Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക ശരീഅത്ത് ; അടിസ്ഥാനങ്ങളും മാധ്യമങ്ങളും

sharia.jpg

പ്രവാചകന്റെ നയനിലപാടുകളിലെ ‘നിയമമാക്കിയ കാര്യങ്ങളും’ ‘നിയമമാക്കാത്ത കാര്യങ്ങളും’ മുമ്പ് പരാമര്‍ശിക്കപ്പെടുകയുണ്ടായി. ശാഹ്‌വലിയുല്ലാഹ് അദ്ദഹ്‌ലവി തന്റെ ‘ഹുജ്ജത്തുല്ലാഹി അല്‍ബാലിഗ’യില്‍ ഈ വശം വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അത് പോലെ മഖാസിദിന്റെ പണ്ഡിതന്‍മാരെല്ലാം ഈ കാര്യം അവരുടെ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തത് കാണാന്‍ കഴിയും. ഇമാം ഖറാഫി(റ) തന്റെ പ്രസിദ്ധമായ ‘ഫുറൂഖ്’ എന്ന ഗ്രന്ഥത്തില്‍ പ്രവാചകന്റെ നയസമീപനങ്ങളെയും നിലപാടുകളെയും ഇനം തിരിച്ച് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ള വിധികളും ഫത്‌വകളും പ്രബോധനത്തിന്റെ ഭാഗമായി ചെയ്തതാണ്. ആ അര്‍ത്ഥത്തില്‍ അദ്ദേഹം പഠിപ്പിച്ച കാര്യങ്ങള്‍ പൊതുവായ അടിസ്ഥാന വിധികളാണ്. എല്ലാവരും എല്ലാ കാലത്തും പിന്തുടരേണ്ട കാര്യങ്ങള്‍. എന്നാല്‍ പ്രവാചകന്‍ ഒരു നേതാവ് എന്ന നിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങളുമുണ്ട്. ഉദാഹരണമായി സൈന്യത്തെ അയക്കുക, ബൈത്തുല്‍മാലിലെ ധനം വ്യയം ചെയ്യുക, ഉദ്യോഗസ്ഥന്മാരെയും ജഡ്ജിമാരെയും നിശ്ചയിക്കുക, യുദ്ദാര്‍ജിത സമ്പത്തുകള്‍ വിതരണം ചെയ്യുക, ഉടമ്പടികള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രവാചകന്‍ നിലപാട് സ്വീകരിച്ചിട്ടുള്ളത് ഒരു നേതാവ് എന്ന നിലയിലാണ്. അത്തരം കാര്യങ്ങളില്‍ ഇന്നും അത് പോലെ പ്രവാചകനെ പിന്തുടരാന്‍ നാം അനുശാസിക്കപ്പെട്ടിട്ടില്ല. അത് കാലത്തിന്റെയും ലോകത്തിന്റെയും സാഹചര്യങ്ങളുടെയും നന്മയും താല്‍പര്യവും പരിഗണിച്ച് നിര്‍വ്വഹിക്കാവുന്നതാണ്. അവസാനം പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവുമായും അതുമായി ബന്ധപ്പെട്ട ഭരണനിര്‍വ്വണ കാര്യങ്ങളുമായും ബന്ധപ്പെട്ടതാണ്.

കര്‍മ്മശാസ്ത്ര രംഗത്ത് ഏറെ അറിയപ്പെട്ടിട്ടുള്ള കാര്യങ്ങളാണിതെല്ലാം. ഒരു നേതാവിനും അത് പോലെ മുസ്‌ലിംകളിലെ ഓരോ വ്യക്തികള്‍ക്കും ചെയ്യാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണിതെല്ലാം. രാഷ്ട്രീയവുമായും ഭരണവുമായും ബന്ധപ്പെട്ട് പ്രവാചകനില്‍ നിന്ന് വന്നിട്ടുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം നടപ്പിലാക്കാന്‍ അനുശാസിക്കപ്പെട്ടതാണ്. മറിച്ച് എല്ലാ സാഹചര്യത്തിലേക്കുമുള്ളതല്ല. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം അദ്ദേഹം ചെയ്യുന്നത് പൊതുവായ ചില അടിസ്ഥാനങ്ങളുടെയും ലക്ഷ്യങ്ങളുടെയും ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ്. ആ അടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും മുറുകെ പിടിക്കാന്‍ ഇന്ന് നാം ബാധ്യസ്ഥരാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ പൊതുനന്മകളും താല്‍പര്യങ്ങളുമാണ് പരിഗണിക്കേണ്ടത്. ഇത് കാലത്തിനും ലോകസാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നവയാണ്.

