അറിയപ്പെടുന്ന വിനോദങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെസ്സ്. അതിന്റെ ഇസ്‌ലാമിക വിധി എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ചിലര്‍ അത് അനുവദനീയമാണെന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ അത് നിഷിദ്ധമാണെന്നും വേറെ ചിലര്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നുമാണ് അഭിപ്രായപ്പെടുന്നത്.
ചെസ്സ് നിഷിദ്ധമാണെന്ന് പറയുന്നവര്‍ അതിന് തെളിവായി ഹാജരാക്കുന്നത് ഹദീസാണ്. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാരും നിരൂപകരും അവരുടെ വാദത്തെത്തെ നിരാകരിക്കുന്നു. നബി(സ)യുടെ കാലത്ത് ചെസ്സ് എന്ന കളി നിലവിലുണ്ടായിരുന്നില്ലെന്നും സഹാബിമാരുടെ കാലത്ത് രംഗത്ത് വന്ന ഒന്നാണ് അതെന്നും അഭിപ്രായപ്പെട്ട അവര്‍ അത് സംബന്ധിച്ച് വന്ന റിപോര്‍ട്ടുകള്‍ ശരിയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സഹാബിമാര്‍ക്കിടയിലും ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത് പകിട കളിയേക്കാള്‍ മോശമാണെന്നാണ് ഇബ്‌നു ഉമര്‍(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ചൂതാട്ടത്തില്‍ പെട്ടതാണ് അതെന്നാണ് അലി(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. (പന്തയം കൂടി അതിനോട് ചേരുന്നതാകും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക). മറ്റു ചിലര്‍ നിരുത്സാഹപ്പെടുത്തേണ്ട ‘കറാഹത്ത്’ എന്ന ഇനത്തിലാണ് അതിനെ വര്‍ഗീകരിച്ചിരിക്കുന്നത്.
അപ്രകാരം ചെസ്സ് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ട സഹാബികളും താബിഇകളുമുണ്ട്. ഇബ്‌നു അബ്ബാസ്, അബൂ ഹുറൈറ, ഇബ്‌നു സീരീന്‍, ഹിശാം ബിന്‍ ഉര്‍വഃ, സഈദ് ബിന്‍ മുസയ്യബ്, സഈദ് ബിന്‍ ജുബൈര്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്. ചെസ്സ് നിഷിദ്ധമാണെന്ന് പറയുന്ന വ്യക്തമായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ അവസാനം പറഞ്ഞ, അനുവദനീയമാണെന്ന അഭിപ്രായമാണ് നമുക്കും ഉള്ളത്. കേവലം കളിക്കും വിനോദത്തിനും ഉപരിയായി ബുദ്ധിയെയും ചിന്തയെയും ഉദ്ദീപിപ്പിക്കുന്ന ഒന്നാണത്. പകിട കളിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. ഭാഗ്യത്തെ മാത്രം അടിസ്ഥാനമാക്കി നടക്കുന്ന പകിട അമ്പുപയോഗിച്ചുള്ള ഭാഗ്യപരീക്ഷണം പോലെയാണ്. അതേസമയം ബുദ്ധിയും ചിന്തയും ഉപയോഗിച്ച് കളിക്കേണ്ട ചെസ്സിനെ വേണമെങ്കില്‍ അമ്പെയ്ത്ത് മത്സരത്തോട് താരതമത്യപ്പെടുത്താം.
ചെസ്സ് അനുവദനീയമാണെന്ന് പറയുന്നതോടൊപ്പം മൂന്ന് നിബന്ധനകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. അതൊരിക്കലും നമസ്‌കാരങ്ങള്‍ വൈകുന്നതിന് കാരണമാകരുത്. കാരണം അതിന്റെ ഏറ്റവും വലിയ അപകടം സമയം കവര്‍ന്നെടുക്കലാണ്. പന്തയവുമായി അതിനെ ചേര്‍ത്ത് വെക്കരുത് എന്നതാണ് രണ്ടാമത്തെ നിബന്ധന. കളിക്കിടയില്‍ ചീത്ത വാക്കുകളില്‍ നിന്നും അസഭ്യങ്ങളില്‍ നിന്നും കളിക്കാരന്‍ നാവിനെ സൂക്ഷിക്കണമെന്നതാണ് മൂന്നാമത്തെ നിബന്ധന. ഈ മൂന്ന് നിബന്ധനകളില്‍ സംഭവിക്കുന്ന വീഴ്ച്ച നിഷിദ്ധത്തിന്റെ വൃത്തത്തിലേക്കതിനെ മാറ്റുമെന്ന് പ്രത്യേകം ഓര്‍ക്കുക.
വിവ: നസീഫ്