ഈമാന്‍ കാര്യവും ഇസ്ലാം കാര്യങ്ങളും ഒന്നിച്ചു ചേരുമ്പോള്‍ മാത്രമാണ് ഇസ്ലാം പൂര്‍ണമാകുന്നത്. വിശ്വാസത്തില്‍ ഊന്നിയ കര്‍മങ്ങള്‍ എന്ന് മറ്റൊരു രീതിയില്‍ അതിനെ വിശേഷിപ്പിക്കാം. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പ്പില്ല. ഇസ്ലാമിലെ വിശ്വാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു കേവല വിശ്വാസം എന്നല്ല. മനസ്സില്‍ ഉറപ്പിച്ചു നാവു കൊണ്ട് വെളിവാക്കി അവയങ്ങള്‍ കൊണ്ട് കര്‍മം ചെയ്യുക എന്നതാണ് വിശ്വാസത്തിന്റെ നിര്‍വചനം.
ഇസ്ലാം കാര്യങ്ങള്‍ കൊണ്ട് വിവക്ഷ അനുഷ്ഠാന കാര്യങ്ങള്‍ എന്ന് നാം പറഞ്ഞു വരുന്നു. ഇസ്ലാം കാര്യങ്ങളില്‍ അഞ്ചെണ്ണത്തില്‍ നാലെണ്ണത്തിന് മാത്രമാണ് കര്‍മ്മ രൂപമുള്ളത്. അതില്‍ ഒന്നാമത്തെ കാര്യമായ ശഹാദത് കലിമക്ക് ഒരു പ്രായോഗിക രൂപം നമ്മുടെ മുന്നിലില്ല. പകരം അത് ചില വാക്കുകള്‍ മാത്രമാണ്. ഒരാള്‍ ഒരിക്കല്‍ അത് പറഞ്ഞാല്‍ അയാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കും. ഇസ്ലാം കാര്യങ്ങളില്‍ ഒന്ന് നമസ്‌കാരമാണ്. അത് നിത്യ ജീവിതത്തില്‍ അഞ്ചു തവണ നിര്‍ബന്ധമായും നിര്‍വഹിക്കണം. സകാത് എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. സകാത്തിന് സമയവും മറ്റു നിബന്ധനകളും ബാധകമാണ്. നോമ്പും അങ്ങിനെ തന്നെ. ശാരീരിക അവശതകളുള്ള ആളുകള്‍ക്ക് നോമ്പിന് വിടുതിയുണ്ട്. ഹജ്ജും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അതിനു സാധ്യമാകുന്നവര്‍ക്കു ബാധകമാവുക. അപ്പോള്‍ ഒന്നാമത്തെ കാര്യം ഒരിക്കല്‍ മാത്രമാണോ നിര്‍ബന്ധമാക്കുന്നത്. അത് കേവലം വചനമാണെങ്കില്‍ അതിനെ ഈമാന്‍ കാര്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയായിരുന്നു.
ശഹാദത് കലിമ എന്നത് കര്‍മങ്ങളുടെ അടിത്തറയാണ്. ഒരേ കര്‍മം തന്നെ വിശ്വാസിയും അവിശ്വാസിയും ചെയ്താല്‍ അതിന്റെ ഉദ്ദേശം വ്യത്യസ്തമായിരിക്കും. ഒരാളുടെ കര്‍മത്തിന്റെ അടിസ്ഥാനം ശഹാദത് കലിമയാകും. തന്റെ കര്‍മങ്ങള്‍ ദൈവ പ്രീതിക്ക് അനുകൂലമാകണം എന്നാണ് വിശ്വാസി ആഗ്രഹിക്കുക. അയാളുടെ ഓരോ നീക്കത്തിലും ആദ്യം ഉറവിട കലിമയുടെ പ്രസരിപ്പ് കാണാന്‍ കഴിയും. മറ്റെല്ലാം കര്‍മങ്ങളും പ്രത്യേക സമയത്തിലും സന്ദര്‍ഭത്തിലും ചെയ്യേണ്ടതാണ് എന്നിരിക്കെ ഇസ്ലാം കാര്യത്തല്‍ ഒന്നാമത്തെ കാര്യം ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് സാരം. തന്റെ പ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖ പ്രവാചകനാണ് എന്ന് കൂടി ഇതില്‍ നിന്നും അവര്‍ തിരിച്ചറിയുന്നു. ‘അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് എന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നാണ് കലിമയുടെ വാക്കര്‍ത്ഥം. ഇത് ഏറ്റു പറയുന്ന ഓരോരുത്തരും ഈ രണ്ടു കാര്യങ്ങള്‍ക്കും സ്വയം സാക്ഷിയായവരാണ്. അല്ലാഹു ഏക ഇലാഹാണെന്നും മുഹമ്മദ് നബി ദൈവിക ദൂതനാണെന്നും അംഗീകരിച്ച എന്റെ ജീവിതത്തില്‍ അവരുടെ സ്ഥാനം കൂടി നാം അംഗീകരിക്കണം.
വിശ്വാസി ജീവിതം അല്ലാഹുവിനു വിറ്റവനാണ്. അതെ പോലെ തന്നെ അവന്റെ ജീവിതത്തിലെ ഒന്നാമത്തെ പരിഗണനയില്‍ വരുന്നത് പ്രവാചകനും. ഈ രണ്ടു സംഗതിയും വായ കൊണ്ടു പറയുന്നത് പോലെ മനസ്സ് കൊണ്ട് അംഗീകരിച്ചാല്‍ അതിന്റെ മാറ്റം ജീവിതത്തില്‍ ദര്‍ശിക്കണം. പക്ഷെ അതില്ല എന്നതാണ് പലതിന്റെയും ദുര്യോഗം. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് വിശ്വാസത്തിന്റെ കാതല്‍. അറിഞ്ഞോ അറിയാതെയോ ദിവസത്തില്‍ പല തവണയും വിശ്വാസി നമസ്‌കാരങ്ങളില്‍ ഈ ശഹാദത് കലിമ ഉരുവിട്ടു കൊണ്ടിരിക്കുന്നു. ഇസ്ലാം കാര്യങ്ങളില്‍ വരുന്ന ഒന്നിനെ കേവല വിശ്വാസമായി കരുതിയാല്‍ അത് പൂര്‍ത്തിയാകില്ല. അത് കൊണ്ട് തന്നെ ശഹാദത്ത് കലിമയെ നമ്മുടെ കര്‍മങ്ങളുടെ കൂടെ ബന്ധിപ്പിക്കാന്‍ നമുക്ക് കഴിയണം. അവിടെ മാത്രമാണ് ദൈവ പ്രീതി ലഭ്യമാകുക.