Faith

എന്താണ് ലൈലത്തുൽ ഖദ്റിന്റെ അടയാളം?

അനുഗ്രഹപൂർണമായ രാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ” القدر ” എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നന്മയും, പദവിയും, സ്ഥാനവുമാണ്. അല്ലാഹു പറയുന്നു: ‘തീർച്ചയായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു. ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർതിരിച്ച് വിവരിക്കപ്പെടുന്നു.’ (അദ്ദുഖാൻ: 3-6) ‘തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാദാനമത്രെ.’ (അൽബയ്യിന: 1-5)

അല്ലാഹുവിന്റെ റസൂൽ(സ) പറയുന്നു: ‘നിങ്ങൾ റമദാനിലെ അവസാനത്തെ പത്തിൽ  ലൈലത്തുൽ ഖദ്റിനെ തേടുക.’ പ്രവാചകൻ(സ) പറയുന്നു: ‘വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും ലൈലത്തുൽ ഖദ്റിന്റെ രാവിൽ നമസ്കരിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’ ആയിശ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ‘അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ലൈലത്തുൽ ഖദ്റിന്റെ രാവിൽ എന്താണ് ഞാൻ പറയേണ്ടതെന്ന് അറിയിച്ച് തന്നാലും. പ്രവാചകൻ(സ) പറഞ്ഞു: പറയുക, ” اللهم إنك عفو كريم تحب العفو فاعف عنا ” (അല്ലാഹുവേ, നീ ഉദാരനും തെറ്റുകൾ പൊറുക്കുന്നവനുമാണ്, പൊറുത്ത് തരുകയെന്നത് നീ ഇഷ്ടപ്പെടുന്നു, അതിനാൽ ഞങ്ങളുടെ തെറ്റുകൾ പൊറുത്ത് തന്നാലും).’

Also read: ഉണർന്നിരിക്കേണ്ട രാവുകൾ

മനസ്സിന് ശാന്തിയും സമാധാനവും അനുഭവപ്പെടുകയും, ഇബാദത്തുകളിൽ തൽപരനാവുകയും, വിധേയത്വത്തിന്റെ മാധുര്യം അറിയുകയും ചെയ്യുകയെന്നതാണ് ലൈലത്തുൽ ഖദ്റിന്റെ അടയാളം. പ്രവാചകൻ(സ) അതിനെ വിശേഷിപ്പിക്കുന്നു: ‘ലൈലത്തുൽ ഖദ്റിന്റെ രാവെന്നത് വെളിച്ചമുള്ള രാവാണ്. ചൂടും തണുപ്പുമില്ല, നക്ഷത്രങ്ങൾ ഉദിക്കുന്നില്ല. സൂര്യൻ ഉദിക്കുമെങ്കിലും പ്രകാശ കിരണങ്ങൾ ഉണ്ടാവുകയില്ലെന്നതാണ് ആ ദിവസത്തിന്റെ അടയാളം.’ വിശുദ്ധ ഖുർആൻ അവതീർണമായ രാവെന്നതാണ് ഈ അനുഗ്രഹീതമായ രാവിന്റെ ശ്രേഷ്ഠത. ആ രാവ് ആയിരം മാസത്തെക്കാൾ ശ്രേഷ്ഠമാണ്. പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും രാവാണ്. കൂടാതെ, ധാരാളം അനുഗ്രങ്ങൾ ഇറങ്ങുന്ന, കാരുണ്യം വർഷിക്കപ്പെടുന്ന, ഓരോ കാര്യവും യൂക്തിപൂർണമായി വേർതിരിച്ച് വിവരിക്കപ്പടുന്ന രാവാണത്. ഉണർന്നിരിക്കെ ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ ആരെങ്കിലും ദർശിക്കുന്നുവെങ്കിൽ അവന് ദർശനം സാധിച്ചു.

പ്രവാചകൻ(സ) പറയുന്നു: ‘ലൈലത്തുൽ ഖദ്റായാൽ ജിബ് രീൽ മാലാഖമാരോടൊപ്പം ഇറങ്ങിവരുന്നു. ഇരുന്നും നിന്നും അല്ലാഹുവിനെ സ്മരിക്കുന്ന ഓരോ അടിമയോട് സലാം പറയുകയും, അവർക്ക് വേണ്ടി പ്രാർഥിക്കുന്നതുമാണ്. സൂര്യാസ്തമയം മുതൽ പ്രഭാതോദയം വരെ മാലാഖമാർ ഇറങ്ങികൊണ്ടിരിക്കുന്നതാണ്.’ ഈ രാത്രിയെ ജീവിപ്പിക്കുന്നവർക്ക് കണക്കില്ലാത്ത നന്മയും അനുഗ്രഹവുമാണ് വന്നുചേരുന്നത്. സൂര്യാസ്തമയം മുതൽ പ്രഭാതോദയം വരെ സുന്നത്തുകൾ അധികരിപ്പിച്ചും, ഖുർആൻ പാരായണം നടത്തിയും, പാപമോചനം തേടിയും, പ്രാർഥിച്ചും, അല്ലാഹുവിനെ സ്മരിച്ചുമാണ് ഈ അനുഗ്രഹീത രാവിനെ ജീവിപ്പിക്കേണ്ടത്.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Facebook Comments

ഡോ. സഗലൂല്‍ നജ്ജാര്‍

സഗ്‌ലൂല്‍ റാഗിബ് മുഹമ്മദ് നജ്ജാര്‍ 1933 നവംബര്‍ 17 ന് ഈജിപ്തിലെ ബസ്‌യൂണില്‍ ജനിച്ചു. 1955 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദപഠനം പൂര്‍ത്തീയാക്കി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളില്‍ അവഗാഹമുള്ള അദ്ദേഹം ഈജിപ്തിലെ പ്രമുഖ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1963 ല്‍ ബ്രിട്ടനിലെ വേല്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭൗമ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഖുര്‍ആനിലെ ശാസ്ത്രീയ സൂചനകളെ കുറിച്ച് പഠിക്കുന്ന സമിതിയുടെയും ഈജിപ്തിലെ ഇസ്‌ലാമിക വകുപ്പിന്റെ ഉന്നതാധികാര സമിതിയുടെയും അദ്ധ്യക്ഷനുമാണ് നജ്ജാര്‍. അദ്ദേഹം അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി 150 ല്‍ പരം ശാസ്ത്രീയ പഠനങ്ങളും നാല്‍പത്തിയഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അവയിലധികവും ഖുര്‍ആന്റെ അമാനുഷികതയുമായി ബന്ധപ്പെട്ടവയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker