Current Date

Search
Close this search box.
Search
Close this search box.

സമയം : മൂലധന നിക്ഷേപമില്ലാത്ത ലാഭവും നഷ്ടവും

സമയം, ആരോഗ്യം എന്നിവ മനുഷ്യ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. ഒരിക്കൽ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാനാകാത്ത ഒന്നാണ് സമയം. സമയം നമ്മളിൽ നിന്ന് കടന്നു പോകുന്തോറും അത് നമ്മുടെ ജീവിതത്തിലെ ആയുസിൽ കൂടിയാണ് കുറവ് വരുത്തുന്നത്. ആരോഗ്യവാനായ ഒരു മനുഷ്യൻ വാർദ്ധക്യ പ്രയത്തിലേക്ക് എത്തുമ്പോൾ സഹചമായ അനാരോഗ്യവസ്ഥകൾ നേരിടും. ഇങ്ങനെയാണ് സമയവും ആരോഗ്യവും പരസ്പര ബന്ധിതമാണ് എന്ന് പറയുന്നത്.

എന്നാൽ സമയ ക്രമീകരണമില്ലാത്ത ജീവിത ശൈലികളും മനുഷ്യനെ അനാരോഗ്യത്തിലേക്ക് കൊണ്ടെത്തിക്കും. രാത്രികളെ പകലുകളാക്കി, പകലുകളെ രാത്രികളുമാക്കിയുള്ള ഒരു വിശ്വാസിയുടെ ജീവിത ശൈലികൾ അല്ലാഹുവിൻ്റെ നിശ്ചയിച്ച പ്രകൃതിപരമായ നടപടി ക്രമത്തെ അട്ടിമറിക്കുന്നതാണ്. രാവും പകലുമായി സമയത്തെയും ദിവസത്തെയും വിഭജിച്ചത് അല്ലാഹുവാണ്. സമയ ക്രമീകരണത്തെ കുറിച്ചും ദിവസ വിഭജനത്തെ കുറിച്ചും വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഭാഗങ്ങൾ നോക്കുക
وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِبَاسٗا وَٱلنَّوۡمَ سُبَاتٗا وَجَعَلَ ٱلنَّهَارَ نُشُورٗا

“അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു” – (സൂറത്തുൽ ഫുർഖാൻ – 47)

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ

“അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” – (സൂറത്തുൽ ഗാഫിർ -61)
وَجَعَلۡنَا ٱلَّيۡلَ لِبَاسٗا وَجَعَلۡنَا ٱلنَّهَارَ مَعَاشٗا
“രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും, പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു” – (സൂറത്തു നബഅ് – 10 & 11)

ഇതിൻ പ്രകാരം രാത്രി വേളകൾ വിശ്രമത്തിനും പകൽ വേളകൾ ഉപജീവന മാർഗത്തിനും വേണ്ടി ക്രമീകരിക്കപ്പെട്ടതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈയൊരു ക്രമീകരണം അവൻ്റെ ജീവിതത്തിൽ ഉണ്ടാകേണ്ടത് ഇസ്‌ലാമിക മര്യാദയാണ്.

ഒരു വിശ്വാസിയുടെ ആരാധന കർമങ്ങൾ സമയവും ആരോഗ്യവുമായും ബന്ധപ്പെടുന്നു. ആരാധനാ കർമ്മങ്ങളുടെ അടിസ്ഥാനം അല്ലാഹുവിനെ സമയാസമയങ്ങളിൽ ഓർക്കുക എന്നതാണ്. വിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട ആരാധന കർമമായ നമസ്കാരത്തെ കുറിച്ച് പറഞ്ഞത് നോക്കുക:
إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ

“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക” – (സൂറത്തു ത്വാഹ – 14)

റമദാനിലെ രാപകലുകളിൽ അനുവദിക്കപ്പെട്ടവയെയും വിലക്കപ്പെട്ടവയെയും കുറിച്ച് പറഞ്ഞ ആയത്തിൻ്റെ അവസാനം അല്ലാഹു കല്പിച്ച പരിധികളെ കുറിച്ചും പറയുന്നുണ്ട്.

أُحِلَّ لَكُمۡ لَيۡلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمۡۚ هُنَّ لِبَاسٞ لَّكُمۡ وَأَنتُمۡ لِبَاسٞ لَّهُنَّۗ عَلِمَ ٱللَّهُ أَنَّكُمۡ كُنتُمۡ تَخۡتَانُونَ أَنفُسَكُمۡ فَتَابَ عَلَيۡكُمۡ وَعَفَا عَنكُمۡۖ فَٱلۡـَٰٔنَ بَٰشِرُوهُنَّ وَٱبۡتَغُواْ مَا كَتَبَ ٱللَّهُ لَكُمۡۚ وَكُلُواْ وَٱشۡرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلۡخَيۡطُ ٱلۡأَبۡيَضُ مِنَ ٱلۡخَيۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّيۡلِۚ وَلَا تُبَٰشِرُوهُنَّ وَأَنتُمۡ عَٰكِفُونَ فِي ٱلۡمَسَٰجِدِۗ تِلۡكَ حُدُودُ ٱللَّهِ فَلَا تَقۡرَبُوهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمۡ يَتَّقُونَ

“നോമ്പിൻ്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. അല്ലാഹുവിൻ്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവൻ്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു”.
(സൂറത്തുൽ ബഖറ – 187)

അല്ലാഹുവിനെ ഓർക്കുക വിശ്വാസിക്ക് മാത്രമാണ് അവൻ കൽപ്പിച്ചു തന്ന വിധി വിലക്കുകൾക്കനുസൃതമായി ജീവിക്കാൻ സാധിക്കൂ.

നോമ്പ് നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട ആയത്തിൽ തഖ്‌വയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ

“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് തഖ്‌വയുണ്ടാകുവാന്‍ വേണ്ടിയത്രെ അത്‌” – (സൂറത്തുൽ ബഖറ – 183)

ഹജ്ജിന്റെ സമയം ദുൽ ഹജ്ജ് മാസത്തിൽ നിശ്ചയിക്കപ്പെട്ട ദിവസമാണ്. അതിനെ കുറിച്ചുള്ള വിശുദ്ധ ഖുർആൻ ആയത്തിൽ ദൈവ സ്മരണയെ കുറിച്ചും കാണാം.

وَٱذۡكُرُواْ ٱللَّهَ فِيٓ أَيَّامٖ مَّعۡدُودَٰتٖۚ فَمَن تَعَجَّلَ فِي يَوۡمَيۡنِ فَلَآ إِثۡمَ عَلَيۡهِ وَمَن تَأَخَّرَ فَلَآ إِثۡمَ عَلَيۡهِۖ لِمَنِ ٱتَّقَىٰۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُمۡ إِلَيۡهِ تُحۡشَرُونَ
“എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക.(അവയില്‍) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക”.
(സൂറത്തുൽ ബഖറ – 203)

നിസ്കാരം പോലെ തന്നെ ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട മറ്റൊരു ആരാധന കർമം സകാത്ത് ആണ്. നിസ്കാരത്തിൻ്റെ കൂടെ കൂടുതൽ പ്രാവശ്യം ആവർത്തിക്കപ്പെട്ടതും സകാത്ത് തന്നെ. സകാത്തിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ട ഒരു ആയത്തിൽ അല്ലാഹുവിൻ്റെ തൃപ്തിയെ കുറിച്ചും പരാമർശമുണ്ട്.

وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَٰٓئِكَ هُمُ ٱلۡمُضۡعِفُونَ
“ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക്കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍” – (സൂറത്തു റൂം – 39)

മനുഷ്യന് നൽകപ്പെട്ട രണ്ട് അനുഗ്രഹത്തെ കുറിച്ച് പറയുന്ന റസൂൽ (സ്വ) അതിനെ കൊണ്ട് മനുഷ്യർ അശ്രദ്ധരാണ് എന്നും പറയുന്നു.
رواه عن ابنِ عباسٍ رضي الله عنهما: إنَّ النبيَّ صلَّى اللهُ عليه وسلَّم قال: نعمتانِ مغبونٌ فيهما كثيرٌ من الناس: الصِّحَّةُ، والفراغُ
“ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസ്; റസൂൽ (സ്വ) പറഞ്ഞു : ജനങ്ങൾ അധികപേരും രണ്ട് അനുഗ്രഹങ്ങളിൽ അശ്രദ്ധരാണ്; ആരോഗ്യവും ഒഴിവു സമയവുമാണത്”.

സമയ ക്രമീകരണമില്ലാത്ത ജീവിത ശൈലികൾ അനാരോഗ്യത്തിലേക്കാണ് നയിക്കുക. ഒഴിവു സമയങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തലമുറയെ കുറിച്ച് നമ്മൾ ജഗ്രതയുള്ളവരാകണം. നമ്മുടെ സമയ ചിലവഴിക്കലുകളെയും ക്രമീകരണങ്ങളെയും മുൻനിർത്തി ഭാവി പ്രവചിക്കാൻ നമുക്ക് കഴിയില്ല. ജീവിതത്തിൽ പല പദ്ധതികളും നമുക്ക് ഉണ്ടാകാം. എന്നാൽ ആ പദ്ധതികൾ പൂർത്തീകരിക്കപ്പെടുന്നതിന് മുമ്പ് ജീവിതത്തിൻ്റെ സമയം അവസാനിച്ചു പോയെന്നും വരും. അല്ലാഹു പറയുന്നു :
إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു.നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു – (സൂറത്തു ലുഖ്മാൻ – 34)

ദൈവസ്മരണയാൽ നിറഞ്ഞ, ഫലപ്രദമായ സമയ ക്രമീകരണങ്ങളും, ആരാധന നിഷ്ഠകളുമുള്ള ജീവിത ക്രമം ഉണ്ടാകണമെന്നാണ് മുകളിൽ പരാമർശിക്കപ്പെട്ട ഖുർആൻ ആയത്തുകളും പ്രവാചക വചനങ്ങളും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ചിട്ടയുള്ള ജീവിത ക്രമം വിജയതിലേക്കാണ് നയിക്കുക എന്നതിന് പൂർവ സൂരികളുടെ ജീവിതങ്ങളിൽ നിന്നും ചിട്ടയില്ലാത്ത ജീവിത ക്രമം നഷ്ടത്തിലേക്കും പരാചയത്തിലേക്കുമാണ് നയിക്കുക എന്നതിന് വർത്തനമാന കാലത്ത് മുസ്‌ലിം സമുദായം അനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. നമ്മുടെ ജീവിതത്തിലെ സമയ ക്രമീകരണങ്ങളെ കുറിച്ച് പുനരാലചനകൾ ഉണ്ടായികൊണ്ടേയിരിക്കണം.

Related Articles