Current Date

Search
Close this search box.
Search
Close this search box.

ക്രിമിനല്‍ നിയമങ്ങളില്‍ തളച്ചിടപ്പെട്ട ശരീഅത്ത്

lock.jpg

മനുഷ്യകുലത്തിന് ഇഹപര ജീവിതത്തില്‍ വിജയം വരിക്കുന്നതിന് തന്റെ ദൂതന്‍മാരിലൂടെ അല്ലാഹു നല്‍കിയിട്ടുള്ള നിര്‍ദേശവും, അധ്യാപനവും, മാര്‍ഗരേഖയുമാണ് ശരീഅത്ത്. എന്നാല്‍ ശരീഅത്ത് ഇന്ന് മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയില്‍ ഏറെ തെറ്റിധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. പലപ്പോഴും അതിനെ കുറിച്ചുള്ള ചര്‍ച്ച ക്രിമിനല്‍ നിയമങ്ങളില്‍ മാത്രം പരിമിതപ്പെടുന്നു. അതിനെ ഇത്തരത്തില്‍ പരിമിതമായി മനസ്സിലാക്കുമ്പോള്‍ ഇസ്‌ലാമിന്റെ സൗന്ദര്യവും മൂല്യങ്ങളും നന്മകളുമാണ് അകറ്റപ്പെടുന്നത്. മുസ്‌ലിംകളായ നാമെങ്കിലും ശരീഅത്ത് എന്താണെന്ന് മനസ്സിലാക്കുകയും, അതിന്റെ ഗുണങ്ങളും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിയുകയും അനിവാര്യമാണ്. ശരീഅത്തും ഫിഖ്ഹും അവക്കിടയിലെ ബന്ധവും നാം മനസ്സിലാക്കേണ്ടതുണ്ട്. മുസ്‌ലിമായിരിക്കുന്നതില്‍ അഭിമാന ബോധം വളര്‍ത്താനും ജീവിതത്തില്‍ ശരീഅത്തിന്റെ മൂല്യങ്ങളെ സ്വീകരിക്കാനും നമ്മെയത് സഹായിക്കും.

ഒരു കാര്യത്തിന്റെ തുടക്കം ആരംഭം, വ്യക്തത, സ്പഷ്ടത, ജലസ്രോതസ്സിലേക്കുള്ള വഴി എന്നൊക്കെ ഭാഷയില്‍ അര്‍ഥമുള്ള പദമാണ് ശരീഅത്ത്.

ഖുര്‍ആനില്‍
നിര്‍ദേശം, നിയമങ്ങള്‍, അധ്യാപനങ്ങള്‍, അല്ലാഹു ജനങ്ങള്‍ക്ക് നിര്‍ദേശിച്ച് നല്‍കിയിരിക്കുന്ന ജീവിത രേഖ എന്നീ അര്‍ഥങ്ങളിലാണ് ഖുര്‍ആനില്‍ ശരീഅ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. നിരവധി സൂക്തങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്. ഓരോ ജനതയിലേക്കും പ്രവാചകന്‍മാരെ ശരീഅത്തുമായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെ അക്കാലഘട്ടത്തിലും അതിന് ശേഷം വരാനിരിക്കുന്ന മുഴുവന്‍ സമൂഹങ്ങള്‍ക്കുമുള്ള ശരീഅത്താണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

എല്ലാ പ്രവാചകന്‍മാരും കൊണ്ടു വന്നിട്ടുള്ള ശരീഅത്തുകളുടെ അടിസ്ഥാന തത്വങ്ങള്‍ സമാനമാണ്. അല്ലാഹു, മലക്കുകള്‍, അദൃശ്യം, വിധിദിനം, തുടങ്ങിയ വിശ്വാസപരമായ കാര്യങ്ങളെല്ലാം അത്തരത്തിലുള്ളവയാണ്. അപ്രകാരം ധാര്‍മിക വ്യവസ്ഥകളിലും സമാനതകള്‍ കാണാവുന്നതാണ്. വിവിധ ശരീഅത്തുകളിലെ അനുഷ്ഠാനങ്ങളുടെ അടിസ്ഥാനങ്ങള്‍ വരെ പൊതുവാണ്. അല്ലാഹു പറയുന്നു:
‘നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. ‘നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക’യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു.’ (അശ്ശൂറ : 13)

