Current Date

Search
Close this search box.
Search
Close this search box.

കുറ്റകൃത്യങ്ങളില്‍ ഇസ്‌ലാം വിധികല്‍പിച്ച വിധം

hammer.jpg

ഖലീഫ ഉമറിന്റെകാലത്ത് മദീനയില്‍ ഒരു അന്‍സാരി യുവാവിനെ പ്രേമിച്ച യുവതി ശാരീരിക ബന്ധത്തിന് വഴങ്ങാന്‍ വിസമ്മതിച്ച യുവാവിനോട് പകരം വീട്ടാനായി യുവാവ് തന്നെ ബലാല്‍കാരം ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി ഖലീഫയെ സമീപിച്ചു. അവളുടെ ശരീരത്തിലും അടിവസ്ത്രത്തിലും പറ്റിയ കൊഴുത്ത ദ്രവം തെളിവായി കാണിച്ചു. ഉമര്‍ തന്റെ ഭാര്യയോട് അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആ തെളിവുകള്‍ പുരുഷന്റെ കയ്യേറ്റം തന്നെയാണെന്ന് അവര്‍ പറഞ്ഞതോടെ യുവാവിനെ ശിക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ‘അല്ലാഹുവാണെ അവളാണ് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്നും  സത്യസന്ധനും മാന്യനുമായ താന്‍ നിരപരാധിയാണെന്നും  തെളിവുകള്‍ ശരിക്കും ഉറപ്പുവരുത്തണമെന്നും’ യുവാവ് വാദിച്ചു. ഉമര്‍ ഹസ്രത്ത് അലിയോട് ചോദിച്ചു. അപ്പോള്‍ അലി തെളിവായി ഹാജരാക്കിയ വസ്ത്രത്തിലെ അടയാളം പരിശോധിച്ചിട്ട് തിളക്കുന്ന വെള്ളം കൊണ്ടുവരാന്‍ കല്‍പിച്ചു. അത് അടയാളത്തില്‍ ഒഴിച്ചപ്പോള്‍ കട്ടപിടിക്കുകയും കോഴിമുട്ടയുടെ മണം വരികയും ചെയ്തു. ഇതു കണ്ട് ഖലീഫാ ഉമര്‍ കോപിച്ചപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു. അവള്‍ക്ക് ശിക്ഷനല്‍കി.

പ്രതി കുറ്റം സമ്മതിച്ചാല്‍പോലും പ്രത്യക്ഷമായ തെളിവ് നിരുപാധികം സ്വീകരിച്ചുകൂടെന്നാണ്  പണ്ഡിതന്മാരുടെ അഭിപ്രായം. ഹസ്രത്ത് അലിയുടെകാലത്ത് ഒരു വിജനമായ സ്ഥലത്തുെവച്ച് രക്തം പുരണ്ട കത്തിയോടെ പോലീസ് ഒരാളെ പിടികൂടി. അയാളുടെ സമീപം ഒരു ശവം രക്തത്തില്‍ കുതിര്‍ന്ന് കിടപ്പുണ്ടായിരുന്നു. ചോദ്യംചെയ്തപ്പോള്‍ താനാണ് കൊലനടത്തിയതെന്ന് അയാള്‍ സമ്മതിച്ചു. അയാളുടെമേല്‍ ശിക്ഷനടപ്പാക്കാനിരിക്കെ ഒരാള്‍ ഓടിവന്ന് ബോധിപ്പിച്ചു.: അമീറുല്‍ മുഅ്മിനീന്‍ ഇയാള്‍ നിരപരാധിയാണ്; ഞാനാണ് കൊന്നത്.’ ‘കൊല്ലാതെ കൊന്നുവെന്ന് പറയാന്‍ എന്താണ് കാരണം?’ പിടിയിലായവനോട് അലി ചോദിച്ചു. അയാള്‍ പറഞ്ഞു: ‘എനിക്ക് അതേ നിവൃത്തിയിണ്ടായിരുന്നുള്ളു. രക്തത്തില്‍ കുതിര്‍ന്ന ശവം. എന്റെ കയ്യില്‍ രക്തം പുരണ്ട കത്തി. ആ പ്രദേശത്തൊന്നും ആരുമുണ്ടായിരുന്നില്ല. ഞാന്‍ സത്യം പറഞ്ഞാല്‍ വിലപ്പോവുകയില്ലെന്ന് എനിക്ക്‌തോന്നി. അങ്ങിനെ അല്ലാഹുവിന്റെ വിധിപോലെ വരുമെന്ന് കണക്കാക്കി ഞാന്‍ ചെയ്യാത്തകാര്യം സമ്മതിച്ചു.’ ‘നീ ചെയ്തത് വളരെ മോശമായിപ്പോയി. നിന്റെ കഥ എന്താണെന്ന് പറയൂ;’ അലി. താന്‍ ഒരു കശാപ്പുകാരനാണെന്നും ഒരു കാളയെ അറുത്ത് തോലുരിക്കുന്നതിനിടയില്‍ മൂത്രശങ്ക തോന്നിയപ്പോള്‍ കത്തിയോടെ വിജനസ്ഥലത്ത് പോയെന്നും അവിടെ ഒരാളെ കൊന്നിട്ടിരിക്കുന്നത് കണ്ടപ്പോള്‍ അത് നോക്കിനല്‍ക്കെയാണ് പോലീസ് വന്ന് തന്നെ പിടികൂടിയതെന്നും അയാള്‍ ബോധിപ്പിച്ചു. അതേസമയം കുത്തിക്കൊന്ന് പണം കൊളളയടിക്കാന്‍ പിശാച് തോന്നിച്ചുവെന്നും കൊലകഴിഞ്ഞയുടനെ കാലൊച്ച കേട്ടപ്പാള്‍ താന്‍ ഇരുട്ടില്‍ ഓടി മറഞ്ഞുവെന്നും അപ്പോഴാണ് കശാപ്പുകാരന്റെ വരവും പോലീസിന്റെ പിടുത്തവുമുണ്ടായതെന്നും നിരപരാധിയായ കശാപ്പുകാരനെ കൊല്ലാന്‍ ഖലീഫ കല്‍പിച്ചപ്പോള്‍ അതിന്റെ ശിക്ഷയുംകൂടി വഹിക്കേണ്ടിവരുമെന്ന ഭയമാണ് കുറ്റം സമ്മതിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കൊലപാതകിയും മൊഴി്‌നല്‍കി. കൊലപാതകിയെ അലി വിട്ടയച്ചു. കാരണം അയാള്‍ ഒരുജീവന്‍ ഹനിച്ചുവെങ്കിലും ഒരു ജീവന്‍ രക്ഷിച്ചിട്ടുണ്ട്. ജനങ്ങളെ മുഴുവന്‍ രക്ഷിക്കുന്നതിനു തുല്യമാണത്. കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് പൊതുഖജനാവില്‍നിന്ന് നഷ്ടപരിഹാരം കൊടുത്തു.

ദൃക്‌സാക്ഷികളേയും പ്രത്യക്ഷതെളിവുകളേയും അവലംബിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കഥ: നബി തിരുമേനിയുടെ കാലത്ത് ഒരു സ്ത്രീയെ പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പോകും വഴി ഒരാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. അതുവഴി വന്ന ഒരാളോട് അവള്‍ രക്ഷിക്കാന്‍ ആര്‍ത്തുവിളിച്ചു. ഇതുകേട്ട് അക്രമി ഓടിപ്പോയി. ബഹളം കേട്ട് ഒരു സംഘം ആളുകള്‍ എത്തിയപ്പോള്‍ കണ്ടത് സഹായിക്കാന്‍ എത്തിയ വഴിപോക്കനെയാണ്. അവര്‍ അയാളെ പിടികൂടി സ്ത്രീയുടെ മുമ്പില്‍ കൊണ്ടുചെന്നപ്പോള്‍, അയാള്‍ പറഞ്ഞു:’ഞാനാണ് നിന്നെ രക്ഷിച്ചത്, മറ്റവന്‍ ഓടി രക്ഷപ്പെട്ടു.’ രണ്ടുപേരെയും ജനം തിരുമുമ്പില്‍ ഹാജരാക്കി. ഇയാളാണ് തന്നെ പീഡിപ്പിച്ചതെന്ന് സ്ത്രീബോധിപ്പിക്കുകയും മറ്റുള്ളവര്‍ അതിന് സാക്ഷിനില്‍ക്കുകയും ചെയ്തു. പ്രതി ഇങ്ങിനെ ബോധിപ്പിച്ചു ‘അക്രമിയില്‍നിന്ന് ഇവളെ രക്ഷിക്കുകയാണ് ഞാന്‍ ചെയ്തത്. അപ്പോഴാണ് ഇവര്‍ വന്ന് എന്നെ പിടിച്ചത്.’ സ്ത്രീ സമ്മതച്ചില്ല. ‘ഇയാള്‍ പറഞ്ഞത് കളവാണ്. ഇയാള്‍ തന്നെയാണ് എന്നെ പീഡിപ്പിച്ചത്.’ ഇതുകേട്ട പ്രവാചകന്‍ അരുളി:’ഇവനെ കൊണ്ടുപോയി എറിഞ്ഞുകൊല്ലൂ’, ഇതുകേട്ടപ്പോള്‍ ഒരാള്‍ മുന്നോട്ടുവന്നു അഭ്യര്‍ത്ഥിച്ചു. ‘ഇവനെ കൊല്ലരുത്. എന്നെ എറിഞ്ഞ്‌കൊന്നോളു. ഞാനാണ് ഇവളെ മാനഭംഗപ്പെടുത്തിയത്.’ ‘അല്ലാഹുവിന്റെ പ്രവാചകരേ! ഈ മനുഷ്യനെ എറിഞ്ഞുകൊന്നാലും’ എന്ന് ആളുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. നബി(സ) ഇങ്ങിനെ പ്രസ്്താവിച്ചു: ‘ഈ മനുഷ്യന്‍ ചെയ്ത പശ്ചാത്താപം, മദീനയിലെ എല്ലാനിവാസികളും കൂടി പശ്ചാത്തപിച്ചാല്‍ അവരുടെ പാപം അല്ലാഹു പൊറുക്കാന്‍ അത് മതി.’

ഇമാം ശാഫിഈയുടെ കാലത്ത് അഹ്‌ലുല്‍ ഹദീസ് (ഹദീസിന്ന് മുന്‍ഗണന കല്‍പിക്കുന്നവര്‍) അഹ്‌ലുറഅ്‌യ് (അഭപ്രായത്തിന് പ്രാമുഖ്യം നല്‍കുന്നവര്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടായിരന്നു. അഹ്‌ലുല്‍ ഹദീസുകാര്‍ എല്ലാകാര്യങ്ങള്‍ക്കും പ്രമാണങ്ങളെ ആശ്രയിക്കുമ്പോള്‍ അഹ്‌ലുറഅ്‌യ്കാര്‍ വ്യക്തമായ രേഖകള്‍ കണ്ടില്ലെങ്കില്‍ തത്തുല്യമായ സംഭവത്തോട് താരതമ്യപ്പെടുത്തി ബുദ്ധിയുപയോഗിച്ച് വിധികണ്ടെത്തുകയായിരുന്നു. ഇവര്‍തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളിലേര്‍പ്പെട്ടു.

ഒരു ആടിന്റെ അകിടില്‍നിന്ന് ഒരുമിച്ച് പാല്‍ കുടിച്ച് വളര്‍ന്ന ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം വിവാഹം നടത്താമോ എന്ന ഒരു ചോദ്യം റഅ്‌യകാരില്‍ ഒരാള്‍ ഒരു ഹദീസ്‌കാരനോട് ചോദിച്ചു. ‘മുലകുടി ബന്ധം ഇവരുടെ വിവാഹത്തെ നിയമവിരുദ്ധമാക്കുന്നുവെന്നായിരുന്നു’ ഹദീസുകാരന്റെ മറുപടി. ‘ഒരേ മുലയില്‍നിന്ന് പാല്‍കുടിച്ചവര്‍ തമ്മില്‍ വിവാഹം നിഷിദ്ധമാണ്’ എന്ന പ്രവാചക വചനമായിരുന്നു അവര്‍ ഉദ്ധരിച്ചത്. അഭിപ്രായക്കാരന്‍ പരിഹാസച്ചിരിയോടെ പറഞ്ഞു. ‘ ഒരേ മുലയില്‍ നിന്ന് എന്നാണ് തിരുമേനി പ്രസ്താവിച്ചത്; ഒരേ അകിടില്‍നിന്ന് എന്നല്ല. മനുഷ്യര്‍ തമ്മിലുള്ള മുലകുടി ബന്ധത്തിനേ ഈ ഹദീസ് ബാധകമാവുകയുള്ളൂ. ആടും മനുഷ്യനും തമ്മിലുള്ളതിന് ഈ നിയമം ബാധകമല്ല. ഒരു ആടിനേയും സ്ത്രീയേയും ഒരുപോലെ ഗണിക്കാന്‍ പറ്റില്ല.’

കൂഫയില്‍ ഇമാം അബൂഹനീഫയുടെ മുമ്പാകെ ഒരു കേസ് വന്നു. കൂഫയില്‍ കുടിയേറിയ യുവാവിന്റെ അതിസുന്ദരിയായ ഭാര്യയെ കൂഫക്കാരന്‍ വശത്താക്കി ഭാര്യയാണെന്ന് വാദിച്ചു. അവളും അയാള്‍ക്കനുകൂലമായിരുന്നു. സ്ത്രീ കൂഫക്കാരന്റേതുതന്നെ അഭിപ്രായമായിരുന്നു അഹ്‌ലുല്‍ഹദീസ്‌കാര്‍ക്ക്. ഈ പ്രത്യക്ഷ തെളിവ് സ്വീകരിക്കാന്‍ ഇമാം തയ്യാറായില്ല. കൂഫക്കാരന്റേയും സ്ത്രീയുടേയും മൊഴിയില്‍ സംശയം തോന്നിയതിനാല്‍ അദ്ദേഹം കേസിനെപ്പറ്റി നേരിട്ടന്വേഷിക്കാന്‍ തീര്‍ച്ചയാക്കി. അങ്ങിനെ ചില അഹ്‌ലുല്‍ ഹദീസുകാര്‍ കൂടി ഉള്‍പ്പെട്ട ഒരു സംഘത്തെ നയിച്ച് കുടിയേറ്റക്കാരന്റെ വാസസ്ഥലത്തുചെന്നു. അപരിചിതരായ ആള്‍ക്കാരെ കണ്ട സ്ഥലത്തുണ്ടായരുന്ന നായ്ക്കള്‍ കുരച്ച് കടിക്കാന്‍ ഓടി.. ഇമാം അബൂഹനീഫയും സംഘവും തിരിച്ചുപോന്നു. പിന്നീട് ചില സാക്ഷികളുടെകൂടെ സ്ത്രീയെ അങ്ങോട്ടയച്ചു. വീട്ടിനടുത്തേക്ക് അവള്‍ തനിച്ചേ ചെല്ലാവൂ എന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അവള്‍ ചെന്നപ്പോള്‍ യജമാനന്മാരോടെന്നപോലെ നായ്ക്കള്‍ വാലാട്ടി വട്ടംവെച്ചു. ഈ തെളിവിനെ അടിസ്ഥാനമാക്കി അബൂഹനീഫ പറഞ്ഞു ‘സത്യം വ്യക്തമായി’. സ്ത്രീ കുറ്റം കുറ്റംസമ്മതിച്ചു. അവള്‍ ഭര്‍ത്താവിന്റെ അടുക്കലേക്ക് തിരിച്ചുപോയി.

കൊലപാതകത്തിന് ഒരാള്‍ കാരണക്കാരനായിത്തീര്‍ന്നാല്‍ അയാള്‍ സ്വന്തം കൈകൊണ്ട് കൊലചെയ്തിട്ടില്ലെങ്കിലും, കൊലനടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും, കൊലയാളിതന്നെ. ഒരു യുവതി താന്‍ പ്രേമിക്കുന്ന യുവാവിനെ മധുവിധുരാത്രി സ്വന്തം വീട്ടില്‍ ഒളിപ്പിച്ചു. അതുകണ്ടുപിടിച്ച ഭര്‍ത്താവ് അവനെ കൊന്നു. ഈ കേസില്‍ വഞ്ചകിയായ യുവതിക്ക് ഹസ്രത്ത് അലി വധശിക്ഷയാണ് നല്‍കിയത്. മാനം രക്ഷിക്കാന്‍ ചെയ്തതാണെന്ന കാരണത്താല്‍ ഭര്‍ത്താവിനെ അദ്ദേഹം വെറുതെവിട്ടു.

”ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഒരു മനുഷ്യന്‍ പൈദാഹത്താല്‍ മരണപ്പെട്ടാല്‍ എല്ലാ മുസ്‌ലിം പണക്കാരും കുറ്റക്കാരാണ്. മനപൂര്‍വ്വം കൊലനടത്തിയതിനുള്ള പിഴ നല്‍കാന്‍ അവര്‍  ബാദ്ധ്യസ്ഥരാണ്. അന്യന്റെ പഴത്തോട്ടത്തിനു സമീപത്തുകൂടെ നടന്നുപോകുന്നവന്ന് തോട്ടത്തിന് വേലിയോ, കാവല്‍ക്കാരനോ ഇല്ലെങ്കില്‍ വിശപ്പടങ്ങുവോളം പഴം തിന്നാം. പക്ഷെ കൊണ്ടുപോകാന്‍ പാടില്ല.”

പാവപ്പെട്ടവരുടെ കന്നുകാലികള്‍ക്കായി മദീനക്കു സമീപം ഖലീഫാഉമര്‍  സര്‍ക്കാര്‍ ചെലവില്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തിയിരുന്നു. ധനികരുടെ കന്നുകാലികളെ അവിടെ നിരോധിച്ചിരുന്നു. ”ധനികന്റെ കാലികള്‍ നശിച്ചാല്‍ നഷ്ടം അവന്റെ സ്വത്തിനാണ്. പാവപ്പെട്ടവന്റെ കന്നുകാലികള്‍ചത്താല്‍ കുടുംബത്തേയും കൂട്ടി അവന്‍ എന്റെ അടുക്കല്‍ വന്ന് കേഴും. അപ്പോള്‍ അവന്ന് നഷ്ടപരിഹാരം കൊടുക്കുന്നതിനേക്കാള്‍ എളുപ്പം ഇപ്പോള്‍ കന്നുകാലികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണ്.” എന്നാണ് ഉമര്‍ പ്രസ്താവിച്ചത്.

”ഒരാള്‍ മറ്റൊരാളെ അമ്പെയ്ത് കൊല്ലാനുദ്ദേശിച്ചു. പക്ഷേ അമ്പുകൊണ്ടത് എതിരാളിയെ കടിക്കാന്‍ വന്ന സര്‍പ്പത്തിനാണ്; എന്നിരുന്നാലും അല്ലാഹുവിന്റെ മുമ്പില്‍ അവന്‍ കുറ്റക്കാരന്‍ തന്നെ. കാരണം കൊല്ലണമെന്ന ചിന്തയാണ് അവന്റെ പ്രേരണാശക്തി. ഒരാള്‍ വിഗ്രഹാരാധകരുടെ ദൈവങ്ങളെ ശകാരിച്ചു. പ്രതികാരമായി അവര്‍ അല്ലാഹുവിനേയും റസൂലിനേയും ചീത്തപറഞ്ഞു. അപ്പോള്‍ അവന്‍ കുറ്റക്കാരനാണ്. കാരണം അല്ലാഹുവിനേയും റസൂലിനേയും ശകാരിച്ചത് അവന്‍ വിഗ്രഹാരാധകരുടെ ദൈവങ്ങളെ ചീത്തപറഞ്ഞതിന്റ ഫലമാണ്.”

നമസ്‌കാരത്തില്‍ ഇമാമിന്റെ ഖുര്‍ആന്‍ പാരായണം പിന്നില്‍ തുടര്‍ന്നു നമസ്‌കരിക്കുന്നവരുടെ പാരായണത്തിനുപകരം നില്‍ക്കുമെന്ന് അബൂഹനീഫ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവര്‍ പാരായണം ചെയ്യാതെതന്നെ അവരുടെ നമസ്‌കാരം ശരിയാണ്. ഇമാം പാരായണം ചെയ്താല്‍ അവര്‍ പാരായണം ചെയ്തഫലമായി. ഈ അഭിപ്രായം ചോദ്യം ചെയ്തചിലര്‍ ചര്‍ച്ച നടത്താന്‍ അദ്ദേഹത്തെ  സമീപിച്ചു, അദ്ദേഹം പറഞ്ഞു: ‘എല്ലാവരോടും വാഗ്വാദം നടത്താന്‍ എനിക്കാവില്ല. നിങ്ങളില്‍ കൂടുതല്‍ വിവരമുള്ളവനെ നിങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കുക’ അപ്പോള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ അവര്‍ സുസമ്മതാനായ ഒരാളെ തിരഞ്ഞെടുത്തു. നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തിയോട്  താന്‍ വാഗ്വാദം നടത്തിയാല്‍  എല്ലാവരോടും വാഗ്വാദം നടത്തിയതായി കണക്കാക്കുമോ എന്ന് അബൂഹനീഫ ചോദിച്ചു. അവര്‍ സമ്മതിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇതുപോലെ നാം ഇമാമിനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍പാരായണം നമ്മുടേയും പാരായണമാണ്. നമ്മുടെ പ്രതിനിധിയാണ് അയാള്‍’.

Related Articles