Current Date

Search
Close this search box.
Search
Close this search box.

നിയമങ്ങളല്ല; സദാചാരം തന്നെയാണ് പ്രധാനം

sharia.jpg

ഇസ്‌ലാമെന്നത് കേവലം നിയമനിര്‍മാണമോ, നിയമങ്ങളോ അല്ല. മറിച്ച് അസ്ഥിത്വത്തെ വിശദീകരിക്കുന്ന ആദര്‍ശവും ആത്മാവിനെ പോഷിപ്പിക്കുന്ന ആരാധനകളും മനസിനെ സംസ്‌കരിക്കുന്ന ധാര്‍മിക ഗുണങ്ങളും വീക്ഷണത്തെ ശരിപ്പെടുത്തുന്ന ചിന്തകളും മനുഷ്യനെ ഉന്നതനാക്കുന്ന മൂല്യങ്ങളുമാണ്. നിയമങ്ങള്‍ വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഖുര്‍ആനിന്റെ പത്തിലൊന്ന് പോലും വരുന്നില്ല. അവയെല്ലാം ആദര്‍ശത്തോടും വാഗ്ദാനങ്ങളോടും മുന്നറിയിപ്പുകളോടും ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. ഖുര്‍ആന്റെ മറ്റെല്ലാ നിര്‍ദേശങ്ങളോട് ബന്ധപ്പെടുത്തിയാണത് വന്നിട്ടുള്ളത്.

ഉദാഹരണത്തിന് കുടുംബവുമായി ബന്ധപ്പെട്ട ഒരു വിധി പരിശോധിക്കാം. ‘വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അതിക്രമികള്‍.’ കേവലം വരണ്ട രൂപത്തിലുള്ള ഒരു വിധി പറച്ചില്‍ അല്ല ഇത്. മറിച്ച് നിയമം വിശദീകരിക്കുന്നതൊടൊപ്പം തന്നെ അതില്‍ പ്രബോധനവും സംസ്‌കരണവും പ്രേരണയും താക്കീതുമുണ്ട്.

ശിക്ഷാവിധി വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു പറയുന്നു: ‘ആണായാലും പെണ്ണായാലും മോഷ്ടിക്കുന്നവരുടെ കൈകള്‍ മുറിച്ചുകളയുക. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്; അല്ലാഹുവില്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയും. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.’
ശരീഅത്തിന്റെ ഈ കല്‍പനയിലും വാഗ്ദാനത്തിന്റെയും മുന്നറിയിപ്പിന്റെയും സ്വരമുണ്ട്. പേടിപ്പെടുത്തുന്നതോടൊപ്പമത് പ്രതീക്ഷ നല്‍കുന്നുണ്ട്. സന്മാര്‍ഗ ദര്‍ശനവും സംസ്‌കരണവും അതിലുണ്ട്. തെറ്റില്‍ നിന്ന് പശ്ചാത്തപിക്കാനും നന്മകള്‍ ചെയ്യുന്നതിനുമത് പ്രേരണ നല്‍കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. അവന്റെ കല്‍പനകളിലും വിരോധങ്ങളിലും അവന്‍ പ്രതാപവാനാണ്. അവന്‍ വളരെ യുക്തിയോട് കൂടിയാണ് നിയമ നിര്‍മാണം നടത്തിയിരിക്കുന്നത്. പശ്ചാതപിക്കുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരോട് കാരുണ്യവാനാണവന്‍. പ്രപഞ്ചത്തിന്റെ അധിപനും നാഥനും സ്രഷ്ടാവും നിയന്താവുമായ അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