ഓരോ പ്രവാചകന്‍മാര്‍ക്കും നല്‍കിയ ശരീഅത്ത് അക്കാലത്തെ ആളുകളുടെ അവസ്ഥയും സാഹചര്യവും നിലവാരവും അനുസരിച്ച് വ്യത്യസ്തമായിരുന്നു. അതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു : ‘നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്.’ (അല്‍-മാഇദ : 48) അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ട മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള നിര്‍ദേശങ്ങളാണ്.

പണ്ഡിതന്‍മാരുടെ സാങ്കേതിക ശബ്ദം
പണ്ഡിതന്‍മാര്‍ക്കിടയില്‍ ശരീഅത്തിന് വ്യത്യസ്ത സാങ്കേതികാര്‍ത്ഥങ്ങളുണ്ട്. ആദ്യകാല പണ്ഡിതന്‍മാര്‍ മേല്‍പറഞ്ഞ ഖുര്‍ആനിക നിര്‍വചനങ്ങള്‍ തന്നെയായിരുന്നു അതുകൊണ്ട് അര്‍ഥമാക്കിയിരുന്നത്. മാര്‍ഗദര്‍ശനം, നിയമങ്ങള്‍, അല്ലാഹു അവന്റെ ദൂതന്‍ മുഹമ്മദ് നബിയിലൂടെ ഇറക്കിയ ജീവിതത്തിനുള്ള മാര്‍ഗരേഖ എന്നൊക്കയാണ് അവ. വിശ്വാസപരമായ കാര്യങ്ങളും ധാര്‍മിക സ്വഭാവങ്ങളും പ്രവൃത്തികളും ഉള്‍പ്പെടുന്നതാണ് പ്രസ്തുത മാര്‍ഗരേഖ. പില്‍ക്കാലത്ത് ചില പണ്ഡിതന്‍മാര്‍ ശരീഅത്തിന് നിയമ നിര്‍ദേശങ്ങള്‍ എന്നും ആളുകളുടെ പ്രവര്‍ത്തനങ്ങളുമായി മാത്രം ബന്ധപ്പെട്ട മാര്‍ഗരേഖ എന്നും അര്‍ഥം നല്‍കി. ശരീഅത്തിന്റെ ധാര്‍മികവും വിശ്വാസപരവുമായ വശങ്ങളെ അവര്‍ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്.

പണ്ഡിതന്‍മാരുടെ വ്യത്യസ്ത നിര്‍വചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഖുര്‍ആനിക നിര്‍വചനത്തിനാണ് നാം ഊന്നല്‍ നല്‍കുന്നത്. ആദ്യകാല പണ്ഡിതന്‍മാര്‍ സ്വീകരിച്ചിരുന്ന നിര്‍വചനവും അത് തന്നെയായിരുന്നു. ശരീഅ എന്നതിന്റെ ഭാഷാപരമായ അര്‍ഥം തന്നെ അതിന്റെ അതിന്റെ ഉദ്ദേശ്യത്തെ വ്യക്തമാക്കുന്നുണ്ട്. വളരെ വ്യക്തമായ നിര്‍ദേശങ്ങളുടെ സമ്പുഷ്ടമായ സ്രോതസ്സാണ് ശരീഅ. ഇഹപര ജീവിതത്തില്‍ ഒരാളെ വിജയത്തിലേക്ക് നയിക്കുന്ന മാര്‍ഗമാണത്. മാന്യമായി ജീവിക്കുന്നതിന് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിരിക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും മാര്‍ഗരേഖയുമാണത്. അതിന്റെ നിര്‍ദേശങ്ങള്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമാണ് വിശ്വാസികളായ നാം ചെയ്യേണ്ടത്. മനുഷ്യരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഉള്‍ക്കൊള്ളുന്ന ശരീഅത്ത് സ്രഷ്ടാവിന്റെ കാരുണ്യമാണ്.

വിവ : അഹ്മദ് നസീഫ്

Related Articles