Fiqh

ബിറ്റ്‌കോയിന്‍ ഇസ്‌ലാമികമോ?

ക്രിപ്‌റ്റോക്കറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന ഒരു ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍. ക്രിപ്‌റ്റോകറന്‍സി എന്നാല്‍ ഇ ലോകത്ത് രഹസ്യ സ്വഭാവത്തില്‍ ക്രിപ്‌റ്റോഗ്രഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഭൗതികരൂപം ഇല്ലാത്ത നാണയ സംവിധാനമാണ്. പണമിടപാടുകള്‍ എല്ലാം നടക്കുന്നത് ഇന്റര്‍നെറ്റ് വഴിയായിരിക്കും. ഈ നാണയം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല. കേന്ദ്രീകൃത സ്ഥാപനമോ വ്യക്തിയോ ഇല്ല എന്നതാണ് പ്രധാനമായ പ്രത്യേകത. ഇതര ബാങ്കിങ് സംവിധാനങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങു സുരക്ഷിതമാണെന്നാണ് വക്താക്കള്‍ വാദിക്കുന്നത്.

നിലവിലുള്ള നാണയ സംവിധാനങ്ങളെല്ലാം ഒരു കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാണ്. അതല്ലെങ്കില്‍ റിസര്‍വ് ബാങ്കിന്റെ മേല്‍ നോട്ടത്തില്‍ ആണ്. ആണ്. ഇത്തരത്തിലുള്ള കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല, കള്ളപ്പണം ഈ നാണയ സംവിധാനത്തിന് വലിയൊരു വെല്ലുവിളിയുമാണ്. ഇവിടെയാണ് ബിറ്റ്‌കോയിനിന്റെ പ്രസക്തി. അതീവ സുരക്ഷിതമായി സംവിധാനിച്ചിട്ടുള്ള ബ്ലോക്ക്‌ചെയിന്‍ എന്നറിയപ്പെടുന്ന വിനിമയ കണക്കുപുസ്തകവും ക്രിപ്‌റ്റോഗ്രഫി സംവിധാനവുമാണ് ബിറ്റ്‌കോയിനെ സുരക്ഷിതമാക്കുന്നത്. അതിനാല്‍ തന്നെ ഒരു വ്യക്തിക്കും ബിറ്റ്‌കോയിന് സംവിധാനത്തെ ചൂഷണം ചെയ്യാനാകില്ല. വ്യാജനാണയങ്ങളുടെ നിര്‍മ്മാണവും അസാധ്യം. ഈ സംവിധാനത്തില്‍ വിലനിര്‍ണയം ഉല്‍പാദനത്തെയും ആവശ്യകതയെയും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇവിടെ നാണയത്തിന്റെ മൂല്യം മറ്റു പല ഘടകങ്ങളെയും വിപണിയിലെ അതിന്റെ സ്വീകാര്യതയെയും ആശ്രയിച്ചിരിക്കുന്നു. ബിറ്റ്കോയിനിന്റെയും സ്ഥിതി ഇതു തന്നെ. വിപണിയില്‍ കൂടുതല്‍ സ്വീകാര്യതയും സേവനങ്ങള്‍ക് പകരമായി ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ ഇതര കറന്‍സികളേകാള്‍ സ്വീകാര്യത ലഭിക്കും എന്ന് ബിറ്റ് കോയിന്റെ ശില്‍പികള്‍ അവകാശപ്പെടുന്നു.

ഈ വിഷയത്തില്‍ ഡിജിറ്റല്‍മണിയുടെ ഇസ്‌ലാമിക വീക്ഷണം നാം അപഗ്രഥിക്കേണ്ടത് അനിവാര്യമാണ്. അത് സംബന്ധിച്ച് ശരീഅഃ പണ്ഡിതന്മാര്‍ക്കിടയില്‍ മൂന്നു അഭിപ്രായങ്ങളാണ് നിലവില്‍ ഉള്ളത്.

1. ബിറ്റ്‌കോയിന്‍ പണമല്ല, ഊഹക്കച്ചവടവും ശരീഅഃ നിയമങ്ങള്‍ക് എതിരായ നിക്ഷേപവുമാണ്.
2. ബിറ്റ്‌കോയിന്‍ ഒരു ഡിജിറ്റല്‍ ആസ്തിയാണ്.
3. ബിറ്റ്‌കോയിന്‍ ഒരു നാണയമാണ്.

ഈ മൂന്നു അഭിപ്രായങ്ങളും പരിഗണിക്കുമ്പോള്‍ പണം എന്ന ഒരു വസ്തുവിനെ പണമായി പരിഗണിക്കണമെങ്കില്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ അത് അഭിലക്ഷണീയവും സംഭരിച്ചു വെക്കാന്‍ കഴിയുന്നതുമാവണം.

പണ്ഡിതന്മാര്‍ബിറ്റ്‌കോയിന്റെ ആവശ്യകതയെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 2017 മാര്‍ച്ചിന്റെ തുടക്കത്തില്‍ ഒരു ബിറ്റ്‌കോയിനിലെ മൂല്യം ഒരു ട്രോയ് ഔണ്‍സ് (oz t)സ്വര്‍ണത്തിന്റെ മൂല്യത്തെ മറികടന്നതാകടന്നതായി കാണപ്പെട്ടു (ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണം 1,233 ഡോളര്‍ ആയപ്പോള്‍ ബിറ്റ്‌കോയിന്റെ മൂല്യം 1,268 ഡോളറും ആയിരുന്നു). 2017 ഏപ്രില്‍ 17ന് ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റ് ക്യാപ് 19,756,107,949 ഡോളറായിരുന്നു. ഏപ്രില്‍ 14ന് ബ്ലോക്ക്‌ചെയിന്‍ പ്രതിദിനം 290,208 ഡോളര്‍ ഇടപാട് നടക്കുന്നതായി രേഖപ്പെടുത്തി. ഇത് ബിറ്റ്‌കോയിനുകളുടെ ആവശ്യകതയെയും പ്രസക്തിയെയുമാണ് കുറിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്കോയിന്‍ അഭിലക്ഷണീയം ആണെന്ന് മുഫ്തി ഫറാസ് ആദമിനെ പോലുള്ള (Bitcoin: Shariah Compliant? by Mufti Faraz Adam) പണ്ഡിതന്‍മാര്‍ വിലയിരുത്തിയിട്ടുണ്ട്.

പണത്തിന്റെ ഒന്നാമത്തെ ഘടകം സംഭരണവുമായി ബന്ധപ്പെട്ടതാണല്ലോ? ബിററ്‌കോയിനുകള്‍ ബ്ലോക്ക്‌ചെയിനില്‍ എന്‍കോഡ് ചെയ്യപ്പെടുകയും ഒരു പൊതു ലെഡ്ജറില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എല്ലാ ബിററ്‌കോയിനുകളും അവരവരുടെ വിലാസത്തില്‍ ക്രെഡിറ്റ് ചെയ്താണ് രേഖപ്പെടുത്തുന്നത്. അതിനാല്‍ പണമായി പരിഗണിക്കുന്നതിന് ബിറ്റ്‌കോയിന് സംഭരണ സ്വഭാവം ഉള്ളതായി വ്യക്തമാകുന്നുണ്ട്.

പണത്തിന്റെ സംഭരണം ഈ സ്വഭാവത്തില്‍ നടക്കുന്നതിനാല്‍ പണ്ഡിതന്‍മാരി പലരും ഇതിന് സ്വീകാര്യത നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിറ്റ്കോയിന്‍ മൂല്യവത്തായ ഒരു ഡിജിറ്റല്‍ ആസ്തി യാണോ (digital asset) നാണയം തന്നെയാണോ എന്ന കാര്യത്തില്‍ ഇസ്‌ലാമിക ലോകത്ത് ഇപ്പോഴും പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

(മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

Facebook Comments
Show More

ഹസനുല്‍ ബന്ന ഒ.പി

മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles

Close
Close