Current Date

Search
Close this search box.
Search
Close this search box.

ഇമാമത്ത് പദവി ഇസ്‌ലാമില്‍

leader.jpg

ഇസ്‌ലാമില്‍ ഇമാമത്ത് എന്നത് മഹത്വവും ഉദാത്തവുമായ പദവിയാണ്. അല്ലാഹു മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുക്കുകയും മറ്റുള്ളവരേക്കാള്‍ പ്രാമുഖ്യം നല്‍കുകയും ചെയ്ത അടിയാറുകള്‍ക്കല്ലാതെ അത് ലഭിക്കുകയില്ല. അല്ലാഹു ഇബ്രാഹീം നബി(അ)ക്ക് കടുത്ത പരീക്ഷണത്തിന് ശേഷം ഇമാമത്ത് പദവി വാഗ്ദാനം ചെയ്തു. എല്ലാ പരീക്ഷണങ്ങളെയും സംതൃപ്തിയോടും സമര്‍പ്പണത്തോടും കൂടി അദ്ദേഹം അഭിമുഖീകരിച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി.'(അല്‍ബഖറ:124)

അല്ലാഹു അദ്ദേഹത്തെ തൗഹീദ് സംസ്ഥാപിക്കുന്നതിലും ശരീഅത്ത് പ്രയോഗവല്‍ക്കരിക്കുന്നതിലും പരീക്ഷിക്കുകയുണ്ടായി. അദ്ദേഹം അതെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. ഭൂമുഖത്ത് ഏകദൈവപ്രബോധകരായി ആരുമില്ലാത്ത സന്ദര്‍ഭത്തില്‍ ബിംബാരാധകനായ പിതാവിനെയും സമൂഹത്തെയും കൊണ്ട് അല്ലാഹു അദ്ദേഹത്തെ പരീക്ഷിക്കുകയുണ്ടായി. അതിനാല്‍ തനിച്ചായിരിക്കെത്തന്നെ അദ്ദേഹം ഒരു പ്രസ്ഥാനം(ഉമ്മത്ത്) ആയി വിശേഷിപ്പിക്കപ്പെട്ടു. കാരണം ഒരു സമൂഹത്തെക്കൊണ്ട് നിര്‍വ്വഹിക്കേണ്ട കര്‍മങ്ങള്‍ അദ്ദേഹം ഒറ്റക്ക് ചെയ്തു തീര്‍ത്തു. ‘തീര്‍ച്ചയായും ഇബ്രാഹീം ഒരു ഉമ്മത്ത് (പ്രസ്ഥാനം) ആയിരുന്നു.'(അന്നഹ്ല്‍:120) തൗഹീദിന്റെ പതാകയുമേന്തി തന്റെ ഉത്തരവാദിത്തം ഭംഗിയായി അദ്ദേഹം നിര്‍വ്വഹിക്കുകയുണ്ടായി. ബിംബങ്ങളെ കൈവെടിഞ്ഞു ഏകദൈവത്വത്തിലേക്ക് വരാന്‍ തന്റെ ജനതയെ അദ്ദേഹം നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നു. ഈ മാര്‍ഗത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളെ സഹനത്തോടെ നേരിട്ടു. ന്യായങ്ങള്‍ നിരത്തി അവരുമായി സംവാദത്തിലേര്‍പ്പെട്ടു. ഒടുവില്‍ അവരുടെ വ്യാജദൈവങ്ങളെ തകര്‍ക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. അവര്‍ അദ്ദേഹത്തെ തീക്കുണ്ടാരത്തില്‍ എറിയാന്‍ തുനിഞ്ഞപ്പോള്‍ ഭയചിത്തനാകാതെ എനിക്കല്ലാഹുമതി എന്നു പറഞ്ഞുകൊണ്ട് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു. ‘അവ്വിധം തന്നെയാണ് ഇബ്‌റാഹീമിനു നാം ആകാശഭൂമികളിലെ നമ്മുടെ ആധിപത്യവ്യവസ്ഥ കാണിച്ചുകൊടുത്തത്. അദ്ദേഹം അടിയുറച്ച സത്യവിശ്വാസിയാകാന്‍.'(അന്‍ആം:75). കുടുംബത്തെയും സ്വദേശത്തെയും വെടിഞ്ഞുകൊണ്ട് ഹിജ്‌റ പോകേണ്ടിവന്നു. പരമാധികാരം വാദിച്ച ധിക്കാരിയായ ഭരണാധികാരിയെ തകര്‍ക്കാനാകാത്ത ന്യായപ്രമാണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരാജയപ്പെടുത്തി. ജനവാസമോ ജലമോ ഇല്ലാത്ത ഊഷരഭൂമിയില്‍ ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കി ഹിജ്‌റ പോകാനുള്ള തീവ്രമായ പരീക്ഷണത്തിന് വിധേയനായപ്പോള്‍ എല്ലാം തന്മയത്വത്തോടെ നേരിട്ടു. കാരണം ദൈവപ്രീതിയായിരുന്നു അദ്ദേഹത്തിന് എല്ലാറ്റിനേക്കാളും പ്രധാനം. അപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തില്‍ അല്ലാഹു സംപ്രീതനായി. വാര്‍ദ്ധക്യകാലത്ത് കനിഞ്ഞരുളിയ പിഞ്ചുമോനെ അറുക്കാനായിരുന്നു അല്ലാഹുവിന്റെ അടുത്ത് ആഹ്വാനം. ഈ പരീക്ഷണത്തിനു മുന്നിലും അദ്ദേഹം വിജയിച്ചു. പിന്നെ പരിശുദ്ധ ഭവനമായ കഅ്ബാ പുനര്‍നിര്‍മാണമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടിവന്ന പരീക്ഷണം. അപ്രകാരം ശാമില്‍ നിന്ന് മക്കയിലേക്ക് യാത്രതിരിച്ചു വിശുദ്ധ കഅ്ബ പുതുക്കിപ്പണിതു ജനങ്ങളെ ഹജ്ജിനായി വിളംബരം ചെയ്തു. തുടരെത്തുടരെയുള്ള പരീക്ഷണങ്ങള്‍ അദ്ദേഹം സ്ഥൈര്യത്തോടെയും ദാര്‍ഢ്യത്തോടെയും നേരിട്ടു. അപ്രകാരം അല്ലാഹു ചുമതലപ്പെടുത്തിയത് അദ്ദേഹം പൂര്‍ണമായും നിര്‍വ്വഹിച്ചു. വാഗ്ദാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ‘ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്‌റാഹീമും'(അന്നജ്മ്:37). ‘നിന്റെ നാഥന്‍ അദ്ദേഹത്തോട് ‘വഴിപ്പെടുക’ എന്ന് കല്‍പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘സര്‍വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു.’ (അല്‍ ബഖറ:131) ‘ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്‌റാഹീം. ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം'(സ്വാഫ്ഫാത്ത്:83-84).