ഉദാഹരണമായി, പ്രവാചകന്‍(സ) സൈന്യത്തെ വിഭജിച്ചപ്പോള്‍ ഇടത്, വലത്, മധ്യം എന്ന നിലയിലാണ് അണിനിരത്തിയത്. ഇതൊരു ലീഡര്‍ എന്ന നിലയില്‍ അന്ന് പ്രവാചകന്‍ ചെയ്തതാണ്. എന്നാല്‍ എല്ലാ കാലഘട്ടത്തിലും ഇത് പോലെ മാത്രമേ സൈന്യത്തെ നിര്‍ത്താവൂ എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടില്ല. ഓരോ കാലഘട്ടത്തിനും സന്ദര്‍ഭത്തിനും അനുസരിച്ചാണ് അത് ചെയ്യേണ്ടത്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഇതാണ്. സൈന്യത്തെ ക്രമീകരിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് യുദ്ധത്തിലെ വിജയമാണ്. അപ്പോള്‍ ഈ താല്‍പര്യസംരക്ഷണമാണ് അടിസ്ഥാനം. അത് ഏത് രീതിയിലായാലും. അത്‌പോലെ തന്നെയാണ് യുദ്ധാര്‍ജിത സമ്പത്ത് വിതരണം ചെയ്യുന്ന കാര്യത്തിലും, ഇസ്‌ലാമിക രാഷ്ട്രത്തില്‍ അമുസ്‌ലിംകളില്‍ നിന്ന് ജിസ്‌യ സ്വീകരിക്കുന്ന വിഷയത്തിലുമെല്ലാം സ്വീകരിക്കേണ്ട നിലപാടുകള്‍. ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്‍(സ) സ്വീകരിച്ച നിലപാടുകള്‍ അതേപോലെ ഈ കാലത്തും പിന്തുടരേണ്ടതില്ല. മറിച്ച്, അതിലൂടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള  അടിസ്ഥാന ലക്ഷ്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതി. ഈ കാലഘട്ടത്തില്‍ അതല്ലാത്ത മാര്‍ഗ്ഗത്തിലൂടെ തന്നെ ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെങ്കില്‍ അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഇസ്‌ലാമിക രീതി. അത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഈ കാലത്ത് ചെയ്യേണ്ടത് പ്രമാണങ്ങളേയും അത്‌കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങളേയും നന്നായി മനസ്സിലാക്കുകയും ലക്ഷ്യങ്ങളെയും അതിന്റെ മാധ്യമങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കുകയുമാണ് വേണ്ടത്. ഒരുദാഹരണം നോക്കാം. ഖുര്‍ആന്‍ പറയുന്നു: ‘അവര്‍ക്കെതിരില്‍ നിങ്ങള്‍ കഴിവിന്‍പടി അധികമധികം ശക്തി സംഭരിക്കുകയും സുസജ്ജമായ കുതിരപ്പടയെ ഒരുക്കിനിര്‍ത്തുകയും ചെയ്യുവിന്‍. അതുവഴി അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താം; അവരെക്കൂടാതെ ഇപ്പോള്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതും അല്ലാഹുവിനറിയുന്നതുമായ മറ്റു ശത്രുക്കളെയും.’ (അല്‍- അന്‍ഫാല്‍: 60)  ആശയത്തിലെ ‘കുതിരപ്പടയെ ഒരുക്കിനിര്‍ത്തുകയും ചെയ്യുക’ എന്ന പരാമര്‍ശം ഒരു മാര്‍ഗ്ഗം മാത്രമാണ്. അടിസ്ഥാനമല്ല. ഇതിലെ അടിസ്ഥാനം ശത്രുക്കളെ ഭയപ്പെടുത്തുന്ന രീതിയില്‍ നിങ്ങള്‍ യുദ്ധസജ്ജരാവുക എന്നതാണ്. കുതിരയെ ഒരുക്കിനിര്‍ത്തുന്നത് അതിന്റെ ഒരു മാധ്യമമാണ്. ഈ കാലത്ത് പ്രസ്തുത മാധ്യമം നമുക്ക് സ്വീകരിക്കണമെന്നില്ല. മറിച്ച്, ഈ കാലഘട്ടത്തിന്റെ മാധ്യമങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇവിടെ മാറ്റമില്ലാത്തത് അടിസ്ഥാനങ്ങള്‍ക്ക് മാത്രമാണ്. മാധ്യമങ്ങള്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിക ശരീഅത്ത് പ്രയോഗവല്‍ക്കരിക്കുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു കാര്യമിതാണ്.

പ്രവാചക നയസമീപനങ്ങളുടെ രണ്ട് വശങ്ങള്‍

Related Articles