Current Date

Search
Close this search box.
Search
Close this search box.

കച്ചവട പരസ്യങ്ങളുടെ ഇസ്‌ലാമിക വിധി

adv.jpg

പരസ്യങ്ങളുടെ അതിപ്രസരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. പക്ഷെ പലപ്പോഴും അതിന്റെ  ഇസ്‌ലാമിക വിധിയെക്കുറിച്ച് നമ്മില്‍ പലരും ബോധവാന്‍മാരല്ല. ചാനല്‍ പരസ്യങ്ങളും ഇന്റര്‍നെറ്റ് പരസ്യങ്ങളും മിക്കവാറും ധാര്‍മ്മിക പരിധികള്‍ ലംഘിക്കുന്നവയും നിഷിദ്ധങ്ങളും അശ്ലീലങ്ങളും ഉള്‍ക്കൊള്ളുന്നവയുമായതിനാല്‍, അനുവദനീയമായതും അല്ലാത്തതുമായ പരസ്യങ്ങളുടെ ഇസ്‌ലാമികവിധി അറിയല്‍ അത്യന്താപേക്ഷിതമാണ്.

ഏതൊരുല്‍പന്നവും, ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുപയോഗിച്ച് പരിചയപ്പെടുത്തുകയും അതിന്റെ ഗുണനിലവാരം പ്രചരിപ്പിക്കുകയും ചെയ്യലാണ് കച്ചവട പരസ്യത്തിന്റെ ധര്‍മ്മം.

ഇന്ന് വ്യത്യസ്ത മാധ്യമങ്ങള്‍ നമ്മള്‍ പരസ്യപ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ചാനലുകള്‍, എക്‌സിബിഷനുകള്‍, ആകര്‍ഷകമായ സമ്മാന വാഗ്ദാനങ്ങള്‍, പരസ്യബോര്‍ഡുകള്‍, റേഡിയോ, വാഹനപ്രചരണം, പത്രമാസികകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍.  ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകാത്ത രീതിയിലുള്ള എല്ലാ പരസ്യങ്ങളും അനുവദനീയമാണ്. വഞ്ചനയും കളവും മായങ്ങളും ചേര്‍ന്ന എല്ലാ ഇടപാടുകളും  ഇസലാമിക ദൃഷ്ട്യാ നിഷിദ്ധവുമാണ്.  സമ്പാദ്യം ഹലാലാകാണമെങ്കില്‍ കച്ചവടം സുരക്ഷിതവും സുതാര്യവുമാകണമെന്ന് ഇസ്‌ലാം ശഠിക്കുന്നു. കച്ചവടക്കാരനും പരസ്യപ്രചാരകനും സത്യത്തിന്റെ വക്താക്കളാകണമെന്നും വഞ്ചനയില്‍ നിന്നും മാറിനില്‍ക്കണമെന്നും ഉത്തരവാദിത്തബോധവും ഉദ്ദേശശുദ്ധിയും കൈക്കൊള്ളണമെന്നും, ‘വഞ്ചകന്‍മാര്‍ നമ്മില്‍പ്പെട്ടവനല്ല’എന്ന നബിവചനത്തില്‍ നിന്നും മനസിലാക്കാം. ഇടപാടുകള്‍ എളുപ്പമാക്കല്‍, ജനസേവനേഛ, പ്രയാസമനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ് നല്ല രൂപത്തില്‍ ഇടപഴകല്‍ എന്നിവകൂടി പരസ്യത്തിന്റെ ലക്ഷ്യങ്ങളാകുമ്പോള്‍ കേവല ഇടപാടിനപ്പുറം അവ ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമായിത്തീരുകയും ചെയ്യുന്നു.

ഏത് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പരസ്യം ചെയ്താലും ചില സംഗതികള്‍ നിര്‍ബന്ധമായും പാലിക്കണം. ഉല്പന്നത്തിന്റെയും സേവനത്തിന്റെയും സത്യസന്ധമായ വിവരങ്ങള്‍ മാത്രം നല്കുക. ഉല്‍പന്നത്തിന്റെ ന്യൂനതകളും പോരായ്മകളും മറച്ചുവച്ച് വഞ്ചന കാട്ടാതിരിക്കുക. ഇസലാമികാദര്‍ശത്തിനും അടിത്തറക്കും കോട്ടംതട്ടും വിധത്തിലുള്ളതും മറ്റുമത വിശ്വാസങ്ങളെ അംഗീകരിക്കുന്ന തരത്തില്‍ അവരുടെ ചിഹ്നങ്ങളെ എടുത്തു കാട്ടുന്നതുമായ സംഗതികള്‍ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കുക, ദൈവ-പ്രവാചക നാമങ്ങള്‍ പരസ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാതിരിക്കുക.ലൈംഗിക വികാരം ഉണര്‍ത്തുന്ന വിധം സ്ത്രീകളെ ഉപയോഗിക്കാതിരിക്കുക, ധൂര്‍ത്തിനും അമിതവ്യയത്തിനും പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക, ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.പാപവും അശ്ലീലതയും പ്രോല്‍സാഹിപ്പിക്കുന്ന ഇടങ്ങളായ ബാറുകള്‍, അഭിസാരികകള്‍ നര്‍ത്തനമാടുന്ന നൈറ്റ് ക്ലബ്ബുകള്‍, ചൂതാട്ടകേന്ദ്രങ്ങള്‍, പലിശയധിഷ്ഠിത സ്ഥാപനങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ നല്‍കാതിരിക്കുക.

എല്ലാറ്റിലുമുപരി, നന്‍മയിലും ധര്‍മത്തിലും പരസ്പരം സഹകരിക്കുക. തിന്മയിലും ശത്രുതയിലും പരസ്പരം സഹകരക്കരുത് എന്ന ഖുര്‍ആനിക സൂക്തത്തിന്റെ വെളിച്ചത്തില്‍ ഈ വിഷയത്തെ  ആത്മാര്‍ത്ഥമായി സമീപിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ മേഖലയിലെ ഇസലാമിക വിധി മനസിലാക്കാന്‍ സാധിക്കൂ.

വിവ: ഇസ്മാഈല്‍ അഫാഫ്‌

Related Articles