Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ ധാര്‍മികതയുടെ പരിണാമമെങ്ങോട്ട്?

നേരത്തെ പറഞ്ഞ സംഘട്ടനങ്ങളും മാനവികതയുമൊക്കെ പ്രവര്‍ത്തിക്കുക മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവര്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി അങ്ങനൊരു സാമൂഹ്യബോധവും മാനവിക ദര്‍ശനങ്ങളും അവര്‍ക്കിടയില്‍ നിന്നില്ലാതാവുകയും ചൂഷണ വ്യവസ്ഥകള്‍ അധീശത്വം നേടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ക്രമേണ മനുഷ്യരില്‍ അടിമത്ത ബോധമാണുണ്ടായി വരിക. സവര്‍ണ  മേല്‍ക്കോയ്മക്കാലത്തെ ഇന്ത്യയെ തന്നെ ഇതിനുദാഹരണമായി കാണാം. തങ്ങള്‍ ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരെക്കാള്‍ ഉന്നതരാണെന്ന് ഒരു വിഭാഗത്തിന് തോന്നുകയും അവരുണ്ടാക്കിയ ചൂഷണ വ്യവസ്ഥക്ക് മറ്റു മനുഷ്യര്‍ കീഴ്‌പ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ കീഴാളരുടെ പൊതുബോധം പോലും അടിമത്ത സമാനമായിരിക്കും. അടിമത്തമാണതെന്ന് സ്വയം തിരിച്ചറിയാന്‍ പോലും കഴിയാതെ, മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്ധരായ സമൂഹങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട് ചരിത്രത്തില്‍. നവോത്ഥാനങ്ങള്‍ ഉണ്ടാവുന്നത് അവിടെ വെച്ചാണ്.

ഇത്രയും പറഞ്ഞതില്‍ നിന്ന് മൂന്ന് പോയിന്റുകളിലെത്താം.
1. വ്യക്തിപരമായി സ്വാര്‍ഥനായ മനുഷ്യന്‍ തന്റെ സുഖത്തിനും ലാഭത്തിനുമായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നു.
2. മനുഷ്യനെ സംബന്ധിച്ച് ധാര്‍മിക ബോധം കൈവരുന്നത് ചുറ്റുപാടിൽ (environment) നിന്നാണ് എന്നതുകൊണ്ടു തന്നെ ചൂഷണാത്മകമായ ഒരു വ്യവസ്ഥിതിയില്‍ ജനിച്ച് വളരുന്നവര്‍ ആ പൊതുബോധത്തിന്റെ അടിമകളായിരിക്കും. അഥവാ കീഴാളന്‍ കീഴാളനായും മേലാളന്‍ മേലാളനായും തന്നെ തുടരും.
3. ഏതെങ്കിലുമൊരു മാനവിക ദര്‍ശനത്തിന്റെ ഫലമായി അത്തരമൊരവസ്ഥയില്‍ നിന്നും നവോത്ഥാനമുണ്ടാകും. ആ വെളിച്ചം അടിമത്വബോധം പൗരന്മാരില്‍ നിന്നും നീങ്ങാനും മാനവിക മൂല്യബോധം അവര്‍ക്ക് കൈവരാനും കാരണമാകും.

Also read: തലച്ചോർ എന്ന നമുക്കുള്ളിലെ അനന്തപ്രപഞ്ചം

ഇതുവരെയുള്ള മനുഷ്യ സമൂഹങ്ങളുടെ കഥയിങ്ങനെയാണ്. ആധുനിക സമൂഹം നിര്‍മിക്കപ്പെട്ടിരിക്കുന്നതും ഈ ചരിത്രപടികളെ താണ്ടിയാണ്. പക്ഷേ ഈ ആധുനികത ഇങ്ങനെത്തന്നെ നിലനില്‍ക്കുമോയെന്ന ചോദ്യത്തിന് വലിയ ഉറപ്പോടെ ഒരുത്തരവും നല്‍കാന്‍ കഴിയില്ല. നാം കാണുന്നതും അനുഭവിക്കുന്നതുമായ ലോകത്തിന് ഒരു സുസ്ഥിരതയുണ്ടെന്ന് വിശ്വസിക്കുന്നത് കേവല യുക്തി മാത്രമാണ്. സകലതും മാറ്റത്തിനു വിധേയമായതു കൊണ്ടുതന്നെ ഇതും മാറാം എന്ന് മാത്രമല്ല ഒരു തിരിച്ചു പോക്കിന് പോലും വലിയ സാധ്യതയാണ്. മാറ്റങ്ങളെ സംബന്ധിച്ച് തെര്‍മോ ഡൈനാമിക്‌സില്‍ ഒരു നിയമമുണ്ട്. ഏതൊരു വ്യവസ്ഥയും ക്രമാവസ്ഥയിൽ നിന്നും ക്രമരഹിതമായ ഒരവസ്ഥയിലേക്കാണ് പരിണമിക്കുകയെന്ന സിദ്ധാന്തം. സമൂഹത്തിന്റെ കാര്യത്തിലും ഇത് അതേപടി സാധുവാണെന്നാണ് നമുക്ക് നിരീക്ഷണങ്ങളില്‍ നിന്നും ബോധ്യമാകുക. ഒരാദര്‍ശം നിലവില്‍ വന്ന കാലത്തില്‍ നിന്നകലും തോറും അത് സമൂഹ മനസ്സുകളില്‍ നിന്നില്ലാതാവുകയും അതിന്റെ പ്രായോഗികത നിലയ്ക്കുകയും ചെയ്യുമെന്നു മാത്രമല്ല വ്യക്തികള്‍ കേവല ഭൗതിക താല്‍പര്യങ്ങളോട് ക്രമേണ അടുക്കുകയും ഒടുവില്‍ ചാക്രികമായെന്നോണം വ്യക്തികളുടേതായ സ്വേഛാധിപത്യ വ്യവസ്ഥിതിയിലേക്കോ ധാര്‍മികരഹിതമായൊരു സമൂഹത്തിലേക്കോ മാറുകയും ചെയ്യും. ഈ സാമൂഹ്യ പരിണാമം എങ്ങനെ സംഭവിക്കും എന്ന് വിശദീകരിക്കും മുമ്പ് ഈ വിഷയത്തെ സംബന്ധിച്ച് ഖുര്‍ആനും ഹദീസും പറയുന്നതെന്താണെന്ന് നോക്കാം.

പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജാഹിലിയ്യത്തില്‍ നിന്നും നവോത്ഥാനമുള്‍ക്കൊണ്ട സമൂഹത്തെ ആദരിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്. ”മനുഷ്യ വംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.”

Also read: ധാർമികത ഇസ് ലാമിലും നാസ്തികതയിലും

ഒരാദര്‍ശത്തെ നേര്‍ക്കുനേരെ അനുഭവിക്കുമ്പോഴുണ്ടായി വരുന്ന ധാര്‍മിക ക്രമമാണ് ഇത്തരമൊരു സമുദായത്തിന്റെ സൃഷ്ടിപ്പിന് നിദാനമായത്. എന്റെ സമൂഹമാണ് ഉത്തമ സമുദായം പിന്നെ അതിനെ പിന്തുടര്‍ന്ന് വരുന്നവര്‍, ശേഷം അതിനടുത്തു വരുന്നവരുമെന്ന് പ്രവാചകന്‍ (സ) പറയുന്ന സ്വഹീഹ് ബുഖാരിയിലെ ഹദീസില്‍ നിന്നും ക്രമമായ ഒരു ധാര്‍മിക വ്യവസ്ഥ സാവധാനം ക്രമരഹിതമായി മാറുന്നതിന്റെ സൂചനയുണ്ട്. മനുഷ്യന്‍ ഇങ്ങനെയൊരു പ്രത്യയശാസ്ത്രത്തില്‍ നിന്നും കാലക്രമേണ ഭൗതിക മോഹങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നതിന്റെ പ്രതിഫലനമാണിങ്ങനെ.

സ്വാഭാവികമായുമിത് ഇങ്ങനെയാണെങ്കില്‍ ഈ ധാര്‍മിക ക്രമരാഹിത്യം വര്‍ധിച്ച് അവസാന നാളുകളിലേക്കടുക്കുമ്പോള്‍ അതിന്റെ മൂര്‍ത്തീഭാവം എത്തണമല്ലോ. അന്ത്യനാളുകളെ സംബന്ധിച്ച് പ്രവാചകന്‍ (സ) പറയുന്ന വര്‍ത്തമാനങ്ങളെ പരിശോധിക്കുമ്പോഴും തെളിഞ്ഞു കാണുക അതാണ്. നഗ്നത പരസ്യമാവുകയും പൊതുനിരത്തുകളില്‍ പോലും വ്യഭിചാരം സര്‍വ സാധാരണമാവുകയും വഞ്ചനയും കൊലപാതകങ്ങളുമൊക്കെ അധികരിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ അവസ്ഥയെ പ്രവാചകന്‍ അന്ത്യ നാളുകളുടെ അടയാളമായി പഠിപ്പിക്കുന്നത് വിവിധ ഹദീസുകളിലായി കാണാം. അഥവാ ഒരു ഉത്തമ സമുദായത്തില്‍ നില്‍ക്കുമ്പോഴും സാമൂഹ്യ ധാര്‍മികതയുടെ പരിണാമം മൂല്യരഹിതമായ ഒരു വ്യവസ്ഥിതിയിലേക്കായിരിക്കുമെന്നും അന്ത്യനാളുകളിലേക്ക് അടുക്കുമ്പോള്‍ ഇതതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കുമെന്നുമൊക്കെയുളള പ്രവചനങ്ങളാണ് നബി വചനങ്ങളില്‍ കാണുന്നതെന്നു ചുരുക്കം. ഇത്തരമൊരവസ്ഥയില്‍ നിന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്ന മറ്റൊരു നവോത്ഥാനമുണ്ടാകുന്നത്. പ്രവാചക വചനങ്ങളില്‍ കാണുന്ന ഇമാം മഹ്ദിയുടെ റോള്‍ ഇസ്‌ലാമികമായി അതാണ്.

Related Articles