Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമില്‍ പള്ളികളുടെ ദൗത്യം

masjid.jpg

നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനുള്ള ഇടം മാത്രമല്ല മസ്ജിദുകള്‍. ആധുനിക പ്രയോഗ പ്രകാരം കമ്മ്യൂണിറ്റി സെന്ററുകളാണ് അവ. എന്റെ അഭിപ്രായത്തില്‍, മുസ്‌ലിം സമൂഹത്തിന്റെ നിലവിലെ അവസ്ഥക്ക് മാറ്റം വരുത്താന്‍ ശേഷിയുള്ള പരിഷ്‌കരണം ആവശ്യമുള്ള സുപ്രധാന സംഗതികളിലൊന്നാണ് മസ്ജിദുകള്‍ നിര്‍വഹിക്കുന്ന ദൗത്യം.

മസ്ജിദിന്റെ ദൗത്യങ്ങള്‍ എന്തൊക്കെയാണ്, എന്തൊക്കെയല്ല എന്ന് മുസ്‌ലിംകളായ നാം എങ്ങനെ തീരുമാനിക്കും? അതിനുള്ള മറുപടി വളരെ കൃത്യമാണ്. പ്രവാചകന്‍(സ)യുടെ ചര്യയാണ് അതിന് നമുക്ക് പ്രമാണം. പ്രവാചകന്റെ കാലത്ത് എന്തൊക്കെ ദൗത്യങ്ങളായിരുന്നു മസ്ജിദുകള്‍ നിര്‍വഹിച്ചിരുന്നത് എന്ന് നമുക്ക് കണ്ണോടിക്കാം.

ആരാധനക്കുള്ള ഇടം
ദിവസവും അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരത്തിനായി വിശ്വാസികള്‍ക്ക് ഒരുമിച്ചു കൂടാനുള്ള ഇടമായിരുന്നു പ്രവാചകന്‍(സ) മസ്ജിദ്. ഇന്നത്തെ മസ്ജിദുകള്‍ നിര്‍വഹിക്കുന്ന ഏക ദൗത്യം ഇതാണ് എന്നത് സങ്കടകരമായ വസ്തുതയാണ്. അതില്‍ തന്നെയും വലിയ അന്തരം നമുക്കിന്ന് പ്രകടമാണ്. പ്രവാചകന്റെ(സ) മസ്ജിദ് എല്ലാവര്‍ക്കും മുമ്പില്‍ തുറന്നിട്ടതായിരുന്നു. സ്ത്രീകളും പുരുഷന്‍മാരും യുവാക്കളും വൃദ്ധന്‍മാരും അറബികളും അനറബികളുമെല്ലാം അവിടെ പ്രവേശിച്ചിരുന്നു. ബുഖാരിയും മുസ്‌ലിമും റിപോര്‍ട്ട് ചെയ്ത നിരവധി ഹദീസുകള്‍ അത് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ നമുക്ക് ചില വീഴ്ച്ചകള്‍ പറ്റിയിരിക്കുന്നു.

മുസ്‌ലിം ലോകത്തെ പല മസ്ജിദുകളിലും സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കപ്പെട്ടതാണ്. അനുവദിക്കുന്നവയില്‍ തന്നെ പുരുഷന്‍മാര്‍ക്കായി നിര്‍ണയിച്ച ഭാഗത്തിന്റെ അത്രയൊന്നും സൗകര്യങ്ങളും സൗന്ദര്യവും ഇല്ലാത്ത ഇടമാണ് അവര്‍ക്ക് നിര്‍ണയിച്ചു നല്‍കുന്നത്. എന്നാല്‍ നബി(സ)യുടെ മസ്ജിദില്‍ ഇതായിരുന്നില്ല അവസ്ഥ. അതില്‍ നമസ്‌കരിക്കാന്‍ എല്ലാവര്‍ക്കും കൂടി ഒരൊറ്റ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. പുരുഷന്‍മാര്‍ക്ക് പിന്നിലായി തങ്ങളുടെ തന്നെ അണിയില്‍ നിന്നാണ് സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നത്. അതിന് പിന്നിലെ യുക്തി വളരെ വ്യക്തമാണ്. സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം സ്പര്‍ശിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണത്. കഅ്ബയുടെ സമീപത്ത് നിര്‍വഹിക്കുന്ന നമസ്‌കാരം മാത്രമാണ് ഇതിന്നപവാദമായിട്ടുള്ളത്. അതിന്റെ കാരണം സ്ഥലപരിമിതിയുമാണ്. പ്രവാചകന്‍(സ) വിടപറഞ്ഞ് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സ്ത്രീകള്‍ക്ക് മസ്ജിദുകള്‍ വിലക്കപ്പെടാന്‍ തുടങ്ങിയത്. ‘അല്ലാഹുവിന്റെ ദാസികളെ നിങ്ങള്‍ അവന്റെ ഭവനത്തില്‍ നിന്ന് തടയരുത്’ എന്ന ഹദീസ് ഉദ്ധരിച്ചു കൊണ്ട് ചില പ്രവാചകാനുചരന്‍മാര്‍ അതില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അറബികള്‍ക്കൊരു പള്ളി, സമീപത്ത് തന്നെ ഇന്ത്യക്കാര്‍ക്ക് മറ്റൊരു പള്ളി, തുര്‍ക്കിക്കാര്‍ക്ക് മറ്റൊന്ന് ആഫ്രിക്കക്കാര്‍ക്ക് മറ്റൊന്ന് ഇങ്ങനെ പല വിഭാഗങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട മസ്ജിദുകള്‍ വിശിഷ്യാ പാശ്ചാത്യ ലോകത്ത് നാം കാണുന്ന കാര്യമാണ്. ഇതൊന്നും ഇസ്‌ലാമികമല്ല. പ്രവാചകന്‍(സ)യുടെ അനുയായികളില്‍ വ്യത്യസ്തമായ പശ്ചാത്തലമുള്ളവരും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണ് നമസ്‌കരിച്ചിരുന്നത്. ചിലയിടത്തെല്ലാം കുട്ടികള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നതും കാണാം. അതും പ്രവാചകചര്യക്ക് നിരക്കാത്ത കാര്യമാണ്.

സാമൂഹിക ബന്ധങ്ങള്‍ക്കുള്ള ഇടം
നമസ്‌കരിക്കുന്ന സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് മസ്ജിദ്. തന്റെ അനുയായികളില്‍ ഒരാളെ (പുരുഷനാവട്ടെ സ്ത്രീയാവട്ടെ) ഒന്നോ രണ്ടോ ദിവസം പള്ളിയില്‍ കണ്ടില്ലെങ്കില്‍ പ്രവാചകന്‍(സ) അവരെ കുറിച്ച് അന്വേഷിക്കുകയും അവര്‍ക്ക് വല്ല സഹായവും ആവശ്യമെങ്കില്‍ അത് ചെയ്യുകയും രോഗമാണെങ്കില്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് റിപോര്‍ട്ടുകളുണ്ട്.

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടം
ഒരാള്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് അറിയാനും അന്വേഷിച്ച് സംശയം ദുരീകരിക്കാനുമുള്ള ഇടമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മസ്ജിദ് എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. മുസ്‌ലിംകളല്ലാത്തവര്‍ക്ക് മസ്ജിദ് വിലക്കുകയോ അവര്‍ പ്രവേശിക്കുന്നത് നിരുത്സാഹപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് അതാണ് നാം കാണുന്നത്.

ആഘോഷങ്ങള്‍ക്കുള്ള വേദി
വിവാഹം മസ്ജിദുകളില്‍ വെച്ച് നടത്താനും അത് ആളുകളെ അറിയിക്കാനും നബി(സ) അനുയായികളെ ഉപദേശിച്ചിരുന്നു. വിശ്വാസികളുടെ ആഘോഷദിനമായ പെരുന്നാളിന് മസ്ജിദില്‍ എത്യോപ്യക്കാര്‍ കുന്തം ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തിയിരുന്നു എന്ന് ഹദീസുകളില്‍ കാണാം. നബിതിരുമേനിയുടെ(സ) പിന്നില്‍ നിന്ന് താനത് കണ്ടകാര്യം ആഇശ(റ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

യോഗം ചേരാനുള്ള സ്ഥലം
സുപ്രധാനമായ പല വിഷയങ്ങളും (ഉദാ: യുദ്ധം, കരാര്‍, വരള്‍ച്ച) ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും പ്രവാചകന്‍(സ) അനുയായികളെ വിളിച്ചു കൂട്ടിയിരുന്നത് മസ്ജിദിലായിരുന്നു. ഇസ്‌ലാമിക സൈന്യത്തിന്റെ കേന്ദ്രമായിട്ട് വര്‍ത്തിച്ചിരുന്നതും മസ്ജിദുകളായിരുന്നു. അവിടെ നിന്നായിരുന്നു അവര്‍ പുറപ്പെട്ടിരുന്നത്, യുദ്ധശേഷം മടങ്ങിയിരുന്നതും അവിടേക്കായിരുന്നു.

ആതുരപരിചരണത്തിനുള്ള ഇടം
ഇസ്‌ലാമിക നാഗരികത കൂടുതല്‍ വികാസം പ്രാപിച്ച് ആശുപത്രികള്‍ ഉണ്ടാകുന്നതിന് മുമ്പ് യുദ്ധങ്ങളിലും മറ്റും പരിക്കേറ്റവര്‍ക്ക് മസ്ജിദില്‍ വെച്ചായിരുന്നു ചികിത്സ നല്‍കിയിരുന്നത്.

വിദ്യാഭ്യാസ കേന്ദ്രം
അക്ഷരാഭ്യാസമില്ലാത്ത ആളുകള്‍ക്ക് പ്രവാചകന്റെ(റ) പള്ളിയില്‍ വെച്ച് എഴുത്തും വായനയും പഠിപ്പിച്ചിരുന്നു. മസ്ജിദുകളില്‍ നിന്ന് ലഭിച്ച വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മുസ്‌ലിംകള്‍ ഇസ്‌ലാമിക നാഗരികത കെട്ടിപ്പടുത്തത്.

വിലക്കപ്പെട്ട ദുര്‍വൃത്തികള്‍ക്ക് പുറമെ മസ്ജിദുകളില്‍ വിലക്കപ്പെട്ട ഏകകാര്യം വസ്തുക്കളുടെ വില്‍പനയും വാങ്ങലുമാണ്. മസ്ജിദുകളെ ഭൗതിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് നബി(സ) സൂചിപ്പിച്ചിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രവാചകന്റെ(സ) മസ്ജിദ് ഒരു സാമൂഹ്യകേന്ദ്രം ആയിരുന്നുവെന്ന് ചുരുക്കം.

Related Articles