ഈ മാര്‍ഗത്തിലൂടെ ദീനില്‍ ഇമാമത്ത് പദവിക്കു അദ്ദേഹമര്‍ഹനായി. അനന്തരമായി തന്റെ മകനിലേക്കും ഇമാമത്ത് പദവി ലഭിക്കുകയുണ്ടായി. ‘ഓര്‍ക്കുക: ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: ‘നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്.’ ഇബ്‌റാഹീം ആവശ്യപ്പെട്ടു: ‘എന്റെ മക്കളെയും.’ അല്ലാഹു അറിയിച്ചു: ‘എന്റെ വാഗ്ദാനം അക്രമികള്‍ക്കു ബാധകമല്ല.’
രാജാധിപത്യത്തേക്കാളും മന്ത്രിപദവിയേക്കാളും എത്ര മഹത്തായ പദവിയാണിത്! ദീനിലെ നേതൃ പദവി, ആസരണി പിന്നീട് കാലങ്ങളായി അനേകായിരം ജനങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇബ്രാഹീമിനോട് തന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട നംറൂദ് എവിടെ? ഖുര്‍ആനിലുള്ള മോശമായ ചില പരാമര്‍ശങ്ങളല്ലാതെ അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടതെവിടെയാണ്! എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് ദീനിലെ ഇമാമത്ത് (നേതൃപദവി) വഹിച്ച ഇബ്രാഹീം നബിയും അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ ജീവിതവും ഖുര്‍ആനിലും ഹദീസിലും മനുഷ്യചരിത്രത്തില്‍ തന്നെയും സുന്ദരമായ സ്മരണകളുമായി, ഉദാത്തമായ മാതൃകയായി ജീവിച്ചുകൊണ്ടിരിക്കുന്നു.

