Current Date

Search
Close this search box.
Search
Close this search box.

അവയവദാനം: അന്നും ഇന്നും

organ.jpg

അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് വൈവിധ്യമായ രീതികളുണ്ട്. അവയില്‍ പലതും പൗരാണിക കര്‍മ്മശാസ്ത്രത്തിന് പരിചയമുള്ളവയല്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലുകളായ അവയെ കൈകാര്യം ചെയ്യുന്നത് ആധുനിക കര്‍മ്മശാസ്ത്രമാണ്. അത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ഇജ്തിഹാദുകള്‍ നടക്കുന്നുമുണ്ട്.

അവയവം വെച്ചുപിടിപ്പിക്കുന്നതിന്റെ ചില രീതികള്‍ക്ക് തെളിവുകള്‍ പൗരാണിക കര്‍മ്മശാസ്ത്രത്തില്‍ തന്നെ നമുക്ക് കണ്ടെത്താവുന്നതാണ്. കൃത്രിമ അവയവം വെക്കുന്നതിനെ സംബന്ധിച്ച് തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ച  ഹദീസാണ് അവയില്‍ പ്രബലമായിട്ടുള്ളത്. അര്‍ഫജഃ ബിന്‍ സഅദില്‍ നിന്നാണ് പ്രസ്തുത ഹദീസ് ഉദ്ധരിക്കുന്നത്. അദ്ദേഹം പറയുന്നു: ജാഹിലിയാ കാലത്ത് കിലാബ് യുദ്ധത്തില്‍ എന്റെ മൂക്കിന് പരിക്ക് പറ്റി. പകരം വെള്ളിയുടെ മൂക്ക് വെക്കുകയും അതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പ്രവാചകന്‍(സ) സ്വര്‍ണ്ണം കൊണ്ടുള്ള ഒരു മൂക്ക് പകരം വെക്കാന്‍ എന്നോട് കല്‍പിച്ചു.
മൂന്ന് വിധികളെയാണ് ഈ ഹദീസ് ഉള്‍ക്കൊള്ളുന്നത്. അവയവത്തിന് പകരം കൃത്രിമ മൂക്ക് വെക്കാവുന്നതാണ്. ശാരീരികമായ പ്രയോജനങ്ങളില്ലെങ്കിലും ന്യൂനതയും വൈരൂപ്യവും മറച്ചുവെക്കുന്നതിന് അതനുവദനീയമാണ്. നിര്‍ബന്ധിതാവസ്ഥയില്‍ പുരുഷന്‍മാര്‍ക്ക് സ്വര്‍ണ്ണം ഉപയോഗിക്കാമെന്നതിനും അര്‍ഫജയുടെ സംഭവം തെളിവാണ്.

ഹാശിയഃ ഇബ്‌നുല്‍ ആബിദീന്‍, റദ്ദുല്‍ മുഖ്താര്‍ ബദാഇഉ സ്വനാഇഅ് പോലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അതുമായി ബന്ധപ്പെട്ട ചില വിധികള്‍ വ്യക്തമാകുന്നതാണ്.
1. സ്വര്‍ണ്ണം കൊണ്ട് പല്ലിന് സംഭവിച്ച കേടുപാടുകള്‍ ശരിപ്പെടുത്താമെന്നതിന് ഫുഖഹാക്കള്‍ക്കുള്ള തെളിവാണിത്.
2. മനുഷ്യ ശരീരത്തില്‍ പ്രകൃത്യായുള്ള അവയവങ്ങള്‍ക്ക് പകരം കൃത്രിമ അവയവങ്ങള്‍ വെക്കുന്നതിനുള്ള അനുവാദം. ആരോഗ്യപരമായ ഫലങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും അതനുവദനീയം തന്നെയാണ്. കേവലം ന്യൂനതയോ വൈരൂപ്യമോ മറക്കുന്നതിനും അവ അനുവദനീയം തന്നെയാണ്.
3. മനുഷ്യശരീരത്തിലെ അവയവങ്ങളുടെ സ്ഥാനത്ത് മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അനുവാദം. പല്ല്, മുടി, ആന്തരികാവയവങ്ങള്‍ ഏതുമാവാം അത്. ആടിന്റെ ശുദ്ധിവരുത്തിയ പല്ല് ഉപയോഗിക്കുന്നതാണ് സ്വര്‍ണത്തിന്റെ പല്ല് ഉപയോഗിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന് അബൂഹനീഫ, മുഹമ്മദ് പോലുളള കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒരാള്‍ക്ക് മറ്റൊരാളുടെ മുടി വെച്ചുപിടിപ്പിക്കുന്നത് അനുവദനീയമല്ലെന്നാണ് ഫുഖഹാക്കള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ മുടിയില്‍ മൃഗങ്ങളുടെ മുടിയോ കമ്പിളിയോ ചേര്‍ത്ത് വെക്കുന്നത്  അനുവദനീയമാണെന്നാണ് അവരുടെ വീക്ഷണം. അതില്‍ ആളുകളെ വഞ്ചിക്കുകയെന്ന ലക്ഷ്യമില്ലെങ്കില്‍ നിരുപാധികം അനുവദനീയമാണെന്നതാണ് അബൂഹനീഫയുടെ അഭിപ്രായം. വിവാഹിതകള്‍ക്ക് ഭര്‍ത്താവിന്റെ അനുവാദത്തോടെ അതാവാം എന്നാണ് ഇമാം ശാഫിഇയുടെ അഭിപ്രായം. മാലികി മദ്ഹബ് പ്രകാരം അത് നിഷിദ്ധം തന്നെയാണ്.
4. ന്യൂനതകളും വൈരൂപ്യവും മറച്ചുവെക്കുന്നതിനായി മൃഗങ്ങളുടെ അവയവങ്ങളോ കൃത്രിമ അവയവങ്ങളോ ഉപയോഗപ്പെടുത്തുന്നതിനുള്ള അനുവാദം.
ഒരാളുടെ അവയവം എടുത്ത് മറ്റൊരാള്‍ക്ക് വെക്കുന്നത് അനുവദനീയമാണോ എന്ന പ്രധാന ചോദ്യം ഇവിടെ ഉയര്‍ന്ന് വരുന്നുണ്ട്. ആധുനിക ഫിഖ്ഹീ പണ്ഡിതര്‍ ഇതില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

മനുഷ്യശരീരത്തിലെ ചില ഭാഗങ്ങള്‍ മാറ്റിവെക്കാവുന്നതാണ് എന്നതില്‍ ഫുഖഹാക്കള്‍ യോജിക്കുന്നുണ്ട്. നേരിട്ട് തന്നെ പകരം വെക്കാവുന്ന തരത്തിലുള്ള രക്തം നല്‍കുക, ചര്‍മ്മത്തിന് പറ്റിയ കേടുപാടുകള്‍ പരിഹരിക്കാന്‍ മറ്റൊരാളുടെ ചര്‍മ്മം വെച്ചുപിടിപ്പിക്കുക പോലുള്ള കാര്യങ്ങളാണവ. എന്നാല്‍ ഇതല്ലാത്ത തരത്തിലുള്ളവയില്‍ ഫുഖഹാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചിലര്‍ അത് അനുവദനീയമല്ലെന്നു പറയുന്നുണ്ട.് കാരണം മനുഷ്യന്‍ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള ഒന്നാണ്, അത്‌കൊണ്ട് തന്നെ അവന്റെ ജീവനോ ശരീരത്തിന്റെ ഭാഗങ്ങള്‍ക്കോ മാറ്റം വരുത്താന്‍ അവന് അവകാശമില്ല. എന്നാല്‍ അത് അനുവദനീയമാക്കിയ ധാരാളം ഫുഖഹാക്കളുണ്ട്.

മനുഷ്യരുടെ രക്തം, ധനം, അഭിമാനം…തുടങ്ങിയ അവന്റെ എല്ലാ അവകാശങ്ങളും പവിത്രമാണ്. ശരീഅത്ത് അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു ഈ അവകാശങ്ങളില്‍ ചിലത് മനുഷ്യര്‍ക്ക് വകവെച്ച് നല്‍കിയിട്ടുണ്ട്. അതേസമയം ചിലത് അവന് വിലക്കുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുവിന്റെ അവകാശങ്ങള്‍ എടുത്ത് ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവകാശമില്ല. ജീവന്‍ അത്തരത്തിലുള്ള ഒന്നാണ് അതെടുത്ത് മറ്റൊരാള്‍ക്ക് നല്‍കാന്‍ മനുഷ്യന് അവകാശമില്ല. അപ്രകാരം തന്നെ ഒരു ജീവന്‍ അവസാനിപ്പിക്കാനും മനുഷ്യന് അവകാശമില്ല. ശരീഅത്ത് പ്രകാരമുള്ള വധശിക്ഷമാത്രമേ ഇതിന് ഒരപവാദമായിട്ടുള്ളൂ.

