Current Date

Search
Close this search box.
Search
Close this search box.

ധാർമികത ഇസ് ലാമിലും നാസ്തികതയിലും

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്.

മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാനുമൊക്കെ കഴിയും. ഇങ്ങനെ അധ:പതിക്കാന്‍ പ്രത്യേകിച്ചൊരു ആദര്‍ശത്തിന്റെയും ആവശ്യമില്ലെങ്കിലും മനുഷ്യ നവീകരണത്തിനും നവോത്ഥാനത്തിനും ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ശക്തമായ പ്രത്യയ ശാസ്ത്രങ്ങള്‍ ആവശ്യമാണ് താനും. ഇസ്‌ലാം പ്രസക്തമാകുന്നതും അങ്ങനെയാണ്.

ഇത് കേവലം ഇസ്‌ലാമിന്റേതായ ഒരു ലോകവീക്ഷണമല്ല, മറിച്ച് നാസ്തിക പക്ഷത്തു നിന്നൊരു മനുഷ്യ വായന നടത്തിയാലും മനസ്സിലാക്കാവുന്നത് ഇതു തന്നെയാണ്. അടിസ്ഥാനപരമായി മനുഷ്യന്‍ നല്ലവന്‍ മാത്രമാണെന്നും അതിനാല്‍ പരിവര്‍ത്തനത്തിനുതകുന്ന ഒരാദര്‍ശവും മനുഷ്യന് ആവശ്യമില്ലെന്നും അവനില്‍ നിന്നും നന്മ മാത്രമേ ഉണ്ടാകൂവെന്നുമൊക്കെയുള്ള നാസ്തിക ബുദ്ധിജീവികളുടെ വര്‍ത്തമാനങ്ങൾ ആധുനിക ശാസ്ത്രത്തിന്റെയും സാമൂഹ്യ പഠനങ്ങളുടെയും നിഴലില്‍ പരിശോധിച്ചാല്‍ വെറും ഫലിതം മാത്രമാണെന്ന് ബോധ്യമാകും.  തികച്ചും ഭൗതികവാദപരമായി മനുഷ്യ ഉല്‍പത്തിയെ വ്യാഖ്യാനിക്കാനുപയോഗിക്കാം എന്ന് നാസ്തികര്‍ക്ക് പൊതുസമ്മതമുള്ള ഡാര്‍വിന്റെ ജീവ പരിണാമ സിദ്ധാന്തമുപയോഗിച്ച് തന്നെ ഇത് വ്യക്തമാക്കാവുന്നതെ ഒള്ളൂ.

Also read: ആത്മാഭിമാനത്തിന്റെ പോരാട്ടത്തിന് 99 വയസ്സ്‌

വാസ്തവത്തില്‍ ധാര്‍മികതയെന്ന ആധുനിക ചിന്ത തന്നെ മനുഷ്യനെ സാമൂഹ്യ ജീവിയായിക്കണ്ടും സാമൂഹ്യമായ നിലനില്‍പ്പിന് അതില്‍ ഓരോരുത്തരും സ്വീകരിക്കേണ്ട മര്യാദകളുമാണ്. അഥവാ അടിസ്ഥാനപരമായി വ്യക്തിയെന്ന ബോധത്തെയും അവരുടെ സ്വാര്‍ഥ തലങ്ങളെയും അവഗണിച്ച് സമൂഹത്തിന്റെ മൊത്തം മെച്ചപ്പെട്ട നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും പ്രഥമ പരിഗണന കൊടുക്കലാണത്. എന്നാല്‍ മനുഷ്യനെ വ്യക്തിതലത്തിലെടുത്ത് പരിശോധിച്ചാല്‍ സമൂഹ യുക്തിക്കൊത്തല്ല മറിച്ച് സാമൂഹ്യ വിരുദ്ധമായാണ് അവന്റെ പല നൈസര്‍ഗികതകളും. മനുഷ്യന്റെ സ്വാര്‍ഥ യുക്തി തന്നെ ഇതിന് നിഷേധിക്കാന്‍ കഴിയാത്തൊരുദാഹരണമാണ്. ഡാര്‍വിന്റെ ജീവ വര്‍ഗോല്‍പത്തിയെ സംബന്ധിച്ച സങ്കല്‍പമെടുത്ത് പരിശോധിച്ചു നോക്കിയാല്‍ അര്‍ഹതപ്പെട്ടതിന്റെ അതിജീവനമാണ് ജൈവ ലോകത്തിന്റെ നിലനില്‍പ്പിനുതകുന്ന ചാലകത തന്നെ. സ്വന്തം അതിജീവനത്തിനുതകുന്ന രീതിയില്‍ വിഭവങ്ങള്‍ ഉപയോഗിക്കുകയും പരമാവധി പ്രത്യുദ്പാദനം നടത്തുകയും ചെയ്യുക വഴിയാണ് നാമടക്കമുള്ളവരുണ്ടായതെന്ന് ശാസ്ത്ര സിദ്ധാന്തങ്ങള്‍ തന്നെ പറയുമ്പോള്‍ ഇവിടെയെല്ലാം അടിസ്ഥാന ഗുണമായി വര്‍ത്തിച്ച സ്വാര്‍ഥതയെ നിഷേധിക്കുകയെങ്ങനെയാണ്?
സ്വാര്‍ഥത ജീവശാസ്ത്രപരമായൊരു മനുഷ്യഗുണമാണെന്ന് സമ്മതിച്ചു കഴിഞ്ഞാല്‍ തന്നെ സ്വന്തം ലാഭത്തിനായി മനുഷ്യന്‍ ചെയ്യുന്ന കൊള്ളയ്ക്കും കൊലയ്ക്കും ബലാല്‍സംഗങ്ങള്‍ക്കും വരെ അതില്‍ പരിണാമപരമായ വേരുകളുണ്ട്. ഇതൊന്നു തന്നെ സാമൂഹ്യവിരുദ്ധമായ മനുഷ്യ പ്രകൃതങ്ങളുടെ മൂല കാരണമാണെന്ന് പറയാം.

പരിണാമ സിദ്ധാന്തത്തെ തന്നെ ആശ്രയിച്ചാൽ വര്‍ഗീയതക്കും രക്തച്ചൊരിച്ചിലിനും സ്ത്രീ പീഢനങ്ങള്‍ക്കുമൊക്കെ അടിത്തറ കാണാന്‍ കഴിയും. ഒരന്യ സ്ത്രീയെ അനുവാദം കൂടാതെ കടന്നു പിടിക്കുന്നതിലോ വിവാഹേതരമായി ബന്ധപ്പെടുന്നതിലോ ഒന്നും ശാസ്ത്രീയമായി തെറ്റു കണ്ടുപിടിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല അതിജീവനത്തിനുള്ള പരിണാമപരമായ അര്‍ഹതയില്‍ പെടുക കൂടി ചെയ്യുമത്. കാരണം ഒരുപാട് ഇണകളുമായി പ്രത്യുല്‍പാദന ബന്ധത്തിലേര്‍പ്പെടുകയെന്നത് പുരുഷനെ സംബന്ധിച്ച് അത്രയും ജനിതക കോപ്പികളുണ്ടാക്കലാണ്. കൂടുതല്‍ പ്രത്യുദ്പാദനം നടത്തുന്നവര്‍ക്ക് കൂടുതല്‍ കുഞ്ഞുണ്ടാവുകയും ആ ജനിതക ഗുണം ചുമക്കുന്ന തലമുറ കൂടുതല്‍ അതിജീവിക്കുകയും വ്യാപിക്കുകയും ചെയ്യും. ഈ പ്രത്യുദ്പാദന ബന്ധം സ്ഥാപിതമാകുന്നത് ബലാല്‍സംഗത്തിലൂടെയാണെങ്കില്‍ പോലും അതാ ജീവികളുടെ അതിജീവനത്തിന് സഹായിക്കുക തന്നെയാണ് ചെയ്യുന്നത്. ജീവലോകത്ത് നാം കാണുന്ന ബലാല്‍സംഗവും പോളിഗമസ്‌ നേച്ചറുമൊക്കെ കാണുന്നത് ഇതുകൊണ്ടാണ്.

ഈ പറഞ്ഞ പോലെത്തന്നെ വര്‍ഗീയതയുടെയും പരസ്പര യുദ്ധങ്ങളുടെയും ഒക്കെ ജനിതകം പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യനില്‍ കാണാന്‍ കഴിയും. സ്വത്വപരമായി ഒരു ഗ്രൂപ്പ് ഐഡന്റിറ്റി നല്‍കുന്ന സുരക്ഷിത ബോധത്തില്‍ ചെറു സംഘങ്ങളായി ജീവിച്ച് വന്നവനാണ് മനുഷ്യന്‍ എന്നതുകൊണ്ടു തന്നെ മനുഷ്യനില്‍ സംഘബോധവും സംഘത്തിനകത്ത് കാണുന്ന പരസ്പര സ്‌നേഹവുമൊക്കെ സാധാരണമാണ്. സംഘത്തിനകത്തുള്ളവര്‍ക്കിടയില്‍ പരസ്പരം പ്രവര്‍ത്തിക്കുന്ന ഈ EMPATHY പക്ഷേ പുറത്തുള്ളവരോട് ഉണ്ടാകില്ലെന്ന് മാത്രമല്ല അവരെ അന്യര്‍ (OUT GROUP) എന്നാണ് വിലയിരുത്തപ്പെടുക. ഇങ്ങനെ സ്വന്തം കൂട്ടരെന്നും അന്യരെന്നും മനുഷ്യരെ വേര്‍തിരിച്ച് കാണാന്‍ തുടങ്ങിയേടത്തു നിന്നാണ് സകല വംശീയ വര്‍ഗീയ കലഹങ്ങള്‍ക്കും തുടക്കം. മറ്റൊരു സംഘത്തെയോ ഗോത്രത്തെയോ ആക്രമച്ച് കീഴ്‌പ്പെടുത്തുന്നതിലൂടെ കൂടുതല്‍ വിഭവങ്ങളും പ്രദേശങ്ങളും ഇണകളുമൊക്കെ ലഭിക്കുമെന്നത് അതിജീവന യോഗ്യതയാണെന്നത് കൊണ്ടുതന്നെ ഇത്തരം കലഹങ്ങളുമൊരു മനുഷ്യഗുണം തന്നെയാണ്.  വംശീയതക്കും വര്‍ഗീയതക്കും രക്തം ചിന്തലുകള്‍ക്കും ഒക്കെ മനുഷ്യ ചരിത്രത്തില്‍ വേരുകള്‍ കാണാന്‍ കഴിയും. അഥവാ മനുഷ്യന്‍ നൈസര്‍ഗികമായി അത്ര നല്ലവനൊന്നുമല്ല. കൊള്ളയും കൊലയും ബലാല്‍സംഗവും ഒക്കെ അവന്റെ ജനിതകത്തില്‍ തന്നെയുണ്ട്. ശാസ്ത്രം കൊണ്ടോ ഭൗതിക വാദം കൊണ്ടോ ഇവയൊന്നും തെറ്റാണെന്നും തെളിയിക്കാന്‍ കഴിയില്ല. എന്നാല്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായതു കൊണ്ട് തന്നെ സമൂഹത്തിന്റെ അവകാശങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്.  ഈ സ്വാര്‍ഥമായ വ്യക്തിതലത്തില്‍ നിന്നും സാമൂഹ്യബോധമുള്ള മനുഷ്യനെ പരിണമിപ്പിക്കുന്നതിനാണ് ഇസ്‌ലാമിന്റെ പ്രസക്തി.

Also read: തലച്ചോർ എന്ന നമുക്കുള്ളിലെ അനന്തപ്രപഞ്ചം

ചുരുക്കത്തില്‍ ധാര്‍മികതയെന്നത് സമൂഹത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ വ്യക്തികള്‍ക്കത് ഓപ്ഷന്‍ ആണെന്ന് മാത്രമല്ല സാമൂഹ്യ ധാര്‍മികതയെ നിരാകരിച്ച് കൊള്ളയും തട്ടിപ്പും വഞ്ചനയും ഒക്കെ കൈക്കൊള്ളുന്നത് വ്യക്തിപരമായി ലാഭവുമാണ്. വ്യക്തിയില്‍ നൈസര്‍ഗികമായി കാണുന്ന ഈ വൈരുധ്യത്തെ നശിപ്പിച്ചല്ലാതെ നല്ലൊരു സമൂഹത്തെ പടുത്തുയര്‍ത്താനും കഴിയില്ല.

സമൂഹത്തിനും വ്യക്തിക്കും ഇടയില്‍ കിടക്കുന്ന മന:ശാസ്ത്രപരമായൊരു സംഘട്ടനമാണിത്. ചരിത്രത്തിലെല്ലാം ഈ വൈരുദ്ധ്യാത്മകത നമുക്ക് കാണാനും കഴിയും. ഈയടിസ്ഥാനത്തില്‍ ഭൂതകാലത്തെപ്പോലും രണ്ടായി തരം തിരിക്കാം. ഒന്ന് വ്യക്തിയുടെയോ ഒരു കൂട്ടത്തിന്റെയോ മാത്രം സ്വാര്‍ഥ നിലപാടുകളും അധീശത്വ താല്‍പര്യങ്ങളുമാണ്. രണ്ട് വിഭാഗീയതകളില്ലാതെ മനുഷ്യകുലത്തിന്റെ മൊത്തം അവകാശങ്ങളെയും നവോത്ഥാനത്തെയും ലക്ഷ്യം വെച്ചുള്ളവയും.

ഇവയിലൊന്നാമത്തെ വിഭാഗത്തിന് ഉദാഹരണമായി ഹിറ്റ്‌ലറെയും മുസ്സോളിനിയെയും മുതല്‍ സംഘ്പരിവാരത്തെയും ഗോവിന്ദച്ചാമിയേയും വരെ വായിക്കാം. കാരണം ഒരു വ്യക്തിയുടെയോ കൂട്ടത്തിന്റെയോ സ്വാര്‍ഥമോ സ്വേഛാധിപത്യപരമോ ആയ താല്‍പര്യങ്ങളാണ് ഇവയുടെ അടിസ്ഥാനം. സമൂഹത്തിന്റെ മൊത്തം താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായവ ആയതുകൊണ്ടു തന്നെ മനുഷ്യകുലത്തോട് കലഹിച്ചു കൊണ്ടല്ലാതെ ഇവയ്ക്ക് നിലനില്‍പ്പില്ല. മനുഷ്യന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കിടക്കുന്നവയായതുകൊണ്ട് തന്നെ ഈ സംഘട്ടനങ്ങളിലൊന്നും ഈ ചെറു വിഭാഗത്തിന് വിജയമുണ്ടാകില്ലെന്ന് ഹിറ്റ്‌ലറെയും മുസ്സോളിനിയെയുമൊക്കെ അനുസ്മരിച്ച് കൊണ്ട് തന്നെ പറയാം.

Also read: മുഹര്‍റം പവിത്ര മാസം, പുണ്യം നേടാം

രണ്ടാമത്തെ വിഭാഗത്തിന് ഉദാഹരണമായി പ്രവാചകന്മാരെയും വേദഗ്രന്ഥത്തെയും മുതല്‍ ആധുനിക നിയമങ്ങളെയും ഭരണഘടനയെയും വരെ വ്യാഖ്യാനിക്കാം. കാരണം ഇവയെല്ലാം മനുഷ്യകുലത്തിന്റെ മൊത്തം അവകാശങ്ങള്‍ക്കും നവീകരണത്തിനുമായി നിലവില്‍ വന്നവയാണ്. മനുഷ്യന്റെ പൊതുവായ നന്മക്കായുള്ളവ ആയതുകൊണ്ടു തന്നെ അവരുടെ സാമൂഹ്യ പൊതുബോധം ഈ രണ്ടാമത്തെ വിഭാഗത്തിനൊപ്പമായിരിക്കുകയും ആ പ്രത്യയ ശാസ്ത്രങ്ങള്‍ അതിജയിക്കുകയും ചെയ്യും. ഈ രീതിയില്‍ വ്യക്തിക്കും സമൂഹത്തിനുമിടയില്‍ കിടക്കുന്ന വൈരുദ്ധ്യങ്ങള്‍ക്ക് ലളിതമായി പരിഹാരമാകുന്നു എന്നതാണ് ഇസ്‌ലാമില്‍ ഞാന്‍ കാണുന്ന പ്രഥമ പ്രസക്തി. ജാഹിലിയ്യത്തിന്റെ ഇരുളില്‍ മനുഷ്യ വിരുദ്ധമായ സാമൂഹ്യ ചുറ്റുപാടുകളുണ്ടായപ്പോഴാണ് ഇസ്‌ലാമിക നവോത്ഥാനമുണ്ടായതും ഇസ്‌ലാമിന് പൊതുസ്വീകാര്യതയുണ്ടായതും. ഇതിനെ ഒരുതരത്തില്‍ സാമൂഹ്യ നിര്‍ദ്ധാരണം എന്ന് പേരിട്ട് വിളിക്കാം. സമൂഹത്തിന്‌ അനുയോജ്യമായത് സാമൂഹ്യമായി തെരഞ്ഞെടുക്കപ്പെടുന്നു, അതിജീവിക്കുന്നു. അതല്ലാത്തവ നശിച്ചില്ലാതാവും. സകല മനുഷ്യ വിരുദ്ധ പ്രത്യയ ശാസ്ത്രങ്ങളുടെയും അവസ്ഥ അതുതന്നെയാകും.

Related Articles