ദീനിലെ നേതൃപദവി സമ്പത്ത്‌കൊണ്ടോ, പ്രതാപം മൂലമോ, അധീശാധികാരത്തിലൂടെയോ നേടിയെടുക്കാന്‍ കഴിയുകയില്ല. മറിച്ച് അറിവ്, ദൈവഭയം, പ്രബോധന പ്രവര്‍ത്തനം, സഹനം, വിശ്വാസദാര്‍ഢ്യം എന്നിവയിലൂടെ ലഭ്യമാകുന്നതാണ്. എന്നാല്‍ ഇമാമത്ത് അക്രമികള്‍ക്ക് ലഭിക്കുകയില്ല. അവര്‍ പ്രവാചക പുത്രന്മാരോ, ഭാര്യമാരോ, പരമ്പരയോ ആരുമാകട്ടെ. കാരണം ഉലുല്‍ അസ്മില്‍ പെട്ട നൂഹ് നബിക്ക് തന്റെ മകന്റെ കാര്യത്തിലോ, ഇബ്രാഹീമിന് സ്വപിതാവിന്റെ കാര്യത്തിലോ ഈ പരിഗണന ലഭിച്ചിട്ടില്ല. ‘എന്റെ മക്കളെയും ഇമാമത്ത് പദവിക്കര്‍ഹമാക്കേണമേ എന്ന ചോദ്യത്തിന് മറുപടിയായി അല്ലാഹു അറിയിച്ചു: ‘എന്റെ വാഗ്ദാനം അക്രമികള്‍ക്കു ബാധകമല്ല.’ സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരോ, ബഹുദൈവത്വം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരൊന്നും ദീനിലെ ഇമാമത്ത് പദവിക്കര്‍ഹരാവുകയില്ല എന്നത് ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണ്.
ദീനിലെ ഇമാമത്ത് പദവിക്ക് ഇബ്രാഹീം നബി അര്‍ഹരായി. അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ ഇസ്ഹാഖും ഇസ്മാഈലും നേതാക്കന്മാരായി. അവരുടെ പരമ്പരയില്‍ അനേകം(അഇമ്മത്ത്) നേതാക്കാന്മാര്‍ ഉടലെടുത്തു.

ഇസ്ഹാഖ് നബിയുടെ പരമ്പരയില്‍ യഅ്ഖൂബ്, യൂസുഫ്, മൂസ, അയ്യൂബ്, ദാവൂദ്, സുലൈമാന്‍, സകരിയ്യ, ഈസ തുടങ്ങിയപ്രവാചകന്മാരും അനേകം സജ്ജനങ്ങളും ഈ പദവി അലങ്കരിക്കുകയുണ്ടായി. ‘അവരെ നാം നമ്മുടെ നിര്‍ദേശാനുസരണം നേര്‍വഴി കാണിച്ചുകൊടുക്കുന്ന നേതാക്കന്മാരാക്കി’.(അല്‍ അമ്പിയാഅ്:73)

ഫറോവയുടെയും സൈന്യത്തിന്റെയും പീഢനങ്ങള്‍ക്ക് ശേഷം അല്ലാഹു അവര്‍ക്ക് ഭൂമിയില്‍ ആധിപത്യവും ദീനില്‍ നേതൃത്വവും നല്‍കുകയുണ്ടായി. ‘എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും’.(അല്‍ ഖസസ്:5) ഇസ്‌ലാമിക മാര്‍ഗത്തില്‍ എല്ലാവിധ പീഡനങ്ങള്‍ക്കിരയായ ശേഷവും ദൃഢനിശ്ചയത്തോടെ ചാഞ്ചല്ല്യമില്ലാതെ നിലകൊണ്ട ബനൂഇസ്രായേലികള്‍ക്കാണ് അല്ലാഹു ഈ മഹത്വം നല്‍കിയിട്ടുള്ളത്. അവരുടെ ഹൃദയങ്ങളില്‍ വിശ്വാസദാര്‍ഢ്യം പ്രകടമായപ്പോള്‍ അല്ലാഹു അവര്‍ക്ക് വിജയം വാഗ്ദാനം ചെയ്തു. ‘അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.'(അസ്സജ്ദ:24)

ഖലീലുല്ലാഹി ഇബ്രാഹീം(അ) യുടെ വിളിക്കുത്തരം നല്‍കിയതിനാലും ധാരാളം ഇമാമുമാര്‍ ഉണ്ടായതിനാലും ബനൂ ഇസ്രായേലികള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടിരുന്നു. കൂടാതെ അവര്‍ വേദത്തിന്റെയും വിഞ്ജാനത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും ആളുകളായിരുന്നു. ‘അവരുടെ നിജസ്ഥിതിയറിഞ്ഞു കൊണ്ടുതന്നെ നാമവരെ ലോകത്താരെക്കാളും പ്രമുഖരായി തെരഞ്ഞെടുത്തു.'(അദ്ദുഖാന്‍:32) അല്ലാഹു അവര്‍ക്ക് ചെയ്ത അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞപ്പോഴും ഇത് സൂചിപ്പിക്കുകയുണ്ടായി. ‘ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മറ്റാരെക്കാളും ശ്രഷ്ഠരാക്കിയതും’. അല്‍ബഖറ:47).

