Faith

ശിര്‍ക്ക് വരുമെന്ന താക്കീതും മുശിരിക്കാക്കലും

മുശിരിക്കാക്കണ്ടാ, ശിര്‍ക്കില്‍ പെട്ടു പോയേക്കുമെന്ന് ഉണര്‍ത്താന്‍ മടിക്കുകയും വേണ്ട. ഇതാണ് നബി (സ) പഠിപ്പിക്കുന്നത്. ഇതാ ഒരു ഹദീസ് കാണുക.

عَنْ أَبِي وَاقِدٍ اللَّيْثِيِّ: أَنَّهُمْ خَرَجُوا عَنْ مَكَّةَ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى حُنَيْنٍ، قَالَ: وَكَانَ لِلْكُفَّارِ سِدْرَةٌ يَعْكُفُونَ عِنْدَهَا، وَيُعَلِّقُونَ بِهَا أَسْلِحَتَهُمْ، يُقَالُ لَهَا: ذَاتُ أَنْوَاطٍ، قَالَ: فَمَرَرْنَا بِسِدْرَةٍ خَضْرَاءَ عَظِيمَةٍ، قَالَ: فَقُلْنَا: يَا رَسُولَ اللهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « قُلْتُمْ وَالَّذِي نَفْسِي بِيَدِهِ كَمَا قَالَتْ بَنُو إِسْرَائِيلَ لِمُوسَى: {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةً قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ}- االْأَعْرَافُ: 138، إِنَّهَا السُّنَنُ، لَتَرْكَبُنَّ سُنَنَ مَنْ كَانَ قَبْلَكُمْ سُنَّةً سُنَّةً».- رَوَاهُ أَحْمَدُ: 21897، وَقَالَ مُحَقِّقُو الْمُسْنَدِ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَرَوَاهُ التِّرْمِذِيُّ: 2335، وَصَحَّحَهُ الأَلْبَانِيُّ.

മക്കാ മുശിരിക്കുകള്‍ ആയുധം തൂക്കിയിടുകയും, ചുവട്ടില്‍ ചടഞ്ഞിരിക്കുകയും ചെയ്തിരുന്ന ദാതു അന്‍വാത്വ് എന്ന പേരുള്ള ഒരു വൃക്ഷമുണ്ടായിരുന്നു.

അത്തരമൊരെണ്ണം ഞങ്ങള്‍ക്കും നിശ്ചയിച്ചു തന്നാലും, എന്ന് ഹുനൈന്‍ യുദ്ധത്തിന് പോകുന്ന വഴിയില്‍ സ്വഹാബിമാരില്‍ ചിലര്‍, നബി (സ) യോട് ആവശ്യപ്പെട്ടു. എന്നാല്‍, ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തന്നാലും എന്ന് മൂസാ നബിയോട് ഇസ്‌റാഈല്യര്‍ ചോദിച്ച അതേ പോലെയുള്ള ആവശ്യമാണ് നിങ്ങളും ഈ ആവശ്യപ്പെടുന്നത് എന്നായിരുന്നു അന്നേരം നബി(സ) പ്രതികരണം.

യഥാര്‍ഥ ഇലാഹായ അല്ലാഹുവിന് പുറമേ മറ്റൊരു ഇലാഹിനെ ആവശ്യപ്പെടുകയായിരുന്നു ഇസ്‌റാഈല്യര്‍, എന്ന് വച്ചാല്‍ ശുദ്ധ ശിര്‍ക്കിന് അവസരം ചോദിക്കുകയായിരുന്നു എന്നര്‍ഥം.

ഇവിടെ നബി (സ) സ്വഹാബത്തിനോട് പറഞ്ഞതു പോലെ, സമുദായത്തില്‍ നടമാടുന്ന ശിര്‍ക്കന്‍ ആചാരങ്ങളെ ചൂണ്ടി ഇന്നാരെങ്കിലും: പാടില്ല കൂട്ടരേ, അത് ശിര്‍ക്കാണ് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. നിങ്ങള്‍ ഞങ്ങളെയെല്ലാം മുശിരിക്കാക്കിയില്ലേ, എന്നും പറഞ്ഞ് ബഹളം വെക്കലായിരിക്കും.

യോദ്ധാക്കളായ ആ സ്വഹാബിമാരുടെ പ്രശ്‌നം വാള്‍ തൂക്കിയിടാന്‍ പറ്റിയ, തൂക്കിയിട്ടാല്‍ അതു മൂലം യുദ്ധത്തില്‍ വിജയസാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു പുണ്യവൃക്ഷം നിശ്ചയിച്ചുകിട്ടലാണ്. ആ വിശ്വാസത്തോടെയായിരുന്നു ബഹുദൈവാരാധകരായ എതിര്‍പക്ഷം ദാതു അന്‍വാത്വിന്‍മേല്‍ വാളുകള്‍ തൂക്കിയിട്ടിരുന്നത്.

ബിംബങ്ങളെ ആരാധിക്കുകയും അവയോട് പ്രാര്‍ത്ഥിക്കുകയും അവയുടെ അരികില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്തിരുന്ന ആ സ്വഹാബിമാര്‍ അവയെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി ഇസ്‌ലാമിലേക്ക് വന്നവരാണല്ലോ. അവര്‍ വീണ്ടും ഇഅ്തികാഫ് ഇരിക്കാന്‍ പറ്റിയ ഒരു വൃക്ഷം ആവശ്യപ്പെട്ടു എന്ന് വിചാരിക്കാന്‍ ഒരു പഴുതും ഇതിലില്ല. അവരുടെ ആവശ്യം വാള്‍ തൂക്കിയിട്ടാല്‍ വിജയസാധ്യത ഉണ്ടാകുന്ന ഒരു മരം നിശ്ചയിച്ചു കിട്ടല്‍ മാത്രമാണ്. അതാകട്ടെ ഒരു ഇലാഹിനെ കൂടി ചോദിക്കല്‍ തന്നയാണെന്ന് തൗഹീദിന്റെ സൂക്ഷമ വശം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത സ്വഹാബിമാര്‍ക്ക് നബി(സ്വ) പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആരാധിക്കാന്‍ അല്ലാഹു മാത്രം പോരെന്നോ, ഒരു ഇലാഹു കൂടി വേണമെന്നോ, ഒരു മരത്തെ ഞങ്ങള്‍ ഇലാഹാക്കട്ടെ എന്നോ അവര്‍ ചോദിച്ചിട്ടില്ല.

മുസ്ലിമായ ഒരാളെയും ചൂണ്ടി നീ മുശിരിക്കാണ്, കാഫിറാണ് എന്നൊന്നും അവധാനതയില്ലാതെ പറയാന്‍ പാടില്ല എന്നാണ് ഇമാമുകള്‍ പഠിപ്പിക്കുന്നത്. എന്ന് വച്ച് സമുദായത്തില്‍ നടക്കുന്ന ശിര്‍ക്കന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാണുമ്പോള്‍ അക്കാര്യം, ശിര്‍ക്കാണെങ്കില്‍ അങ്ങനെ തന്നെ പറഞ്ഞ്, ഗുണകാംക്ഷയോടെ അവരെ ഉണര്‍ത്തല്‍ അറിവുള്ളവരുടെ നിര്‍ബന്ധ ബാധ്യതയാണ്.

അതോടൊപ്പം തന്നെ, അവരെ മുസ്ലിമായി തന്നെ പരിഗണിച്ച് അവരെ സംസ്‌കരിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാതെ അവരെ മുശിരിക്കും കാഫിറുമാക്കി ഇസ്ലാമിന് പുറത്ത് നിര്‍ത്തുകയല്ല വേണ്ടത്. ഈ ഹദീസ് നല്‍കുന്ന പാഠവും മറ്റൊന്നല്ല.

തൗഹീദിന്റെ യഥാര്‍ഥ ചൈതന്യം ഇനിയും പൂര്‍ണമായി മനസ്സിലാക്കുകയോ ഉള്‍കൊള്ളുകയോ ചെയ്തിട്ടില്ലായിരുന്ന അവരെയും കൂട്ടി തന്നെയായിരുന്നു നബി (സ) ഹുനൈനിലേക്ക് തിരിച്ചത്.

Facebook Comments
Related Articles
Show More

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
Close
Close