ മുമ്പും ശേഷവുമുള്ള സൂക്തങ്ങളുമായുള്ള ബന്ധവും ഈ വിശദീകരണത്തില്‍ നിന്ന് ഗ്രഹിക്കാം. ഈ സൂക്തങ്ങള്‍ക്ക് മുമ്പ് നല്ലതും അനുവദനീയവുമായ വിഭവങ്ങള്‍ ആഹരിക്കാന്‍ പ്രേരണ നല്‍കുന്നതോടൊപ്പം നിഷിദ്ധമായ ഭക്ഷണപദാര്‍ഥങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ മറച്ചുവെച്ച് ധനം സമ്പാദിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. അതും നിഷിദ്ധമായ ഭക്ഷണത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ശേഷം ബിര്‍റുമായി ബന്ധപ്പെട്ട സൂക്തം നാം കാണുന്നു. സത്യവും വേദവും മറച്ചുവെച്ച് പകരം ഭൗതിക നേട്ടങ്ങള്‍ കരസ്ഥമാക്കിയതിന്റെ പേരില്‍ ബനൂഇസ്‌റാഈല്‍ സമൂഹം അവകാശപ്പെട്ടിരുന്ന ഉന്നതസ്ഥാനങ്ങളില്‍ നിന്ന് അവരെ നിഷ്‌കാസനം ചെയ്യുന്ന സൂക്തമാണത്. പിന്നീട് ഖിസ്വാസ്വിന്റെയും വസ്വിയ്യത്തിന്റെയും ആയത്തുകള്‍ നാം കാണുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനെയും അതിന്റെ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നതിനെയും കുറിച്ചുള്ള വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് അവയിലുള്ളത്. അതും നല്ല വിഭവങ്ങള്‍ ഭക്ഷിക്കുകയും നിഷിദ്ധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക എന്നതിന്റെ പൂരകമാണ്. ദിയയുടെ കാര്യത്തില്‍ നീതി പാലിക്കണമെന്നും ഓരോരുത്തരുടെയും അവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ഈ സൂക്തങ്ങളിലൂടെ അല്ലാഹു കല്‍പിക്കുന്നു.

സംഗ്രഹവിവര്‍ത്തനം: അബൂദര്‍റ് എടയൂര്‍
(അവലംബം: അല്‍ബുര്‍ഹാന്‍ ഫീ നിളാമില്‍ ഖുര്‍ആന്‍)

Related Articles