കേവലം നിയമങ്ങള്‍ കൊണ്ട് മാത്രം ഇസ്‌ലാമിക സമൂഹത്തെ കെട്ടിപടുക്കാനാവില്ല. കൂടെ മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി വേണം. പ്രബോധനവും ബോധവല്‍കരണവുമാണ് അതില്‍ ഒന്നാമത്തേത്. പിന്നീട് അധ്യാപനവും സംസ്‌കരണവും നടക്കണം. നിയമത്തോടൊപ്പം എന്നല്ല അതിന് മുമ്പായി ഉണ്ടാവേണ്ടവയാണവ.
ഇസ്‌ലാം ആരംഭിച്ച മക്കീ ഘട്ടം പ്രബോധനത്തിന്റെയും സംസ്‌കരണത്തിന്റെയും ഘട്ടമായിരുന്നതിന് കാരണവും അത് തന്നെയാണ്. തുടര്‍ന്നുള്ള മദീനാ ഘട്ടത്തിലാണ് നിയമങ്ങളും വിധികളും വന്നിട്ടുള്ളത്. ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം പോലെ സംസ്‌കരണവുമായി ബന്ധപ്പെടുത്തിയാണ് നിയമങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേവലം നിയമങ്ങള്‍ കൊണ്ട് സമൂഹത്തെ നിര്‍മിക്കാനാവില്ലെന്നു തന്നെയാണ്. മനസ്സുകളുടെ മാറ്റമാണ് ഏറ്റവും അടിസ്ഥാനപരമായിട്ടുള്ളത്.

മനുഷ്യനില്‍ മാറ്റം ഉണ്ടാക്കുന്ന പ്രധാന കാര്യം വിശ്വാസം തന്നെയാണ്. അതവനെ മറ്റൊരു സൃഷ്ടിയാക്കി മാറ്റുന്നു. അതവന് ലക്ഷ്യങ്ങള്‍ നല്‍കുന്നതൊടൊപ്പം പ്രചോദനവും നിയന്ത്രണവും നല്‍കുന്നു. അവന്റെ പ്രവര്‍ത്തങ്ങല്‍ ഇഹ-പര പ്രതിഫലവുമായിട്ടായിരിക്കുമവന്‍ ബന്ധപ്പെടുത്തുക. അവയെ പരസ്പരം വേര്‍പെടുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്‌ലാമിക ശരീഅത്ത് വിലക്കിയിട്ടുള്ള ഒരു കുറ്റകൃത്യത്തെ ഇല്ലാതാക്കുന്നതിന് അതിന് നിശ്ചയിച്ചിട്ടുള്ള ശിക്ഷ നടപ്പാക്കിയത് കൊണ്ട് മാത്രം ആയില്ല. സംസ്‌കരണത്തിന്റെ പാതയിലുള്ള അവസാനപടി മാത്രമാണ് ശിക്ഷ നടപ്പാക്കുകയെന്ന് നാം തിരിച്ചറിയണം.
ജനങ്ങളില്‍ വ്യതിചലിച്ച ആളുകള്‍ക്കുള്ളതാണ് ശിക്ഷകള്‍. അവര്‍ സമൂഹത്തില്‍ ഭൂരിപക്ഷമായിരിക്കുകയില്ല, ഒറ്റപ്പെട്ടവര്‍ മാത്രമായിരിക്കും. വ്യതിചലിച്ച ആളുകളെ ശരിയാക്കുക എന്നത് മാത്രമല്ല ഇസ്‌ലാമിന്റെ ദൗത്യം. മറിച്ച് ആളുകള്‍ വ്യതിചലിക്കാതിരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതും ഇസ്‌ലാമിന്റെ ബാധ്യതയാണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ കുറ്റകൃത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വലിയ പ്രേരകം ശിക്ഷയല്ല. അതിന്റെ കാരണങ്ങളെയും സാഹചര്യങ്ങളും പ്രതിരോധിക്കലാണ് പ്രധാന പ്രേരകം. പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമം.

വ്യഭിചാരം പോലുള്ള ഒരു കുറ്റകൃത്യത്തെ നാം പരിശോധിച്ചാല്‍  ഖുര്‍ആനില്‍ നിന്ന് നമുക്കത് വ്യക്തമാകും. സൂറത്തുന്നൂറിന്റെ തുടക്കത്തിലുള്ള ഒരു ആയത്ത് മാത്രമാണ് അതിന്റെ ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്നത്. ‘വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്നകാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍.’ എന്നാല്‍ അതേ സൂറത്തില്‍ തന്നെ തെറ്റില്‍ നിന്ന് പ്രതിരോധിക്കാനുള്ള നിര്‍ദേശം നല്‍കുന്ന പത്തോളം ആയത്തുകള്‍ കാണാം.  അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.’ പരസ്പരം സന്ദര്‍ശനത്തിന്റെയും അതില്‍ പാലിക്കേണ്ട മര്യാദകളും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. വീടുകളോട് കാണിക്കേണ്ട മര്യാദകളും അതിന്റെ പവിത്രതക്ക് നല്‍കേണ്ട പരിഗണനയുമത് വ്യക്തമാക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദംതേടുകയും അവര്‍ക്ക് സലാംപറയുകയും ചെയ്യുംവരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങളിതു ചിന്തിച്ചുമനസ്സിലാക്കുമല്ലോ.’ (അന്നൂര്‍: 27)
വീടുകളില്‍ അനുവാദം ചോദിക്കുന്നത് പഠിപ്പിക്കുന്നിടത്ത് പ്രായപൂര്‍ത്തിയെത്താത്ത ചെറിയ കുട്ടികളും വേലക്കാരും പാലിക്കേണ്ട കാര്യങ്ങള്‍വരെ പരാമര്‍ശിക്കുന്നുണ്ട്. ‘വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്‌കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്.’ (അന്നൂര്‍: 58)

വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും ധാര്‍മിക ഗുണങ്ങളും ചാരിത്ര്യവിശുദ്ധിയും നല്‍കുന്ന സംസ്‌കരണം നല്‍കുകയെന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. കണ്ണുകളെയും ലൈംഗികാവയവങ്ങളെയും സൂക്ഷിക്കാന്‍ അവര്‍ക്ക് അതിലൂടെ സാധിക്കണം. അല്ലാഹു പറയുന്നു: ‘നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.’ (അന്നൂര്‍: 30) വ്യഭിചാരവും ലൈംഗിക കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള പ്രധാനഘടകമാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകള്‍ സൗന്ദര്യം വെളിവാക്കി നടക്കാതിരിക്കുകയെന്നതാണത്. പുരുഷന്‍മാരില്‍ തെറ്റായ വിചാരങ്ങളും ചിന്തകളും ഉണ്ടാക്കുന്നതിനും വികാരങ്ങള്‍ ഇളക്കിവിടുന്നതിനുമത് കാരണമാകും. അല്ലാഹു പറയുന്നത് കാണുക: ‘മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്.’ പ്രസ്തുത ആയത്ത് അവസാനിക്കുന്നത് നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം എന്നു പറഞ്ഞു കൊണ്ടാണ്.

തെറ്റുകള്‍ ചെയ്യുന്നതിനുള്ള പ്രേരണകളും അതിലേക്കുള്ള വഴികള്‍ അടക്കുകയും ചെയ്യുകയെന്നത് സമൂഹത്തെ സംസ്‌കരിക്കുന്നതിന് നിര്‍ബന്ധമാണ്. അതിലേറെ പ്രധാനമാണ് അവിവാഹിതരായ സ്ത്രീ-പുരുഷന്‍മാരെ വിവാഹിതരാക്കുകയെന്നത്. സമൂഹത്തിന്റെ ബാധ്യതയായിട്ടത് നിര്‍വഹിക്കപ്പെടണം. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.’ (അന്നൂര്‍: 32) തെറ്റിലേക്കുള്ള വഴികള്‍ അടക്കുന്നതൊടൊപ്പം അനുവദനീയമായ സംവിധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഒരുക്കുകയെന്നത് സമൂഹത്തിന്റെ, പ്രത്യേകിച്ചും ഭരണാധികാരികളുട ബാധ്യതയാണ്. വിവാഹത്തിന് താല്‍പര്യപ്പെടുന്ന ആളുകള്‍ക്ക് മുന്നിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ശിക്ഷ നടപ്പാക്കുന്നത് ഒരിക്കലും പ്രശ്‌നത്തിനുള്ള പരിഹാരമല്ല. ശരീഅത്ത് അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുള്ള വിധി നടപ്പാക്കല്‍ എന്നതും പ്രയാസകരമായ കാര്യമാണ്. നാല് സാക്ഷികളുണ്ടായിരിക്കണമെന്നതും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് തന്നെ കാണണമെന്നതും പ്രയാസകരമായ കാര്യമാണ്. പരസ്യമായത് ചെയ്യുന്നത് തടയുക എന്നത് മാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. രഹസ്യമായി അത് ചെയ്യുന്ന ഒരാള്‍ ശിക്ഷയുടെ പരിധിയില്‍ വരികയില്ല. അവന്റെ കാര്യത്തില്‍ പരലോകത്താണ് വിധിയുണ്ടാവുക.

വിവ : അഹ്മദ് നസ്വീഫ് തിരുവമ്പാടി
 

Related Articles