എന്നാല്‍ അടിമക്ക് നല്‍കിയിട്ടുള്ള അവകാശം അവര്‍ക്ക് നിബന്ധനകളോടെ ഉപയോഗപ്പെടുത്താവുന്നതാണ്. അവ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാവുന്ന ചില അവസ്ഥകളുണ്ട്.

ജീവിച്ചിരിക്കുന്ന ഒരാളുടെ അവയവം പ്രയോജനപ്പെടുത്തല്‍. അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
1. ബുദ്ധിയുള്ള പ്രായപൂര്‍ത്തിയ ആള്‍ക്ക് മാത്രമേ അവയവം ദാനം ചെയ്യാന്‍ അനുവാദമുള്ളൂ. കുട്ടികള്‍ക്കും ബുദ്ധിസ്ഥിരതയില്ലാത്തവര്‍ക്കും തങ്ങളുടെ ശരീരഭാഗങ്ങളോ സമ്പത്തോ ദാനം ചെയ്യാന്‍ അവകാശമില്ല. കാരണം ദാനമെന്നത് ബുദ്ധിയുള്ള പ്രായപൂര്‍ത്തിയ ആളില്‍ നിന്നുണ്ടാവേണ്ട കാര്യമാണ്.
2. പ്രകൃത്യായുള്ള അവയവത്തിന് പകരം വെക്കാന്‍ പറ്റിയ കൃത്രിമ അവയവം ഇല്ലാതിരിക്കണം.
3. പ്രസ്തുത അവയവം ഒരു ആവശ്യമായിരിക്കണം, അല്ലാതെ കേവലം അലങ്കാരത്തിനോ സൗന്ദര്യത്തിനോ ആവരുത്.
4. പ്രസ്തുത അവയവം ഇല്ലാതിരിക്കുന്നതോ അതിന്റെ ശസ്ത്രക്രിയയോ നല്‍കുന്ന ആളുടെ ജീവനോ സാധാരണ ജീവിതത്തിനോ തടസ്സമാകാത്തതായിരിക്കണം. അല്ലാത്ത പക്ഷം അത് നിഷിദ്ധം തന്നെയാണ്.
5. അവയവം ദാനം ചെയ്യുന്നയാള്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും സാധിക്കണം. കാരണം നിര്‍ബന്ധമായ ഒരു കാര്യം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ എല്ലാം നിര്‍ബന്ധം തന്നെയാണ്.
6. വധശിക്ഷക്കര്‍ഹനായ കുറ്റവാളിക്ക് അവയവ ദാനം ചെയ്യുന്നത് അനുവദനീയമല്ല.

മൃതദേഹത്തിന്റെ അവയവം ഉപയോഗപ്പെടുത്തല്‍
മരണം ആസന്നമായ വ്യക്തിയുടേയോ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെയോ അവയവങ്ങള്‍ പ്രയോജനപ്പെടുത്തല്‍. ഡോക്ടര്‍മാര്‍ അവരുടെ മരണം അടുത്ത് തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസ്ഥയില്‍ മനുഷ്യന്‍ മരിച്ചതായി കണക്കാക്കാനാവില്ല. മസ്തിഷ്‌ക മരണമെന്നത് മരിച്ചു എന്നതിനെ ഉറപ്പിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ അവരുടെ ഏതെങ്കിലും അവയവങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ദാനം ചെയ്യല്‍ അവരുടെ അനന്തരാവകാശികളുടെ അനുവാദത്തോടെയാണെങ്കില്‍ പോലും അനുവദനീയമല്ല. ഹൃദയം നിലക്കുന്നത് വരെ അയാള്‍ ജീവനുള്ള മനുഷ്യനെ പോലെ തന്നെയാണ്.

ശരീഅത്ത് അനുശാസിക്കുന്ന നിബന്ധനകള്‍ പാലിച്ച് ഒരാള്‍ തന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ദാനം ചെയ്യുന്നത് മഹത്തായ കാര്യമാണ്. യഥാര്‍ത്ഥത്തില്‍ മറ്റൊരാള്‍ക്ക് ജീവിതം നല്‍കുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ള കാര്യമാണത്. ഒരാളെ മരണത്തില്‍ നിന്ന് രക്ഷിക്കുന്നത് മനുഷ്യരുടെ കാഴ്ച്ചപാടിലും ശ്രേഷ്ഠമായ കര്‍മ്മമാണ്. അല്ലാഹു പറയുന്നു: ‘അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: ‘ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.’ (അല്‍ മാഇദ: 32)

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles