Current Date

Search
Close this search box.
Search
Close this search box.

ഇളവുകള്‍ തേടി നടക്കുന്നവര്‍

discount.jpg

ഇളവുകളെ മാത്രം തേടിപ്പോകുന്നതിനെ വിലക്കുന്ന പൂര്‍വീകരുടെ വചനങ്ങള്‍ ധാരാളമുണ്ട്. ഇമാം ഔസാഇ വിവരിക്കുന്നു : ആരെങ്കിലും ഇളവുകള്‍ മാത്രം തേടിപ്പോകുന്നുവെങ്കില്‍ അവന്‍ നിരീശ്വരവാദിയായേക്കും.
ഇമാം അഹ്മദ് വിവരിക്കുന്നു: എല്ലാ ഇളവുകളും സ്വീകരിക്കുന്നവന്‍ ഫാസിഖ്(അധര്‍മി) ആയിത്തീരും. അതിനാല്‍ തന്നെ ഇളവുകള്‍ തേടിപ്പോകുക എന്നതു കൊണ്ടുദ്ദേശിക്കുന്നത് എന്താണ്, ഇളവുകള്‍ എപ്പോഴാണ് അനുവദനീയമാകുന്നത്, നിഷിദ്ധമാകുന്നത് എന്നത് നാം തിരിച്ചറിയണം. വ്യത്യസ്ത വീക്ഷണങ്ങളുളള വിഷയങ്ങളില്‍ ഏറ്റവും എളുപ്പമുള്ള മദ്ഹബിന്റെ അഭിപ്രായം മാത്രം ഒരാള്‍ സ്വീകരിക്കലാണ് ഇളവുകളെ തേടിപ്പോകുക എന്നതു കൊണ്ടര്‍ഥമാക്കുന്നത്. ഇളവുകള്‍ അനുധാവനം ചെയ്യുന്നതിന് വിവിധ രൂപങ്ങളുണ്ട്. അതിന് വ്യത്യസ്ത കാരണങ്ങളുമുണ്ട്.

1. ദീര്‍ഘകാലത്തെ ഇജ്തിഹാദിനും ഗവേഷണത്തിനും ശേഷം ഇളവ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനാകുക. അല്ലെങ്കില്‍ താന്‍ സ്വീകരിക്കുന്ന മുജ്തഹിദിന്റെ അഭിപ്രായത്തെ അനുകരിക്കുക. ഇളവുകളെ മാത്രം തേടുക എന്ന ഉദ്ദേശത്തോടെയല്ലാതെയുള്ള ഇത്തരം ഇളവ് സ്വീകരിക്കല്‍ അനുവദനീയമാണ്.

2. ഇളവ് സ്വീകരിക്കേണ്ട അനിവാര്യസന്ദര്‍ഭങ്ങളുണ്ടാകുക. ചില പണ്ഡിതന്മാര്‍ അനിവാര്യമായ സന്ദര്‍ഭത്തില്‍ ഇളവുകള്‍ സ്വീകരിക്കുന്നതിനെ അനുവദനീയമാക്കിയിട്ടുണ്ട്. മാലികി മദ്ഹബിന്റെ പണ്ഡിതന്മാര്‍ ആണ് ഈ അഭിപ്രായത്തെ കൂടുതലായി പിന്തുണക്കുന്നവര്‍.

3. ഖാദി പുറപ്പെടുവിച്ച വിധിയില്‍ നിന്ന് രക്ഷപ്പെടാനായി ഇളവുകളെ പിന്തുടരുന്നവന്‍. അല്ലെങ്കില്‍ ഭരണാധികാരി ഒരു വിധി പ്രസ്താവിച്ചു, എന്നാല്‍ വ്യക്തിയുടെ താല്‍പര്യം അതിനെതിരാണെന്ന കാരണത്താല്‍ ഇളവ് സ്വീകരിക്കുക. ഇത് അനുവദനീയമല്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം(ഇജ്മാഅ്) ആണ് ഉള്ളത്.

4. ദേഹേഛയും അലസതയും  കാരണം എളുപ്പമുള്ളത് മാത്രം പിന്തുടരല്‍. ഇത് വിരോധിക്കപ്പെട്ടതാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ഇത് ഹറാമാണെന്ന് വരെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഇതില്‍ മുജ്തഹിദും സാധാരണക്കാരുമെല്ലാം സമമാണ്. വീഞ്ഞ് കഴിക്കുന്നതിന്റെ കാര്യത്തില്‍ കൂഫക്കാരുടെ അഭിപ്രായം ഇതിനുദാഹരണമാണ്.

ശൈഖുല്‍ ഇസ് ലാം ഇബ്‌നു തൈമിയ്യ വിവരിക്കുന്നു: ‘ ഒരാള്‍ നിര്‍ണിതമായ മദ്ഹബ് സ്വീകരിച്ചു. പിന്നീട് അതിന് വിപരീതമായ ഒരു പണ്ഡിതന്റെ തെളിവുകളൊന്നും കൂടാതെയുള്ള സംസാരമനുസരിച്ചു പ്രവര്‍ത്തിച്ചു. നിയമപരമായ ഒരു കാരണവും കൂടാതെയാണ് അവനത് അനുവദനീയമാക്കിയതെങ്കില്‍ അവന്‍ ഇജ്തിഹാദോ തഖ്‌ലീദോ കൂടാതെ ദേഹേഛയെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്നവനാണ്’ . നിയമപരമായ സാധുതയില്ലാതെ ഹറാം പ്രവര്‍ത്തിക്കുന്നവനുമാണവന്‍. അതിനാല്‍ തന്നെ ഇത് കുറ്റകരമായ പ്രവര്‍ത്തനമാണ്.  ഇമാം അഹ്മദും മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. ഒരു കാര്യത്തെ ഒരാള്‍ നിര്‍ബന്ധബാധ്യതയായോ അല്ലെങ്കില്‍ ഹറാമായോ വിശ്വസിക്കുന്നു. പിന്നീട് കേവലമായ ഇഛക്കനുസൃതമായി അവ ഹറാമല്ല, അല്ലെങ്കില്‍ ഹലാലല്ല എന്നു വിശ്വസിക്കുന്നു. എങ്കില്‍ ഇഛകള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നത് ആക്ഷേപാര്‍ഹവും നീതിയില്‍ നിന്ന് പുറത്തുപോകലുമാണ്.

5. ഒരാള്‍ എളുപ്പമുള്ളത് മാത്രം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ തെളിവുകളൊന്നും അന്വേഷിക്കാതെ ഇളവ് സ്വീകരിക്കുന്നു, അല്ലെങ്കില്‍ ഒരനിവാര്യത കാരണം ഇളവുകള്‍ സ്വീകരിക്കുന്നു. എങ്കില്‍ പ്രസ്തുത വിഷയത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഇത്തരം ഇളവുകള്‍ സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇത് നിഷിദ്ധമാണെന്നതിന് ഇജ്മാഅ് ഉണ്ടെന്നാണ് ഇമാം ഇബ്‌നു ഹസമില്‍ നിന്നും ഇബ്‌നു അബ്ദുല്‍ ബറതില്‍ നിന്നും ഉദ്ദരിക്കപ്പെട്ടത്. എന്നാല്‍ ഇപ്രകാരം ചെയ്തവന്‍ ഫാസിഖാണോ എന്നതില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഇമാം അഹ്മദ്‌ന്റെ ഒരഭിപ്രായവും ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണവും അവന്‍ ഫാസികാകും എന്നാണ്.
സുലൈമാന്‍ തൈമി രേഖപ്പെടുത്തുന്നു: എല്ലാ പണ്ഡിതന്റെയും ഇളവുകള്‍ മാത്രം നീ സ്വീകരിക്കുകയാണെങ്കില്‍ നിന്നില്‍ എല്ലാ ഉപദ്രവവും ഒത്തുചേരുന്നതാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles