Current Date

Search
Close this search box.
Search
Close this search box.

അനന്തരാവകാശത്തില്‍ ഇസ്‌ലാം സ്ത്രീകളോട് കാണിച്ച അനീതി!

gender-equality.jpg

അനന്തരാവകാശത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ സൂക്തം വളരെ കൃത്യവും വ്യക്തവുമാണ്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു.” (അന്നിസാഅ്: 11) എങ്കിലും ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന പരിഗണനയെ സംബന്ധിച്ച ഒട്ടേറെ തെറ്റിധാരണകള്‍ ഉയര്‍ത്തപ്പെടുന്നു. അനന്തരാവകാശത്തിലെ ഏറ്റവ്യത്യാസം അതിലൊന്നാണ്. സ്ത്രീക്ക് പുരുഷന്റെ പകുതി അനന്തരസ്വത്ത് എന്നത് ഒരു പൊതുനിലപാടല്ലെന്നത് അവര്‍ മനസ്സിലാക്കുന്നില്ല. അനന്തരാവകാശികളായിട്ടുള്ള മുഴുവന്‍ പുരുഷന്‍മാര്‍ക്കും മുഴുവന്‍ സ്ത്രീകള്‍ക്കും ബാധകമാവുന്ന ഒരു തത്വമല്ല ഇതെന്നും അവര്‍ മനസ്സിലാക്കുന്നില്ല. അനന്തരാവകാശികള്‍ക്കിടയിലെ പുരുഷന്‍മാര്‍ക്ക് രണ്ട് സ്ത്രീകളുടെ ഓഹരി എന്നല്ല ഖുര്‍ആന്‍ പ്രയോഗിച്ചത്. മറിച്ച് നിങ്ങളുടെ ‘സന്താനങ്ങളുടെ കാര്യത്തില്‍’ പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു എന്നതാണ് ഖുര്‍ആന്റെ പ്രയോഗം. അഥവാ അനന്തരസ്വത്ത് ഓഹരിവെക്കുന്നിടത്തെല്ലാം ബാധകമാകുന്ന ഒരു തത്വമല്ല ഇതെന്ന് ചുരുക്കം.

ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമത്തില്‍ വ്യത്യസ്ത അനന്തരാവകാശികളുടെ ഓഹരികള്‍ക്കിടയിലെ ഏറ്റവ്യത്യാസത്തിന്റെ മാനദണ്ഡം സ്ത്രീ പുരുഷ വേര്‍തിരിവല്ല എന്നതാണ് വസ്തുത. അനന്തരാവകാശത്തിലെ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെയും പുരുഷന്റെയും ഓഹരികള്‍ക്കിടയില്‍ വരുന്ന ഏറ്റവ്യത്യാസത്തെ സ്ത്രീകള്‍ക്കുള്ള പരിഗണന കുറവായി കാണുന്നവര്‍ക്ക് മനസ്സിലാവാത്ത ദൈവികമായ യുക്തിയും ഉദ്ദേശ്യങ്ങളുമാണ് അതിന്ന് പിന്നിലുള്ളത്. ഇസ്‌ലാമിലെ അനന്തരാവകാശ തത്വങ്ങള്‍ പ്രകാരം അനന്തരാവകാശികളുടെ ഓഹരികള്‍ മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണെന്ന് കാണാം.

ഒന്ന്, മരണപ്പെട്ട വ്യക്തിക്കും (സ്വത്തിന്റെ ഉടമ) അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കുമിടയിലെ -പുരുഷനാവട്ടെ സ്ത്രീയാവട്ടെ- ബന്ധത്തിന്റെ അടുപ്പം. അവര്‍ക്കിടയിലെ അടുപ്പം വര്‍ധിക്കുന്നതിനനുസരിച്ച് ഓഹരിയിലും വര്‍ധനവുണ്ടാവും. അപ്രകാരം ബന്ധം അകന്നതാവുമ്പോള്‍ ഓഹരിയില്‍ കുറവും വരും. അനന്തരാവകാശികള്‍ക്കിടയിലെ ലിംഗവ്യത്യാസമല്ല ഇതില്‍ പരിഗണിക്കുന്നത്.

രണ്ട്, തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം. സ്വാഭാവികമായും ജീവിതത്തിലേക്ക് കാലെടുത്തുവെച്ചിട്ടുള്ള, ജീവിതഭാരങ്ങള്‍ വഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന തലമുറയുടെ ഓഹരി ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന, വലിയ ജീവിതഭാരങ്ങളൊന്നുമില്ലാത്ത തലമുറയുടേതിനേക്കാള്‍ വലുതായിരിക്കും. അനന്തരാവകാശികള്‍ക്കിടയിലെ സ്ത്രീ പുരുഷ വ്യത്യാസമല്ല ഇവിടെയും പരിഗണിക്കുന്നത്. അതുകൊണ്ടാണ് മരണപ്പെട്ടയാളുടെ മകള്‍ക്ക് അവളുടെ ഉമ്മയേക്കാള്‍ വലിയ ഓഹരി ലഭിക്കുന്നത് (രണ്ടു പേരും സ്ത്രീകളായിരിക്കെയാണിത്). അതുപോലെ മരണപ്പെട്ടയാളുടെ മകള്‍ക്ക് അയാളുടെ പിതാവിനേക്കാള്‍ വലിയ ഓഹരിയും ലഭിക്കുന്നു. (മരണപ്പെട്ട വ്യക്തിയുടെ സന്താനങ്ങളില്‍ ഒരൊറ്റ മകള്‍ മാത്രമാണ് ഉള്ളതെങ്കില്‍ പിതാവിനേക്കാള്‍ വലിയ ഓഹരിയാണ് അവള്‍ക്ക് ലഭിക്കുക. മരണപ്പെട്ട വ്യക്തിയുടെ സമ്പത്തിന്റെ മുഖ്യ സ്രോതസ് പിതാവാണെങ്കിലും ആ മകള്‍ പിതാവിനെ ശരിക്കൊന്ന് കാണുക പോലും ചെയ്യാത്ത മുലകുടി പ്രായത്തിലുള്ള കുട്ടിയാണെങ്കിലും അവള്‍ക്കത് ലഭിക്കും.) അപ്രകാരം പിതാവിനേക്കാള്‍ വലിയ ഓഹരി മകനും ലഭിക്കും. രണ്ട് അവകാശികളും പുരുഷന്‍മാരായിരിക്കെയാണിത്. ഇതിന് പിന്നിലെ ഉന്നതമായ ദൈവിക യുക്തി പലര്‍ക്കും പിടികിട്ടി കൊള്ളണമെന്നില്ല. സ്ത്രീ പുരുഷ വേര്‍തിരിവല്ല ഇതിലെ മാനദണ്ഡമെന്ന് വ്യക്തമാണ്.

മൂന്ന്, ഇസ്‌ലാമിക ശരീഅത്ത് നിര്‍ബന്ധമാക്കിയിരിക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്വവും. സ്ത്രീ പുരുഷ വേര്‍തിരിവ് തോന്നിയേക്കാവുന്ന ഏക മാനദണ്ഡം ഇതാണ്. എന്നാല്‍ ഇതില്‍ പോലും സ്ത്രീയോട് അതിക്രമം ചെയ്യുകയോ അവളുടെ അവകാശത്തെ ചുരുക്കുകയോ ചെയ്യുന്നില്ല. ആണ്‍മക്കളെയും പെണ്‍മക്കളെയും പോലെ അനന്തരാവകാശികള്‍ ബന്ധത്തിന്റെ കാര്യത്തില്‍ തുല്യരാവുകയും അവര്‍ ഒരേ തലമുറയില്‍ തന്നെയാവുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ അനന്തരസ്വത്ത് വീതംവെക്കുന്നതിലെ ഏറ്റവ്യത്യാസത്തിന്റെ മാനദണ്ഡം അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്വവുമാണ്. അതുകൊണ്ടാണ് അനന്തര സ്വത്ത് വീതിക്കുന്നതിലെ സ്ത്രീ പുരുഷ വ്യത്യാസം പൊതുവായി ഖുര്‍ആന്‍ പരാമര്‍ശിക്കാതിരുന്നത്.

ഈ ഏറ്റവ്യത്യാസത്തിന് പിന്നില്‍ ദൈവിക യുക്തിയാണുള്ളത്. സ്ത്രീയെയും -ഭാര്യ- അവളിലുണ്ടായ മക്കളെയും പോറ്റേണ്ട ബാധ്യത പുരുഷനാണ്. അതേസമയം അനന്തരാവകാശിയായിട്ടുള്ള സ്ത്രീയെയും -പുരുഷന്റെ സഹോദരി- അവളുടെ മക്കളെയും സംരക്ഷിക്കേണ്ട ബാധ്യത അവളെ വിവാഹം ചെയ്തിട്ടുള്ള പുരുഷനാണ്. ഈയടിസ്ഥാനത്തില്‍ തന്റെ ഇരട്ടി അനന്തരാവകാശമായി ലഭിച്ചിട്ടുള്ള സഹോദരനേക്കാള്‍ വലിയ പരിഗണനയാണ് ഇസ്‌ലാം അവള്‍ക്ക് വകവെച്ചു നല്‍കിയിട്ടുള്ളത്. സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പോലും സ്ത്രീയെന്ന നിലയിലുള്ള അവളുടെ ദൗര്‍ബല്യം പരിഹരിക്കുന്നതിനും അപകടങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും സന്ദര്‍ഭങ്ങളില്‍ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്നതിനുമാണ് അവള്‍ക്ക് ഈ ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കുന്നത്. പലര്‍ക്കും ബോധ്യപ്പെടാത്ത ദൈവിക യുക്തിയാണത്.

അനന്തരസ്വത്തിന്റെ വിതരണത്തിലെ ഭാഗികമായ ഈ ഏറ്റവ്യത്യാസത്തെ സ്ത്രീകളോടുള്ള അവഗണനയായി കാണുന്ന മതമുള്ളവരും ഇല്ലാത്തവരുമായ ആളുകള്‍ ഇസ്‌ലാമിലെ അനന്തരാവകാശത്തിലെ വ്യത്യസ്ത അവസ്ഥകളെ ശരിയായി വായിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ തെറ്റായ ധാരണകളും മുന്‍വിധികളും വെച്ചുപുലര്‍ത്തുന്ന മിക്ക ആളുകളെയും ആശ്ചര്യപ്പെടുത്തുന്നതാണ് അതിലെ യാഥാര്‍ഥ്യങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളെ കുറിച്ച് ഡോ. സലാഹ് സുല്‍ത്താന്‍ അദ്ദേഹത്തിന്റെ പഠനത്തില്‍ വിശദീകരിക്കുന്നത് കാണാം:
1. സ്ത്രീക്ക് പുരുഷന്റെ പകുതി ഓഹരി ലഭിക്കുന്ന നാല് അവസ്ഥകള്‍ മാത്രമാണുള്ളത്.
2. മേല്‍പറഞ്ഞ നാല് അവസ്ഥകളുടെ എത്രയോ ഇരട്ടി അവസ്ഥകളില്‍ പുരുഷന് തുല്യമായ ഓഹരിയാണ് സ്ത്രീക്കും ഉള്ളത്.
3. സ്ത്രീക്ക് പുരുഷനേക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന പത്തിലേറെ സന്ദര്‍ഭങ്ങളുണ്ട്.
4. സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തതുല്യ സ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭവുമുണ്ട്.

അതായത് സ്ത്രീക്ക് പുരുഷന് തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതിലേറെ സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിലുണ്ട്. അതേസമയം പുരുഷനേക്കാള്‍ കുറവ് ഓഹരി അവള്‍ക്ക് ലഭിക്കുന്ന നാല് സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്.

വിവ: നസീഫ്‌

Related Articles