Current Date

Search
Close this search box.
Search
Close this search box.

ട്രാൻസ്ജെൻഡർ, ഇന്റർ സെക്സ്, ഇസ്ലാമിക വീക്ഷണത്തിൽ

ആണോ പെണ്ണോ എന്ന് കൃത്യമായി വിശേഷിപ്പിക്കാൻ പറ്റാത്ത വിധം ജനിതകവും ശാരീരികവുമായ പ്രശ്നങ്ങളുള്ള ഒരു വ്യക്തി വിദഗ്ദരായ ഡോക്ടർമാരുടെ നിർദേശ പ്രകാരം ശസ്ത്രക്രിയയിലൂടെയോ ഫലപ്രദമായ മറ്റു ചികിത്സാ മാർഗങ്ങളിലൂടെയോ ആണോ പെണ്ണോ ആയി നിജപ്പെടുത്തുന്നത് തികച്ചും ന്യായമാണ്. തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടാൻ ന്യായമായ ഏതു പരിഹാര മാർഗങ്ങളും തേടാൻ അവർക്കവകാശമുണ്ട്.

സ്വാർഥതാൽപര്യത്തിനു വേണ്ടി വേഷം കെട്ടുന്നവരെ പറ്റിയല്ല ഈ പറയുന്നത്. ഇസ്‌ലാം ശക്തമായി വിലക്കിയ അത്തരം അധർമങ്ങൾക്ക് കൂട്ടു നിൽക്കാൻ ഒരു മുസ്‌ലിമിന് പാടില്ല.

ഇസ്ലാം എന്തു പറയുന്നു ?
ആധുനിക പ്രശ്നങ്ങളുടെ ഇസ്ലാമിക വിധി കണ്ടെത്താനായി രൂപീകരിക്കപ്പെട്ട പല വേദികളും ഇന്ന് നിലവിലുണ്ട്. അതിൽ ഏറ്റവും ആധികാരികമായവയിൽ പെട്ടതാണ് ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ( മജ്മഉൽ ഫിഖ്ഹിൽ ഇസ്ലാമി ). ഇന്ന് മുസ്ലിം ലോകത്ത് അറിയപ്പെട്ട, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാരും ഫുഖഹാക്കളും ഉൾക്കൊള്ളുന്ന വേദിയാണിത്.

ആധുനിക പ്രശ്നങ്ങളെക്കുറിച്ച് ഓരോ വിഷയത്തിലും പ്രത്യേക പരിജ്ഞാനവും, പരിചയവും നൈപുണ്യവുമുള്ളവരെയും, വൈദ്യശാസ്ത്ര രംഗത്തെ വിദ്ഗ്ധരെയുമെല്ലാം പ്രത്യേകം ക്ഷണിച്ചു വരുത്തി അവരുടെ പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം സഗൗരവം കേട്ട് ചർച്ച ചെയ്ത് അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷം, ഒരു സംഘം പണ്ഡിതന്മാർ അതിന്റെ ഇസ്ലാമിക വിധി പ്രസ്താവിക്കുകയാണ് പതിവ്. വർഷങ്ങൾ തന്നെ നീളുന്ന ഘട്ടങ്ങൾക്കു ശേഷമാണ് ഒരു വിഷയത്തിലെ വിധി ഉണ്ടാവുക എന്നർഥം.

ലിംഗ മാറ്റത്തിന്റെ പ്രശ്നം
ആധുനിക പണ്ഡിതന്മാർ വ്യക്തമായ വിധി പറഞ്ഞ ഒരു വിഷയമാണ് ലിംഗ മാറ്റം. നടേ പറഞ്ഞ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനത്തിന്റെ സാരാംശം ഇങ്ങനെ വായിക്കാം:

ലിംഗാവയവങ്ങൾ പൂർണാർഥത്തിൽ ഉള്ള പുരുഷനോ സ്ത്രീക്കോ മറ്റൊരു ലിംഗത്തിലേക്ക് മാറൽ അനുവദനീയമല്ല. അങ്ങനെയുള്ള ഏതൊരു ശ്രമവും ശിക്ഷാർഹമായ കുറ്റമാകുന്നു. കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തലാണ്. അല്ലാഹു അത് ഹറാമാക്കിയിട്ടുണ്ട്.

എന്നാൽ ഒരു വ്യക്തിയിൽ സ്ത്രീയുടെയും പുരുഷന്റെയും ലിംഗാവയവങ്ങൾ സമ്മിശ്രമായി സമ്മേളിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ഏതിനോടാണ് ചായ്‌വ് എന്നു പരിശോധിക്കണം. അങ്ങനെ കൂടുതൽ ചായ്‌വ് പുരുഷനോടാണെങ്കിൽ പൗരുഷത്തിന് യോജിക്കാത്ത ഗുണങ്ങൾ നീക്കം ചെയ്തും, ഇനി അങ്ങനെയല്ല കൂടുതൽ ചായ്‌വ് സ്ത്രീയോടാണെങ്കിൽ സ്ത്രൈണതക്ക് യോജിക്കാത്ത ഗുണങ്ങൾ നീക്കം ചെയ്തും രണ്ടിലേതെങ്കിലും ഒരു ലിംഗത്തിലേക്ക് പൂർണമായും പരിവർത്തിപ്പിക്കാൻ ആവശ്യമായ ചികിത്സാ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അത് സർജറിയായാലും ശരി, ഹോർമോൺ ചികിത്സ പോലുള്ളതായാലും ശരി. വിദഗ്ധ ചികിത്സ അനിവാര്യമായ രോഗമാണ് ഇത് എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള ന്യായം. രോഗം ചികിത്സിച്ച് ഭേതപ്പെടുത്തുകയാണ് വേണ്ടത്. അത് ഒരിക്കലും അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തലേ അല്ല. (ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ ക്രോഡീകരിച്ച പുസ്തകം പേജ്: 97).

എന്നാൽ ഇത്തരം യാതൊരു ന്യായവുമില്ലാതെ ഒരു സുപ്രഭാതത്തിൽ ഒരു പെമ്പർന്നോൾക്ക് ഞാൻ ഇനി മുതൽ പുരുഷനാവുകയാണ് എന്ന് പറഞ്ഞ് പുരുഷനാവാനോ, ഒരു ആൺപിറന്നവന് ഞാൻ നാളെ മുതൽ സ്ത്രീയാവുകയാണ് എന്നും പറഞ്ഞ് സ്ത്രീയാകുവാനോ ഇസ്ലാമിൽ ഒരു തരിമ്പും ഇടമില്ല. അത്തരം ചെയ്തികൾ അല്ലാഹുവിന്റെ ശാപകോപത്തിനിരയാക്കുന്ന മഹാ പാപമാണ് എന്നാണ് ഇസ്ലാമിൻറെ കാഴ്ചപ്പാട്. ഹറാമാണ് എന്നതാണ് ഖണ്ഡിതമായ വിധി.

അത്തരക്കാരെ വീട്ടിൽ നിന്നു മാത്രമല്ല, നാട്ടിൽ നിന്നു തന്നെ ആട്ടിപ്പായിക്കണമെന്നാണ് നബി (സ) യുടെ കൽപ്പന.- (ബുഖാരി: 5886).
عَنْ ابْنِ عَبَّاسٍ قَالَ: « لَعَنَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمُخَنَّثِينَ مِنْ الرِّجَالِ وَالْمُتَرَجِّلَاتِ مِنْ النِّسَاءِ، وَقَالَ: « أَخْرِجُوهُمْ مِنْ بُيُوتِكُمْ ». قَالَ: فَأَخْرَجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فُلَانًا وَأَخْرَجَ عُمَرُ فلُانَةَ ».- رَوَاهُ الْبُخَارِيُّ: 5886، بَابُ إِخْرَاجِ الْمُتَشَبِّهِينَ بِالنِّسَاءِ مِنْ الْبُيُوتِ.

കയ്യിലും കാലിലുമെല്ലാം മൈലാഞ്ചിയിട്ട് മെയ്ക്കപ്പിട്ട ഒരുത്തനെ നബി(സ) യുടെ അരികിൽ കൊണ്ടു വരപ്പെട്ടു. എന്താ ഇവന്റെ കോലം ? നബി ചോദിച്ചു. പെൺ വേഷം കെട്ടുകയാണവൻ. അവർ മറുപടി പറഞ്ഞു. ഉടനെ അവനെ നാടുകടത്താൻ തിരുമേനി ഉത്തരവിടുകയും അങ്ങനെ അവനെ നാടുകടത്തുകയും ചെയ്തു.- (അബൂദാവൂദ്: 4930).
عَنْ أَبِى هُرَيْرَةَ، أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُتِىَ بِمُخَنَّثٍ قَدْ خَضَبَ يَدَيْهِ وَرِجْلَيْهِ بِالْحِنَّاءِ. فَقَالَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « مَا بَالُ هَذَا؟ ». فَقِيلَ: يَا رَسُولَ اللَّهِ يَتَشَبَّهُ بِالنِّسَاءِ. فَأُمِرَ بِهِ فَنُفِىَ إِلَى النَّقِيعِ. فَقَالُوا: يَا رَسُولَ اللَّهِ أَلاَ نَقْتُلُهُ؟ فَقَالَ: « إِنِّى نُهِيتُ عَنْ قَتْلِ الْمُصَلِّينَ ».-رَوَاهُ أَبُو دَاوُد: 4930، وَصَحَّحَهُ الأَلْبَانِيُّ.

ഫിഖ്ഹ് അക്കാദമിയുടെ തീരുമാനത്തിന്റെ അറബി മൂലം:
الذَّكَرُ الَّذِي كَمُلَت أَعْضَاء ذُكُورَتِه، وَالْأُنْثَى الَّتِي كَمُلَتْ أَعْضَاءُ أُنُوثَتُهَا، لَا يَحِلُّ تَحْوِيلُ أَحَدِهِمَا إلَى النَّوْعِ الْآخَرِ. وَمُحَاوَلَةُ التَّحْوِيلِ جَرِيمَةٌ يَسْتَحِقُّ فَاعِلُهَا الْعُقُوبَةَ؛ لِأَنَّهُ تَغْيِيرٌ لِخَلْقِ اللَّهِ، وَقَدْ حَرَّمَ اللَّهُ سُبْحَانَهُ هَذَا التَّغْيِيرَ بِقَوْلِهِ تَعَالَى مُخْبِرًا عَنْ قَوْلِ الشَّيْطَان: {وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ}…. مَنْ اجْتَمَعَ فِي أَعْضَائِهِ عَلَامَاتُ النِّسَاءِ وَالرِّجَالِ، فَيُنْظَرُ فِيهِ إلَى الْغَالِبِ مِنْ حَالِهِ؛ فَإِنْ غَلَبَتْ عَلَيْهِ الذُّكُورَةُ، جَازَ عِلَاجُهُ طِبِّيًّا بِمَا يُزِيلُ الِاشْتِبَاهَ فِي ذُكُورَتِه، وَمَنْ غَلَبَتْ عَلَيْهِ عَلَامَاتُ الْأُنُوثَةِ، جَازَ عِلَاجُهُ طِبِّيًّا بِمَا يُزِيلُ الِاشْتِبَاهَ فِي أُنُوثَتِهِ، سَوَاءٌ أَكَانَ الْعِلَاجُ بِالْجِرَاحَةِ، أَوْ بِالْهُرْمُونَاتِ؛ لِأَنَّ هَذَا مَرَضٌ، وَالْعِلَاجُ يُقْصَدُ بِهِ الشِّفَاءُ مِنْهُ، وَلَيْس تَغْيِيرًا لِخَلْقِ اللَّهِ عَزَّ وَجَلَّ.- قَرَارُ مَجْمَع الْفِقْه الإسلامي: ص: 97.

പ്രകൃതിപരമായ വൈകല്ല്യങ്ങൾ ഉള്ളവർ മാനുഷിക പിന്തുണ അർഹിക്കുന്നവരാണ്. ആ വൈകല്ല്യം മാറ്റിക്കിട്ടാൻ അവരെ സഹായിക്കൽ ഫർള് കിഫായയുമാണ്. എന്നാൽ അധർമ്മികളുടെ അശ്ലീലത്തിന് കൂട്ടു നിൽക്കാനോ അവരുടെ ആഭാസത്തരങ്ങളെ മനുഷ്യാവകാശമായിക്കണ്ട് അതിനു വേണ്ടി പ്രതിരോധം തീർക്കാനോ ദീനുൽഇസ്ലാമിൽ വകുപ്പില്ല. അതോടൊപ്പം തന്നെ ഏത് കുറ്റവാളിയായാലും അന്യായത്തിനിരയായാൽ അക്കാര്യത്തിൽ മൗനം ദീക്ഷിക്കുന്നതും ശരിയല്ല എന്നതും നാം മനസ്സിലാക്കണം.

കുറ്റവാളികൾക്കും ന്യായമായ ചില അവകാശങ്ങൾ ഇസ്ലാം വകവച്ചു കൊടുത്തിട്ടുണ്ട്. പ്രകൃതി പരമായ വൈകല്ല്യത്തോടെ ജനിക്കുകയും, ആ സമയത്തോ ചെറു പ്രായത്തിലോ കിട്ടേണ്ട പരിചരണമോ ശ്രദ്ധയോ കിട്ടാതെ പ്രശ്നം മൂത്തു പോയ കേസുകളും നമ്മുടെ നാട്ടിൽ ഉണ്ട്. ഇത്തരക്കാരുടെ കാര്യത്തിൽ അശ്രദ്ധ കാണിച്ചാൽ അതിന്റെ പ്രത്യാഘാതം സമൂഹം മൊത്തം അനുഭവിക്കേണ്ടിവരും. അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരുമെന്നത് വേറെ കിടക്കുന്നു.

Related Articles