Current Date

Search
Close this search box.
Search
Close this search box.

ഇരുപത് അടിത്തറകള്‍

ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍വേണ്ടി ഇമാം ഹസനുല്‍ ബന്ന ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ തയ്യാറാക്കിയ ഇരുപത് അടിത്തറകള്‍.

1. ജീവിതത്തിന്റെ മുഴുമേഖലകളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്‌ലാം. അത് ഉമ്മത്തും ഭരണകൂടവും രാജ്യവുമാണ്. നീതിയും കാരുണ്യവും കരുത്തും സ്വഭാവഗുണങ്ങളുമാണത്. അത് സംസ്‌കാരവും നിയമവും വിജാഞാനവുമാണ്. സമ്പത്തും ഐശ്വര്യനും അതുതന്നെ. ചിന്തയും പ്രബോധനവും സൈന്യവും പോരാട്ടവുമാണത്. എല്ലാത്തിലുമപ്പുറം ശരിയായ വിശ്വാസവും കര്‍മങ്ങളും സമം ചേര്‍ന്നതാണത്.

2. വിശുദ്ധ ഖുര്‍ആനും സ്വഹീഹായ നബിചര്യയുമാണ് വിശ്വാസിയുടെ അടിസ്ഥാന അവലംബം.

3. സത്യസന്ധമായ വിശ്വാസവും ശരിയായ അനുഷ്ടാനങ്ങളും ത്യാഗപരിശ്രമങ്ങളും വഴി അല്ലാഹു ഉദ്ദേശിക്കുന്നവരുടെ ഹൃദയത്തിലേക്കവന്‍ വെളിച്ചവും മാധുര്യവുമേകും. അതേസമയം മനസ്സിലുണ്ടാവുന്ന വെളിപാടുകളും സ്വപ്‌നങ്ങളും ഇല്‍ഹാമും ശറഈയായ അടിസ്ഥാനങ്ങളായി മനസ്സിലാക്കാന്‍ പാടില്ല. ശരീഅത്തിന്റെ അടിസ്ഥാനങ്ങളുമായി ഏറ്റുമുട്ടാത്തത് മാത്രമേ അവയില്‍ പരിഗണിക്കാവൂ.

4. ഉറുക്ക്, ഏലസ്സ്, മന്ത്രങ്ങള്‍, ജ്യോത്സ്യം തുടങ്ങിയവയെല്ലാം തള്ളിക്കളയേണ്ട തിൻമകളാണ്. അത്തരം അനാചാരങ്ങളോട് പോരാടണം. ശറഇല്‍ അനുവദനീയമായ മന്ത്രവും ദിക്‌റും മാത്രമേ സ്വീകരിക്കാവൂ.

5. പ്രാമണങ്ങള്‍ വന്നിട്ടില്ലാത്ത കാര്യങ്ങളിലും വ്യത്യസ്ത വായനകള്‍ക്ക് സാധ്യതയും സാധുതയുമുള്ള കാര്യങ്ങളിലും പൊതു നൻമകളുടെ വിഷയത്തിലും ഇമാമിന്റെയോ ഇമാം ചുമതലപ്പെടുത്തിയ ആളുടെയോ അഭിപ്രായങ്ങളും വീക്ഷണങ്ങളും അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍ ശരീഅത്തിന്റെ അടിസ്ഥാനങ്ങളോട് ഏറ്റുമുട്ടുന്നതാവരുത്. ഇബാദത്തുകളുടെ കാര്യത്തില്‍ അവ അല്ലാഹുവിന്റെ നിര്‍ദേശങ്ങളാണെന്ന ബോധ്യത്തില്‍ സ്വീകരിക്കണം. അതിന്റെ ആശയവും താല്‍പര്യവും ബോധ്യമായില്ലെങ്കില്‍ പോലും. എന്നാല്‍ വിശ്വാസവും അനുഷ്ടാനവുമല്ലാത്ത മറ്റ് ഇടപാടുകളുടെയും ശീലങ്ങളുടെയും കാര്യത്തില്‍ ശരീഅത്തിന്റെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും കൂടി പരിഗണിക്കപ്പെടും.

6. മനുഷ്യരില്‍ അല്ലാഹുവിന്റെ ദൂതരുടെ വാക്കുകളല്ലാത്ത മറ്റാരുടെ വാക്കുകളും സ്വീകരിക്കാവുന്നതും തള്ളാവുന്നതുമാണ്. ഖുര്‍ആനും സുന്നത്തിനും യോജിക്കുന്ന സലഫുസ്വാലിഹുകളുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കും. പ്രമാണങ്ങളുമായി യോജിക്കാതെവരുന്ന അഭിപ്രായങ്ങള്‍ തള്ളിക്കളയുമ്പോള്‍ വ്യക്തിപരമായ അതിക്ഷേപങ്ങള്‍ നടത്താവതല്ല. അവരുടെ നിയ്യത്തുകളെ നാം ചൂഴ്ന്ന് പരിശോധിക്കേണ്ടതില്ല.

7. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇജ്തിഹാദിനും ഗവേഷണങ്ങള്‍ക്കുമുള്ള യോഗ്യതകളും പ്രാപ്തിയുമില്ലാത്തവര്‍ ഇമാമുമാരില്‍ ഒരാളെ പിന്‍പറ്റുകയാണ് വേണ്ടത്. അതേസമയം പിന്‍പറ്റുന്ന കാര്യങ്ങളില്‍ അതിന്റെ തെളിവും അടിത്തറകളും കഴിവിനനുസരിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്നത് നല്ലതാണ്. സാമാന്യം അറിവുള്ള ആളാണെങ്കില്‍ വൈജ്ഞാനിക വിലയിരുത്തലുകള്‍ നടത്താന്‍ പ്രാപ്തിയുള്ളവരായി വളരാന്‍ ശ്രമിക്കുകയും വേണം.

8. ശാഖാപരമായ വിഷയങ്ങളിലുള്ള അഭിപ്രായഭിന്നതകള്‍ പിളര്‍പ്പിന് കാരണമാവരുത്. അതൊരിക്കലും അനാവശ്യ തര്‍ക്കങ്ങളിലേക്കോ ശത്രുതയിലേക്കോ നയിക്കരുത്. ഓരോ മുജ്തഹിദും അവരുടെ ഇജ്തിഹാദിന് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലത്തിനര്‍ഹരാണ്. അതേസമയം വൈജ്ഞാനികമായ കൃത്യതയിലേക്കെത്താനുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ തടയപ്പെടുകയും ചെയ്യരുത്.

9. പ്രായോഗിക ജീവിതവുമായി ബന്ധമില്ലാത്ത സാങ്കല്‍പിക മസ്അലകളില്‍ ചര്‍ച്ച നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ ചര്‍ച്ചകള്‍ കൊണ്ടുവരിക, സ്വഹാബികളില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത കൂടുതലെന്ന കാര്യത്തില്‍ തര്‍ക്കിക്കുക തുടങ്ങിയവയൊക്കെ അനാവശ്യ സംവാദങ്ങളാണ്. അല്ലാഹുവിനെ അറിയലും അവന്റെ ഏകത്വമംഗീകരിക്കലും എല്ലാ ന്യൂനതകളില്‍നിന്നും അവനെ പരിശുദ്ധപ്പെടുത്തലും ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രധാന അടിത്തറകളാണ്. അവന്റെ ഗുണവിശേഷണങ്ങളായി ഖുര്‍ആനിലും സ്വഹീഹീയ ഹദീസുകളിലും വന്നതൊക്കെയും നമ്മുടേതായ വിശദീകരണങ്ങളോ നിഷേധങ്ങളോ ഇല്ലാതെ നാം സ്വീകരിക്കുന്നു. ആ വിഷയത്തില്‍ പണ്ഡിതൻമാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നാം പ്രവേശിക്കയില്ല. റസൂലും സ്വഹാബിമാരുമൊക്കെ സ്വീകരിച്ച നിലപാട് നാം കൈക്കൊള്ളും. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും ഞങ്ങളതില്‍ വിസ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാകുന്നു(3: 07).

11. ഒരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്തുകള്‍ വഴികേടാണ്. അതില്ലാതാക്കാനായി യുക്തിപൂര്‍ണമായ പോരാട്ടങ്ങള്‍ നടത്തണം. അതിനേക്കാള്‍ മോശമായതിലേക്ക് നയിക്കുന്ന രൂപത്തിലാവരുത് പരിഷ്‌കരണ ശ്രമങ്ങളൊന്നും.

12. ഖണ്ഡിതമായി ബിദ്അത്താണെന്ന് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കര്‍മശാസ്ത്ര ഭിന്നതകളായി മനസ്സിലാക്കേണ്ടതാണ്. പലര്‍ക്കും പല അഭിപ്രായങ്ങള്‍ കാണും. അതേസയമം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യാഥാര്‍ഥ്യം വേര്‍തിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആക്ഷേപകരമല്ല.

13. സ്വാലിഹുകളായ വ്യക്തികളെ സ്‌നേഹിക്കലും ആദരിക്കലും അവര്‍ ചെയ്യുന്ന നൻമകളുടെ പേരില്‍ അവരെ പുകഴ്ത്തലുമൊക്കെ സത്പ്രവര്‍ത്തനങ്ങളാണ്. ഔലിയാക്കളാരെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. വിശ്വസിച്ചവരും തഖ്‌വയുള്ളവരുമാണവര്‍(10:62). കറാമത്തുകള്‍ യാഥാര്‍ഥ്യമാണ്. എന്നാല്‍ ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ സ്വന്തമായി ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവരിലൊരാള്‍ക്കും കഴിയില്ല എന്ന വിശ്വാസത്തിലധിഷ്ഠിതമായിരിക്കണം അതിനോടുള്ള സമീപനം.

14. ഖബ്ര്‍ സന്ദര്‍ശനം സുന്നത്തായ കര്‍മമാണ്. എന്നാല്‍ ഖബ്‌റാളികളോട് സഹായാഭ്യര്‍ഥന നടത്തുകയോ അവരെ വിളിച്ച് പ്രാര്‍ഥിക്കുകയോ ആവശ്യനിര്‍വഹണത്തിനായി അടുത്തുനിന്നോ അകലെനിന്നോ അവരോട് തേടുകയോ ചെയ്യുന്നത് വലിയ പാപങ്ങളാണ്. അവരുടെ പേരില്‍ നേര്‍ച്ച നേരുക, ഖബ്ര്‍ കെട്ടിയുയര്‍ത്തുക, അതില്‍ പുണ്യമുദ്ദേശിച്ച് തടവുക, അലങ്കരിക്കുക തുടങ്ങിയവയെല്ലാം ഒഴിവാക്കപ്പെടേണ്ടതാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ വ്യക്തമായ പ്രതികരണങ്ങളുയരേണ്ടതാണ്.

15. മറ്റൊരാളെ മുന്‍നിര്‍ത്തി അല്ലാഹുവിനോടുള്ള പ്രാര്‍ഥന-തവസ്സുല്‍ അഭിപ്രായഭിന്നതയുള്ള കാര്യമാണ്. അത് അടിസ്ഥാന വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ടതല്ല.

16. ശരീഅത്തിന് വിരുദ്ധമായ നാട്ടുനടപ്പുകള്‍ സ്വീകാര്യമാക്കാന്‍വേണ്ടി നടത്തുന്ന വഞ്ചനാത്മകമായ ശൈലികളെ തിരിച്ചറിയണം. ശരീഅത്ത് വിലക്കിയ കാര്യങ്ങളെ പേരുമാറ്റത്തിലൂടെ അനുവദനീയമാക്കുന്ന രീതികള്‍ അപകടകരമാണ്.

17. വിശ്വാസമാണ് കര്‍മങ്ങളുടെ അടിസ്ഥാനം. പ്രകടമായ കര്‍മങ്ങളെക്കാള്‍ പ്രധാനമായത് ഹൃദയത്തിന്റെ കര്‍മങ്ങളാണ്. രണ്ടിന്റെയും പദവികളില്‍ വ്യത്യാസമുണ്ടെങ്കില്‍ രണ്ടും കൂടിച്ചേരുമ്പോഴാണ് പൂര്‍ണതയുണ്ടാകുന്നത്.

18. ഇസ്‌ലാം ചിന്തയെയും ധിഷണയെയും സ്വതന്ത്രമാക്കുന്നു. ചുറ്റുമുള്ള പ്രപഞ്ചത്തെക്കുറിച്ച ആലോചനകളെ പ്രോത്സാഹിപ്പിക്കുന്നു. അറിവിന്റെയും അറിവുള്ളലരുടെയും പദവികള്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാത്തിലെയും നൻമകളെ ഉള്‍ക്കൊള്ളുന്നു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ വസ്തുപോലെയാണ്. എവിടെ കണ്ടാലും അതെടുക്കുവാന്‍ ഏറ്റവും അര്‍ഹനായവന്‍ അവന്‍തന്നെയാണ്.

19. പ്രമാണവും ധിഷണാശക്തിയും പരസ്പരം ചേര്‍ന്നുനില്‍ക്കുന്നവയാണ്. ശരിയായ ധിഷണയുടെ അടിസ്ഥാനതത്തിലുള്ള അറിവ് ഖണ്ഡിതപ്രമാണങ്ങളുമായി വൈരുദ്ധ്യമുണ്ടാവില്ല. അവയിലൊന്ന് വ്യാഖ്യാനസാധ്യതയുള്ളതാണെങ്കില്‍ ഖണ്ഡിതമായതിനോട് യോജിക്കിന്ന രൂപത്തില്‍ വിശദീകരിക്കപ്പെടേണ്ടതാണ്. പ്രമാണവും യുക്തിയും വ്യാഖ്യാനസാധ്യതയുള്ളിടത്ത് പ്രമാണത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്.

20. സത്യനിഷേധത്തിന്റെ വാക്കുകളുച്ചരിക്കുകയോ ദീനിന്റെ അടിസ്ഥാനങ്ങള്‍ തള്ളിക്കളയുകയോ ഖണ്ഡിതമായ പ്രമാണങ്ങളെ നിഷേധിക്കുകയോ കുഫ്‌റാണെന്നുറപ്പുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം ശഹാദത്ത് കലിമ അംഗീകരിച്ച ഒരാള്‍ക്കുംനേരെ കുഫ്ര്‍ ആരോപിക്കുകയില്ല.

വിവ. സുഹൈബ് സി. ടി

Related Articles