Current Date

Search
Close this search box.
Search
Close this search box.

എന്താണ് മഖാസിദുശ്ശരീഅഃ?

aim-target.jpg

കര്‍മശാസ്ത്ര ചര്‍ച്ചകളില്‍ നാം പലപ്പോഴും കേള്‍ക്കുന്ന സാങ്കേതിക പ്രയോഗമാണ് ‘മഖാസിദുശ്ശരീഅഃ’. ശരീഅത്തിന്റെ വിധി വിലക്കുകളുടെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നതാണ് ഇതിന്റെ വിവക്ഷ. അഥവാ ഓരോ നിയമത്തിലൂടെയും നിയനിര്‍മാതാവായ (ശാരിഅ്) അല്ലാഹു എന്താണോ ഉദ്ദേശിച്ചിട്ടുളളത് അതിനാണ് മഖാസിദുശ്ശരീഅഃ എന്ന് പറയുന്നത്. മറ്റൊരു ഭാഷയില്‍ അല്ലാഹു എന്താണ് ഉദ്ദേശിച്ചിട്ടുളളത് എന്ന് ചുരുക്കം.

അവന്‍ മനോഗതങ്ങള്‍ വരെ അറിയുന്ന, അതിസൂക്ഷ്മ ജ്ഞാനത്തിന്റെ ഉടമായ അല്ലാഹുവിന്റെ ഉദ്ദേശ്യമാണത്. അതുകൊണ്ടു തന്നെ അത് അത്ര നിസ്സാര സംഗതിയല്ല.   ഒരു കാര്യം ഫിഖിഹീ വീക്ഷണത്തിലും പ്രമാണങ്ങള്‍ നോക്കിയാലും ശരിയാണ് എന്നാല്‍ മഖാസിദുശ്ശരീഅഃയുടെ അടിസ്ഥാനത്തില്‍ അതല്ല ശരി എന്ന് ചിലര്‍ അഭിപ്രായ പ്രകടനം നടത്താറുണ്ട്.

എന്നാല്‍ ഒരു വിഷയത്തിലുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും? ഒന്നുകില്‍ അല്ലാഹു തന്നെ അത് വ്യക്തമാക്കണം.
ഉദാഹരണം: ”പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: ‘നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.’അന്നേരം അല്ലാഹു വെളിപ്പെടുത്താനുദ്ദേശിച്ച കാര്യം നീ മനസ്സിലൊളിപ്പിക്കുന്നുണ്ടായിരുന്നു. നീ ആളുകളെ ഭയപ്പെടുകയായിരുന്നുവല്ലോ; ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവായിരിക്കെ. പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍ നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനു വേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കേണ്ടതു തന്നെയായിരുന്നു.” (അല്‍അഹ്‌സാബ്: 36-39)

ഒരു വിധി കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് ഇന്നകാര്യമാണ് എന്ന് അല്ലാഹുവിന്റെ ദൂതന്‍ വ്യക്തമാക്കുകയാണ് രണ്ടാമത്തെ മാര്‍ഗം. അല്ലാഹു പാപസുരക്ഷിതത്വം നല്‍കിയ, വഹ്‌യ് ലഭിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് പ്രവാചകന്‍ എന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നതും ആധികാരികമാവുന്നത്.
ഉദാഹരണം: നബി(സ) പറഞ്ഞു: ‘അനുവാദം ചോദിക്കാന്‍ നിര്‍ദേശിച്ചതിന്റെ കാരണം നോട്ടമാണ്.’ (അനുവാദം ചോദിക്കാതെ ഒരാള്‍ മുറിയിലേക്ക് കടന്നു വരുമ്പോള്‍ അയാള്‍ കാണാനിഷ്ടപ്പെടാത്തതോ, അയാള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതോ രംഗങ്ങള്‍ കാണാനിട വന്നേക്കാം.)

മേല്‍പറയപ്പെട്ട രണ്ട് മാര്‍ഗങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടാത്ത ഒരു കാര്യത്തിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് ഖണ്ഡിതമായി പറയാന്‍ പറയാന്‍ ആര്‍ക്ക് സാധിക്കും? ഒരാള്‍ പറഞ്ഞാല്‍ തന്നെ അതുതന്നെയാണ് ശരി എന്ന് എങ്ങനെ ഉറപ്പിക്കാനാവും? ഇവിടെയാണ് സംഭവിക്കാന്‍ സാധ്യത വളരെ വിരളമാണെങ്കിലും ഇജ്മാഇന്റെ പ്രസക്തി. കാരണം മുസ്‌ലിം ഉമ്മത്ത് വഴികേടില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

ഇജ്മാഇന്റെ അഭാവത്തില്‍ ഇജ്തിഹാദിലൂടെ ശാരിഇന്റ (നിയമനിര്‍മാതാവ്) ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കണ്ടെത്തുക എന്നതാണ് അടുത്ത വഴി. ഇജ്തിഹാദിലൂടെ കണ്ടെത്തുന്ന അഭിപ്രായത്തില്‍ അഭിപ്രായ വ്യത്യാസത്തിനുള്ള പഴുതുണ്ടായിരിക്കും. അതുകൊണ്ടു തന്നെ അത് തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്യമുണ്ടായിരിക്കും. അത്തരം നിഗമനങ്ങള്‍ സ്വീകരിച്ച് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് മേല്‍ അത് അടിച്ചേല്‍പിക്കാതവതല്ല.

ഇജ്തിഹാദ് നടത്തുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ എന്തെല്ലാം ആണെന്നും പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.

മുജ്തഹിദിന്റെ യോഗ്യതകള്‍
1) അറബി ഭാഷയിലുള്ള പ്രാവീണ്യം: അറബി ഭാഷയുടെ വ്യാകരണ നിയങ്ങളും അലങ്കാര ശാസ്ത്രവും അറിഞ്ഞിരിക്കല്‍ അതിന് അനിവാര്യമാണ്.
2) ഖുര്‍ആനിലുള്ള പാണ്ഡിത്യം: ഖുര്‍ആനിലെ വിധികള്‍, അവതരണ പശ്ചാത്തലം, നാസിഖ് മന്‍സൂഖ്, വിവിധ പാരായണങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം എന്നിവയിലുള്ള അറിവാണ് ഇതുകൊണ്ടുദ്ദേശ്യം.
3) സുന്നത്തിലുള്ള അവഗാഹം
4) കര്‍മശാസ്ത്ര നിദാന ശാസ്ത്രത്തിലുള്ള (ഉസൂലുല്‍ ഫിഖ്ഹ്) അറിവ്.
5) ഇജ്മാഇന്റെ സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കല്‍.
6) താന്‍ ജീവിക്കുന്ന കാലത്തെ പറ്റിയും അവിടത്തെ ജീവിത സാഹചര്യങ്ങളെ പറ്റിയുമുള്ള തിരിച്ചറിവ്. തുടങ്ങിയ ധാരാളം ഉപാധികള്‍ തികയുമ്പോഴാണ് ഒരാള്‍ മുജ്തഹിദാവുക.

Related Articles