Faith

തിരസ്‌ക്കരിക്കപ്പെടുന്ന ഹല്ലാജിന്റെ സ്വൂഫീ പാരമ്പര്യം

‘വിരക്തിയുടെ സ്വഭാവത്തില്‍’ ഒന്നാം നൂറ്റാണ്ടിലാണ് ‘തസവ്വുഫിന്’ തുടക്കം.തുടര്‍ന്ന് ഇതിലേക്ക് ഭൗതിക പ്രമത്തരല്ലാത്ത ഒരുപാട് വ്യക്തികള്‍ ചേര്‍ന്നുനിന്നു. ‘സ്വൂഫിസ’ത്തിന്റെ അടിസ്ഥാന പദമേതന്നതില്‍ വിഭിന്ന വീക്ഷണമാണുള്ളത്. ചിലയാളുകള്‍ ‘സ്വുഫ’യിലേക്ക് ചേര്‍ത്ത് പറയുന്നു (ദരിദ്രരായവര്‍ അഭയം പ്രാപിച്ച മസ്ജിദുന്നബവിയോട് ചേര്‍ന്ന സ്ഥലം). ചിലര്‍ നമസ്‌ക്കാരത്തിലെ ഒന്നാമത്തെ ‘സ്വഫി’ലേക്ക് ചേര്‍ത്ത് പറയുന്നു. ‘സ്വൂഫ’യെന്ന ജാഹിലിയ്യാ കാലത്തെ അറബി ഗോത്രത്തിലേക്ക് ചേര്‍ത്ത് മറ്റുചിലരും അഭിപ്രായം രേഖപ്പെടുത്തുന്നു. എന്നാല്‍ ശരിയായിട്ടുളളത്, ‘സ്വൂഫ’് വസ്ത്രധാരണവുമായി ചേര്‍ത്ത് പറയുന്നതാണ്. ‘കമീസ്'(കുപ്പായം) ധരിച്ചാല്‍ ‘തകമ്മുസെ’ന്ന് പറയുന്നതുപോലെ ‘സ്വൂഫ്'(രോമം കൊണ്ടുളള) വസ്ത്രം ധരിച്ചാല്‍ ‘തസവ്വുഫ’് എന്ന് പറയും. ‘സ്വൂഫ’് വസ്ത്രത്തിലേക്ക് ചേര്‍ത്ത് കൊണ്ടാണ് ‘സ്വൂഫിസം’ എന്ന് പദം നിര്‍വചിക്കപ്പെടുന്നത്. വിനയത്തിന്റെയും വിരക്തിയുടെയും അടയാളമാണ് സ്വൂഫ് വസ്ത്രധാരണം.

ഇസ്‌ലാമിക ശരീഅത്തിനെതിരായ വഴിയില്‍ ആദ്യമായി മാറി സഞ്ചരിച്ച് സ്വൂഫിസത്തിന്റെ വിശ്വാസആചാരങ്ങള്‍ വ്യാപിച്ചു. സാമൂഹിക പരിതസ്ഥിതിയില്‍നിന്ന് മാറി സ്വൂഫിസം അപകടകരമായ ചിന്താ പദ്ധതിയിലേക്ക് വ്യതിചലിക്കുകയാണുണ്ടായത്. അതുപോലെ, ചെറിയ കുട്ടികളെ മോശമായ രീതിയില്‍ ഉപയോഗിക്കുകയും കഞ്ചാവുപോലെയുളള ലഹരി വസ്തുക്കള്‍ സ്വീകരിക്കുകയും ചെയ്ത് അവര്‍ വാദിക്കുന്നത് ‘മൂകമായ അന്തരീക്ഷത്തിലൂടെ ഉന്നത സ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുകയാണ’് എന്നാണ്.

അതിരുകടന്ന സ്വൂഫി ചിന്താഗതിക്കാര്‍ ദൈവത്തിന്റെ രക്ഷകര്‍തൃത്തിലൂടെ ഉത്തുംഗതിയിലെത്താന്‍ ആഗ്രഹിക്കുന്നു. അതിനവര്‍ പരിശീലന മുറകള്‍ സ്വീകരിക്കുന്നു. സ്രഷ്ടാവും സൃഷ്ടിയുമെന്ന കാഴ്ച്ചപ്പാടില്‍നിന്ന് മാറി, എല്ലാത്തിന്റ അസ്തിത്വവും ദൈവത്തിലേക്ക് ചേരുന്നുവെന്ന വീക്ഷണമാണ് അവര്‍ അവതരിപ്പിക്കുന്നത്. ‘ദൈവം അവരില്‍ സന്നിവേശിക്കപ്പെട്ടിരിക്കുകയാണെന്ന’് ഇത്തരത്തിലുളള വഴിപിഴച്ച സ്വൂഫികള്‍ വാദിക്കുന്നു. തുടര്‍ന്ന് വരുന്നതെല്ലാം സാങ്കല്‍പ്പികമാണ്. ഇത്തരത്തിലുളള വിശ്വാസം അവരെ കൊണ്ട് പറയിക്കുകയുണ്ടായി; ‘കീശയിലുളളത് ദൈവമല്ലാതെ മറ്റൊന്നുമല്ല’ എന്ന് . നിരീശ്വരവാദികളായ ആളുകള്‍ പറയുന്ന സമാന വര്‍ത്തമാനങ്ങള്‍ പോലും അത്തരം സ്വൂഫികളില്‍നിന്ന് പുറത്തുവരുന്നത് കാണാം.

ഈ രീതിയില്‍ പരിധി കടന്നുളള വീക്ഷണവുമായി മുന്നോട്ട് പോയ തത്വചിന്തകനായ സ്വൂഫിയായിരിന്നു ‘ഹുസൈന്‍ ബ്‌നു മന്‍സൂര്‍ ഹല്ലാജ്’. ചിലര്‍ അദ്ദേഹത്തെ ഉയര്‍ന്ന് ദീനീ നിഷ്ഠയുളള ഭൗതിക പ്രമത്തനല്ലാത്ത വ്യക്തിയായി കാണുന്നു. മറ്റുചിലര്‍, നിരീശ്വരവാദികളുടെ ഗണത്തിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുളളത്. മന്‍സൂര്‍ ഹല്ലാജ് പേര്‍ഷ്യക്കാരനായിരിന്നു. ഇറാഖില്‍ വളരുകയും തുടര്‍ന്ന് ബസറയിലേക്ക് താമസം മാറുകയും ചെയ്തു. ഹജ്ജ് ചെയ്ത ശേഷം വീണ്ടും ബാഗ്ദാദിലെ തസ്തിര്‍ലേക്ക് തിരിച്ചുവന്നു. ഹിജ്‌റ 299ല്‍ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ വിശ്വാസ സംഹിതയിലേക്ക് ജനങ്ങള്‍ ചേക്കേറുകയും ചെയ്തു. തുടര്‍ന്ന് വ്യത്യസ്ത നാടുകളില്‍ പോവുകയും അവിടെങ്ങളിലെല്ലാം തന്റെ ആശയങ്ങള്‍ രഹസ്യമായി പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തുകയുമുണ്ടായി. കുറച്ച് ഭക്ഷിക്കുകയും കൂടുതല്‍ നമസ്‌കരിക്കുകയം ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേതന്നാണ് ജനങ്ങള്‍ പരയുന്നത്. എല്ലാ ദിവസങ്ങളിലും നോമ്പെടുക്കുമായിരുന്നത്രെ. എല്ലാം ഇരട്ടിപ്പിച്ച് ദൈവത്തിലേക്ക് എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. ഹല്ലാജിനെ കുറിച്ച ഒരുപാട് ഏഷണികള്‍ അബ്ബാസി ഭരണാധികാരി മുക്തദിറിന്റെ അടുത്തെത്തുകയും അദ്ദേഹത്തെ ബന്ധിയാക്കാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. എല്ലാവിധ പീഡനങ്ങളും സഹിച്ച് സഹായത്തിനാരുമില്ലാതെ ജയിലില്‍ അദ്ദേഹത്തിന് കഴിയേണ്ടിവന്നു.

ഇബ്‌നു ഖല്‍കാന്‍ പറയുന്നു: അദ്ദഹത്തിന്റെ കൈവിരലുകള്‍ ഛേദിക്കുകയും തല പിളര്‍ത്തുകയും ശരീരഭാഗങ്ങള്‍ കരിച്ച് കളയുകയും ചെയ്തു. കത്തികരിഞ്ഞ് ചാരമായപ്പോള്‍ അത് ടൈഗ്രിസ് നദിയിലൊഴുക്കി. തല ബാഗ്ദാദ് പാലത്തിന്മേല്‍ നാട്ടിനിര്‍ത്തി.  ഹല്ലാജിന്റെ രൂപസാദൃശ്യമുളള വ്യക്തിയെ പകരമായി കൊല്ലുകയാണുണ്ടായതെന്നാണ് അദ്ദഹത്തിന്റെ അനുയായികള്‍ പറയുന്നുത്. ഇബ്‌നു നദീം ഹല്ലാജിനെ കുറിച്ച് പറയുന്നു: സ്വൂഫി ചിന്താധാരയുമായി മുന്നോട്ടുപോകുന്ന കപടനാണ് അദ്ദേഹം. എല്ലാ അറിവുകളും തന്റടുക്കലുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. ഭരണാധികാരികളുടെ കൂടെ നില്‍ക്കുകയും വലിയ തെറ്റുകള്‍ ചെയ്യുകയും രാജ്യത്തെ തകിടം മറിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇമാം ഹാഫിള് അദ്ദഹബി പറയുന്നു: നിരീശ്വരവാദത്തിന്റെ പേരില്‍ അദ്ദേഹം കൊലചെയ്യപ്പെടുകയാണുണ്ടായത്. അദ്ദേഹത്തില്‍നിന്ന് ഒന്നും(ഹദീസ്) ഉദ്ദരിക്കപ്പെട്ടിട്ടില്ല എന്നതിന് അല്ലാഹുവിന് സ്തുതി. അദ്ദേഹത്തിന്റെ തുടക്കം നല്ലതായിരുന്നു. തുടര്‍ന്ന് ദീനില്‍നിന്ന് വിട്ടുനില്‍ക്കുകയും സിഹ്‌റ് പഠിച്ചെടുക്കുകയും ജനങ്ങള്‍ക്ക് മുന്നില്‍ മായാജാലങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പണ്ഡിതന്മാരെ കൊലചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമൊക്കെ അദ്ദേഹം ചെയ്തിരുന്നു പോലും.

അദ്ദേഹം പറയുന്നു: ഹല്ലാജ് കൊലചെയ്യപ്പെടുന്നത് ഏകദേശം ഹിജ്‌റ മുന്നൂറുകളിലാണ്. ജനങ്ങള്‍ ഒട്ടകപുറത്ത് ബാഗ്ദാദില്‍ വന്ന് വിളിച്ചുപറഞ്ഞു. ഇദ്ദേഹം കറാമിത്തകളുടെ (വിശ്വാസപരമായി വഴി പിഴച്ച വിഭാഗം) വക്താവാണ്. തുടര്‍ന്ന്, അദ്ദേഹത്തിന് മേല്‍ തടവ് ശിക്ഷ വിധിക്കുകയും നിരീശ്വരവാദം വെളിപ്പെടുകയും ചെയ്തു. അവസാനം അദ്ദേഹത്തിന് എല്ലാം സമ്മതിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കിതാബില്‍ അദ്ദേഹം പറയുന്നു; ആരെങ്കലും ഹജ്ജ് നിര്‍വഹിച്ചിട്ടില്ലായെങ്കില്‍ അവരുടെ വീടുകളില്‍ ഒരു ഭവനം നിര്‍മിക്കുകയും അവിടെ ത്വവാഫ് ചെയ്യുകയും മുപ്പത് അനാഥകള്‍ക്ക് സഹായം നല്‍കുകയുമാണ് അവര്‍ ചെയ്യേണ്ടത്. അത് അവര്‍ക്ക് ഹജ്ജിന് പകരമാവുന്നതാണ്. അവര്‍ ചോദിച്ചു: താങ്കളാണോ ഇപ്രകാരം പറഞ്ഞത്. അദ്ദേഹം പറഞ്ഞു: അതെ. അവര്‍ ചോദിച്ചു: എവിടെനിന്നാണ് താങ്കള്‍ക്കിത് ലഭ്യമായത്? അദ്ദേഹം പറഞ്ഞു: ഹസനുല്‍ ബസ്വരി അദ്ദേഹത്തിന്റെ ‘കിതാബു സ്വലാത്തി’ലാണ് ഇക്കാര്യം പറഞ്ഞത്. അപ്പോള്‍ വിധികര്‍ത്താവ് അബൂ ഉമര്‍ പറഞ്ഞു: നിരീശ്വരവാദി, താങ്കള്‍ കളവ് പറയുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ കിതാബ് വായിച്ചതാണ്. അതില്‍ അദ്ദേഹം അങ്ങനെ പറയുന്നില്ല. ശേഷം, കേട്ടവരോടെല്ലാം സാക്ഷി നില്‍ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. എല്ലാവരുടെ അഭിപ്രായം മാനിച്ച് അദ്ദേഹത്തിന് വധശിക്ഷ നടപ്പിലാക്കി.

ധാര്‍മിക കാര്യങ്ങളില്‍നിന്ന് മാറി ചൂഷണത്തിന് അവസരം ലഭിക്കുന്ന സ്വൂഫിത്തെയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. ചിലപ്പോള്‍ ഇസ്‌ലാമിക വിപ്ലവത്തെ ഇല്ലായ്മ ചെയ്യുന്നതിനും തങ്ങളുടെ മദ്ഹബീ വീക്ഷണം വ്യാപിപിക്കുന്നതിനും സ്വൂഫിസം ചൂഷണത്തിനിരയാകുന്നുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ ഹല്ലാജിനെ കുറിച്ച് പറയുന്നു: അദ്ദേഹം എല്ലാ വിഭാഗത്തിന്റെ അടുക്കലും അവരില്‍നിന്ന് മഹത്വം കൈവരിക്കുന്നതിനുളള തന്ത്രങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. അഹ്‌ലു സുന്നയുടെ അടുക്കല്‍ സുന്നിയായി അവതരിക്കുന്നു. ചിലപ്പോള്‍ അദ്ദേഹം സ്വൂഫിത്തിന്റെ വസ്ത്രമണിയുകയും മറ്റുചിലപ്പോള്‍ യുദ്ധ പോരാളിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

വിവ.അര്‍ശദ് കാരക്കാട്‌

അവലംബം: അല്‍ഫുര്‍ഖാന്‍

 

Facebook Comments
Show More

Related Articles

Close
Close