Fiqh

പ്രകടനങ്ങളുടെ ഇസ്‌ലാമികത ; തെറ്റും ശരിയും

പ്രകടനങ്ങള്‍ യാതൊരു ഫലവുമില്ലാത്ത അരാജകത്വം മാത്രമാണെന്ന് അത് നിഷിദ്ധമാണെന്ന് പറയുന്നവര്‍ ഉയര്‍ത്തി കാട്ടുന്നു. വിശുദ്ധ ഖുര്‍ആന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ലാത്ത അഭിപ്രായപ്രകടനമാണിത്. മിക്ക പ്രകടനങ്ങളും വളരെ വ്യവസ്ഥാപിതവും സമാധാനപരവുമായി നടത്തപ്പെടുന്നവയാണെന്നതുമാണ് വസ്തുത. അരാജകത്വമല്ല മിക്ക പ്രകടനങ്ങളിലും കാണുന്നത്. ഒരു കാര്യത്തിന്റെ കര്‍മശാസ്ത്ര വിധി തേടുമ്പോള്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട വസ്തുതാപരമായി വിഷയത്തെ അവതരിപ്പിക്കുക എന്നത് നടന്നിട്ടില്ലെന്നതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായി പ്രകടനങ്ങളെ ചേര്‍ത്തുവെക്കുന്നത് അബദ്ധം മാത്രമാണ്. സത്യത്തിന് പിന്തുണയുമായി ഒരു മുസ്‌ലിം രംഗത്ത് വരുന്നത് ഒരുകാലത്തും ഭൂമിയില്‍ കുഴപ്പമുണ്ടാക്കലായി കണക്കാക്കപ്പെട്ടിട്ടില്ല. മറിച്ച് സത്യത്തിന്റെ പാതയില്‍ നിന്ന് ജനങ്ങളെ തടയലും നിരപരാധികളെ ആക്രമിക്കുകയും വധിക്കുകയും ചെയ്യലുമാണ് ഭൂമിയിലെ കുഴപ്പമുണ്ടാക്കല്‍.

അനുവദനീയമെന്ന് കുറിക്കുന്ന തെളിവുകള്‍
നന്മകല്‍പിക്കലിന്റെയും തിന്മ വിരോധിക്കലിന്റെയും ഭാഗമാണത്. വിശ്വാസത്തിന്റെ സുപ്രധാന ഭാഗമാണത്. വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചക ചര്യയിലൂടെയും ശരീഅത്ത് ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ‘സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു.’ (അത്തൗബ : 71)
മറ്റൊരിടത്ത് പറയുന്നു : ‘നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു.’ ആലുഇംറാന്‍ : 104)
‘ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു.’ (ആലുഇംറാന്‍ : 110)
വിശ്വാസികളുടെ ഗുണമായിട്ടും അല്ലാഹു പരിചയപ്പെടുത്തുന്നത് ഇക്കാര്യം തന്നെയാണ് : ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു. ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു.’ (ആലുഇംറാന്‍ : 114)
ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശമായി ഖുര്‍ആന്‍ വിവരിക്കുന്നിടത്തും പറയുന്നത് ഇക്കാര്യം തന്നെയാണ്. ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം.’ (ലുഖ്മാന്‍ : 17)

പ്രവാചകചര്യയിലും ഇതിനെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ കാണാം. അബൂ സഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് കൈകൊണ്ട് നീക്കട്ടെ, അതിന് സാധിച്ചില്ലെങ്കില്‍ അവന്റെ നാവുകൊണ്ട്, അതിനും സാധിച്ചില്ലെങ്കില്‍ അവന്റെ മനസ്സുകൊണ്ടെങ്കിലും, അതാണ് ഏറ്റവും ദുര്‍ബലമായ വിശ്വാസം.’ (മുസ്‌ലിം)

അബൂ സഈദില്‍ ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം, നബി(സ) പറഞ്ഞു: ‘അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ നീതിയുടെ വാക്യം ഉയര്‍ത്തലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്.’ (അബൂദാവൂദ്, തിര്‍മിദി)

നന്മ കല്‍പിക്കലിന്റെയും തിന്മ വിരോധിക്കലിന്റെയും ഭാഗമായി വരുന്ന ഒന്നാണ് പ്രകടനങ്ങള്‍. നാവുകൊണ്ടും അതോടൊപ്പം മനസ്സുകൊണ്ടുമുള്ള വിലക്കലാണത്. കൈ കൊണ്ട് തടയാന്‍ സാധിക്കുമെങ്കില്‍ അത് തന്നെയാണ് വേണ്ടത്. അതിനുള്ള ഭരണകൂടം പോലുള്ള സംവിധാനങ്ങളുടെയും സാഹചര്യത്തിന്റെയും അഭാവത്തില്‍ നാവുകൊണ്ടെങ്കിലും അതിനെ പ്രതിരോധിക്കാനാവണം.

പ്രകടനങ്ങള്‍ക്ക് സമാനമായ കാര്യം നബി(സ)യുടെ കാലത്ത് തന്നെ നടന്നതായി നമുക്ക് ചരിത്രത്തില്‍ വായിക്കാം. ഉമര്‍(റ) ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ സഹാബികള്‍ ഹംസ(റ)ന്റെയും ഉമര്‍(റ)ന്റെയും പിന്നില്‍ രണ്ട് വരികളായി ഒരു പ്രകടനം പോലെ കഅ്ബയില്‍ പ്രവേശിച്ചിരുന്നെന്നത് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. മക്കയിലെ ദുര്‍ബലരായ മുസ്‌ലിംകളെ പീഡിപ്പിക്കുന്ന ഖുറൈശികളെ ഒന്നു ഭയപ്പെടുത്തുന്നതിനായിരുന്നു അത്. ഉമര്‍(റ)ന്റെ ഇസ്‌ലാമാശ്ലേഷണത്തെ കുറിച്ച് വിവരിക്കുന്നിടത്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ഇതിനെ കുറിച്ച് പറയുന്നുണ്ട്. (മുഖ്തസര്‍ സീറത്തുറസൂല്‍ 1/91) ‘… ഇബ്‌നുല്‍ അര്‍ഖമിന്റെ വീട്ടിലെത്തിയപ്പോള്‍  നബി(സ) ചോദിച്ചു : അല്ലയോ ഉമര്‍ ഇനിയും താങ്കള്‍ക്ക് വിരമിക്കാറായില്ലേ? ഞാന്‍ പറഞ്ഞു : അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തക്ബീര്‍ മുഴക്കി. മസ്ജിദിലുള്ളവര്‍ വരെ അത് കേട്ടിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, നാം സത്യത്തിലല്ലയോ, മരിച്ചാലും ജീവിച്ചാലും? നബി(സ) പറഞ്ഞു : അതെ. അപ്പോള്‍ ഞാന്‍ ചോദിച്ചു : ‘പിന്നെ എന്തിനാണ് ഒളിച്ചിരിക്കുന്നത്? സത്യവുമായി താങ്കളെ നിയോഗിച്ചവനാണ് സത്യം ഞങ്ങള്‍ പുറത്തിറങ്ങും.’ പിന്നെ രണ്ടു വരികളിലായി ഞങ്ങള്‍ പുറത്തിറങ്ങി. ഒരു വരിയില്‍ ഹംസയും മറ്റേതില്‍ ഞാനുമായിരുന്നു. അങ്ങനെ ഞങ്ങള്‍ മസ്ജിദില്‍ പ്രവേശിച്ചു. ഞങ്ങളെ കണ്ട ഖുറൈശികളെയത് മുമ്പില്ലാത്ത വിധം ദുഖിപ്പിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) എന്നെ ‘അല്‍-ഫാറൂഖ്’ എന്ന് വിളിച്ചു.

ആരാധനേതര കാര്യങ്ങളിലെ അടിസ്ഥാന വിധി അനുവദനീയം എന്നതാണ് ശരീഅത്തിന്റെ തത്വം. പ്രകടനങ്ങള്‍ ആരാധനാ കര്‍മമല്ലാത്തതു കൊണ്ട് അടിസ്ഥാനപരമായി അത് നിഷിദ്ധമല്ല. അല്ലാഹുവോ അവന്റെ ദൂതനോ അത് നിഷിദ്ധമാക്കിയതായി വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ അത് നിഷിദ്ധമെന്ന് പറുന്നതിന് അടിസ്ഥാനമില്ല.

ഇഹലോകത്തെ ജീവിതം സൗകര്യപ്രദമാക്കുക എന്നതാണ് ആരാധനേതര കാര്യങ്ങളുടെ ഉദ്ദേശ്യം. അവയുടെ യുക്തിയും ഉദ്ദേശ്യവും അറിയല്‍ അതുകൊണ്ട് തന്നെ അനിവാര്യമാണ്. എന്നാല്‍ അല്ലാഹുവിന്റെ സാമീപ്യം നേടുക എന്നതാണ് ആരാധനാ കര്‍മങ്ങളുടെ ഉദ്ദേശ്യം. ഇവയുടെ യുക്തി എപ്പോഴും വ്യക്തമായി കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ യുക്തിയും ഉദ്ദേശ്യവും അറിയലും അറിയാതിരിക്കലും സമമാണ്. പ്രകടനങ്ങള്‍ ആരാധനാ കാര്യങ്ങളില്‍ പെടാത്തതുകൊണ്ട് അത് നിഷിദ്ധമാണെന്നതിന് തെളിവുണ്ടാകുന്നത് വരെ അനുവദനീയം തന്നെയാണ്.

‘ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തിനും ലക്ഷ്യത്തിന്റെ വിധി’ എന്ന തത്വവും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു. നിഷിദ്ധമായ കാര്യത്തിലേക്കുള്ള മാര്‍ഗം നിഷിദ്ധവും, നിര്‍ബന്ധത്തിലേക്കുള്ള മാര്‍ഗം നിര്‍ബന്ധവും, അനുവദനീയമായതിലേക്കുള്ള മാര്‍ഗം അനുവദനീയവുമാണ്. നിര്‍ബന്ധമായ ഒരു കാര്യം പൂര്‍ത്തീകരിക്കുന്നതിന് അനിവാര്യമായ കാര്യങ്ങളെല്ലാം നിര്‍ബന്ധമാണ്. നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്ന നടത്തവും നിര്‍ബന്ധമാണ്.

അപ്രകാരം ശിര്‍കിലേക്കുള്ള മാര്‍ഗങ്ങളും നിഷിദ്ധമാക്കപ്പെട്ടത് തന്നെയാണ്. അതിലേക്ക് എത്തിക്കുന്ന എല്ലാ വാക്കു പ്രവര്‍ത്തിയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നിഷിദ്ധമാക്കപ്പെട്ടവയാണ്. അതുപോലെ വ്യഭിചാരം, മദ്യപാനം തുടങ്ങിയ എല്ലാ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിലും ഇത് ബാധകമാണ്.

മര്‍ദിതരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണ് പ്രകടനങ്ങള്‍. മര്‍ദിതരെ സഹായിക്കല്‍ നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പണ്ഡിതന്‍മാരുടെ ഫത്‌വകളും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അവരെ സഹായിക്കാന്‍ നടത്തുന്ന പ്രകടനങ്ങള്‍ നിര്‍ബന്ധ സാമൂഹിക ബാധ്യതയാണ്.

വിവ : നസീഫ്‌

Facebook Comments
Show More

Related Articles

Close
Close