ഇസ്മാഈല്‍(അ) നേതാവിന്റെ മകനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ സന്തതികളിലെ ഇമാമുമാര്‍ ബഹുദൈവാരാധകരുടെ ശിര്‍ക്കുകള്‍ വെടിഞ്ഞവരാണ്. ഏകദൈവാരാധകരെ അന്യേഷിച്ച് ഭൂമിയില്‍ അവര്‍ ചുറ്റിത്തിരിഞ്ഞു. സൈദ് ബിന്‍ അംറു ബിന്‍ തുഫൈല്‍ അവരില്‍ പെട്ട ആളായിരുന്നു. അസ്മാഅ് ബിന്‍ത് അബീബക്ര്‍ (റ) അവരെപ്പറ്റി പറയുന്നു. ‘കഅ്ബയിലേക്ക് മുതുക് തിരിച്ചുകൊണ്ട് നില്‍ക്കുന്നവനായ നിലയില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം പറയുന്നു. അല്ലയോ ഖുറൈശികളേ, എന്നെ കൂടാതെ നിങ്ങളിലൊരാളെയും ഇബ്രാഹീം പ്രവാചകന്റെ ദീനില്‍ ഞാന്‍ കാണുന്നില്ല.’ കുഴിച്ചുമൂടപ്പെടാനുദ്ദേശിക്കുന്ന പെണ്‍കുട്ടികളെ അദ്ദേഹം ജീവിപ്പിക്കാറുണ്ടായിരുന്നു. പെണ്‍മക്കളെ കുഴിച്ചുമൂടാന്‍ ഉദ്ദേശിക്കുന്ന ആളെക്കണ്ട് അദ്ദേഹം പറയും. നീ അവളെ കൊലചെയ്യരുത്, ഞാന്‍ അവളുടെ ജീവിതച്ചിലവുകള്‍ വഹിച്ചുകൊള്ളാം. അങ്ങനെ അവള്‍ വലുതായാല്‍ അവളുടെ പിതാവിനോട് പറയും. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അവളെ തിരിച്ചെടുക്കാം, അല്ലെങ്കില്‍ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.(ബുഖാരി)
പ്രവാചകത്വത്തിന് മുമ്പ്തന്നെ യഥാര്‍ത്ഥ ദീന്‍ അന്വേഷിച്ചുകൊണ്ട് മരണപ്പെട്ട മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുത്രനായ സഈദ്(റ) അദ്ദേഹത്തെക്കുറിച്ച് പറയുന്നു. ‘ഞാനും ഉമര്‍(റ)വും അദ്ദേഹത്തെക്കുറിച്ച് പ്രവാചകനോട് ചോദിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിച്ചു. പരലോകത്ത് അദ്ദേഹം മാത്രം ഒരു സമൂഹമായി വരും.'(അബൂയഅ്‌ല)

അതേ ഇസ്മാഈല്‍ പരമ്പരയില്‍ നിന്ന് തന്നെ ഇമാമുകളുടെ ഇമാമും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ)പുറപ്പെട്ടു. ഇസ്മാഈല്‍ നബിക്ക് ശേഷം ഇമാമത്ത് പദവി അവസാനിപ്പിച്ചു. ഇസ്ഹാഖ് പരമ്പരയില്‍ നിന്ന് പരമ്പരകളിലേക്ക് അവ നീങ്ങി. പിന്നീട് മുഹമ്മദ് നബി(സ)യുടെ സമൂഹത്തില്‍ അന്ത്യനാള്‍ വരെയും ഈ പദവി അവശേഷിപ്പിക്കുകയുണ്ടായി. സഹാബികളിലും താബിഉകളിലും അവരുടെ പിന്‍മുറക്കാരിലും അനേകം ഇമാമുമാര്‍ ഉണ്ടായി. അദ്ദേഹത്തിന്റെ സമുദായം ശ്രേഷ്ടതയില്‍ ബനൂഇസ്രായീല്യരെക്കാള്‍ ഉത്തമസമുദായമായി. കാരണം അന്ത്യനാള്‍ വരെ ഈ സമുദായത്തില്‍ ഇമാമുമാര്‍ പിറവിയെടുത്തുകൊണ്ടേയിരിക്കും. ‘മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു’. (ആലു ഇംറാന്‍:110)

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles